കാലത്തെണീറ്റാലുടനെ കരീല കൂട്ടിയിട്ടു കത്തിച്ച് തീകായും. പാണ്ടി ചേമ്പോ, കിഴങ്ങോ ചീനിയോ ഉണ്ടെങ്കിൽ അതും തീയിൽ ഇട്ടു ചുടും.
പറമ്പിലെ പച്ചക്കറികൾക്ക് വെള്ളമൊഴിക്കണം. പച്ചക്കറി കടകൾ ഗ്രാമത്തിൽ ഇല്ലായിരുന്നു. മത്തനും കുമ്പളവും വെള്ളരിയും പാവലും പടവലവും മുളകും വെണ്ടയും പറമ്പിലുണ്ടാകും. ചാണകം അമ്മ ചെടികൾക്കിടും. ഫാക്ടംഫോസ്സും യൂറിയ അമോണിയ പൊട്ടാഷ് പറമ്പ് കണ്ടിട്ടില്ല. ചിക്കനും മട്ടനും വീട്ടിൽ വാങ്ങാറില്ല.
ചേച്ചി പ്രസവിച്ച് പത്തു നാൾ കഴിഞ്ഞപ്പോൾ ചെല്ലപ്പൻ ഒന്നുരണ്ട് കലം വീട്ടിലെ അടുക്കളയിൽ കൊണ്ടുവന്നു. ചെല്ലപ്പൻ അടുക്കള പ്രവേശനം നടത്തിയപ്പോൾ അമ്മ നാമം ജപിക്കാൻ വരാന്തയിൽ ഇരുന്നു.
"രാമ രാമ രാമ രാമ
രാമ രാമ പാഹിമാം.
രാമ പാദം ചേരണേ
മുകുന്ദ രാമ പാഹിമാം. "
ചെല്ലപ്പൻ അടുപ്പിൽ തീ കത്തിച്ച് എന്തോ തിളപ്പിക്കുന്നു. വെള്ളം പോലെ തുള്ളി തുള്ളിയായി വിളക്കത്തിരിയിലൂടെ ഇറ്റിറ്റ് വീഴുന്നതിന്റെ താഴെ ഒരു കുപ്പി വെച്ചിട്ടുണ്ട്. അടുക്കളയിൽ എന്തോ ഒരു മണം.
കൊന്നിട്ടു പൂട പറിച്ച പൂവൻ കോഴിയെ കെട്ടിതൂക്കി ചൂട്ടുകറ്റ കൊണ്ട് പൊള്ളിക്കുന്നുണ്ട് ചെല്ലപ്പൻ.
"നീ പോയി വല്ലതും പഠിക്ക്." അച്ചൻ ശാസിച്ചു.
തലേ ദിവസത്തെ കരിപിടച്ച മണ്ണണ്ണ വിളക്ക് തുടച്ച് വൃത്തിയാക്കി. വീണ്ടും തിരികൊളുത്തി. വായന ആരംഭിച്ചു.
MONDAY morning found Tom Sawyer miserable.
ശ്രദ്ധ പല തലങ്ങളിലായി ചിതറി പോയി.
"എടാ കോഴിക്കറി വെയ്ക്കുന്നു."
ചേച്ചി പറഞ്ഞതിൽ പിന്നെ വായിൽ വെള്ളം നിറഞ്ഞു. ആദ്യമായി കോഴിക്കറി കഴിച്ചപ്പോൾ ചെല്ലപ്പനോട് സ്നേഹം തോന്നി.
ചല്ലപ്പൻ നീരാവി തണുപ്പിച്ച വെള്ളം രണ്ട് തവണ ഗ്ലാസ്സിൽ ഒഴിച്ച് അച്ഛന് കൊടുത്തു.
കോഴി കറിയുടെ ചാറ് തൊട്ടുനക്കി അച്ഛൻ ഉരുവിട്ടു:
"താരുണ്യാരംഭരമ്യം പരമസുഖരസാസ്വാദരോമാഞ്ചിതാംഗൈ-
രാവീതം നാരദാദ്യൈർവിലസദുപനിഷത്സുന്ദരീമണ്ഡലൈശ്ച"
തിങ്കളാഴ്ച രാവിലെ ചീനി വേയിച്ചതും, കുറച്ച് പഴഞ്ചോറും തലേ ദിവസത്തെ നെയ്മത്തികറിയും കാന്താരി ഉടച്ചതും ചേർത്ത് അമ്മ പഴങ്കഞ്ഞി തരും. ഇലാസ്റ്റിക്ക് പുസ്തകത്തിൽ വലിച്ചിട്ട്, ശനിയാഴ്ച ചേരേൽ കേറ്റിയിട്ട ഉണങ്ങാത്ത ബട്ടൻസ് ഇല്ലാത്ത നിക്കറും ഉടുപ്പുമിട്ട്, വാഴയില കുടയാക്കി ഒറ്റ ഓട്ടമാണ് സ്കൂളിലേക്ക്.
ഇഡ്ഡലിയും ദോശയും പുട്ടും വീട്ടിൽ ഉണ്ടാക്കാറില്ല. നാറാപിള്ളയുടെ കാപ്പി ക്കടയുടെ മുമ്പിൽ കൂടി പോകുമ്പോൾ ദോശ ചുട്ട മണം.
രണ്ട് പൈസയാ ദേശക്ക്, ശിവരാമൻ പറഞ്ഞിട്ടുണ്ട്. അവൻ ദോശയുടെ കൂടെ കടലക്കറിയും ചായയും വാങ്ങും. രാമൻമേശരി അവന് കാപ്പി കുടിക്കാൻ പൈസ കൊടുക്കും.
പൊതിച്ചോറ് വീട്ടിൽ നിന്ന് കിട്ടില്ല. അമ്മ മന:പൂർവ്വം തരാത്തതല്ല, അരി വാങ്ങാൻ രൂപ വീട്ടിൽ മിക്കപ്പോഴും ഇല്ലാഞ്ഞിട്ടാണ്. ഉപ്പുമാവും പാലും സ്കൂളിൽ നിന്ന് തരും ഉച്ചക്ക് .
ഇടപ്പാതി ശക്തിയായ് പെയ്ത് തോട് ആറുപോലെ, കിറഞ്ഞു കവിഞ്ഞു. വരമ്പുകൾ കാണാനില്ല. ക്ലാസ്സിൽ പഠിക്കുന്ന സരസ്വതി തെന്നി വീണു. അവളുടെ ബ്ലൌസ്സും പാവാടയും ചെളി പുരണ്ടു. അവൾ വാവിട്ട് നിലവിളിച്ചു. ഒന്ന് വീണതല്ലേയുള്ളു, നീ എന്തിനാ മോങ്ങുന്നത് ?
"എനിക്ക് ജട്ടിയില്ലെടാ, ആൺപിള്ളേർ കൂക്കു വിളിക്കും."
ഇയാൾ വന്നെന്ന് ഇന്നലെയാ അറിഞ്ഞത്. ഒരു മാസമുണ്ടോ? സരസ്വതി.
എല്ലാ വർഷവും ഡിസംബറിൽ ഒരു മാസത്തെ അവധിക്ക് വരും.
ഉണ്ടല്ലോ സരസ്വതി, ഞാൻ വൈകിട്ട് അങ്ങോട്ടു വരാൻ തീരുമാനിച്ചതാ, രാമൻ മാരാർ മരിച്ചപ്പോൾ എനിക്ക് വരാൻ പറ്റിയില്ല.
"അത് സാരമില്ലെടോ. ബീഹാറിൽ ആയിരുന്നു ജോലി. പിള്ളാരെ ഉണ്ടാക്കാൻ വർഷത്തിൽ ഒരാഴ്ച എഴുന്നെള്ളും. മൂന്ന് പെറ്റപ്പോൾ ഞാൻ പറഞ്ഞു, ഇതിനായി താനിനി വരേണ്ട.
പിന്നെ വന്നത് മൃതപ്രായനായിട്ടാ. ഓപ്പറേഷന് ആറു ലക്ഷം രൂപ വേണം.
എനിക്ക് അവളോട് സഹതാപം തോന്നി. വെളിച്ചെണ്ണ ആട്ടുന്ന ചക്കും, പശു ആട് കോഴി വളർത്തി അവൾ കഠിനാധ്വാനം ചെയ്ത് ജീവിച്ചു പോന്നു.
"കൊച്ചിനെ കെട്ടിക്കാൻ അഞ്ചു ലക്ഷം ഞാൻ ബാങ്കിൽ ഇട്ടു. ഓപ്പറേഷന് അതെടുത്താൽ പെണ്ണ് പുര നിറഞ്ഞ് നില്ക്കും."
ആറു മാസം ജീവിച്ചിരിക്കാൻ വേണ്ടി വിവാഹത്തിന് സ്വരൂപിച്ച പണം ചികിത്സക്ക് എടുക്കുന്നതിൽ ഭേദം അയാൾ മരിക്കുന്നത് വിധിയുടെ നിയോഗമാണ്.
ഞാനവൾക്ക് ചായ കുടിക്കാൻ കൊടുത്തു.
സരസ്വതി ഓർക്കുന്നോ, പണ്ട് നീ വരമ്പത്ത് വീണ് ബ്ലൗസ്സും പാവാടയും നനഞ്ഞ് കരഞ്ഞത്.
അന്ന് ഇടാത്തത് ശീലമാക്കിയോ?
"പോടാ തോന്ന്യവാസം പറയാതെ."
അടുക്കളയിലെ ജനലിൽക്കൂടി കടന്നുവന്ന ഗന്ധരാജന്റെ സൗരഭ്യം സരസ്വതിയെ പുൽകിയപ്പോൾ അവളെ കെട്ടിപിടിച്ച് ഉമ്മ വെച്ചു.
അക്ഷരങ്ങളും അക്കങ്ങളുമില്ലാത്ത ചെക്ക് അവൾ വാങ്ങുമ്പോൾ മുഖത്തു നോക്കാതെ പറഞ്ഞു
"ആദ്യത്തേയും രണ്ടാമത്തേതിന്റെയും ഗൃഹനാഥൻ രാമൻ മാരാരാ. മൂന്നാമത്തെ നീ തന്ന സമ്മാനവും"
ഓർമ്മ വരുന്നു.
"നീ വൈകിട്ട് വീട്ടിൽ വന്ന് മോളുടെ ദക്ഷിണ വാങ്ങണം."
മുറിയിൽ അമ്മയും മകളുമായി സംസാരം.
"അതിന് കല്യാണത്തിന് ഇനിയും നാലുമാസമുണ്ടല്ലോ? ഇപ്പോൾ അയാൾക്ക് ദക്ഷിണ കൊടുക്കാൻ അയാളെന്താ ഇനിയുമൊരിക്കലും തിരിച്ചു വരാത്ത എന്റെ തന്തയാണോ?"
തിരികെ നടന്നു. പഴയ നെൽപാടങ്ങളില്ല. നിറഞ്ഞു കവിഞ്ഞൊഴുകിയ തോടുമില്ല. സരസ്വതി തെന്നിവീണ വരമ്പും എവിടെ എന്നറിയില്ല. കഴിഞ്ഞ കാലങ്ങൾ വിസ്മരിച്ചാലും പുനർജനിക്കും.