മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

(Madhavan K)

"ചില ഓർമ്മകളുടെ തുടക്കം ചില ഗന്ധങ്ങളോ ശബ്ദങ്ങളോ ആകാം സന്ദീപ്." അസ്തമയത്തിൻ്റെ ചാരുത നുകരവേ, അവനോടു ചേർന്നിരിക്കുമ്പോൾ അവൾ പറഞ്ഞു.

"ശരിയാണ്, ശരിയാണലീന... ചിലപ്പോൾ ചില കാഴ്ചകളും."

ആകാശത്തിൻ്റെ നിറച്ചാർത്തിലൂടെ കൂടണയാൻ പറന്നെത്തുന്ന പക്ഷിക്കൂട്ടങ്ങളെ നോക്കിയിരിക്കുമ്പോൾ അവന് അങ്ങനെ പറയാനാണു തോന്നിയത്.

അവൻ്റെ ജീവിതത്തിൽ കുളിർതെന്നലായി വീശാൻ ശ്രമിക്കുന്നു അലീന. ആ തെന്നലേൽക്കാൻ വിധിയില്ലാതെ ഒരു നിസ്സഹായനായി അവനും. ഇവർക്കിടയിൽ ദാരിദ്ര്യത്തിൻ്റെ ദുരിതവും പേറി തളർന്ന ഒരു തെരുവ്. ആ തെരുവിന് അവൻ്റെ ബാല്യകൗമാരത്തിൻ്റെ മുഖച്ഛായയുണ്ടായിരുന്നു.

സന്ധ്യയായാൽ, കണ്ണെഴുതി പൊട്ടും തൊട്ട് തലയിൽ മുല്ലപ്പൂവും ചൂടി ഉമ്മറത്തിരിക്കുന്ന നളിനിയമ്മാളിനെ അവനോർമ്മ വന്നു. ആ തെരുവിലേക്ക് രാത്രിയിൽ മാത്രം ഇരച്ചെത്തുന്ന ഒരു അമ്പാസിഡർ കാറിനേയും.

അതിൽ കയറിയും പുലർച്ചെ തിരിച്ചു വന്നും മാസങ്ങളും വർഷങ്ങളും അവർ യാത്ര തുടർന്നു. അതവരെ ഇരുട്ടിലേക്കു കൂട്ടിക്കൊണ്ടു പോകും. എങ്ങോട്ടാണ് പോകുന്നതെന്ന് ആരും ചോദിച്ചില്ല. എവിടേക്കെന്ന് അവർ പറഞ്ഞതുമില്ല. കഷ്ടപ്പാടിൽ നിന്നും നഷ്ടപ്പാടിലേക്കു സഞ്ചാരത്തിൽ അവരെ ചിരി മറന്നിരുന്നു.

ഒരിക്കൽ, ആ തെരുവ് അമ്മാളിനേയും കൂട്ടി അവൻ്റെ നേരെ ചെന്നു. ഇത് കുടുംബത്തിൽ പിറന്നവർ താമസിക്കുന്നയിടമാണെന്നും തങ്ങൾക്കു നാണക്കേടുണ്ടാക്കരുതെന്നും കെഞ്ചാൻ. അമ്മാളിനോടും തെരുവ് അതു തന്നെ പറഞ്ഞു.

സത്യത്തിൽ, അവൻ്റെ ആരായിരുന്നു അമ്മാൾ? അവനും അത് സ്വയം ചോദിച്ചതാണ്.

നേരം പരപരാ വെളുക്കും മുമ്പെ, ക്ഷീണിതയായി വീട്ടിൽ തിരിച്ചെത്തുന്ന അമ്മാൾ, അവനെ കെട്ടിപ്പിടിച്ചു കരയുമായിരുന്നു. അവൻ്റെ അമ്മയാണ് താനെന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു. അവനതു വിശ്വസിച്ചതായി നടിച്ചു. എന്നാൽ, ഒരിക്കൽപ്പോലും അമ്മയെന്നു വിളിച്ചില്ല.

അന്നേ ഞാൻ പറഞ്ഞു ഇതിവിടെ നടപ്പില്ലെന്ന്.... തെരുവ് പിന്നെയും അവരോടു കയർത്തു. അവനും അമ്മാളും മുഖം താഴ്ത്തി നിന്നു.

മകൻ വലിയവനാകണം. അവൻ ആകാശത്തേക്കാൾ വലുതാകണം, ഡോക്ടറാകണം. അതിനു വലിയ വിദ്യാഭ്യാസം വേണം, നല്ല പണം വേണം..

ചിറകുകളുള്ള മോഹങ്ങളെ വിണ്ണിലേക്കു പറത്തി വിടുമ്പോഴും, അമ്മാളിനതറിയാമായിരുന്നു. കാറും കോളുമടങ്ങാത്ത നടുക്കടലിൽ, അവർ ദിശയറിയാതെ സഞ്ചരിച്ചു. അടങ്ങാത്ത ആശങ്കയോടെ മകനെ ചേർത്തു പിടിച്ചു. അവരുടെ ജീവിതം അവനിലേക്കു ചുരുങ്ങി. അങ്ങനെയാണ് നളിനിയമ്മാൾ നാട്ടിൽ മോശക്കാരിയായത്. അവൻ അവരേക്കാൾ വലിയ മോശക്കാരനായത്. പിമ്പ്, വേശ്യയുടെ മകൻ. എന്നൊക്കെപ്പറഞ്ഞ് പലതരത്തിലും അവൻ അപഹസിക്കപ്പെട്ടു. കുത്തുവാക്കുകൾ അവനെ നിരന്തരം മുറിവേൽപ്പിച്ചു.

എന്നിട്ടും, തൻ്റെ അമ്മാൾ വേശ്യയാണെന്ന് അവൻ വിശ്വസിച്ചില്ല. അത്തരക്കാരിയല്ലെന്ന് ഉറച്ചു വിശ്വസിക്കുകയും ചെയ്തു. ഒരിക്കൽപ്പോലും അവനവരെ തള്ളിപ്പറഞ്ഞില്ല. അല്ലെങ്കിൽത്തന്നെ, തങ്ങൾക്കു വേണ്ടി ഉരുകിത്തീരുന്ന മെഴുകുതിരികളെ, ജീവിച്ചിരിപ്പുള്ള ദൈവങ്ങളെ, ഈ ഭൂമിയിൽ ആരെങ്കിലും തള്ളിപ്പറയാറുണ്ടോ?

"നളിനിയമ്മാളുടെ മകൻ മിടുക്കനാ. അവൻ പഠിച്ചു പഠിച്ചു ഡോക്ടറാകുന്ന ലക്ഷണമാ.."

കാലം, അതിൻ്റെ കാലൊന്നു മാറ്റി ചവിട്ടിയപ്പോൾ, നാട്ടുകാർ അവരുടെ അടക്കം പറച്ചിലിലും മാറ്റം വരുത്തി. അവസാനം അതു തന്നെ സംഭവിച്ചു. നളിനിയമ്മാളുടെ മകൻ ഡോക്ടറായി. കാലം, അവരോടു കരുതിവെച്ച നീതി.

പക്ഷേ, നളിനിയമ്മാൾ മരിച്ചു. അവരവൻ്റെ ചികിൽസക്കു വേണ്ടി കാത്തിരുന്നില്ല. അതേ തെരുവിൽ കിടന്ന്; വയറുവേദനയാൽ പുളഞ്ഞ്...

അൾസറിൽ നിന്നും ക്യാൻസറിലേക്കുള്ള ദൂരം ചെറുതായിരുന്നു. അതിനേക്കാൾ ചെറുതായിരുന്നു മരണത്തിലേക്കുള്ള ദൂരം.

"ഗോപന് ഞാൻ പറയുന്നത് പിടികിട്ടുന്നുണ്ടോ?" അലീന അവനെ ചിന്തകളിൽ നിന്നുണർത്തി.

എന്തു പിടികിട്ടുന്നുണ്ടോ എന്നാണ്?

"ഒട്ടും നിവൃത്തിയില്ലാഞ്ഞിട്ടാണു ഗോപൻ. ഞാൻ ഒത്തിരി ശ്രമിച്ചതാണ്, എൻ്റെ കഴിവിൻ്റെ പരമാവധി...."

എന്തിനു ശ്രമിച്ചെന്നാണ്?

"നിന്നോടൊപ്പമുള്ള ജീവിതം തന്നെയാണ് ഇന്നും എൻ്റെ മനസ്സിൽ. നിന്നെ പിരിയാൻ എനിക്കാവില്ല ഗോപൻ. പക്ഷേ...."

അവൻ അവളുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി.

"മരിച്ചാലും വേശ്യ വേശ്യയല്ലാതാകുമോയെന്നാണ്..."

"ഷട്ട് യുവർ മൗത്ത്.. ഇഡിയറ്റ്.."
എല്ലാ നിയന്ത്രണങ്ങളും അറ്റു. ഒരു നിമിഷം, അവൻ മറ്റൊരാളായി മാറി! അവൾ അവിശ്വസനീയതയോടെ അവനെ നോക്കിയിരുന്നു.

"ഒന്നു നിർത്തൂ അലീനാ.. പ്ലീസ്.." അവൻ പറഞ്ഞു.

അസ്തമയം കാണാൻ വന്ന ചിലർ കൗതുകത്തോടെ അവരെ നോക്കി. മുഖം കുനിച്ചിരുന്ന അവൾ തേങ്ങലടക്കാൻ പാടുപെട്ടു.

"നിന്നെക്കുറിച്ചുള്ള മറക്കാനാകാത്ത ഓർമ്മകൾ ഞാനെൻ്റെ ഹൃദയത്തിൽ സൂക്ഷിച്ചോളാം. നീ എന്നെ മറന്നേക്കുക. എന്നെന്നേക്കുമായി പിരിഞ്ഞേക്കുക." അവൻ പറഞ്ഞു.

"ഞാൻ വളർന്ന ചേരിയിൽ രാപ്പകലില്ലാതെ കഷ്ടപ്പെട്ട് എന്നെ വളർത്തി വലുതാക്കിയ അമ്മാൾ, എൻ്റെ അമ്മയല്ലെന്നു നീയും പറഞ്ഞേക്കുമോ അലീനാ? നിന്നിൽ നിന്നും അതു കേൾക്കേണ്ട നിമിഷത്തിൽ ഞാനനുഭവിക്കേണ്ട ഹൃദയവേദന, അതെത്രമാത്രമാണെന്ന് നിനക്കറിയാമോ അലീനാ?"

അവനവളുടെ മുഖം പിടിച്ചുയർത്തി.

"ഐ ആം സോറി. റിയലി സോറി..." അവൻ്റെ കണ്ണുകൾ ഇടഞ്ഞു.

യാത്രപോലും പറയാതെ തിരിഞ്ഞു നടക്കുമ്പോൾ, സർവ്വസ്വവും തകരുകയാണെന്ന് അവനു തോന്നി. കാലടിയിലെ മണ്ണത്രയും തെന്നിനീങ്ങുകയാണെന്നും.

ക്ഷമിക്കൂ അലീന. നിന്നെ സ്വന്തമാക്കാൻ, നിൻ്റെ മാതാപിതാക്കളുടെ പ്രിയം പിടിച്ചു പറ്റാൻ, എനിക്കെൻ്റെ അമ്മാളിൻ്റെ ആത്മാവിനെ ഒറ്റുകൊടുക്കാനാകില്ല. തള്ളിപ്പറയില്ല ഞാൻ, അതിനെനിക്കാകില്ല. അതിൽ ഭേദം മരണമാണ്. നിനക്കറിയാമോ, അവരെൻ്റെ ഹൃദയമാണ്.

ലോകം മുഴുക്കെ അല്ലെന്ന് അട്ടഹസിച്ചോട്ടെ, അല്ലെന്നു പരിഹസിച്ചോട്ടെ... എനിക്കൊന്നേ പറയാനുള്ളൂ, ഞാൻ പിറക്കാൻ ആഗ്രഹിച്ചതും പിറന്നതും ആ അമ്മാളിൻ്റെ വയറ്റിലാണ്. അവരുടെ അണ്ഡമാണു ഞാൻ. അവരെൻ്റെ അമ്മയാണ്. ഞാനവരുടെ മകനാണ്..

അറിയാമോ അലീനാ,  അകലങ്ങളിലുള്ള ഒരു പ്രവാസിയുടെ നാട്ടിലുള്ള തറവാട്ടു വീട്ടിലേക്ക്, നിസ്സഹായയും രോഗിണിയുമായ അയാളുടെ ഭാര്യക്ക് കൂട്ടുകിടക്കാൻ പോയതാണ് എൻ്റെ അമ്മാൾ. അവിടെ നിന്നും ലഭിച്ച ഓഹരിയും വരുമാനവും കൂട്ടി വെച്ചാണ് അമ്മാളെന്നെ പഠിപ്പിച്ചത്. അല്ലാതെ വേശ്യാവൃത്തി ചെയ്തല്ല.

നാട്ടുകാരോടൊക്കെ ഉറക്കെ വിളിച്ചു പറയണം എന്നുണ്ടായിരുന്നു എനിക്ക്. എൻ്റെ അമ്മാളിനെ അഗ്നിശുദ്ധി വരുത്തണമെന്നും. പക്ഷെ...

അമ്മാൾ എതിർത്തു. ഒരിക്കലും പുറത്തു പറയില്ലെന്ന് തല തൊട്ട് സത്യം ചെയ്യിച്ചു. സത്യത്തിൽ, ആ വക സത്യത്തിലൊന്നും വിശ്വാസമില്ലാത്തവനാണു ഞാൻ. എങ്കിലും എൻ്റെ അമ്മാളിന് എന്തെങ്കിലും സംഭവിച്ചാലോ? അതു ചിന്തിക്കാൻ പോലും എനിക്കാകില്ലായിരുന്നു. ഞാനാരോടും ഒന്നും പറഞ്ഞില്ല.

ആ പ്രവാസി, അയാൾ പുതിയൊരു വിവാഹവും കഴിച്ച് അന്യനാട്ടിൽ സുഖിച്ചു കഴിയുകയായിരുന്നു. അയാളുടെ ജീവിതത്തിൽ പഴയ ഭാര്യ പ്രശ്നമാകാതിരിക്കാൻ, ഈ കാര്യം പരമ രഹസ്യമായി സൂക്ഷിക്കാൻ, അയാൾ എൻ്റെ അമ്മാളിനെ കരുവാക്കി. സ്വന്തം ജീവിതം ക്ലേശങ്ങളില്ലാതെ മുന്നോട്ടു നീക്കാൻ അമ്മാളിന് മറ്റു മാർഗ്ഗമില്ലായിരുന്നു. തനിക്കു ലഭിക്കേണ്ട ഓഹരിയുടെ ഒരു ഭാഗമെങ്കിലും ലഭിക്കാനും.

ആ പ്രവാസി ആരാണെന്നു നിനക്കറിയണ്ടേ അലീന? എൻ്റെ അമ്മാളിൻ്റെ ഭാസ്കരേട്ടൻ. അവരുടെ ഏക കൂടപ്പിറപ്പ്!

പ്രണയത്തിൻ്റെ പേരും പറഞ്ഞ്, തന്നെ ഇഷ്ടപ്പെട്ട ഒരുവനോടൊപ്പം എതിർപ്പിൻ്റെ എല്ലാ മുള്ളുവേലികളും ഭേദിച്ച്, തറവാട്ടു വീട്ടിൽ നിന്നും ഒളിച്ചോടിപ്പോവുകയായിരുന്നു അമ്മാൾ. അവനേയും അവൻ്റെ പ്രണയത്തെയും വിശ്വസിച്ച്.

ആ വിശ്വാസം അവൻ കാത്തു സൂക്ഷിച്ചില്ല, പൂക്കളിൽ നിന്നും പൂക്കളിലേക്ക് പാറിപ്പറക്കുന്ന ഒരു കരിവണ്ടായിരുന്നു അവൻ. കൂടുതൽ പുതുമയും സ്നേഹവും പ്രതീക്ഷിച്ച് അവൻ പുതിയ പൂക്കളിലേക്കു പറന്നു. ഭർത്താവു ജീവിച്ചിരിക്കെ, അകാലത്തിൽ വിധവയാകാനായിരുന്നു എൻ്റെ അമ്മാളിൻ്റെ വിധി.

അറിയാമോ അലീന, അവർ സ്വന്തം തറവാട്ടുവീട്ടിലാണ് ഒരു  വീട്ടുവേലക്കാരിയായി എത്തിയത്. അമ്മാളിൻ്റെ അച്ഛനും അമ്മയും നേരത്തെ മരിച്ചതിനാൽ ഈ ദുരന്തം അവർക്കു കാണേണ്ടി വന്നില്ല.  

പകലുകളിൽ സഹായത്തിനെത്തിയിരുന്ന, സൗദാമിനിയെന്ന പുതിയ അയൽവാസിക്ക് അമ്മാളും ആ വിടും തമ്മിലുള്ള ബന്ധം അജ്ഞാതമായിരുന്നു. തീർത്തും അവശനിലയിലായിരുന്ന അമ്മാളുവിൻ്റെ ജ്യേഷ്ഠത്തിയമ്മയ്ക്കാകട്ടെ, താനാരാണെന്നു പോലും തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.

അമ്മാളിനെ നിനക്കറിയില്ല അലീന. എൻ്റെ ജീവിതത്തിനും വിദ്യാഭ്യാസത്തിനും ഉയർച്ചക്കും വേണ്ടി സ്വയം ഉരുകിത്തീർന്ന അമ്മാളിനെ, മരിക്കുന്നതുവരെ അമ്മയെന്നെന്നെ വിശ്വസിപ്പിച്ച ആ കപടനാട്യക്കാരിയെ, കാപട്യം തൊട്ടു തീണ്ടാതെ എന്നെ സ്നേഹിച്ച ആ മാതൃത്വത്തിനെ...

ഈയടുത്ത കാലത്ത്, ഞാൻ കഴിഞ്ഞിരുന്ന അനാഥാലത്തിലെ പൊടിപിടിച്ച  രേഖകളാണ് ആ സത്യം എന്നോടു പറഞ്ഞത്. അമ്മാൾ എൻ്റെ പോറ്റമ്മ മാത്രമല്ലെന്നും പെറ്റമ്മ കൂടിയാണെന്നും...

ഞാനാകെ തകർന്നു പോയീ അലീന. കുറ്റബോധം കൊണ്ട് വീർപ്പുമുട്ടുകയാണിന്ന്. ഒരിക്കൽ പോലും ഞാനവരെ അമ്മേയെന്നു വിളിച്ചില്ല... അവർ അതെത്ര ആഗ്രഹിച്ചിട്ടും.

പാപിയാണു ഞാൻ. മരണം മാത്രം അർഹിക്കുന്ന മകൻ. രാത്രികൾ പകലാകുന്നു അലിന.

നീയിരിക്കുന്ന കടൽക്കരയുടെ പടിഞ്ഞാറെ അറ്റത്തേക്കു നോക്ക്. ആ ചക്രവാളത്തിനുമപ്പുറത്ത് മറ്റൊരു ലോകമുണ്ട്. അവിടെ നീയും ഞാനും എൻ്റെ അമ്മാളുമുണ്ട്.

അലീനാ, നീ എൻ്റെ ജീവിതത്തിലേക്കു വരരുതായിരുന്നു. എൻ്റെ മുഷിഞ്ഞ ഭൂതകാലത്തെ ഓർക്കണമായിരുന്നു. ഞാനന്നേ പറഞ്ഞതല്ലേ. പല വട്ടം മുന്നറിയിപ്പു തന്നതല്ലേ... അനാഥനാണു ഞാനെന്ന്, അനാഥനാണു ഞാനെന്ന്...

എന്നിട്ടും നീ വന്നു, എൻ്റെ ഭൂതത്തിൻ്റെ മുഷിഞ്ഞ ഗന്ധം നിൻ്റെ പ്രണയത്തിൻ്റെ ഗന്ധം മാത്രമാണെന്ന് എന്നോടു പറയാൻ...

നീ കുഞ്ഞുനാൾ മുതൽ കേട്ട സ്നേഹശബ്ദങ്ങൾ നിനക്കിവിടെ കേൾക്കാനാകില്ല അലീന...

എൻ്റെ സ്നേഹത്തിന് നിൻ്റെ മാതാപിതാക്കളുടെ സ്നേഹത്തിൻ്റെ സുഗന്ധമില്ല, സംഗീതമില്ല. ചേരിയുടെ ചൂരാണതിന്. അവർ തന്ന ശ്രുതിയോ താളമോ നിനക്കെൻ്റെ സ്നേഹത്തിൽ ശ്രവിക്കാനാകില്ല, അനാഥനാണു ഞാൻ.

വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ചതിന് മാപ്പ്, മാപ്പ്, മാപ്പ്...

"എന്നോടു ക്ഷമിക്കൂ ഗോപൻ. ഞാനങ്ങനെ പറഞ്ഞില്ലല്ലോ..."

"എൻ്റെ മാതാപിതാക്കൾ അങ്ങനെ പറഞ്ഞെന്നും, ഞാനവരെ ത്യജിച്ച് നിന്നോടു ചേരാൻ വന്നെന്നുമല്ലേ ഞാൻ പറയാൻ ശ്രമിച്ചത്..."

"അതിനു നീയെന്നെ അനുവദിച്ചില്ലല്ലോ ഗോപൻ..."

ശൂന്യതയിൽ നിന്നെന്നപോലെ അവൾ അവൻ്റെ മേലേക്കു വീണു.

തന്നെ പിന്തുടർന്നതിൻ്റെ അണപ്പ് മാറാതെ തളർന്ന അവളെ, സ്വന്തം നെഞ്ചോടും ജീവിതത്തോടും ചേർത്ത് പുതിയ അണപ്പുമായി ഒരു യുവഡോക്ടർ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ