mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

madhavan k

കിഴക്കൻ പാടത്തിൻ്റെ അങ്ങേയറ്റത്ത് തെളിയാൻ മടിച്ചു നിൽക്കുന്ന നീലി മലകൾ. അവയ്ക്കു മുകളിൽ കൊടുംചുവപ്പായി കതിരോൻ. പ്രഭാതകിരണങ്ങൾ പാടത്തും പറമ്പത്തും ചിതറാൻ വെമ്പി നിന്ന ആ പുലരിയിലാണ് ചാറ്റൽ മഴയും നനഞ്ഞ് രഘുവരൻ വന്നത്. ശബ്ദം കേട്ട് ആദ്യം എത്തിനോക്കിയത് ആവണിയാണ്. അമ്മ ഉറക്കത്തിലായിരുന്നു.

"മുഖത്തെന്താ ഒരു വാട്ടം പോലെ!" ഭർത്താവിനെ കണ്ട് അവൾ അന്തിച്ചു നിന്നു.

കണ്ണിനടിയിലെ കറുപ്പ് പിന്നെയും വളർന്നിരിക്കുന്നു, മുഖം മൊത്തത്തിൽ വിളറിയിരിക്കുന്നു. കീഴ്ച്ചുണ്ടുകളിലെ രക്തനിറം വറ്റി കറുത്ത മാംസക്കഷണമായി തൂങ്ങിക്കിടക്കുന്നു.

"ഞാനാ കുട ആശുപത്രിയിൽ നിന്നും എടുക്കാൻ മറന്നു." അവൻ പറഞ്ഞു. എവിടെപ്പോയി ഒളിച്ചാലും വീണ്ടും വീണ്ടും അവനെ തേടി ചെല്ലുകയാണല്ലോ മരണം.

അകത്തെ അയയിൽ നിർവത്തിയിട്ടുരുന്ന തോർത്തുമായി അവളെത്തി. തല തുവർത്തുന്നതിനിടയിൽ അവളെ നോക്കി ഒരു നനഞ്ഞ പക്ഷിയെപ്പോലെ അവൻ ചിരിച്ചു.

"ഇല്ലാത്ത ചിരിയും വരുത്തി തീർക്കുന്ന ചിരിയും തമ്മിൽ വ്യത്യാസമുണ്ട്. ഇതതു രണ്ടുമല്ല, വേറെയേതാണ്ട്...." അവൾ പറഞ്ഞു.

"ശരിയാണ്. എനിക്കതറിയാം."

നനഞ്ഞൊട്ടിയ ടീ ഷർട്ട് മേലോട്ട് വലിച്ചൂരി പിഴിഞ്ഞെടുക്കുമ്പോൾ അവൻ പറഞ്ഞു.

"നാളെ മുതൽ പണിയില്ല. സെക്യൂരിറ്റിക്ക് വേണ്ടതായ മിനിമം ആരോഗ്യം എനിക്കില്ലെന്ന്." അവൻ്റെ വാരിയെല്ലുകൾ പുറത്തോട്ട് വലിഞ്ഞു നിന്നു. "എന്നെയവർ പിരിച്ചു വിട്ടു." പിന്നെയും അവൻ ചിരിക്കാൻ ശ്രമിച്ചു.

പുറത്തെ ഇടിമിന്നലും മഴയും അവൻ്റെ വീടിൻ്റെ അകത്തേക്കും കയറി വന്നു. ആ പെരുമഴയിൽ അവളും ഉണർന്നു വന്ന അവൻ്റെ അമ്മയും നനഞ്ഞു.

"അയ്യോ! ഇനി നമ്മളെങ്ങനെ?"

അമ്മ തരിച്ചു നിന്നു.

"ജീവിക്കും. എങ്ങിനെയെങ്കിലും ജീവിക്കും."

അവൻ തറപ്പിച്ചു പറഞ്ഞു.

"ഇതുവരേം ആയില്ല." സന്തോഷത്തോടെയും അതിലേറെ പരിഭ്രമത്തോടെയും അവൻ്റെ ചെവിയിൽ ആവണി മന്ത്രിച്ചു.

ആദ്യമായി കാണും പോലെ അവനവളുടെ മുഖത്തേക്ക് നോക്കി. അന്ന് ഇതേ വാക്കുകൾ കേട്ടപ്പോൾ പരിസരം മറന്ന് അവളെ ഉമ്മകൾ കൊണ്ട് മൂടിയിരുന്നു അവൻ. ഇന്നതു വയ്യ. ആരോഗ്യം നന്നെ ക്ഷയിച്ചിരിക്കുന്നു. ഇന്നങ്ങനെ ചെയ്താൽ അവൾക്കത് ഇഷ്ടപ്പെട്ടേക്കുമോ എന്നൊരാശങ്കയും അവനു തോന്നി.

അന്ന്, അവന് മെച്ചപ്പെട്ട ജോലിയുണ്ടായിരുന്നു. കൂടുതൽ ആരോഗ്യവും നല്ലതുപോലെ വരുമാനമുണ്ടായിരുന്നു.

ഇന്നോ? ഉള്ള ജോലി നഷ്ടപ്പെട്ടു. ലോട്ടറിയെന്ന മായാലോകത്തേക്ക് നാളെ മുതൽ കടക്കുകയാണ് അവൻ. ഭാഗ്യാന്വേഷിയായല്ല, ഭാഗ്യത്തിൻ്റെ കച്ചവടക്കാരനാകാൻ. അതിന് കൂടുതൽ ഭാഗ്യാന്വേഷികളെ കണ്ടെത്തണം. അവർ നിരന്തരം അന്വേഷിക്കുന്ന ഭാഗ്യത്തിലൂടെ വളരണം, മരണം തേടി വരും വരെ ജീവിക്കണം. അവളേയും അമ്മയേയും പോറ്റണം.

അവനിലെ പ്രതീക്ഷകൾക്ക് ചിറകുകൾ മുളയ്ക്കാൻ തുടങ്ങുന്നത് ആവണി കണ്ടു. വിശാലമായ ആകാശത്തിൽ അവൾ അവൻ്റെ കൂടെ പറന്നു. അമ്മയേയും അച്ഛനേയും അടുത്ത് കണ്ട കുഞ്ഞുലക്ഷ്മി മുഖം പൊത്തി ചിരിച്ചു.

"ഈശ്വരാ, ഒരു തവണ കൂടി ഇവളെ..."

അവനും അവളും മനസ്സിൽ കരുതിയിരിക്കണം. എന്തായാലും ദൈവമതു കേട്ടു.

അവർ സഞ്ചരിച്ച ആകാശത്ത് നക്ഷത്രങ്ങളേയും കൂട്ടി വന്ന അമ്പിളി രാത്രി മേഘങ്ങളെ ചുംബിച്ചു. കൂട്ടത്തിൽ നിന്നും ഒരു കുഞ്ഞു നക്ഷത്രത്തെ മോചിപ്പിച്ച് പിന്നെയും ഭൂമിയിലേക്കയച്ചു. കരിമേഘക്കൂട്ടങ്ങൾ ഒന്നാകെ അതിന് വഴി മാറി കൊടുത്തു.

മുമ്പൊരിക്കൽ കാർമേഘങ്ങൾ തന്നെ വളഞ്ഞതും കൊടുങ്കാറ്റായി ആർത്തലച്ചതും രാത്രി മഴ തോരാതെ പെയ്തതും അച്ഛനുമമ്മയും കണ്ണുനീരിൽ കുതിർന്ന് നിശ്ശബ്ദരായതും കുഞ്ഞുലക്ഷ്മി മറന്നില്ല.

"എൻ്റെ ഈശ്വരാ, ഞാനിതെങ്ങിനെ..." അന്നവളുടെ സുന്ദരിയായ അമ്മ വിരഹത്തെ അടക്കാനറിയാതെ സ്വയം പൊട്ടിച്ചിതറി. അവളുടെ അച്ഛൻ അടുത്തിരുന്ന് അമ്മയെ ആശ്വസിപ്പിച്ചു. ആണുങ്ങൾ മഴയാകരുത്, പെയ്യരുത്, തളരരുത്. തനിച്ചായിപ്പോയ വേളയിൽ ആശ്വസിപ്പിക്കാനെത്തിയ കൂട്ടുകാരൻ അച്ഛൻ്റെ ചെവിയിൽ മന്ത്രിച്ചു.

"ഇത്തവണ മുമ്പത്തെ പോലെയല്ല, കൂടുതൽ ശ്രദ്ധിക്കണം."

കണ്ണട വച്ച നളിനി ഡോക്ടർ അവരുടെ പ്രതീക്ഷകളിൽ വീണ്ടും വിളക്കു തെളിയിച്ചു കൊടുത്തു. കാറ്റിൽ ഉലയാതെയും കെട്ടുപോകാതെയും രഘുവരനും ആവണിയും ഉറങ്ങാതെ കാവലിരുന്ന് സ്വപ്നങ്ങളെ പരിപാലിച്ചു. അവരുടെ നീലാകാശം പിന്നെയും വെള്ളിമേഘങ്ങളെക്കൊണ്ട് നിറഞ്ഞു.

രാത്രിയിലെ പൗർണ്ണമി അതിൻ്റെ വിശാലചിറകുകൾ ഭൂമിക്കു മീതെ വിരിച്ചു. ആ പൊൻപ്രഭയിൽ, അവളും അവനും കുളിച്ചു.

ഉറക്കത്തിലും ഉച്ച മയക്കത്തിലും പാതി ഉണർച്ചയിലും പാതിയിൽ മുറിയുന്ന സ്വപ്നങ്ങളിലും അടിവയറിൽ കൈവച്ച് കുഞ്ഞുലഷ്മിയുടെ സുഖവിവരം അന്വേഷിച്ചു ആവണി.

"രഘുവേട്ടാ, ഇടയ്ക്കിടെ മിന്നുന്ന വേദന വല്ലാതെ കൂടുന്നു. പഴയതു പോലെ..."

ഒരു രാത്രി സ്വപ്നങ്ങളിൽ ലയിച്ച രഘുവരനെ വിളിച്ചുണർത്തി ആവണി ആശങ്കകൾ പങ്കുവച്ചു.

ഈശ്വരാ ഇപ്രാവശ്യമെങ്കിലും.. അവളവനെ കെട്ടിപ്പിടിച്ചു.

"നീ എന്തിനാണിങ്ങനെ ഭയപ്പെടുന്നത് അവൾ നമ്മുടെ ലോകത്തേക്ക് തിരികെയെത്തുമ്പോൾ..." അവൻ്റെ കൈവിരലുകൾ അവളുടെ അടിവയറിന് മൃദുസ്പർശം നൽകി. അവളതിനെ കൂട്ടിപ്പിടിച്ച് കണ്ണടച്ചു കിടന്നു. പിന്നെ പാതിയിൽ മുറിഞ്ഞു പോയ സ്വപ്നത്തിലേക്ക് തിരികെയെത്തി.

"നിങ്ങളിങ്ങനെ ഭയക്കേണ്ടതില്ല, ഇത്തവണ ഈശ്വരൻ  കൈവെടിയില്ല, ധൈര്യമായിരുന്നോളൂ..."

പിറ്റേന്ന് രാവിലെ ആവണിയെ പരിശോധിച്ച നളിനി ഡോക്ടർ അവനോട്‌ പറഞ്ഞു. അതവന് കൂടുതൽ ആത്മവിശ്വാസം നൽകി.

അവരുടെ മുറിവേറ്റ പുഞ്ചിരികൾ പിന്നെയും സുഖപ്പെട്ടു. അത് അവരുടെ ആധികളേയും ആകുലതകളേയും കീഴ്പ്പെടുത്തി.

രഘുവരൻ രാവും പകലും  ആവണിക്ക് കൂട്ടിരുന്നു. അവളേയും അവളുടെ വയറിന്നകത്തുള്ള കുഞ്ഞുലക്ഷ്മിയേയും എപ്പോഴും കാണുകയും കേൾക്കുകയും താലോലിക്കുകയും ചെയ്തു. ഭക്ഷണ മേശയിലെ പുളിയും മാങ്ങാപ്പൂളും കണ്ട് അവൾ അവനെ നോക്കി കൗതുകത്തോടെ ചിരിച്ചു.

ഒരു നാൾ ഒരു വലിയ നോവിൻ്റെ അവസാനത്തിൽ ആവണിയുടെ നിലവിളി അവൻ കേട്ടു. അപ്പോളവൻ പുറത്തെ വരാന്തയിൽ അക്ഷമനായി ഉലാത്തുകയായിരുന്നു.

ദൈവം വീണ്ടും കുഞ്ഞുലക്ഷ്മിയായി അവതരിച്ചതും അമ്മേയെന്ന് ആവണിയെ നീട്ടി വിളിച്ചതും പുറത്തു നിന്നും അവനും കേട്ടതാണ്. അവൻ്റെ അകത്തുള്ള ദൈവത്തിൻ്റെ കാൽപ്പാദങ്ങളിൽ നന്ദിപൂർവ്വം അവൻ ചുംബിച്ചു.

"പതിവില്ലാതെ മുഖത്തൊരു കള്ളച്ചിരിയുണ്ടല്ലോ?" പുറത്തേക്കു തിരക്കിട്ടു പോകും വഴി അന്നാമ്മ സിസ്റ്റർ അവനോട് ചോദിച്ചു. അവൻ മറുപടിയൊന്നും പറഞ്ഞില്ല.

"രഘുവരാ ഇത്തവണയും മോളാടാ..." വെള്ളത്തുണിയിൽ പൊതിഞ്ഞു കൊണ്ടുവന്ന കുഞ്ഞുലക്ഷ്മിയുമായി തൊട്ടുപുറകെ അവൻ്റെ അമ്മയെത്തി. പുറത്തെ ചാരുബഞ്ചിൽ തല ചരിച്ചു വച്ച് ഉറക്കം നടിച്ചു കിടക്കുകയായിരുന്നു അവൻ.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ