(Sohan KP)
നഗരത്തില്‍ നിന്നും ഏകദേശം 100 km അകലെയുള്ള ശിവക്ഷേത്രത്തിലേക്കുള്ള യാത്രയിലായിരുന്നു ജഗദീഷും രഞ്ജിത്തും. പുരാതനമായ അമ്പലത്തിലേക്ക് ബസ് സൗകര്യം ഇല്ലാത്തതിനാല്‍ കാറിലാണ് യാത്ര.
ഇന്നു രാവിലെയാണ് ഉത്തരേന്‍ഡ്യന്‍ യാത്രകളുടെ ഭാഗമായി അവരിരുവരും ഈ ചരിത്ര നഗരത്തിലെത്തിയത്. 1000 വര്‍ഷം മുന്‍പ് പണിത പ്രസിദ്ധമായ ശിവമന്ദിര്‍ കാണാനാണ് അവര്‍ ആദ്യം തീരുമാനിച്ചത്. ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്നവരും, ഒഴിവു സമയത്തൊക്കെ യാത്രകള്‍ ചെയ്യുന്നവരുമായിരുന്നു രണ്ടു പേരും.
അറ്റം കാണാതെ നിരന്നു കിടക്കുന്ന, മനോഹരമായ ഗോതമ്പു വയലുകള്‍ക്ക് നടുവിലൂടെ കാര്‍ കുതിച്ചു പായുകയാണ്. ക്യഷിസ്ഥലങ്ങളുടെ അതിരില്‍ ഇടക്കിടെ ചില ഗ്രാമങ്ങളും ചെറിയ ഫാക്ടറിക്കെട്ടിടങ്ങളും കടന്നു പൊയ്ക്കൊണ്ടിരുന്നു സമയം ഉച്ചയ്ക്ക്ഏകദേശം 12 മണി കഴിഞ്ഞിരുന്നു. ഗ്രീഷ്മത്തിന്‍ടെ മൂര്‍ദ്ധന്യകാലമായിരുന്നു അത് വീശിയടിക്കുന്ന ചൂടുകാറ്റ് തീജ്വാലകള്‍ പോലെയാണ് അനുഭവപ്പെട്ടത്.
വഴിയിലൊരിടത്ത് ഒരു കവലയില്‍ വാഹനങ്ങളും ആള്‍ക്കൂട്ടവും കണ്ടപ്പോള്‍ ജഗദീഷ് ഡ്റൈവറെ ക്കൊണ്ട് വണ്ടി നിര്‍ത്തിച്ച് പുറത്തിറങ്ങി. നിരയായ് ശീതളപാനീയങ്ങള്‍ വില്‍ക്കുന്ന ചെറിയ കടകളായിരുന്നുഎങ്ങും. കരിമ്പിന്‍ നീരും, സര്‍വ്വത്തും ജ്യൂസും കോളയും വില്‍ക്കുന്ന കടകള്‍. നല്ല തിരക്ക്. വന്നവര്‍ വന്നവര്‍ ദാഹമകറ്റുന്നു. കുറെ സോഫ്റ്റ് ഡ്രിങ്ക്സ് വാങ്ങി വണ്ടിയില്‍ കരുതുന്നു. ആകപ്പാടെ ബഹളം.
അവര്‍ ഒരു കടയുടെ മുന്‍പിലുള്ള ബഞ്ചില്‍ പോയിരുന്നു. മുന്നോ നാലോ കരിക്കിനാണ് ഓര്‍ഡര്‍ ചെയ്തത്. കരിക്കിന്‍നീര് ഗ്ളാസ്സിലൊഴിച്ച് ഐസിട്ട് കഴിപ്പോള്‍ എന്തെന്നില്ലാത്ത ആശ്വാസം അനുഭവപ്പെട്ടു. അപ്പോഴാണ് രഞ്ജിത് കടക്കാരനോട് തങ്ങള്‍ പോകുന്ന സ്ഥലത്തെ ക്കുറിച്ചും വഴിക്ക് എവിടെയാണ് ഉച്ചഭക്ഷണം ലഭിക്കുന്നതെന്നും ചോദിച്ചത്. മറുപടി നിരാശജനകമായിരുന്നു. ഇനി പോകുന്ന വഴി ഹോട്ടലുകളൊന്നും ഇല്ല. മാത്രമല്ല ക്ഷേത്രത്തിലെത്തുമ്പോഴേക്കും സമയം 4 മണി കഴിയും. മറ്റൊരു കാര്യം ചെയ്യാം. താത്പര്യമുണ്ട്ങ്കില്‍ ഇവിടെ അടൂത്തൊരു ഗ്രാമത്തില്‍ ഉച്ചഭക്ഷണം ലഭിക്കും. വീടുളില്‍ അവര്‍ ആവശ്യക്കാര്‍ക്ക് കൊടുക്കുന്നതാണ്. ഇത് കേട്ടപ്പോള്‍ ജഗദീഷിന് സന്തോഷമാണ് തോന്നിയത്. നല്ല ഭക്ഷണം കിട്ടും. മാത്രമല്ല ഒരു ഗ്രാമം കാണാനുള്ള അവസരവും കിട്ടും. അവര്‍ ഉടനടി സമ്മതം മൂളി. ഉടനെ കടക്കാരന്‍ അല്‍പ്പം അകലെ നിന്ന ഒരാളെ കൈ കാട്ടി വിളിച്ചു. അദ്ദേഹത്തോട് സംസാരിച്ചു.
താടിയും തലപ്പാവും ഉള്ള, പാന്‍റും ടീ ഷര്‍ട്ടം ധരിച്ച ഒരു ചെറുപ്പക്കാരന്‍. "ഇദ്ദേഹത്തിന്‍ടെ കൂടെ പോയാല്‍ മതി. പേര് പവന്‍കുമാര്‍. ഇവര്‍ ഗ്രാമത്തിലെ പ്രമുഖ ക്യഷിക്കാരനാണ്. മാത്രമല്ല ഇദ്ദേഹത്തിന്‍ടെ അച്ഛന്‍ ഗ്രാമമുഖ്യനുമാണ് ഗ്രാമം ചുറ്റി നടന്ന് കാണിച്ചുതരാമെന്നും ഇദ്ദേഹം സമ്മതിച്ചിട്ടുണ്ട്." എന്നിട്ട് കടക്കാരന്‍ ജഗദീഷിനോട് സ്വകാര്യമായി പറഞ്ഞു. "ഭക്ഷണത്തിന് നിശ്ചിത തുക പറഞ്ഞ് വാങ്ങുന്ന പതിവൊന്നും ഇവര്‍ക്കില്ല. നിങ്ങള്‍ എന്തെങ്കിലും മനസ്സറിഞ്ഞ് കൊടുത്താല്‍ മതി."
അവര്‍ എല്ലാവരും കാറില്‍ കയറി. ടാറിട്ട റോഡില്‍ നിന്ന് തിരിഞ്ഞ് ഒരിടവഴിയിലൂടെ കുറെ മുന്നോട്ട് പോയി. ഒരു വലിയ പറമ്പില്‍ ആ വഴി അവസാനിച്ചു. ഇനി അങ്ങോട്ട് വണ്ടി പോകില്ല. വീതി കുറവാണ്. എങ്കിലും ബൈക്കുകള്‍ ക്ക് പോകാം. ആ വലിയ പറമ്പില്‍ ഉഴാനുള്ള കാളകളെയും പശുക്കളെയും കെട്ടിയിരുന്നു. പറമ്പിന്‍ടെ പല ഭാഗത്തും വൈയ്ക്കോല്‍ കൂനകളും ധാന്യം ഉണങ്ങാനുള്ള കളങ്ങളും കണ്ടു.
ഒരു വശത്ത് കാണപ്പെട്ട നീളന്‍ രണ്ടു നിലക്കെട്ടിടം കാണിച്ച് പവന്‍കുമാര്‍ പറഞ്ഞു. "അതാണ് ഞങ്ങളുടെ വീട്. ഒരു കൂട്ടു കുടുംബമാണ്. മൂന്നു സഹോദരന്‍മാര്‍ ഒന്നിച്ച് കഴിയുന്നു. 8 ഏക്കര്‍ ക്യഷിഭൂമിയുണ്ട്. ഗോതമ്പും പച്ചക്കറികളും ക്യഷി ചെയ്യുന്നു. ആടിനെയും പശുവിനെയും വളര്‍ത്തുന്നു. കൂടാതെ നിലം ഉഴാനായ് ഒരു ട്രാക്ടറുമുണ്ട്. ഒരു വിധത്തിലങ്ങനെ, കഴിഞ്ഞു കൂടുന്നു."
പിന്നീടങ്ങോട്ട് വീതി കുറഞ്ഞ, എന്നാല്‍ വ്യത്തിയുള്ള സിമന്‍റിട്ട ഒരു പാതയായിരുന്നു. വശങ്ങളില്‍ നിരനിരയായി അഗ്രഹാരം പോലെ ഓടിട്ട ചെറിയ വീടുകള്‍. വീടംകള്‍ക്ക് മുന്‍പില്‍ തണല്‍ വിരിച്ച് ആര്യവേപ്പിന്‍ മരങ്ങള്‍ നിന്നിരുന്നു. തികഞ്ഞ ശാന്തതയായിരുന്നു അവിടെയല്ലാം. ഈ ചൂടു കാലത്തും ഒരു കുളിര്‍കാറ്റാണ് ഗ്രാമത്തിലങ്ങും വീശിയിരുന്നത്. സിമന്‍റ് പാതയുടെ ഇരുവശവും കുടിവെള്ള പൈപ്പുകളും, ജലം പോകാനുള്ള ഓടകളും നിര്‍മ്മിച്ചിരുന്നു.
അവര്‍ നിശ്ശബ്ദമായി പവന്‍കുമാറിന്‍ടെ പുറകെ കാഴ്ചകളില്‍ മുഴുകി നടന്നു. ആ പാത ഒരു വലിയ മൈതാനത്ത് അവസാനിച്ചു. അവിടെ ഒരു ചെറിയ ദൂര്‍ഗ്ഗാക്ഷേത്രവും ഏതാനും കടകളും ഉണ്ടായിരുന്നു. ക്ഷേത്രത്തില്‍ നിന്നും ഭക്തി സംഗീതം മുഴങ്ങി ക്കൊണ്ടിരുന്നു. ഒരു കടയിലേക്ക് ഭക്ഷണം കഴിക്കാന്‍ പവന്‍കുമാര്‍ അവരെ കൊണ്ടു പോയി. ആദ്യം കൊണ്ടു വന്നത് ഐസിട്ട വലിയ ഒരു ഗ്ളാസ് ലസ്സിയായിരുന്നു. അതിനു ശേഷം വിഭവസമ്യദ്ധമായ ഭക്ഷണം ആയിരുന്നു അവര്‍ കഴിച്ചത്. ചപ്പാത്തിയും ചോറും പല തരം പച്ചക്കറികളും ഉള്ള ഒരു സദ്യ തന്നെ ആയിരുന്നു.
കാറിലേക്ക് കയറുന്നതിന് മുന്‍പ് നല്ല ഒരു സംഖ്യ തന്നെ അവര്‍ പവന്‍കുമാറിന് പ്രതിഫലമായി നല്‍കിയിരുന്നു. എത്ര വിലക്കിയിട്ടും അവരെ കാറില്‍ കയറ്റി യാത്ര അയച്ചിട്ടു മാത്രമാണ് അയാള്‍ തിരിച്ചു പോയത്.
വീണ്ടും ഗോതമ്പുപാടങ്ങള്‍ക്ക് നടുവിലൂടെ യാത്ര തുടരുമ്പോള്‍ നഷ്ടപ്പെട്ടു പോയ നമ്മുടെ ഗ്രാമചിത്രങ്ങളും നൈര്‍മ്മല്യവുമാണ് അവരുടെ മനസ്സിലുണ്ടായിരുന്നത്.