( Divya Reenesh)
"സീതേ മുറ്റത്ത് ഉണങ്ങാനിട്ട പുളീല് നെഴലു വീണു തൊടങ്ങി നീയതൊന്ന് നീക്കിയിട്ടേ…"
അമ്മയാണ്, പത്രത്തിൽ ' രവിവർമ്മ കാലം മായ്ക്കാത്ത വരകളുടെ തമ്പുരാൻ' എന്ന ഫീച്ചർ വായിക്കുകയായിരുന്നു സീത. പത്രം വായിച്ചു കൊണ്ടുതന്നെ അവൾ മുറ്റത്തിറങ്ങി. ശരിയാണ് മുറ്റത്ത് ഉണങ്ങാനിട്ട പുളീല് തെങ്ങോലയുടെ നിഴല് പരന്നു കിടപ്പുണ്ടായിരുന്നു. പുളി ഉണക്കാനിട്ടിരുന്ന ചാക്കിന്റെ അറ്റം പിടിച്ചവൾ വലിക്കാൻ തുടങ്ങി. വെയിലുള്ളിടത്തെത്തിയപ്പോൾ വലി നിർത്തി. ഒരു കഷ്ണം പുളിയെടുത്ത് വായിലിട്ടു.
"ഔ ! ന്തൊരു രസാ. ഒന്നുകൂടി എടുക്കാൻ തോന്ന്വ."
ചുറ്റും നോക്കി ആരും ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം കൂടി എടുത്തു. അവളോർത്തു, അമ്മാമ്മയാണേൽ സാരല്ല്യാർന്നു ഒന്നും പറയൂല്ല. സീതക്കുട്ടിക്ക് ഇഷ്ടോള്ളത്രേം എടുത്തോന്നേ പറയൂ. പക്ഷേ അമ്മ അങ്ങനല്ല. അമ്മയ്ക്കോരോന്നിനും അവരുടേതായ ന്യായീകരണങ്ങളുണ്ടാകും.
രാജാ രവിവർമ്മയെ കയ്യിലൊതുകിപ്പിടിച്ച് സീത ഇറയത്ത് വന്നിരുന്നു. എത്ര മനോഹരമായ ചിത്രങ്ങൾ…
"ഡീ,"
അമ്മ വീണ്ടും വിളിക്കാൻ തുടങ്ങിയിരിക്കുന്നു. ഇനിയെന്താണാവോ സീത പിറുപിറുത്തു കൊണ്ട് അകത്തേക്ക് നടന്നു.
"ന്താമ്മേ."
"ആ ഇതയിമ്പതുർപീണ്ട് നീയാ മമ്മദിൻ്റെ വണ്ടീന്ന് കൊറച്ച് മീൻ വാങ്ങിക്കോ."
"എനിക്കെങ്ങും വയ്യ മീൻ മേടിക്കാൻ."
"ആ എന്നാ നീയീ തേങ്ങ പൊതിക്ക് ഞാൻ പോകാം മീൻ വാങ്ങാൻ"
ശാരദാമ്മ ദേഷ്യത്തോടെ പറഞ്ഞു. ഒരു നിമീഷം സീത ചിന്തയിലാണ്ടു. തേങ്ങ പൊതിക്കണേക്കാൾ നല്ലത് മീൻ മേടിക്കാൻ പോണത് തന്നെയാ. അമ്മ നീട്ടി പിടിച്ച കാശ് കൈയ്യിൽ വാങ്ങി സീത തിടുക്കത്തിൽ മുറ്റത്തേക്കിറങ്ങി. പോകും വഴി ചുമരിൽ തൂക്കിയ ക്ലോക്കിലേക്ക് നോക്കാനും മറന്നില്ല. പതിനൊന്നേ അമ്പത്തഞ്ചാണ് മമ്മദ്ക്കയുടെ ടൈം അമ്പത്താറ്ന്ന്പറേമ്പഴേക്കും മൂപ്പര് പള്ളീൻ്റടുത്തെത്തിക്കാണും. സീതയുടെ വീട്ടിൽ നിന്നും ഏകദേശം പത്ത് മിനുട്ട് നടക്കണം പള്ളീലെത്താൻ. അവൾ ധൃതിയിൽ നടയിറങ്ങി നടന്നു. റോഡിന്റെ വലത്തേയറ്റം ചേർന്നു നിന്നു. ഏന്തി വലിഞ്ഞ് റോഡിന്റെ അറ്റത്തേക്ക് നോക്കി. വണ്ടികാണുന്നില്ലല്ലോ അവൾ സ്വയമെന്നോണം പറഞ്ഞു.
അടുത്തു കണ്ട പുൽനാമ്പിൽ നിന്നൊരെണ്ണം പറിച്ചെടുത്ത് വെറുതെ ചവച്ചു. അവളേയും കടന്ന് റോഡിലുടെ രണ്ട് വണ്ടികൾ പോയി അതിലൊന്നൊരു ബൈക്കായിരുന്നു, മറ്റേത് കാറ്. ബൈക്കിന് പുറകിലിരുന്ന് ഒരുത്തൻ അവളോട് കണ്ണിറുക്കി. അത് കണ്ടിട്ടും സീതയ്ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല.
വരണ്ട ചൂടുകാറ്റിനൊപ്പം പറക്കാൻ സീതയുടെ മുടിയിഴകൾ മത്സരം തുടങ്ങിയിരുന്നു. അന്നേരമാണ് പുത്തൻ പുരയ്ക്കലെ ദാസേട്ടനും ഭാര്യയും അതുവഴി പോയത്.
"സീത മീമ്മേടിക്കാൻ നിന്നതാ?"
ദാസേട്ടൻ ചിരിച്ചു കൊണ്ടു ചോദിച്ചു. അതേന്ന് പെട്ടെന്ന് പറഞ്ഞ് അവൾ പുതിയ പെണ്ണിനെതന്നെ നോക്കി. തടിച്ചിട്ടാണ്, ഒത്തിരിയൊന്നും മുടിയില്ല. ചിരിക്കാനൽപ്പം മടിയാണെന്ന് തോന്നുന്നു. ദാസേട്ടൻ്റെ ഭാര്യയേക്കാളും അവർക്ക് പറ്റ്യേ പണി വല്ല പോലീസുലുമാണെന്ന് തോന്നുന്നു.
നീണ്ട ഹോണടിയോടെ മമ്മദ്ക്കാക്കാൻ്റെ മീവണ്ടി വന്നു. അയാൾക്ക് അവളെക്കണ്ടപ്പോൾ വല്ല്യ സന്തോഷമൊന്നും തോന്നീല്ല. അയാള് ചിരിക്കണെങ്കില് കുന്നിന് താഴെ പള്ളിമുക്കിലെത്തണം അവിടുള്ളോരൊക്കെ നൂറുപ്യെക്കൊറച്ച് മീമ്പാങ്ങുന്ന പരിപാടീല്ല്യ.
"ന്താ ബേണ്ടേ." അയാൾ അലസമായി ചോദിച്ചു.
"ന്തൊക്യെയാള്ളേ." ഒരേ സമയം സീതയും അയാളും തിരിഞ്ഞു നോക്കി. അമ്മയാണ്. ല്ലേങ്കിലും ഇതമ്മേടെ സ്ഥിരം അടവാ.
അയാള് പതുക്കെ വാച്ചിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
"മത്തി കിലോ നൂറ്, കൂന്തൽ എഴുപത്, അയക്കൂറ അഞ്ഞൂറ്, മാന്തള് എൺപത്."
സീത പ്രാർത്ഥിച്ചു. കൂന്തല് വാങ്ങണേന്ന്. അവളുടെ പ്രാർത്ഥന അമ്മ കേട്ടെന്ന് തീർച്ചയാ. അതോണ്ടായിരിക്കണം. നാപ്പോർപ്യക്ക് മാന്തള്ന്ന് പറഞ്ഞത്…
"അമ്പതിനെടുക്കട്ടേ പെങ്ങളേ…"
മമ്മദ്ക്ക ബിസിനസ് തന്ത്രങ്ങൾ പതുക്കെ പുറത്തെടുക്കാൻ തുടങ്ങി.
"വേണ്ടപ്പാ നാൽപ്പതെന്നെ മതി."
"ഡീ നീയതിങ്ങ് മേടിച്ചോ."
അതും പറഞ്ഞമ്മ തൊടിയിലേക്കിറങ്ങി. ഉണങ്ങിയ ഓലകൾ വലിച്ച് റോഡരുകിലെ ചെന്തെങ്ങിന് ചുവട്ടിൽ കൂട്ടിയിടാൻ തുടങ്ങി. ബാക്കി പത്തു രൂപയും വാങ്ങി സീത നടന്നു.
"പൈസ ആ ടി.വി.സ്റ്റാൻഡിന് മുകളിൽ വച്ചേക്ക്. ന്നിട്ട് നീയാ മീൻ മുറിക്കാൻ നോക്കൂ…"
"നിക്ക് പറ്റില്ല. മീന്നാറും. വേറെന്തേലുണ്ടേൽപ്പറ." അവൾ വിളിച്ചു കൂവി.
ഉച്ചയ്ക്ക് ഊണിന് ശേഷം ഇനിയെന്ത് എന്ന ചിന്തയിലിരിക്കെയാണ് മുറ്റത്തൂന്ന് അമ്മാന്നുള്ളൊരു വിളി കേട്ടത്. സീത പുറത്തിറങ്ങി. ഇരുപതിനടുത്ത് പ്രായം തോന്നുന്ന ഒരു തമിഴത്തിപ്പെണ്ണ്. സാരിയാണ് വേഷം. തലയിൽ പ്ലാസ്റ്റിക് പാത്രങ്ങൾ അടങ്ങിയ ഒരു പച്ചവലക്കെട്ട്. സീത പതുക്കെ ഇറയത്തിരുന്നു.
"അമ്മാ പളേയ പ്ലാസ്റ്റിക് പാട്ട, കുപ്പി, എതാവത് ഇരിക്കാ."
"അമ്മേ…"
സീത നീട്ടി വിളിച്ചു പിന്നെ സാകൂതം അവളെത്തന്നെ നോക്കി. എണ്ണമില്ലാത്ത നീണ്ടമുടി പിന്നിൽ മെടഞ്ഞിട്ടിട്ടുണ്ട്. അതിൽ ചൂടിയിരുന്ന കനകാംബര പൂക്കൾ വാടിയിരുന്നു. പൂക്കൾക്കിടയിലൂടെ അത് മെടഞ്ഞ വെള്ള നൂൽ വ്യക്തമായി കാണുന്നുണ്ട്. പച്ചയോ നീലയോ എന്ന് വ്യക്തമാകാത്ത ഇരുണ്ട നിറത്തിലുള്ള ഒരു ബ്ലൗസാണ് ഇട്ടിരുന്നത്. ബ്ലൗസിന് തീരേ മാച്ചാകാത്ത കടും മഞ്ഞ നിറത്തിലുള്ള സാരി അലക്ഷ്യമായി മാറിലൂടെ ഇട്ടിരുന്നു. നെറ്റിയിൽ സിന്ദൂരം, കഴുത്തിലെ എഴുന്നു നിൽക്കുന്ന എല്ലുകൾക്കൊപ്പം മഞ്ഞത്താലിയും കാണാമായിരുന്നു. അവളുടെ കറുത്ത കൈകളിൽ നിറയെ ചുവപ്പും പച്ചയും ഇടകലർത്തി കുപ്പി വളകളിട്ടിരുന്നു…
സാരി കണങ്കാൽ വരെ ഉയർത്തിക്കുത്തിയിട്ടുണ്ട്. കാലിൽ പാദസരമുണ്ട്. അത് വെള്ളിയുടേതു തന്നെയാണോയെന്ന് സീതയ്ക്ക് സംശയം തോന്നി. രണ്ട് കാൽ വിരലുകളിലും വെള്ളിയുടേതെന്ന് തോന്നിക്കുന്ന ഒരുപാട് ചുറ്റുകളുള്ള മോതിരങ്ങളുമുണ്ടായിരുന്നു.
ഉറക്കച്ചടവോടെ അമ്മ പുറത്തേക്കു വന്നു. ന്തേ കോട്ടുവാ വിട്ട് , കെട്ടിവച്ച മുടി ഒന്നൂടെ അഴിച്ചിട്ട് കുടഞ്ഞ് കെട്ടിക്കൊണ്ട് അമ്മ ചോദിച്ചു.
"അമ്മാ പളേയ സാദനങ്ങളുണ്ടാമ്മാ."
അവള് ചോദ്യം വീണ്ടും ആവർത്തിച്ചു.
"ഉംം" അമ്മ അമർത്തിമൂളി ഒപ്പം നോക്കട്ടേന്നു കൂടി പറഞ്ഞു.
"സീതേ നീകൂടി ഇവിടെ നിന്നോ ഇവറ്റോളെയൊന്നും വിശ്വസിക്കാൻ കൊള്ളൂല്ല."
അവൾ പതുക്കെ ഇറയത്ത് വന്നിരുന്നു. തിളങ്ങുന്ന വെയിലിലേക്ക് തന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു. അവളടുത്തു വന്നപ്പോൾ വെടിമരുന്നിൻ്റെ ഗന്ധം. ആ ഗന്ധം സീതയുടെ ഓർമ്മകളെ വല്ലാതെ മത്തുപിടിപ്പിക്കാൻ തുടങ്ങി…
"ഈ മണം… ഈ മണം…"
ഒരു കാലത്ത് തനിക്കേറ്റവും പ്രിയപ്പെട്ടതായിരുന്നെന്ന് സീത ഓർത്തു.
"എവിടെയാ വീട്"
"തമിഴ്നാട്ടിൽ."
അവൾചിരിച്ചു കൊണ്ട് പറഞ്ഞു.
"ഇവിടെവിടെയാ"
"നാളാംപീടികക്കടുത്ത്."
വായിലുള്ള മുറുക്കാൻ നാവുകൊണ്ട് വലതുകവിലേക്ക് തള്ളിക്കൊണ്ടവൾ പറഞ്ഞു.
"പേരെന്താ"
സീത വീണ്ടും ചോദിച്ചു.
"താമര"
പേര് കേട്ടപ്പോൾ സീതയ്ക്ക് വിഷമം തോന്നി. ഒരുവേള അവളുടെ പേര് ജാനകിയെന്നായിരുന്നെങ്കിലെന്നവൾ വെറുതെ മോഹിച്ചു. അപ്പോഴേക്കും അമ്മ പൊട്ടിയ കുറച്ച് പ്ലാസ്റ്റിക് പാത്രങ്ങളുമായി മുറ്റത്തെത്തിയിരുന്നു.
ഒക്കെം പെറുക്കി കൂട്ടി ചവിട്ടിയൊതുക്കി വായിലെ മുറുക്കാൻ നീട്ടിത്തുപ്പിക്കൊണ്ടവൾ ചിരിച്ചു.
"എത്ര കിട്ടും"
അമ്മ ഒരു മയത്തിൽ ചോദിച്ചു.
"പൈസക്കൊന്നൂല്ല ചേച്ചീ സാദനം വേണേൽ എടുത്തോ."
"സാധനോന്നും വേണ്ട ഉള്ളത് പൈസയായിട്ടിങ്ങ് തന്നെക്ക്"
അമ്മയും വിടാനുള്ള ഭാവമില്ല.
ഒടുവിൽ ഒന്നും രണ്ടും പറഞ്ഞ് അമ്മ അവളുടെ മുന്നിൽ മുട്ടുകുത്തി. അടുക്കളയിൽ പലഹാരങ്ങൾ ഇട്ടു വയ്ക്കാനുള്ള ചെറിയൊരു പ്ലാസ്റ്റിക് ബക്കറ്റ്. മഞ്ഞ നിറത്തിൽ മൂടിയുള്ള വെളുത്ത നിറമുള്ള ഒരു ബക്കറ്റ്.
ചവിട്ടിക്കൂട്ടിയ പ്ലാസ്റ്റിക്കുകളെല്ലാം കയ്യിലുള്ള ചാക്കിലാക്കി പോകാൻ നേരം അവൾ സീതയോട് കുറച്ച് തണുത്ത വെള്ളത്തിന് ചോദിച്ചു. വെള്ളം അവളുടെ കയ്യിൽക്കൊടുക്കുമ്പോൾ സീത മൂക്ക് പരമാവധി വിടർത്തി അവളിൽ നിന്നും പുറപ്പെടുന്ന ഓർമ്മയുടെ ആ ഗന്ധം ആവോളം ആസ്വദിച്ചു.
"പോട്ടേ അമ്മാ"
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. സീതയും ചിരിച്ചു.
രാത്രി അവൾക്കുറങ്ങാനേ കഴിഞ്ഞില്ല. കണ്ണുകളടച്ച് അവൾ പതുക്കെ പറഞ്ഞു. പ്രീയ്യപ്പെട്ട ജാനകിക്കുട്ടീ നീയെവിടെയാണ്…
അമ്മാമ്മയുടെ കൂടെക്കഴിഞ്ഞ കാലം… ജീവിതത്തിലെ വസന്ത കാലം... എല്ലാത്തിനും അമ്മമ്മ വേണം. അമ്മമ്മയോടൊപ്പം രാവിലെതന്നെ ഉണരും പിന്നെ നേരെ തൊഴുത്തിലേക്കാണ്. അവിടെ അമ്പാടിയും അതിൻ്റെ അമ്മച്ചീമുണ്ടാകും. അമ്മമ്മ പാലു കറക്കുന്നത് കാണാൻ നല്ല രസമാണ്. അമ്മപ്പശുവാകട്ടേ കുറുമ്പു കാട്ടാതെ അനങ്ങാതിരിക്കും. പാൽപ്പാത്രം നിറഞ്ഞു കഴിഞ്ഞാൽപ്പിന്നെ അമ്പാടിയുടെ ഊഴമാണ്. അവന് വേണ്ടുന്നത്ര കുടിക്കാം. അമ്മമ്മ കറന്നു മാറിയാൽപ്പിന്നെ അവൻ തലകൊണ്ട് അകിടിലൊരു കുത്ത് വച്ച് കൊടുക്കും. അപ്പോഴാണ് അമ്മപ്പശു നന്നായി ചുരത്തുക. കള്ളൻ എന്നു പറഞ്ഞ് അമ്മാമ്മ അമ്പാടീടെ പിൻഭാഗത്ത് കളിയായി ഒരടി വച്ചു കൊടുക്കും.
"ഇവൻ ഇങ്ങനെ കുടിക്കാന്തൊടങ്ങ്യാപ്പിന്നെ എനിക്ക് നാളേക്ക് പാലുണ്ടാവ്വോ ഞാൻ നാളെ സൊസൈറ്റികാരോടെന്താ പറയ്യാ…"
എന്നിങ്ങനെ പിറുപിറുത്തു കൊണ്ടിരിക്കും. കുഞ്ഞു സീതയും അതെന്നെ ചെയ്യും.
കടുപ്പം കുറച്ച് മധുരോം പാലും കൂട്ടി അമ്മാമ്മേടെ വക ഒരു സ്പെഷ്യൽ ചായയുണ്ട് സീതക്കുട്ടിക്ക്. പിന്നെ പ്രാതൽ. അതുകഴിഞ്ഞാൽ അവരിരുവരും ഒന്നിച്ച് അന്നത്തെ ദിവസത്തിലേക്ക് നടന്നു കയറും. വൈകുന്നേരം മൂന്നിനും മൂന്നരയ്ക്കുമിടയിൽ അമ്മാമ്മേടെ തൈരുകടയലുണ്ട്. ഇടയ്ക്കൊക്കെ സീതയും മന്ത് പിടിക്കാൻ കൂടാറുണ്ട്. എന്തിനും ഏതിനും സീതയ്ക്ക് കൂട്ട് അമ്മാമ്മ തന്നെയായിരുന്നു…
ആയിടയ്ക്കാണ് വീടിനു മുന്നിലെ റോഡിൻ്റെ മറുവശത്തായി പുതിയ വാടകക്കാര് വന്നത്. ഒച്ചയും ബഹളോം അടിയും പിടിയും ഒക്കെയായി ഒരൂട്ടം ആൾക്കാര്… അതിനടുത്തുള്ള ഇരുമ്പ് കമ്പനീല് പണിക്ക് വന്നോരാ. തമിഴ്നാട്ടീന്ന്…
അന്നൊരു ഞായറാഴ്ചയായിരുന്നു. ഇറയത്തിരുന്ന് അമ്മമ്മയും കുഞ്ഞു സീതയും മുടിയിൽ എണ്ണ തടവുകയായിരുന്നു. അന്നേരം ഒരു പത്ത് വയസ്സ് തോന്നിക്കുന്ന പെൺകുട്ടി അവിടേക്ക് കയറി വന്നു. മുടി രണ്ടുഭാഗത്തേക്കായി മെടഞ്ഞ് മടക്കിക്കെട്ടി അതിൽ കനകാംബരത്തിൻ്റെ പൂ ചൂടി വെളുത്ത ബ്ലൗസും പച്ചപ്പാവാടയുമിട്ട് അവൾ അവരെ നോക്കി ചിരിച്ചു.
"എവ്ടെത്തെയാ."
അമ്മാമ്മ സ്നേഹത്തോടെ ചോദിച്ചു. തിരിഞ്ഞു നോക്കിക്കൊണ്ടവൾ വാടക വീട്ടിലേക്ക് കൈ ചൂണ്ടി.
"ന്താ പേര്?"
അമ്മമ്മ വീണ്ടും ചോദിച്ചു.
"ജാനകി."
തമിഴ് ചുവയോടെ അവളതു പറഞ്ഞു. അവൾ കുഞ്ഞു സീതയെ നോക്കി ചിരിച്ചു. സീത അങ്ങോട്ടും. പിറ്റേന്നും അവൾ വന്നു.
"ന്തേ വന്നേ?"
അമ്മാമ്മ വീണ്ടും ചോദിച്ചു. അന്നേരം അവൾ മടിച്ച് മടിച്ച് മുറ്റത്തെ കനകാംബരത്തിലേക്ക് വിരൽ ചൂണ്ടി. പിറ്റേന്നും അതിനു പിറ്റേന്നും അവൾ വന്നു… ഭാഷയ്ക്കും ദേശത്തിനും അപ്പുറത്തേക്ക് നീണ്ട ഒരു സൗഹൃദം. അവൾക്ക് വെടി മരുന്നിൻ്റെ മണമായിരുന്നു. ആയിടയ്ക്കവള് സീതേടെ സ്കൂളിലും ചേർന്നു. അഞ്ചാം ക്ലാസ്സില്.
ഒരിക്കലവള് സങ്കടത്തോടെ സീതയോടു പറഞ്ഞു. കുളിക്കില്ലാ,നനകില്ലാന്നൊക്കെപ്പറഞ്ഞ് പറഞ്ഞ് ക്ലാസിലൂള്ളോര് ഒക്കീം ചേർന്നവളെ മറ്റൊരു ബെഞ്ചിൽ തനിയെ ഇരുത്തുകയാണെന്ന്. സീത ചിരിച്ചു കൊണ്ട് സാരമില്ലെന്ന് പറഞ്ഞു.
"ഇതിന്നൂന്നലേം തൊടങ്ങ്യെതൊന്നൂല്ല പണ്ട് മ്മമ്മള അംബേദ്ക്കറീൻ്റെ കാലത്ത് തൊടങ്ങീതാ…"
അവൾക്കത് മനസ്സിലായില്ലെങ്കിലും സീതയ്ക്കൊപ്പം അവളും ചിരിച്ചു. ആ ചിരിയുടെ അലയൊലിയിൽ അലഞ്ഞ മൂന്ന് വർഷങ്ങൾ…
അവളുടെ കൂടെ അവൾടമ്മീം, അനിയനും, അപ്പനും, മാമനും ഉണ്ടായിരുന്നു. അവൾടപ്പൻ രാത്രിയിൽ കുടിച്ച് ലക്കു കെട്ട് വന്ന് അവൾടമ്മയെ തൊഴിക്കുമായിരുന്നൂ… അയ്യോന്ന് വിളിച്ച് പാതിരാത്രിയിൽ അവരുറക്കെ കരയുന്നത് ആ നാടു മുഴുവൻ കേൾക്കുമായിരുന്നു. അവൾക്ക് പ്രായപൂർത്തിയായാലുടനെ അയാളവളെ കെട്ടിക്കാൻ നിൽക്കുവാണ് പോലും…
പെട്ടെന്നൊരു ദിവസം അവരെല്ലാം നാട്ടിലേക്ക് പോയി. പോകുന്നതിന് തൊട്ടു മുമ്പേ ജാനകി ഓടി വന്നു.
"ഒരാഴ്ച കഴിഞ്ഞാൽ വരാം"
സ്നേഹത്തോടെ അവളൊരു മുരിക്കിൻ പൂവ് സീതയ്ക്ക് നൽകി.
"അപ്പാ വിളിക്കുന്നുണ്ട്"
അവൾ പിന്തിരിഞ്ഞു നോക്കിക്കൊണ്ട് ഓടി... കണ്ണിൽ നിന്നും മറയുന്നത് വരെ സീത അവൾക്ക് നേരെ കൈവീശി. അവളുടുത്തിരുന്ന കടും നീലനിറത്തിലുള്ള പാവാട കാറ്റിലലഞ്ഞ് ഒടുവിൽ കാണാതെയായി. കുഞ്ഞു സീതയുടെ മിഴികളീറനായി.
ആഴ്ചകളും മാസങ്ങളും വർഷങ്ങളും കഴിഞ്ഞു. റോഡരുകിലെ മുരളിക്ക് തളിർക്കുകയും പൂക്കുകയും ഇലകൾ പൊഴിക്കുകയും ചെയ്തു. എന്നിട്ടും… എന്നിട്ടും അവൾ മാത്രം വന്നില്ല. സീത വളർന്നു… അമ്മാമ്മയും… മുറ്റത്തെ കനകാംബരം ഉണങ്ങി… അമ്മമ്മ മരിച്ചു… അവിടം വിട്ട് സീതയ്ക്ക് മടങ്ങേണ്ടി വന്നു…
കാലങ്ങൾക്കിപ്പുറം ജാനകിയെ ഓർത്തവൾ തേങ്ങി.
പ്രീയപ്പെട്ട കൂട്ടുകാരീ നീ എവിടെയാണ്...