ചാണപിടിക്കുമ്പോൾ ചിതറിത്തെറിക്കുന്ന ഇരുമ്പുതരികൾ പൊടിപിടിപ്പിച്ച മേശയ്ക്കഭിമുഖമായി അവർ ഇരുന്നു. "ഇതിനുമുമ്പ് എവിടെയെങ്കിലും ജോലി ചെയ്തിട്ടുണ്ടോ..? സത്യനായകം ചോദിച്ചു.
"ഇല്ല സാർ. എന്താണ് ഇൻസ്ട്റക്ടറുടെ ജോലി എന്നും കൂടി എനിക്ക് അറിയില്ല." "അതൊന്നും സാരമില്ല." കരിപുരണ്ട ഒരു ടർക്കി ടവ്വൽ കൊണ്ട് മേശപ്പുറത്തെ ഇരുമ്പ് തരികൾ തുടച്ച് താഴേക്കിട്ടുകൊണ്ട് സത്യനായകം തുടർന്നു: "ഞാൻ പത്തു വർഷമായി ഇവിടെ. ഈ വർഷം വിരമിക്കുകയാണ്. എല്ലാം ഞാൻ പഠിപ്പിച്ചു തരാം. ഇവിടെ ഒരൊപ്പിട്ടേക്കൂ... ഇനി ഒരു ചായ കുടിച്ചിട്ടാവാം..."
വർക്ക്ഷോപ്പിൻറെ വാതിലടച്ച് സത്യനായകം വരാന്തയിലൂടെ നടന്നു. ഞാൻ പുറകെയും. വൃദ്ധൻ, നടക്കുമ്പോൾ ആയാസപ്പെടുന്നുണ്ട്. ശബ്ദത്തിന് മാത്രം ഗാംഭീര്യം നഷ്ടപ്പെട്ടിട്ടില്ല. അകലെ കാൻറീനിൻറെ വെളുത്ത ബോർഡ് കാണാം. 'ഇത് ഞങ്ങളുടെ മാത്രം ലോകം, ആരും ശല്യപ്പെടുത്താൻ വരരുത് 'എന്ന ഭാവേന കോളേജ് വിദ്യാർത്ഥികൾ നടക്കുന്നുണ്ട്. "സാറിൻറെ മക്കളൊക്കെ..?" ഞാൻ ചോദിച്ചു ."അതൊക്കെ ഇവിടെ എല്ലാവർക്കും അറിയാം. ഒരു മകനേയുള്ളൂ. അവന് എന്നെ വേണ്ട... അപ്പനാണെന്ന മതിപ്പ് പോലുമില്ല.. സംസാരിക്കാൻ ഇഷ്ടപ്പെടാത്ത വിഷയമാണ് ഞാൻ ചോദിച്ചിരിക്കുന്നത്. വിഷയം മാറ്റാനായി ഞാൻ ആശ്വാസത്തിന്റെ വാക്കുകൾ എടുത്തിട്ടു: "അതൊക്കെ ശരിയാകും. ഇപ്പോഴത്തെ പിള്ളേരൊക്കെ അങ്ങനെയല്ലേ. ചോരത്തിളപ്പിൽ ലോകം മാറ്റി മറിക്കണം എന്നൊക്കെ തോന്നും... അല്ലെങ്കിലും മക്കളൊക്കെ ചിറകുമുളച്ച് പറന്നു പോകേണ്ടവരല്ലേ... സാറും ഭാര്യയും കൂടി സന്തോഷമായങ്ങ് ജീവിക്കണം.. ഇനിയുള്ള കാലം.."
"എന്നാൽ കുഴപ്പമില്ലായിരുന്നു. ഇത്, അവൾക്കും എന്നെ വേണ്ട .. "സത്യനായകം ഒന്നു ചിരിച്ചു. ആ ചിരി ചുമയായി പരിണമിച്ചു.. ഞാൻ സ്തബ്ധനായി നിന്നു. ചുമച്ച് ചുമച്ച് അയാൾ കുനിഞ്ഞ് കുനിഞ്ഞ് വന്നു. കാൻറീനിൽ നിന്നും ഇറങ്ങി വന്ന ഓഫീസ് സ്റ്റാഫുകൾ 'ഇതാണോ പുതുതായ് വന്ന ലാബ് ഇൻസ്ട്റെക്ടർ' എന്ന ചോദ്യമൊളിപ്പിച്ച നോട്ടമെറിഞ്ഞ് അപരിചിതർക്ക് നൽകുന്ന മന്ദഹാസത്തോടെ ഞങ്ങളെ കടന്നുപോയി.
സത്യനായകത്തെ ആരും ഒരു വ്യക്തി എന്ന നിലയിൽ പോലും പരിഗണിക്കുന്നില്ലെന്ന് പിന്നീട് എനിക്ക് മനസ്സിലായി. കോളേജിൻറെ ഏറ്റവും ദൂരെ കാണുന്ന കെട്ടിടത്തിലാണ് മെക്കാനിക്കൽ വർഷോപ്പ്... അവിടെ അയാൾ മാത്രം! നോട്ടീസുകൾ കൊണ്ടുവരുന്ന പ്യൂൺ പോലും അങ്ങോട്ടൊന്ന് എത്തി നോക്കാറില്ല... ഇരുമ്പുതരികൾ കരിഞ്ഞുവീണ പുകയിൽ കറുത്തിരുണ്ട ചുവരുകളുള്ള ഒരു കെട്ടിടം.
"ജീവിതം കട്ടപ്പുകയാകും.. വേറെ നല്ല പണിയെന്തെങ്കിലും കിട്ടിയാൽ രക്ഷപ്പെട്ടോണം..." കമ്പ്യൂട്ടർ ലാബിലെ ജയചന്ദ്രൻ മുന്നറിയിപ്പ് തന്നു. അവിടം മുഴുവനും ഒരു നെഗറ്റീവ് എനർജിയാണ്. ഇരുട്ടും, പുകയും, കരിയും... ഹോ..!" ഞാൻ ഒന്നും പറയാതെ വിളറി ചിരിച്ചു .
"കാലിന് വല്ലാത്ത വേദന.. ഞാൻ ഒരു ചായ കുടിച്ചിട്ട് വരാം" സത്യനായകം കസേരയിൽ നിന്നും എഴുന്നേറ്റു.
മേശയ്ക്കടിയിലേക്ക് വീണ പേനയെടുക്കാനായി കുനിഞ്ഞപ്പോഴാണ് ഞാൻ സത്യനായകത്തിൻറെ കാൽപ്പാദങ്ങൾ കണ്ടത്. നടുങ്ങിപ്പോയി! പിശാചിന്റെേത് പോലെയുള്ള നഖങ്ങൾ..! ശവത്തിൻ്റേത് പോലെയുള്ള ഉണക്കച്ചുള്ളി വിരലുകൾ. ഇന്നുവരെ കഴുകിയിട്ടില്ലാത്തതുപോലെ അഴുക്കു പിടിച്ച കാലുകളിൽ സിമൻറ് പൂശിയതുപോലെ ശൽക്കങ്ങൾ. മേശയുടെ വക്കിൽ എൻറെ തലയിടിച്ചു. എനിക്ക് നന്നായി വേദനിച്ചു. അതൊന്നും ഗൗനിക്കാതെ സത്യനായകം പുറത്തേക്കിറങ്ങിപ്പോയി. വാതിൽ കടന്നപ്പോൾ അയാൾക്ക് പിറകിൽ വസ്ത്രങ്ങളെ വിറപ്പിച്ചുകൊണ്ട് ഒരു കാറ്റ് ചലിക്കുന്നുണ്ടായിരുന്നുവോ..?..!
"ജയചന്ദ്രാ. സത്യനായകത്തിൻറെ കാലെന്താ അങ്ങനെ.? ഒതുക്കത്തിൽ കിട്ടിയപ്പോൾ എൻറെ ഉദ്വേഗം ഞാൻ തുറന്നു വച്ചു. അയാൾ പൊട്ടിപൊട്ടി ചിരിച്ചു. "കുളിക്കില്ല. നനക്കില്ല. അല്ലാതെന്താ?" "..തമാശ പറയാതെ. ഞാൻ സീരിയസായി ചോദിക്കുമ്പോൾ.."" ഞാൻ സത്യം പറഞ്ഞതാ. അയാളുടെ ഭാര്യക്ക് പോലും അയാളെ വേണ്ട." എനിക്ക് സങ്കടം തോന്നി.
അയാൾ ആയ കാലത്ത് നന്നായിട്ട് കഷ്ടപ്പെട്ട് ജോലിയെടുത്ത് സമ്പാദിച്ചിരുന്നു. ആ പണമൊക്കെയെടുത്ത് ബിസിനസ്സിൽ മുടക്കി -ഭാര്യ പറഞ്ഞത് വകവെക്കാതെ! ബിസിനസ് പൊളിഞ്ഞു. പാപ്പരായിപ്പോയി. മേലനങ്ങാതെ ജീവിച്ച മകനും ജോലിക്കൊന്നും പോകുന്നില്ല. ആരുടെയോ ശുപാർശയിൽ ആണ് ഇവിടെ ഈ ജോലി ചെയ്യുന്നത്. അതും ഇനി ഏതാനും മാസങ്ങൾ കൂടി മാത്രം. ഇനി എന്താകുമോ എന്തോ..?!
എല്ലാ ദിവസവും സത്യനായകം രാവിലെ എനിക്കൊരു ഗുഡ്മോണിങ് നൽകും. ലാബിൽ കുട്ടികൾ വന്ന് പ്രാക്ടീസ് തുടങ്ങി കഴിയുമ്പോൾ - "ഞാൻ ഒരു ചായ കുടിച്ചിട്ട് വരാം.."എന്നും പറഞ്ഞു കാറ്റ് ചലിപ്പിക്കുന്ന വസ്ത്രങ്ങളോടെ അയാൾ വാതിൽ കടന്ന് പോകും. എന്നും ഇതുതന്നെയാണ് ജോലി. ഇരുമ്പ് മുറിക്കുന്ന. അരം കൊണ്ട് രാകുന്ന. ശീൽക്കാര ശബ്ദങ്ങൾ. എനിക്കും ചെറിയ മടുപ്പ് തോന്നാതിരുന്നില്ല.
ക്രിസ്തുമസ് അവധിക്കുശേഷം സത്യനായകം കോളേജിൽ ജോലിക്ക് വന്നില്ല. അയാൾക്ക് വേണ്ടി സംസാരിക്കാൻ ആരും ഉണ്ടായിരുന്നില്ല." ഒരു യാത്രയയപ്പ് കൊടുത്തയക്കാമായിരുന്നു." എന്ന് ഞാൻ പറഞ്ഞപ്പോഴാണ് വിവരമറിഞ്ഞത്: കുട്ടികൾക്ക് മാത്രം അവധിയുള്ള, ഓഫീസ് പ്രവർത്തിക്കുന്ന, ക്രിസ്തുമസ് അവധി ദിവസങ്ങളിലൊന്നിൽ അയാൾ കോളേജിൽ വന്നിരുന്നു. രണ്ട് വർഷം കൂടി ജോലി ചെയ്യാൻ അവസരം കൊടുക്കണം എന്ന് പ്രിൻസിപ്പലിനോട് യാചിച്ചിരുന്നു. കുറച്ച് കടങ്ങൾ കൂടി തീർക്കാനുണ്ട്. മകനൊരു ജോലി കിട്ടുന്നതുവരെ എങ്ങനെയെങ്കിലും കഞ്ഞികുടിച്ച് ജീവിച്ചുപോകാൻ. പക്ഷേ, 'അറുപത്തിരണ്ട് വയസിന് ശേഷവും ജോലി ചെയ്യാൻ നിയമം അനുവദിക്കുന്നില്ല' എന്ന് പ്രിൻസിപ്പാൾ നിസ്സഹായനായി.
ഇന്നിപ്പോൾ കോളേജിന് മറ്റ് അനക്സ്സുകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നു- എന്നാൽ ഇരുട്ടും പുകയും കരിയുമുള്ള മെക്കാനിക്കൽ വർക്ഷോപ്പിന് മാത്രം കാര്യമായ മാറ്റമൊന്നുമില്ല. ഞാനും വിരസമായി ദിവസങ്ങൾ തള്ളി നീക്കുന്നു. പ്യൂൺ വരില്ലെന്നറിയാം, വരാന്ത തൂത്തുവാരുന്ന പണിക്കാരിയെങ്കിലും ഒന്ന് വന്നിരുന്നെങ്കിൽ എന്ന് ചില ദിവസങ്ങളിൽ ചിന്തിച്ചുപോകുന്നു.
ഇന്നലെ, അരം ചോദിച്ചു വന്ന ഒരു പെൺകുട്ടി, വഴുതി മേശയ്ക്കടിയിലേക്ക് വീണ അരമെടുക്കാൻ താഴേക്ക് കുനിഞ്ഞതും, എൻറെ കാലുകൾ കണ്ടു ഭയപ്പെട്ടു പോയതും എന്നെ വല്ലാതെ നടുക്കി. ഞാൻ കുനിഞ്ഞ് എൻറെ കാലിലേക്ക് നോക്കി. നഖങ്ങൾ നീണ്ട് വളർന്നിരിക്കുന്നു. പാദങ്ങളിൽ ചെതുമ്പലുകൾ അടരാറായതുപോലെ. എനിക്ക് ചുറ്റും കാറ്റു പിടിക്കുന്നത് പോലെ. ഒരു ചായ കുടിച്ചിട്ട് വരാനായി പെട്ടെന്ന് ഞാനെഴുന്നേറ്റ് കാൻ്റീനിലേക്ക് നടന്നു.