(അബ്ബാസ് ഇടമറുക്)
പുലർച്ചെതന്നെ യാത്ര പുറപ്പെടാനായി ഞാൻ തയ്യാറെടുത്തു. കുളികഴിഞ്ഞ് റെഡിയായി വെള്ളമുണ്ടും, ഇഷ്ട നിറമായ മെറൂൺ കളർ ഷർട്ടും എടുത്തണിഞ്ഞു. ബൈക്ക് തലേന്നേ കഴുകി വൃത്തിയാക്കി വെച്ചിരുന്നു. ഏതാനും ദിവസങ്ങളായുഉള്ള അന്തരീക്ഷത്തിന്റെ മങ്ങൽ ഇന്നില്ല. കാർ മാറി വെയിൽ നന്നായി തെളിഞ്ഞിട്ടുണ്ട്. മനസ്സിലെ തെളിവ് പോലെ തന്നെ അന്തരീക്ഷവും തെളിഞ്ഞിരിക്കുന്നു. ഇന്ന് വൈകുന്നേരം വരെ ഇങ്ങനെ തെളിഞ്ഞു തന്നെ നിൽക്കട്ടെ എന്റെ യാത്ര ശുഭകരമാകുവാനായി. ഞാൻ മനസ്സിൽ ആഗ്രഹിച്ചു.
ഒമ്പതുമണി കഴിഞ്ഞിരുന്നു... ഞാനും, സഹോദരിയും കൂടി വീട്ടിൽ നിന്നിറങ്ങുമ്പോൾ... വീഥികൾ തിരക്കേറി കഴിഞ്ഞിരിക്കുന്നു. വാഹനങ്ങൾ അതിന്റെ ലക്ഷ്യസ്ഥാനം തേടി ചറപറാ പാഞ്ഞുകൊണ്ടിരുന്നു.ഞാൻ വളരെ ആസ്വദിച്ചു വണ്ടി ഓടിച്ചു.പിന്നിൽ മുംതാസിന് കൊടുക്കുവാനുള്ള സമ്മാനപ്പൊതിയും മുറുകെപ്പിടിച്ചുകൊണ്ട് സഹോദരി തോളുരുമ്മി ഇരുന്നു .
മുംതാസിന്റെ വീടെത്താൻ ഇനി ഒരു മണിക്കൂർ നീണ്ട യാത്രയുണ്ട്. ഇന്നാണ് അവളെ സന്ദർശിക്കാനുള്ള അവസരം ഒത്തു വന്നത്.അവൾക്ക് കൊടുക്കുവാനുള്ള സമ്മാനം റെഡിയായതും ഇന്നാണ്.എത്രയോ നാളുകളായി കൊതിക്കുന്നതാണ് ഈ ഒരു ദിനത്തിനായി. തെറ്റാണെങ്കിലും അവളുടെ മുഖം ഒരു നോക്ക് കാണുവാനായി ഹൃദയം കൊതിക്കുന്നു. നിഷ്കളങ്കത നിറഞ്ഞ ആ ചിരി ഇപ്പോഴും അവളിൽ ഉണ്ടാകുമോ.?
ഉമ്മയും, സഹോദരിയും കൂടി മുംതാസിന് കൊടുക്കുവാനായി തയ്യാറാക്കിയ സമ്മാനപ്പൊതിയിൽ... പലവിധ പരിഹാരങ്ങൾക്കൊപ്പം ഞാൻ നട്ടുനനച്ചു ഉണ്ടാക്കിയ ചുവന്ന പൂവൻപഴവും ഉണ്ട്. അവൾക്ക് ഒരിക്കൽ നൽകിയ വാക്കിന്റെ പേരിൽ... ഞാൻ വംശം അറ്റുപോകാതെ ഇത്രയും കാലം കാത്തുസംരക്ഷിച്ച വാഴയിൽ നിന്നും ഉണ്ടായത്.
ഈ യാത്ര ശരിക്കും ഒരു ആത്മ സാക്ഷാത്കാരം കൂടിയാണ്. ഏറെ നാളുകളായി ഈ ഒന്നിന് എന്റെ മനസ്സ് കൊതിക്കുന്നു. കഴിഞ്ഞു പോയ കാലത്തെ നഷ്ടപ്രണയത്തിന്റെ ചിത്രങ്ങൾ, സന്തോഷം നിറഞ്ഞ നാളുകളിലെ ഓർമ്മകൾ, ആദ്യമായി ഇഷ്ടപ്പെട്ട പെൺകുട്ടി, മനസ്സുകൊണ്ട് ഒരായിരം കിനാവുകൾ ഒന്നിച്ചു കണ്ടവൾ, ഒരു വർഷം കൊണ്ട് ഒരായുസ്സിലെ അത്രയും പ്രണയം എന്നിലേയ്ക്ക് പകർന്നു പോയവൾ...
മൂന്നുവർഷങ്ങൾക്ക് മുൻപ്. വീടിന്റെ അടുത്തുള്ള ജുമാമസ്ജിദ്. അവിടെ പുതുതായി ജോലിക്ക് എത്തിച്ചേർന്ന ഇമാം മുഹമ്മദ് മുസ്‌ലിയാരും കുടുംബവും. അദ്ദേഹത്തിന്റെ മൂത്തമകൾ മുംതാസ്.
അവൾ എത്ര സുന്ദരിയാണ്. പെരുമാറ്റത്തിലും,സംസാരത്തിലുമെല്ലാം സൽസ്വഭാവം നിറഞ്ഞുനിൽക്കുന്നവൾ... ആരുകണ്ടാലും ഇഷ്ടപ്പെട്ടുപോകുന്ന നിഷ്കളങ്കത.പണ്ഡിതനും,പ്രശസ്തനുമായ മുസ്ലിയാരുടെ മൊഞ്ചത്തിയായ മകൾ.
ജമാഅത്തുപള്ളിയിലെ ഒരു വർഷം നീണ്ടു നിന്ന മുസ്ലിയാരുടെ ജോലിക്കാലം. എന്റെ വീടിന്റെ അയൽവക്കത്ത് താമസമാക്കിയ അവളുടേയും, സഹോദരിയുടെയും, ഉമ്മയുടേയുമെല്ലാം സാന്നിധ്യം വീട്ടിൽ എപ്പോഴും ഉണ്ടായിരുന്നു. സ്നേഹം തുളുമ്പുന്ന സംസാരവും, കുസൃതി നിറഞ്ഞ പെരുമാറ്റവുമായി ഒരു കുളിർമഴ പോലെ അങ്ങനെ അവൾ...
കണ്ടുമുട്ടിയ ആദ്യദിനം മുതൽ മുംതാസിനോട് അതിരറ്റ ഒരു പ്രണയം മുളപൊട്ടി കഴിഞ്ഞിരുന്നു. എങ്കിലും പ്രണയത്തിന്റെ ഹൃദയാന്തരവാതിൽ അവൾക്കു മുന്നിൽ ഞാൻ ഒരിക്കലും മലർക്കെ തുറന്നില്ല. മഹാജ്ഞാനിയായ അവളുടെ പിതാവിനോടുള്ള ബഹുമാനവും , ആദരവുമെല്ലാം... എന്റെ പ്രണയം തുറന്നു പറയുന്നതിൽ നിന്ന് എന്നെ പിടിച്ചു വലിച്ചു.
മെയിൻ റോഡിൽ നിന്നും തിരിഞ്ഞ് മുംതാസിന്റെ വീട്ടിലേക്കുള്ള റോഡിലേക്ക് ബൈക്ക് തിരിഞ്ഞു. ഇനി ഇതുവഴി അരമണിക്കൂർ കൂടി യാത്ര. ഞാൻ വെറുതേ ചുറ്റുപാടും കണ്ണോടിച്ചു.
രണ്ടാമത്തെ വട്ടമാണ് ഇതുവഴി സഞ്ചരിക്കുന്നത്. റോഡിന് ഇരുവശവും വലിയ വലിയ വീടുകൾ. സമ്പന്നത വിളിച്ചോതുന്ന മണിമന്ദിരങ്ങൾ. ഓരോന്നും ഒന്നിനൊന്നു മെച്ചം ആക്കാൻ അതിന്റെ ഉടമകൾ മത്സരിക്കുന്നത് പോലെ തോന്നും അതിന്റെ പണിത്തരങ്ങളും, അലങ്കാരവും, ഗാർഡനുമൊക്കെ കണ്ടാൽ.മണ്ണ് കാണാൻ പോലുമില്ല. അഞ്ച് സെന്റ് സ്ഥലം ഉള്ളവർ പോലും മുറ്റം കല്ലുപാകിയിരിക്കുന്നു.
"പ്രിയപ്പെട്ട മുംതാസ് ഇതാ ഞാൻ നിന്റെ നാട്ടിൽ എത്തിച്ചേർന്നിരിക്കുന്നു. നീ ഒരിക്കൽ പറഞ്ഞിരുന്നതുപോലെ...നിനക്ക് തന്ന വാക്ക് നിറവേറ്റിക്കൊണ്ട്... നിനക്കുള്ള ഇഷ്ട സമ്മാനവുമായി... ഞാനും സഹോദരിയും ഇതാ നിന്നോട് അടുക്കാൻ പോകുന്നു." ഞാൻ മനസ്സിൽ പറഞ്ഞു.
ചുവന്നുതുടുത്ത പൂവൻ പഴങ്ങൾ സമ്മാനിക്കുമ്പോൾ... അവളുടെ മുഖത്ത് നിറയുന്ന സന്തോഷം ഓർത്ത്, ചിരിക്കുമ്പോൾ വിടരാറുള്ള ആ നുണക്കുഴികളുടെ സൗന്ദര്യം ഓർത്ത്... എന്റെ ഉള്ളിൽ കുളിര് തോന്നി.
എന്തായാലും അന്ന് അവൾ, അങ്ങനെ ഒരു വാക്ക് പറഞ്ഞിട്ടു പോയതും, പിന്നീട് വിളിച്ചപ്പോൾ അത് ഓർമ്മിപ്പിച്ചതും എത്ര നന്നായി. വർഷങ്ങൾക്ക് ശേഷം അവളെ കാണാൻ ഒരു കാരണം ആയല്ലോ.?
എന്റെ വീടും കൃഷിയിടവും... മൂന്നു വർഷങ്ങൾക്കു മുൻപുള്ള നാളുകൾ...ഓർമയിൽ നിറം മങ്ങാതെ നിൽക്കുന്ന ദിനങ്ങൾ... കളികളും, തമാശകളും, കൊച്ചു കൊച്ചു പിണക്കങ്ങളും, ഇണക്കങ്ങളും ഒക്കെ ആയി ഞങ്ങൾ കഴിഞ്ഞുകൂടിയ അന്തരീക്ഷം. അവിടെ നിറഞ്ഞു നിന്ന ഞങ്ങളുടെ മൗനാനുരാഗം.
പ്രിയ മുംതാസ്,ആ ഒരുവർഷം എത്ര വേഗത്തിലാണ് കടന്നുപോയത്.അതിനുശേഷമുള്ള വിരസത നിറഞ്ഞ ദിനങ്ങളാണ് ഇപ്പോൾ ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നത്. ജീവിതകാലത്തെ കനിവില്ലാത്ത ദിനങ്ങൾ...കരിദിനങ്ങൾ. എനിക്കറിയാമായിരുന്നു ഞങ്ങളുടെ പ്രണയത്തിന് ഇങ്ങനെയൊരു അന്ത്യമേ ഉണ്ടാവുകയുള്ളൂ എന്ന്. അതുകൊണ്ടാണ് ഞാൻ അന്ന് അവളുടെ നിറമിഴികൾക്ക് മുന്നിൽ നിന്നും ഓടിയൊളിച്ചത്. അവളിലെ പ്രണയത്തിന്റെ ആഴം കണ്ടില്ലെന്നു നടിച്ചത്.അവളുടെ തുറന്നുപറച്ചിലുകൾക്ക് മുന്നിൽ മൗനം പൂണ്ടത്.
എന്റെ മനസ്സ് ആകെ അവളോടുള്ള അനുരാഗത്താൽ നിറഞ്ഞു തുളുമ്പുമ്പോഴും...അതൊക്കെയും... അവളിൽ നിന്നും ഞാൻ ഒളിച്ചു വയ്ക്കുകയായിരുന്നു. കാരണങ്ങൾ എന്തെന്ന് ചോദിച്ചാൽ എനിക്ക് ഇന്നും അറിയില്ല.
ആ പ്രണയ നാളുകളിൽ പലപ്പോഴും മുംതാസ് എന്റെ വീട്ടിൽ കടന്നു വരും. ഉമ്മയോടും, സഹോദരിയോടും സൗഹൃദം പങ്കിട്ടുകൊണ്ട് വീടിനുള്ളിലൂടെ പാറിനടക്കും.എല്ലാവർക്കും വലിയ കാര്യമാണ് അവളെ. സഹോദരിയുടെ പ്രിയ കൂട്ടുകാരി ആയി തീർന്നിരുന്നു ഏതാനും നാളുകൾ കൊണ്ട് അവൾ. ഇരുവരും ഒന്നിച്ച് കളിയും, ചിരിയും മൈലാഞ്ചി ഇടലും ഒക്കെയായി അങ്ങനെ അവർ സമയം പോക്കും .
ഇതിനിടയിൽ ഞങ്ങളുടെ രണ്ടേക്കർ പറമ്പിലെ എന്റെ കൃഷിയിടത്തിലേയ്ക്കും... അവൾ ഉമ്മയോടും, സഹോദരിയോടും ഒത്ത് പലപ്പോഴും ഇറങ്ങിവരും.എന്റെ കൃഷിപ്പണികളേയും, വിളകളേയുമൊക്കെ അവൾ വിസ്മയത്തോടെ നോക്കി കാണും. ഇതിനിടയിൽ എപ്പോഴോ ആണ് അവൾ എന്റെ വാഴത്തോട്ടത്തിൽ വന്നത്. ആ സമയം എന്റെ വാഴകൃഷിയിലെ ചുവന്ന പൂവൻവാഴക്കുല കണ്ട് അവൾ അത്ഭുതം കൊണ്ടു.
ഞാൻ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്നു പിടിപ്പിച്ചത് ആയിരുന്നു ആ വാഴ.ചാണകപ്പൊടിയും, വളവുമൊക്കെ ഇട്ട് നിത്യവും നനച്ചപ്പോൾ അത് വേഗം വളർന്നുവലുതായി കുലച്ചു. നീലനിറത്തിലുള്ള അതിന്റെ കുല മുംതാസിന് അത്ഭുതം പകർന്നു. അവൾ ആദ്യമായി കാണുകയായിരുന്നു അത്തരത്തിലുള്ള വാഴക്കുല. അന്ന് അവൾ അതിനെക്കുറിച്ച് വിശദമായി തിരക്കുകയും...ഞാനെല്ലാം വിശദീകരിച്ച് മനസ്സിലാക്കി കൊടുക്കുകയും ചെയ്തു.
പിന്നീട് കുലവെട്ടി പഴുപ്പിച്ചപ്പോൾ ... ഏതാനും പടല പഴം ഉമ്മാ, അവളുടെ വീട്ടിലേക്ക് കൊടുത്തുവിടുകയും ചെയ്തു. അത് കഴിച്ചുകഴിഞ് അതിന്റെ രുചിയേകുറിച്ചും മറ്റും അവൾ വാതോരാതെ സംസാരിച്ചു.
പെട്ടെന്നാണ് അവളുടെ വാപ്പാക്ക് ജോലിയിൽ സ്ഥലം മാറ്റം ഉണ്ടായത്. അത് സ്വന്തം നാട്ടിലേക്ക് ആയപ്പോൾ മുംതാസും, ഞാനും ഒഴികെ എല്ലാവരും സന്തോഷിച്ചു. എന്നെങ്കിലും ഒരു നാൾ ഇത് ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷേ, പെട്ടെന്ന് ആ വാർത്ത കേട്ടപ്പോൾ...മുംതാസിനെ പിരിയേണ്ടി വരുമല്ലോ, അവൾ തന്നെ വിട്ട് അകന്നുപോകുമല്ലോ എന്ന് ഓർത്തപ്പോൾ... എനിക്ക് വല്ലാത്ത വേദന തോന്നി. ആ മനോവേദന എന്റെ ശരീരത്തെ തളർത്തിക്കളഞ്ഞു.
ആ വിരഹവേദന നിറഞ്ഞ നാളുകളിൽ എനിക്ക് യാതൊരു ഉന്മേഷം തോന്നിയില്ല. ഒന്നിനും ഒരു താല്പര്യമില്ലാതെ കൃഷിയിടത്തെ പോലും പാടേ മറന്നുകൊണ്ട് വീടിനുള്ളിൽ തന്നെ കഴിഞ്ഞു കൂടി. ആ സമയങ്ങളിൽ ഒക്കെയും എന്റെ മനസ്സ് നിറയെ അവളുടെ രൂപവും, ആ സംസാരവും, ചിരികളും, പിണക്കങ്ങളും, ഇണക്കങ്ങളും ഒക്കെ നിറഞ്ഞുനിന്നു. അവൾ ഉമ്മയെ വിളിച്ചുകൊണ്ട് വീട്ടിലേക്ക് കയറി വരുന്നതും, സഹോദരിയോട് യാത്ര പറഞ്ഞുകൊണ്ട് വീട്ടിൽ നിന്നും നടന്നുപോകുന്നതുമെല്ലാം എന്നെ വേദനിപ്പിച്ചു.
ഒടുവിൽ, നാട്ടിൽ നിന്നു പോകുന്നതിന്റെ അന്ന് യാത്ര പറയും നേരം... അവൾ എന്റെ മുറിയിലേക്ക് കടന്നുവന്നു. ഞാൻ നിത്യവും കുത്തികുറിക്കുന്ന നോട്ടുബുക്കും, അലമാരയിലെ എന്റെ പുസ്തകശേഖരവുമൊക്കെ ഒരിക്കൽകൂടി തൊട്ടു തലോടി മറിച്ചുനോക്കി അവൾ. അവളുടെ മുഖത്താകെ ദുഃഖം നിഴലിക്കുന്നത് ഞാൻ കണ്ടു.
"അബ്‌ദു..., ഞങ്ങൾ ഇന്ന് ഇവിടം വിട്ടു പോവുകയാണ്. നിങ്ങളെയും, ഈ വീടും, നിന്റെ കൃഷിയിടവും, പിന്നെ ഈ വായനാലോകവുമൊക്കെ വിട്ടു പോകുന്നത് ഓർക്കുമ്പോൾ എനിക്ക് സഹിക്കാനാവുന്നില്ല."അവളുടെ ശബ്ദമിടറി.
ഈ സമയം തുറന്നുകിടന്ന ജനാലയിലൂടെ എന്റെ കൃഷിയിടത്തിൽ നിന്ന് ഒരു ഇളംകാറ്റ് വീശിയടിച്ചു. കാറ്റിൽ അവളുടെ തട്ടവും, മുടിയിഴകളും പാറിപ്പറന്നു. തട്ടം മെല്ലെ മാടിയൊതുക്കിക്കൊണ്ട് അവൾ ജനാലയ്ക്കരികിലേയ്ക്ക് നടന്നു.തുടർന്ന് എന്റെ കൃഷിയിടത്തിൽ പുതുതായി നട്ടുവെച്ച വാഴ കണ്ണുകളിലേക്ക് നോക്കി അവൾ ഒരു ദീർഘനിശ്വാസം പൊഴിച്ചു.
"അബ്ദു..., നിന്റെ പുതിയ വാഴത്തോട്ടം നന്നായിട്ടുണ്ട്. അതിന്റെ ക്രെഡിറ്റ് എനിക്ക് കൂടിയാണ്...ഉമ്മക്കും, സഹോദരിക്കുമൊപ്പം വാഴകുഞ്ഞു നടുമ്പോൾ... ചാണകപ്പൊടിയും മറ്റും ഇടാൻ ഞാനും കൂടിയതാണ്...അത് മറക്കണ്ട. ഞാൻ പോയാലും...വാഴ കുലയ്ക്കുമ്പോൾ എന്റെ വീതം വാഴക്കുല എവിടെയാണെങ്കിലും അങ്ങ് എത്തിച്ചേക്കണം. " പറഞ്ഞിട്ട് നിറമിഴികൾ തുടച്ചുകൊണ്ട് അവൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.
"എത്തിക്കുമോ .? "
ഞാൻ ഉള്ളിലെ സങ്കടം ഒതുക്കികൊണ്ട് അവളെ നോക്കി പുഞ്ചിരി തൂകി.
"തീർച്ചയായും ഞാൻ എത്തി ക്കക്കും . നിന്റെ ഓർമ്മയ്ക്കായി ആ വാഴ കുഞ്ഞുങ്ങളെ ഞാൻ നന്നായി പരിപാലിക്കും. ഈ വാഴകൾ കുലയ്ക്കുമ്പോൾ നീ എവിടെയായാലും നീ അനുവദിക്കുകയാണെങ്കിൽ നിനക്കുള്ള പഴവുമായി ഞാൻ വരും. "
മുംതാസിന്റെ മുഖത്ത് ഒരിക്കൽകൂടി പുഞ്ചിരി വിടർന്നു. അവൾ മെല്ലെ എന്റെ അരികിലേക്ക് വന്നുകൊണ്ട് എന്റെ കൈ കവർന്നു. എന്നിട്ട് എന്റെ മിഴികളിലേയ്ക്ക് നോക്കി ചോദിച്ചു.
"ഞാൻ പോകട്ടെ.? മറക്കില്ല ലോകത്തിന്റെ ഏതു കോണിൽ പോയാലും. "
ആ ഒരു നിമിഷം എന്തു പറയാണമെന്നറിയാതെ ഞാൻ നിന്നു. അവളുടെ കണ്ണുകളിലെ എന്നോടുള്ള സ്നേഹത്തിന്റെ ആഴം കണ്ട് ഞാൻ മെല്ലെ തല താഴ്ത്തി...എന്നിട്ട് മൂളി.
"ഉം... "
നിറമിഴികൾ തുടച്ചുകൊണ്ട് തട്ടം നേരെയാക്കി അവൾ മുറി വിട്ടിറങ്ങി പോയി.
പിന്നീട് അവളെ കാണുന്നത് ഒരു വേനൽക്കാലത്താണ്. ആറ് മാസങ്ങൾക്ക് ശേഷം. അവളുടെ നാട്ടിൽ വച്ച്.അതും അവളുടെ നിക്കാഹിന്റെ അന്ന്. ദൂരെയുള്ള വലിയ പണക്കാരനായ ഗൾഫുകാരനുമായി. ഉമ്മയും, സഹോദരിയും, ഞാനും കൂടിയാണ് അവളുടെ വിവാഹത്തിനു പോയത് .
വിവാഹ തിരക്കിനിടയിൽ അതിഥികൾക്കിടയിൽ നിറഞ്ഞു നിന്ന അവളെ ഒരു നോക്ക് ഞാൻ അന്ന് കണ്ടു. തട്ടത്തിന് ഇടയിലൂടെ ആ മിഴികൾ തുടിക്കുന്നത്.കൈകളിലെ മൈലാഞ്ചി ചുവപ്പ്. അവളെന്നെ നോക്കി മന്ദഹസിച്ചു. അവളുടെ ആ ചിരിയിലും മുഖത്തും എന്തോ ദുഃഖം നിറഞ്ഞുനിൽക്കുന്നതുപോലെ എനിക്ക് തോന്നി. ഒരുനിമിഷം ആ മിഴികൾ നീരണിയുന്നതുപോലെ.ഈ സമയം ഉമ്മയും, സഹോദരിയും അവളുടെ കരം കവർന്നു.ഞാൻ മെല്ലെ തിരിച്ചു നടന്നു.
അതിനുശേഷം അവളെ കണ്ടിട്ടില്ല.ഇടയ്ക്കൊക്കെ അവൾ വീട്ടിലേയ്ക്ക് വിളിച്ച് ഉമ്മയോടും, സഹോദരിയോടും വിശേഷങ്ങൾ പങ്കുവെക്കും. ആ കൂട്ടത്തിൽ എന്നെ കുറിച്ചും തിരക്കും .എന്നാൽ പോലും അന്യ ഒരാളുടെ ഭാര്യയായി തീർന്ന അവളോട് ഒന്ന് സംസാരിക്കാൻ പോലും പിന്നീട് എനിക്ക് അവസരം കിട്ടിയില്ല.സംസാരിക്കാൻ ഞാൻ ശ്രമിച്ചതുമില്ല.
ഇപ്പോഴിതാ, വിവാഹം കഴിഞ്ഞ് ഏഴു മാസങ്ങൾക്ക് ശേഷം അവളുടെ ഫോൺ കോൾ എന്നെ തേടിയെത്തിയിരിക്കുന്നു. വിളിച്ചത് എന്റെ നമ്പറിലേക്ക് ആണ്. ഫോൺ എടുക്കുമ്പോൾ വല്ലാത്ത ഒരു തരം പരിഭ്രമവും, വിറയലും ഒക്കെ ആയിരുന്നു എനിക്ക്. അവൾ പറഞ്ഞു.
"അബ്ദു, എന്തൊക്കെയുണ്ട് വിശേഷങ്ങൾ... സുഖമല്ലേ.? നീ ഓർക്കുന്നുണ്ടോ നമ്മൾ ഒരുമിച്ച് ഉണ്ടായിരുന്ന ആ ഒരു വർഷം.? എത്ര പെട്ടെന്നാണ് അത് കടന്നുപോയത്...അല്ലേ.? ഇപ്പോൾ തോന്നുന്നു ഒരിക്കൽകൂടി ആ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന്. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളായിരുന്നു അന്ന് കടന്നുപോയത്.ഇനിയൊരിക്കലും ആ നല്ല നാളുകൾ തിരികെ വരില്ലല്ലോ, എന്നോർക്കുമ്പോൾ..."ഒരു നിമിഷം നിറുത്തി അവൾ.
"ഇപ്പോൾ തോന്നുന്നു ആ വസന്തങ്ങളുടെ കൂടെ നഷ്ടപ്പെട്ടത് എന്നിലെ എന്റെ എല്ലാമെല്ലാമായ അബ്ദുവിനെയുമാണ്. അന്ന് ഞാനത് മനസ്സിലാക്കിയില്ല. ഒരിക്കൽ പോലും നീയത് പറഞ്ഞതുമില്ല. അന്ന് ഒരിക്കലെങ്കിലും നീ അത് തുറന്നു പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇന്ന് നിന്റെ ബീബി ആയിരുന്നേനെ."വീണ്ടും മൗനം. ഒരുനിമിഷം ഞാൻ തരിച്ചു നിന്നു പോയി.
"കുടുംബജീവിതത്തിൽ എന്തിനേക്കാളും മേൽ വേണ്ടത് മനപ്പൊരുത്തവും, പരസ്പരമുള്ള മനസ്സിലാക്കലുകളുമാണെന്ന് ഞാനിപ്പോൾ അറിയുന്നു.എന്റെ വിവാഹജീവിതം ഞാൻ ആഗ്രഹിച്ചത് പോലെ ഒന്നുമായില്ല. സമ്പത്ത് മാത്രം പോരല്ലോ ഒരു സ്ത്രീക്ക്.?" വീണ്ടും നിശബ്ദത.
"എനിക്കിപ്പോൾ ചെറിയവിശേഷമായിട്ട് ഇരിക്കുകയാണ് .ഉമ്മാ നിന്നോട് പറഞ്ഞിട്ടുണ്ടാകുമല്ലോ.? ഞാൻ ഇപ്പോൾ എന്റെ വീട്ടിലാണ്. കഴിഞ്ഞ ആഴ്ച എന്നെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇനി പ്രസവം കഴിയുന്നതുവരെ ഞാൻ എന്റെ വീട്ടിൽ ആണ്.എന്റെ പുതിയാപ്ല ഇതൊന്നും കാണാൻ നിൽക്കാതെ പണമുണ്ടാക്കാൻ ഗൾഫിലേക്ക് പോയി കഴിഞ്ഞു. നിന്നേം, ആബിദാനേം ഒന്ന് കാണണം എന്നുണ്ട്.തിരക്കില്ലെങ്കിൽ ഒരിക്കൽ വീട്ടിലേക്ക് വരൂ... പിന്നെ തന്റെ കൃഷിയിടത്തിൽ ആ വാഴ കുലച്ചുനിൽക്കുകയാണെന്ന് ഉമ്മാ പറഞ്ഞിരുന്നു.എന്നെ കാണാൻ വരികയാണെങ്കിൽ...പണ്ട് ഞാൻ ആവശ്യപ്പെട്ടതുപോലെ, എനിക്ക് തന്ന വാക്ക് നിറവേറ്റാൻ ആ വാഴക്കുലയിലെ കുറച്ചു പഴം കൊണ്ടുവരണം. നീ കൃഷിചെയ്തുണ്ടാക്കിയ ആ പഴം കഴിക്കാൻ കൊതിയാവുന്നു." അവൾ ഫോൺ വെച്ചു.
വാഴക്കുല മൂക്കാനും, പഴമാകാനും കാത്തിരുന്ന ദിനങ്ങൾ... ആവേശമായിരുന്നു മനസ്സുനിറയെ. ഉമ്മയും, മറ്റും അറിയാതെ സന്തോഷം ഞാൻ ഉള്ളിലൊതുക്കി.
വെയിൽ കത്തിക്കാളാൻ തുടങ്ങിയിരിക്കുന്നു.ഇടവഴിയായതിനാൽ വാഹനങ്ങൾ നന്നേ കുറവാണ്. ഒരു തണുത്ത കാറ്റ് വീശി. ചുറ്റും നിന്ന പച്ചപ്പുകളിലൊക്കെയും ഒരു അനക്കം.എന്റെ ലക്ഷ്യസ്ഥാനം അടുക്കുകയായി.ഇനി ഏതാനും ദൂരം കൂടി കഴിഞ്ഞാൽ ഞാൻ അവളെ കാണുകയാണ്.എന്തൊക്കെയാണ് അവളെ കാണുമ്പോൾ സംസാരിക്കുക.? അവൾക്ക് എന്നോട് എന്തൊക്കെയാണ് പറയാൻ ഉണ്ടാവുക.? ഒരുപാട് പറയാൻ ഉണ്ടാവില്ലേ.? തീർച്ചയായും ഉണ്ടാവും.വണ്ടി അവളുടെ വീട്ടിലേക്കുള്ള വളവു തിരിഞ്ഞു.
വീട്ടിലേക്കുള്ള ഇടവഴിയ്ക്ക് മുന്നിൽ ബൈക്ക് നിറുത്തി ഞാനും, സഹോദരിയും മെല്ലെ ഇറങ്ങി.ചുറ്റുപാടും ഒന്ന് വീക്ഷിച്ചിട്ട്... കണ്ണാടിയിൽ നോക്കി ഞാൻ മുടി ചീകിയൊതുക്കി.സഹോദരിയും മുംതാസിന്റെ വീട്ടിലേക്ക് കയറിചെല്ലാനുള്ള ഒരുക്കങ്ങൾ നടത്തി കഴിഞ്ഞു.
ഈ സമയം ഏതാനും സ്ത്രീകളും കുട്ടികളും അവളുടെ വീടിനുനേർക്ക് നടന്നുപോകുന്നത് കണ്ടു. ഈ സമയത്താണ് ഞങ്ങൾ അതു കണ്ടത്. മുംതാസിന്റെ വീടിനു മുന്നിലായി നിറുത്തിയിട്ടിരിക്കുന്ന അനേകം കാറുകൾ, മുറ്റത്ത് കെട്ടി ഉയർത്തിയ പന്തൽ. ഈ സമയം ഏതാനും സ്ത്രീകൾ കൂടി വീടിനുനേർക്ക് നടന്നുപോയി. അവർ എന്തൊക്കെയോ സംസാരിക്കുന്നുണ്ടെങ്കിലും ഒന്നും വെക്തമല്ല. ഒന്ന് ഉറപ്പാണ്. മുംതാസിന്റെ വീട്ടിൽ എന്തോ വിശേഷം ഉണ്ട്. എന്താണത്.? ഞാനും സഹോദരിയും പരസ്പരം നോക്കി.
"പ്രിയ മുംതാസ് ഞാനിതാ നിന്റെ വീടിന്റെ അടുക്കൽ എത്തിച്ചേർന്നിരിക്കുന്നു. നിന്നെ കാണാനുള്ള ആശയുമായി, നീ ആവശ്യപ്പെട്ട സമ്മാനവുമായി...നിന്നോട് വിളിച്ചു പറഞ്ഞിട്ട് വരാമായിരുന്നു. പക്ഷേ, നിനക്കൊരു സസ്പെൻസ് ആവട്ടെ എന്നുകരുതി.അതുകൊണ്ട് ഇപ്പോൾ..." വീണ്ടും വഴിയിൽ സ്ത്രീകളെകൊണ്ട് നിറഞ്ഞു. അവർ പരസ്പരം സംസാരിക്കുന്നത് ഞങ്ങൾ കേട്ടു.
"മുംതാസ് ഭാഗ്യമുള്ളവളാണ്. അല്ലെങ്കിൽ ഇതുപോലെ ഉയർന്ന ഒരു കുടുംബത്തിൽ ചെന്ന് ചേരുമോ.? എത്ര കാറിലാണ് പുതിയാപ്ലെടെ വീട്ടിൽ നിന്ന് വയറുകാണൽ ചടങ്ങിന് ആളുകൾ എത്തിയിരിക്കുന്നത്.?" ഒരുവൾ പറഞ്ഞു.
"എല്ലാം മുസ്ലിയാരുടേം, കുടുംബത്തിന്റേം ഭാഗ്യം. അങ്ങനെ പറഞ്ഞാമതി. അല്ലെങ്കിൽ സൗന്ദര്യം മാത്രം കണ്ട് മുംതാസിനെ കെട്ടാൻ യാതൊന്നും സ്ത്രീധനം മേടിക്കാതെ ഇതുപോലൊരു ചെക്കൻ വരുമോ.? കൂട്ടികൊണ്ട് വരലിലും കേമമാണത്രെ വയറുകാണൽ."സ്ത്രീകൾ നടന്നുപോയി.
ഇന്ന് മുംതാസിന്റെ വയറുകാണൽ ചടങ്ങ് ആണെന്നോ.? ഇനി എങ്ങനെ തങ്ങൾ ആ വീട്ടിലേയ്ക്ക് കടന്നുചെല്ലും.? ചെന്നാൽ തന്നെ അവളെ കാണാനാകുമോ.? അവളോട് സംസാരിക്കുവാനുള്ള അടങ്ങാത്ത ആശയുമായി വന്നിട്ട്...അവൾക്ക് സമ്മാനിക്കുവാനുള്ള പൂവൻ പഴവുമായി ഇത്രേടം വന്നിട്ട്.? ഞാൻ നിരാശയോടെ സഹോദരിയെ നോക്കി.
ഞാനും, സഹോദരിയും കൂടി പലഹാരം നിറച്ച പായ്കറ്റുമായി മെല്ലെ അവിടേയ്ക്ക് കടന്നു ചെന്നു. ഞങ്ങളെ കണ്ട് മുസ്‌ലിയാർ ഓടിയെത്തി. എന്റെ കരം കവർന്നുകൊണ്ട് അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു.
"അള്ളാ, ഇതാരൊക്കെയാണ് ഈ വന്നേക്കുന്നത്. അതുഭുതമായിരിക്കുന്നല്ലോ. എന്തൊക്കെയുണ്ട് വിശേഷങ്ങൾ.? ബാപ്പയ്ക്കും, ഉമ്മയ്ക്കും സുഖമല്ലേ.? ഇന്ന് ഇവിടെ ഒരു വിശേഷം നടക്കുവാണ്. നമ്മുടെ മുംതാസിനെ കാണാൻ അവളുടെ പുതിയാപ്ലെന്റെ വീട്ടിൽ നിന്ന് എല്ലാരും വന്നിട്ടുണ്ട്. "മുസ്‌ലിയാർ ആവേശത്തോടെ പറഞ്ഞിട്ട് ഞങ്ങളെ അകത്തേയ്ക്ക് ക്ഷണിച്ചു.
ഈ സമയം മുസ്ലിയാരുടെ ബീബിയും, ഇളയ മകളും ഇറങ്ങി വന്നു. വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ സഹോദരിയുടെ കൈയും പിടിച്ച് മുംതാസിന്റെ സഹോദരി വീടിനുള്ളിലേക്ക് കയറിപ്പോയി.
ഞാൻ മെല്ലെ മുറ്റത്തിന്റെ ഒരു കോണിലേയ്ക്ക് മാറി നിന്നു. വിളിച്ചു പറഞ്ഞിട്ട് വരാൻ കഴിയാത്തതിൽ എനിക്ക് കുറ്റബോധം തോന്നി. ആ സമയം ഒരിക്കൽക്കൂടി മുംതാസിന്റെ നിഷ്കളങ്കമാർന്ന മുഖവും, സ്നേഹമൂറുന്ന ചിരിയും, കളി തമാശകളുമെല്ലാം എന്റെ മനസ്സിലേയ്ക്ക് ഓടിയെത്തി. ഒടുവിൽ അവളെ ഈ വീട്ടിൽ വെച്ചുകൊണ്ട് അവസാനമായി കണ്ട കല്യാണ ദിനവും മനസ്സിൽ ഓടിയെത്തി.
ഏതാനും സമയത്തിന് ശേഷം സഹോദരിയേയും കൂട്ടി അവിടെനിന്ന് യാത്രപറഞ്ഞിറങ്ങുമ്പോൾ... എന്റെ മനസ്സുനിറച്ചും മുംതാസിനെ കാണാൻ കഴിയാത്തതിലുള്ള നിരാശ നിറഞ്ഞുനിന്നു. ഗെയ്റ്റ് കടന്ന് ഇടവഴിയിലേയ്ക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പൊടുന്നനെ ഞാനതു കണ്ടത്.
വീടിന്റെ കിഴക്കുവശത്തെ മുറിയുടെ ജനാലയ്ക്കരികിൽ ഞങ്ങളെ നോക്കി നിറപുഞ്ചിരിയുമായി മുംതാസ് നിൽക്കുന്നു. അവളുടെ കൈയിൽ ഞങ്ങൾ കൊണ്ടുവന്ന പൂവൻ പഴം... ചുവന്ന പൂവൻപഴം. അവൾ ഞങ്ങളെ നോക്കി കൈ ഉയർത്തി കാണിച്ചു... ഞങ്ങളും.
എനിക്ക് അത്ഭുതമായി. എന്തായാലും മുംതാസിനെ കാണാൻ കഴിഞ്ഞല്ലോ...സംസാരിക്കാൻ കഴിഞ്ഞില്ലേലും ഞാൻ അവൾക്കായി കൊണ്ടുവന്ന പൂവൻപഴം അവൾ കഴിച്ചു കഴിഞ്ഞു. എന്നാലും ഇതെങ്ങനെ ഇത്ര പെട്ടെന്ന് ആ പഴം അവളുടെ കൈകളിൽ എങ്ങനെയെത്തി .? ഞാൻ അതുഭുതത്തോടെ സഹോദരിയെ നോക്കി. അവൾ എന്നെനോക്കി പുഞ്ചിരിച്ചു. എന്നിട്ട് മെല്ലെ പറഞ്ഞു.
"അതെ, മുംതാസിനെ കണ്ട് പലഹാര പൊതി കൊടുക്കുമ്പോൾ ആരും കേൾക്കാതെ ഞാൻ അവളുടെ കാതിൽ പറഞ്ഞിരുന്നു. പുതിയാപ്ലെടെ വീട്ടിൽ നിന്നുകൊണ്ടുവന്ന വിലകൂടിയ പലഹാരങ്ങൾക്കിടയിൽ എന്റെ ഇക്കാക്ക കൃഷിചെയ്തുണ്ടാക്കിയ പൂവൻ പഴത്തെ മറന്നുകളയല്ലേ മോളേന്ന്. "
ഞാൻ നന്ദിയോടെ സഹോദരിയെ നോക്കി. എന്നിട്ട് മെല്ലെ ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ട് എടുത്തു.