മാനവും അഭിമാനവും ആത്മാഭിമാനവും ഒന്നിച്ചു വ്രണപ്പെട്ടപ്പോൾ, ഇത്തവണ രക്ഷകൻ എത്തിയില്ല, നഗ്നത മറയ്ക്കാൻ ഒരു നൂലിഴപോലും അവൾക്കു നൽകിയതുമില്ല.
ദ്രൗപദി ശരിക്കും വിഷണ്ണയായി. ഭഗവാൻ മറന്നുവോ തന്നെ! രക്ഷതേടി, സാക്ഷാൽ ദൈവസന്നിധിയിലേക്ക് അവൾ നേരിട്ടെത്തി. അദ്ദേഹം നന്നെ ക്ഷീണിതനായിരുന്നു, സിംഹാസനത്തിൽ ഉറക്കത്തിലായിരുന്നു.
"എനിക്കു നീതി വേണം." അവൾ പറഞ്ഞു.
കണ്ണുകൾ തുറന്നപ്പോൾ മുന്നിൽ കൂപ്പുകയ്യോടെ ദ്രൗപദി! ദൈവമൊന്നു ഞെട്ടി. അവളാകെ വലിച്ചു കീറപ്പെട്ടിരിക്കുന്നു. എതിരെ ഇരിക്കുന്ന എതിർകക്ഷിക്ക് സാക്ഷാൽ ദുശ്ശാസ്സനൻ്റെ പ്രകൃതമുണ്ട്. അതേ സമയം, അവളുടെ അച്ഛനാവാൻ പ്രായവുമുണ്ട്.
"എന്താണു സംഭവിച്ചത്?" ദൈവം ചോദിച്ചു.
"വീട്ടിലെ കുളിമുറിയിൽവച്ച് ഞാൻ അപമാനിതയാക്കപ്പെട്ടു." മടിച്ചു മടിച്ച് അവൾ പറഞ്ഞു.
"ആരുടെ വീടിൻ്റെ കുളിമുറിയിൽവച്ച്?"
"എൻ്റേത്.." എതിർകക്ഷി അഭിമാനപൂർവം പറഞ്ഞു.
"നീ എന്തിനാണ് അയാളുടെ കുളിമുറിയിൽ കുളിക്കാൻ പോയത്?" രക്ഷകൻ ദ്രൗപദിയെ നോക്കി.
"ഞാനൊരു വീട്ടുവേലക്കാരിയാണ്." ദ്രൗപദി പറഞ്ഞു.
"അതിന്! അതിനു നീയെന്തിനാണ് അദ്ദേഹത്തിൻ്റെ കുളിമുറിയിൽ കുളിക്കാൻ പോകുന്നത്?" രക്ഷകൻ്റെ സംശയം.
"കുളിക്കാൻ പോയതല്ല. അതൊന്നു വൃത്തിയാക്കാൻ, ഇദ്ദേഹം ആജ്ഞാപിച്ചപ്പോൾ ചെന്നതാ."
"ഒന്നോർത്താൽ ശരിയാണ്. കുളിമുറി വൃത്തിയാക്കൽ വേലക്കാരിയെന്ന നിലയിൽ നിൻ്റെ അവകാശമാണ്." രക്ഷകൻ സമ്മതിച്ചു.
"അന്നേരം എന്തു വസ്ത്രമാണ് ധരിച്ചിരുന്നത് എന്നൊന്നു ചോദിക്ക് സാറെ." എതിർകക്ഷി ഇടപെട്ടു.
"ശരി. അന്നേരം എന്തു വസ്ത്രമാണു നീ ധരിച്ചിരുന്നത് ദ്രൗപദി?" അദ്ദേഹം ചോദിച്ചു.
"അത്.. ഞാൻ വീട്ടിൽ സാധാരണ ഉടുക്കാറുള്ള മുണ്ടും ബ്ലൗസും." തോളിൽ നിന്നും മുഷിഞ്ഞ തോർത്തെടുത്ത് കുടഞ്ഞ് മുഖം തുടയ്ക്കുന്നതിനിടെ അവൾ പറഞ്ഞു. രക്ഷകൻ അവളെ ആപാദചൂഡം വീക്ഷിച്ചു.
"അതാണു പ്രശ്നമായത്." അദ്ദേഹം പറഞ്ഞു. അവൾക്കൊന്നും മനസ്സിലായില്ല.
"കുട്ടീ, നീയാണു പ്രകോപനം സൃഷ്ടിച്ചത്." അദ്ദേഹം തീർത്തു പറഞ്ഞു. ഒരുവേള അവൾ നിശ്ശബ്ദയായി.
"ഞാനെന്തു പ്രകോപനം സൃഷ്ടിച്ചെന്നാ!" ആലോചിച്ചപ്പോൾ അവൾക്കു ദേഷ്യം വന്നു.
"നീ നിൻ്റെ വസ്ത്രധാരണത്തിൽ ശ്രദ്ധിക്കണമായിരുന്നു. നീയതു ചെയ്തില്ല. അതുവഴി ഇദ്ദേഹത്തിൻ്റെ ചപല വികാരങ്ങളെ ഉണർത്തിയെടുത്തു. അതയാളിൽ പ്രകമ്പനങ്ങൾ സൃഷ്ടിച്ചു, അതാണ് ഇതിനൊക്കെ കാരണമായത്. ദ്രൗപദീ ഇത്തവണ കുറ്റക്കാരി നീയാണ്." ദൈവം തീർപ്പു കൽപ്പിച്ചു.
"എനിക്കൊന്നും മനസ്സിലാവണില്യ രക്ഷകൻ സാറേ..." അവൾ വീണ്ടും കൈകൾ കൂപ്പി.
"ഇവിടെ ശ്രദ്ധിക്കൂ ദ്രൗപദീ, നിന്നേക്കാൾ പ്രായമുള്ള ഒരാളാണ് നിൻ്റെ എതിർകക്ഷി. പ്രത്യേകിച്ചും നിൻ്റെ അച്ഛനാകാൻ പ്രായമുള്ള ഒരാൾ. അതു നീ ഓർക്കണമായിരുന്നു."
"അയിന്?" ദൈവത്തോടായാലും അവൾക്കരിശം വന്നു.
"നിൻ്റെ പ്രവൃത്തി, മാനസികവും ശാരീരികവുമായി വല്ലാത്ത വിവശതയാണ് അദ്ദേഹത്തിലുണ്ടാക്കിയത്. മഹാ അപരാധമാണു നീ ചെയ്തത്." രക്ഷകൻ വിധിച്ചു.
പഴയ രക്ഷകൻ്റെ പുതിയ വാദങ്ങൾ കേട്ട്, ദ്രൗപദി വാ പൊളിച്ചു നിന്നു. അവളെ നോക്കി കൗരവസഭ പിന്നെയും ആർത്തട്ടഹസിച്ചു.