mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Dileepkumar R

പടർന്നു പന്തലിച്ച നാട്ടുമാവിൻ്റെ ചോടെ, മുൻ നിശ്ചയപ്രകാരം യോഗം കൂടുന്നതിനായി അയൽക്കൂട്ടം പ്രവർത്തകയെല്ലാവരും  എത്തിച്ചേർന്നു.ഈയിടെയായി അന്തരീക്ഷം നേരത്തെത്തന്നെ ചുട്ടുപഴുക്കുകയാണ്.

പുലർകാലെ മാത്രം  തെല്ലിട നേരം നേരിയ തണുപ്പുണ്ട്. പിന്നെ ചൂടേറുകയാണ്. അതു കൊണ്ട്  നേരത്തെയെഴുന്നേറ്റ് വീട്ടുജോലികൾ ധൃതിയിൽ  തീർക്കുകയാണ്  പതിവ്. വിശേഷങ്ങൾ വീട്ടമ്മമാർ  പരസ്പരം പങ്കുവച്ചു. പ്രവചനാതീതമായ കാലാവസ്ഥ. ഈ അറ്റ വേനൽക്കാലത്തുപോലും പൊടുന്നനെയാണ് മാനം കറുത്ത് മഴ പെയ്യുക.തെല്ലിട പെയ്ത ശേഷം ഏറെ താമസിയാതെത്തന്നെ മഴയങ്ങു ശമിക്കുകയാണ്. മഴക്കാറ്റിന്  പഴയ തണവില്ല. വെയിലിനാകട്ടെ കടുത്ത കാഠിന്യവും.മനുഷ്യനിലുള്ള ജലാംശമെല്ലാം ഊറ്റിയെടുത്തു കൊണ്ട്  സൂര്യൻ്റെ ഉഷ്ണ തരംഗങ്ങൾ പടർന്നു പിടിക്കുന്നു. അതു മുന്നിൽക്കണ്ടു  വേഗം യോഗം തീർത്ത് വീട്ടിലേക്ക് മടങ്ങേണ്ടതുണ്ട്. ഈയിടെ ചുമതലയേറ്റ അയൽക്കൂട്ടം പ്രസിഡൻ്റ് രമ ടീച്ചർ മാത്രം യോഗത്തിനെത്തിയിട്ടില്ല. കൃത്യനിഷ്ഠക്കു മാതൃകയായ ടീച്ചറുടെ അസാന്നിധ്യം അവിടെ കൂടിയിരുന്നവരെ തെല്ലു ആശങ്കയിലാഴ്ത്തി. അര മണിക്കൂർ കൂടി കൂടി കാക്കാമെന്ന സെക്രട്ടറിയുടെ നിർദേശം എല്ലാവരും ശരിവച്ചു.ആ സമയം വീട്ടുവിശേഷങ്ങളാൽ സമ്പന്നമായി. അര മണിക്കൂർ കഴിഞ്ഞു. എന്നിട്ടും ടീച്ചറെത്തിയില്ല. അയൽക്കൂട്ടം സെക്രട്ടറി സാവിത്രി വിജയൻ അപ്പോൾ തന്നെ രമ ടീച്ചറുടെ വീട്ടിലേക്ക് ഫോൺ ചെയ്തു. തെല്ലിട നേരം കഴിഞ്ഞാണ് ടീച്ചറുടെ ഭർത്താവ് പുരുഷോത്തമൻ മാഷ് ഫോൺ എടുത്തത്.യോഗത്തിനു മുന്നോടിയായി സെക്രട്ടറി, അവിടെ കൂടിയിരുന്ന വീട്ടമ്മമാരോടായി പുരുഷോത്തമൻ മാഷ് അറിയിച്ച വിവരം പറഞ്ഞപ്പോൾ അവിടെ കൂടിയിരുന്നവരുടെ മുഖങ്ങൾ മ്ലാനമായി. ടീച്ചർക്ക് നല്ല സുഖമില്ല! കടുത്ത പനി.തല ചുറ്റൽ. ഡോക്ടറെ കാണിച്ചു.മരുന്നു കഴിക്കുന്നുണ്ട്.എങ്കിലും പനിക്കും ക്ഷീണത്തിനും തെല്ലു പോലും കുറവില്ല. വല്ലാത്ത ഒരു തളർച്ചയിൽ ടീച്ചർ മയക്കത്തിലാണ്. പ്രസിഡൻ്റ് രമടീച്ചറെ അയൽക്കൂട്ടം പ്രവർത്തകർക്കെല്ലാം വലിയ ബഹുമാനവും സ്നേഹവുമാണ്. റിട്ടയേഡ് ടീച്ചറായ അവർ കുടുംബശ്രീ പ്രസിഡൻ്റായി വന്നശേഷമാണ് അവിടുത്തെ കാര്യങ്ങൾക്ക് ഒരടുക്കും ചിട്ടയും കൈവന്നത്.മുൻപ് അതല്ലായിരുന്നു സ്ഥിതി. ഒരു കൃത്യനിഷ്ഠയുമില്ലാതെ തോന്നുമ്പോൾ ചിലർ വന്ന് യോഗം വിളിക്കും.എന്തെങ്കിലുമൊക്കെ പറയും. ആർക്കും യാതൊരു പ്രയോജനവുമില്ലാതെ യോഗവും തീരും. അങ്ങിനെയിരിക്കെയാണ് ചില പ്രവർത്തകരുടെ അഭ്യർത്ഥന പ്രകാരം രമ ടീച്ചർ കുടുംബശ്രീയുടെ നേതൃത്യത്തിലേക്കെത്തുന്നത്. കുട്ടികളെ പഠിപ്പിക്കുന്ന ലാഘവത്തോടെ ചെറിയ കാലത്തിനള്ളിൽ ടീച്ചർ വീട്ടമ്മമാരെ കൈയ്യിലെടുത്തു.അവരുടെ പ്രശ്നങ്ങൾക്ക് നിയമത്തിൻ്റെ പരിധിയിൽ നിന്നു കൊണ്ടു തന്നെ പരിഹാരമായിത്തുടങ്ങി. കാര്യങ്ങളെക്കുറിച്ച് അറിവുള്ള ഒരു നേതൃത്വത്തിൻ്റെ ഗുണഫലങ്ങൾ താമസിയാതെ ഏവരും അറിഞ്ഞു തുടങ്ങി.എല്ലാവർക്കും അല്പം വരുമാനവും കിട്ടിത്തുടങ്ങി. വിറ്റഴിക്കാനാകാതെ കിടന്ന തുന്നൽ ഉല്പന്നങ്ങൾക്ക് ടീച്ചറുടെ ഇടപെടലിലൂടെ വിപണി കണ്ടെത്തിയതോടെയാണ് അത് സാധ്യമായത് .ഓരോ കാര്യങ്ങളുമായി എവിടെപ്പോയാലും ടീച്ചറുടെ ശിഷ്യൻമാരുടെ ശിഷ്യകളും തന്നെ!അതു കൊണ്ടു തന്നെ കാര്യങ്ങളെല്ലാം തടസ്സങ്ങളില്ലാതെത്തന്നെ മുന്നോട്ടു നീങ്ങി. മൂത്രസഞ്ചിയിൽ കല്ലിൻ്റെ അസുഖം മൂലം കാർന്നുതിന്നുന്ന വേദനയാൽ വല്ലാതെ ബുദ്ധിമുട്ടിയിരുന്ന ആളായിരുന്നു ശാന്തയുടെ ഭർത്താവ് ഭാസ്ക്കരൻ. ഡോക്ടർ എത്രയും വേഗം ഓപ്പറേഷൻ നിർദേശിച്ചിരുന്നെങ്കിലും സാമ്പത്തിക പ്രയാസം മൂലം അതിന് കഴിഞ്ഞിരുന്നില്ല. ആ ദിവസം ശാന്ത ഓർക്കുകയായിരുന്നു. അന്നു രാവിലെ മടിച്ചു മടിച്ചാണ് ടീച്ചറുടെ വീട്ടിലേക്കു പോയത്. ടീച്ചറോട് വിഷയം പറഞ്ഞതും അങ്ങിനെത്തന്നെ. അതു കേട്ടതും ടീച്ചറുടെ മുഖം വിവർണ്ണമാകുന്നതു കണ്ടു. ഉടനെത്തന്നെ അവർ അകത്തേക്കു പോയി . ഒരു ഫോമെടുകൊണ്ട് വന്ന് പൂരിപ്പിക്കാൻ തുടങ്ങി. പിന്നെ കാറ് സ്വയം ഓടിച്ച് വീട്ടിലേക്ക്. അവിടെ ഭാസ്കരേട്ടൻ്റെ അസുഖവുമായി ബന്ധപ്പെട്ട എല്ലാ അനുബന്ധ രേഖകളും വാങ്ങി പുറപ്പെട്ടു. കയറിയിറങ്ങിയ ഓഫീസിലെല്ലാം ടീച്ചറുടെ പഴയ കാല വിദ്യാർത്ഥികൾ. ടീച്ചറോടുള്ള അവരുടെ ആദരവ് കണ്ട് മനസ്സു നിറഞ്ഞു. അതു കൊണ്ടു തന്നെ കാലതാമസമില്ലാതെ കാര്യങ്ങളെല്ലാം മുന്നോട്ടു നീങ്ങി. രണ്ടു ദിവസത്തിനകം പണം തയ്യാറായി. അതപ്പോൾ തന്നെ ആശുപത്രിയിൽ പോയി കെട്ടിവച്ചു. വലിയ പ്രശ്നങ്ങളില്ലാതെ ഓപ്പറേഷനും കഴിഞ്ഞു. ഭാസ്കരേട്ടൻ്റ അസുഖം പൂർണ്ണമായും മാറി. പഴയ പോലെ ഇപ്പോൾ തുണിക്കടയിൽ ജോലിക്കു പോകുന്നുണ്ട്. അങ്ങിനെ തൻ്റെ മനസ്സിനെ കാലങ്ങളായി അലട്ടിക്കൊണ്ടിരുന്ന  വലിയൊരു  പ്രശ്നത്തിന് പരിഹാരമായി. അതൊടൊപ്പും ഭാവിയിലെ സൗജന്യ മെഡിക്കൽ ആവശ്യങ്ങൾക്കായി ഒരു മെഡിക്കൽ കാർഡും ടീച്ചറുടെ ഇടപെടൽ മൂലം ലഭിച്ചു. ഭാസ്ക്കരേട്ടനു മാത്രമല്ല എനിക്കും. ഇത്തരം അർഹതപ്പെട്ട ഒരു പാട് ആനുകൂല്യങ്ങളുണ്ടെന്ന് ആർക്കാണ് നിശ്ചയം? ആ സംഭവത്തിനു ശേഷം ടീച്ചറെ കാണുമ്പോഴൊക്കെ കൃതജ്ഞത കൊണ്ട് കണ്ണിമ നിറയും. ഒരു കുടുംബമാണവർ രക്ഷപ്പെടുത്തിത്തന്നത്.  ഇവിടെ അയൽക്കൂട്ടം യൂണിറ്റ് തുടങ്ങുമ്പോൾ തന്നെ ഞാനതിൽ മെമ്പറാണ്. എന്നിട്ട് എനിക്ക് എന്ത്  പ്രയോജനമാണുണ്ടായിട്ടുള്ളത്? ടീച്ചർ വന്ന ശേഷമല്ലേ എൻ്റെ പ്രയാസങ്ങൾക്കൊരു പരിഹാരമായത്?

എല്ലാവരും കൂടെ ടീച്ചറെ പോയിക്കാണുന്നത് ഈയൊരവസ്ഥയിൽ ടീച്ചർക്ക് പ്രയാസമാകുമെന്ന് ഏവരും അഭിപ്രായം പറഞ്ഞു. അതുശരിവച്ച് അല്പം ഭേദമായാൽ പോയിക്കാണാമെന്ന് തീരുമാനമെടുത്ത ശേഷം യോഗം പിരിഞ്ഞു.വീട്ടിൽ ഒരു പാട് ജോലി ബാക്കിയുണ്ടെങ്കിലും ശാന്തക്ക് വീട്ടിൽ പോകാൻ തോന്നിയില്ല. അവൾ തെല്ലിട നേരം ആ നാട്ടു മാഞ്ചോട്ടിൽ ചുറ്റിപ്പറ്റി നിന്നു. വെയിലേറേറ്റ് മാമ്പൂക്കൾ ഒരു പാട് ഉതിർന്നു വീണു കൊണ്ടിരുന്നു. ഇലകൾ കാണാൻ പോലും പറ്റാറില്ല.അതു പോലെയാണ് ഈ നാട്ടു മാവിൽ തുരുതുരാ മാമ്പൂക്കൾ പിടിക്കുക.ഇപ്പോഴിതാ പകുതിയിലേറെയും കൊഴിഞ്ഞു പോയിരിക്കുന്നു.ഇനിയും ഒരുപാട് കൊഴിയുമായിരിക്കും. ഒടുവിൽ വിരലിലെണ്ണാവുന്ന മാമ്പഴമേ അവശേഷിക്കൂ. അതു പോലും ഉപകരിക്കുമോയെന്ന് കണ്ടറിയണം. വിങ്ങുന്ന മനസ്സോടെ അവർ ടീച്ചറുടെ വീട് ലക്ഷ്യമാക്കി നടന്നു. ആക്കം കൂടിയ വെയില് തിളച്ചു മറിയുന്നു. ഉച്ചൂടേറ്റ് മയങ്ങിക്കിടന്ന ഭൂമിയിൽ നിന്നും നെടുവീർപ്പുയരുന്നുണ്ട്.വെയിലേറുകൊണ്ട് ഹരിതകം മങ്ങിയ മരഞ്ചില്ലയിലെ മഞ്ഞച്ച ഇലകൾ വഴിയോരങ്ങളിൽ പൊഴിഞ്ഞു വീണു കൊണ്ടിരുന്നു. അങ്ങിനെ വഴിത്താരകൾ താണ്ടി  രമ ടീച്ചറുടെ വീടെത്തി.വാതിൽ തുറന്ന പുരുഷോത്തമൻ മാഷ് ടീച്ചർ കിടക്കുന്നിടത്തേക്ക് ശാന്തയെ കൂട്ടിക്കൊണ്ടുപോയി.തളർന്ന് മയക്കിക്കിടക്കുന്ന ടീച്ചർ. അവർക്കരികിലെ കസേരയിൽ പാതിവരച്ച ഒരു ചിത്രം. ഏതാനും ഇതളുകളടർന്ന് നിൽക്കുന്ന ഒരു വലിയ മഞ്ഞപ്പൂവിൻ്റെ ചിത്രം. ഒപ്പം അതു പിടിച്ചു നിൽക്കുന്ന  ഒരു ബാലൻ്റെ രേഖാചിത്രവും. ചിത്രത്തിലാകമാനം മഞ്ഞരാശി പടർന്നിരിക്കുന്നു. ചിത്രം മുഴുവനാക്കിയിട്ടില്ല. പനിക്കിടക്കയിലെ അസ്വസ്ഥതകൾക്കിടയിൽ അല്പം ആശ്വാസം തേടി വരച്ചതാവണം. വലതു വശത്തെ സ്റ്റൂളിൽ ഓറഞ്ചും ഒന്നു രണ്ടു മരുന്നു കുപ്പികളും. പുരുഷോത്തമൻ മാഷ് അപ്പോഴേക്കും ഒരു ഗ്ലാസ്സിൽ നാരങ്ങാനീരുമായി എത്തിയിരുന്നു. മാഷെക്കണ്ടതും ശാന്ത എഴുന്നേറ്റു. നാരങ്ങാനീര് ശാന്തയെ ഏൽപ്പിക്കുന്നതിനിടയിൽ മാഷ് പറഞ്ഞു.

“കഴിഞ്ഞാഴ്ച മോനെക്കാണാൻ പോയിരുന്നു. തിരിച്ചിവിടെ വീടെത്തിയതും തുടങ്ങി പൊള്ളുന്ന പനി. കുഴഞ്ഞങ്ങു വീണു പോയി. യാത്രക്കിടയിലെങ്ങാനും ആയിരുന്നെങ്കിലോ?ഓർക്കാൻ വയ്യ!

ടീച്ചറുടെ മകനെ ചെറുപ്പത്തിൽ കണ്ടതോർമ്മയുണ്ട്.ബാംഗ്ലൂരിലെവിടെയോ എൻജിനീയറിങ്ങിന് പഠിക്കുകയാണെന്നറിയാം. പിന്നെയുള്ളത് രണ്ടു പെൺകുട്ടികൾ. അവർ വിവാഹമെല്ലാം കഴിഞ്ഞ് നോർത്തിലെവിടോ ആണ്.

“കുട്ട്യോൾടെ അടുത്ത് വിവരമൊന്നും അറിയിച്ചില്ലേ?

ശാന്ത ആരാഞ്ഞു.

“അവരോട് പറഞ്ഞില്ല. അവർക്ക് വെഷമാവും അവർക്കങ്ങനെ ഓടിപെടഞ്ഞ്‌ വരാനും കഴിയില്ലാലോ?” മാഷു പ്രയാസത്തോടെ പറഞ്ഞു.

തളർന്നു മയങ്ങുന്ന ടീച്ചറെ ഉണർത്താൻ നിൽക്കാതെ ശാന്ത അടുക്കളയിൽ ചെന്നു. മാഷു പൊടിയരി കഞ്ഞിയും മോരു കാച്ചിയതും തോരനുമെല്ലാം ഉണ്ടാക്കി പാത്രത്തിൽ പകർന്ന് വച്ചിട്ടുണ്ട്. സിങ്കിൽ കുറച്ചു പാത്രം കഴുകാനായി കിടപ്പുണ്ട്. ആ പാത്രങ്ങളെല്ലാം കഴുകി വച്ചശേഷം കുരുമുളകും തുളസിയുമെല്ലാം ചേർന്ന കടും കാപ്പിയുണ്ടാക്കി ഫ്ലാസ്ക്കിൽ നിറച്ച് ടീച്ചറുടെ അരികെ കൊണ്ടു വച്ചു. കടും കാപ്പി കുടിച്ച് ഒന്നുഷ്ണിച്ചാൽ പനിക്കല്പം ശമനമാകും. അപ്പോഴും ടീച്ചർ മയക്കത്തിൽത്തന്നെ. ടീച്ചറൊന്ന് കൺമിഴികൾ തുറക്കാനായി അല്പനേരം കാത്തു. ഇല്ല. കടുത്ത ക്ഷീണം മൂലം മയങ്ങിക്കിടപ്പാണ്. തെല്ലുനേരം കൂടെ സംശയിച്ചു നിന്ന ശേഷം, എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കണമെന്ന് മാഷോട് പറഞ്ഞ് ശാന്ത പുറത്തിറങ്ങി. ചൂടുൾക്കൊണ്ട കാറ്റിൻ്റെ ഇരമ്പം. തിളച്ചുരുകുന്ന വെയല്. തെല്ലു പോലും ശമനമില്ലാത്ത ഉഷ്ണരാശികൾ. പൊടുന്നനെ ഇരമ്പിയ ചുടു കാറ്റിൽ മൺതാരയിലാകമാനം പൊഴിഞ്ഞു വീണ മഞ്ഞയിലകൾ ഉയർന്നു പൊങ്ങി.

മാഷ് കുട്ടികളെ അറിയിക്കാഞ്ഞതെന്താണ്? ശാന്തയുടെ മനസ്സിൽ അതൊരു പോറലായിക്കിടന്നു. പിന്നെ സ്വയം സമാധാനിച്ചു.മാഷ് പറഞ്ഞതാണ് ശരി. മക്കളെ പ്രയാസപ്പെടുത്താതിരിക്കുക. ഒന്ന് നാട്ടിലെത്തിപ്പെടാൻ എന്തൊക്കെ കാര്യങ്ങൾ നോക്കണം. കുട്ടികളുടെ പഠിപ്പ്, ജോലി,ലീവ്.. അങ്ങിനെ പോകും ഓരോരോ കാര്യങ്ങൾ. താത്കാലികമെങ്കിലും ഒരു പറിച്ചുനടൽ. അത് അത്ര എളുപ്പമല്ല. എല്ലാമൊന്നു ശരിപ്പെടുത്തി നാട്ടിലേക്ക് വണ്ടി കയറുന്നതു വരെ എന്താ ഒരു പാട്. ഓരോന്ന് ഓർത്തുകൊണ്ട് നടക്കുന്നതിനിടെ ടീച്ചർക്ക് മകൻ രാമനുണ്ണിയോടാണ് ഏറെ സ്നേഹമുണ്ടായിരുന്നതെന്ന് ശാന്ത ഓർമ്മിച്ചെടുത്തു. ആദ്യത്തെ രണ്ടു പെൺകുട്ടികൾക്കു ശേഷം ഉണ്ടായ ആൺതരിയായിരുന്നു രാമനുണ്ണി. അവനെപ്പോഴും ടീച്ചറുടെ ഒക്കത്തു കാണും. ടീച്ചർ വാരിക്കൊടുക്കാതെ ഒരു വക കഴിക്കില്ല. ടീച്ചർ താരാട്ടുപാടിയുറക്കാതെ ഉറങ്ങുകയുമില്ല. പിന്നീട് വലുതായപ്പോർ ടീച്ചർ പഠിപ്പിക്കുന്ന സ്കൂളിൽത്തന്നെ മകനേയും ചേർത്തി. അങ്ങിനെയെങ്കിൽ ഇടനേരവും ഇൻ്റർവെല്ലിനുമൊക്കെ മകനെ കാണാമല്ലോ? അതായിരുന്നു ടീച്ചറുടെ ചിന്ത. ഈ ചൂടുകാലത്ത് ടീച്ചർക്ക് ദൂരയാത്രയുടെ ആവശ്യമുണ്ടായിരുന്നോ? പ്രായവും നോക്കണ്ടെ? അല്ലെങ്കിൽ രാമനുണ്ണിക്ക് ഇടക്കു വന്നു കണ്ടു കൂടെ? അമ്മയും അച്ഛനുമല്ലേ? എഞ്ചിനീയറിങ് കോളേജിലും കോളേജ് പൂട്ടലൊക്കെ ഉണ്ടല്ലോ? ടീച്ചർക്ക് നല്ല പോലെ പനിച്ചിട്ടുണ്ട്. അതിൻ്റെ ഭാഗമായ തളർച്ച മൂലം കുഴഞ്ഞു വീണതാവാം. ടീച്ചർക്കു വേഗം സുഖം പ്രാപിക്കാൻ അറിയാവുന്ന ഈശ്വരൻമാരോടൊക്കെ പ്രാർത്ഥിച്ചും വഴിപാടു നേർന്നും ശാന്ത വീടു പറ്റി.

വിശപ്പില്ല. ഭാസ്ക്കരേട്ടന് കഞ്ഞി വിളമ്പിക്കൊടുത്ത ശേഷം വന്നു കിടന്നു. നെറുകുന്തലയിൽ വെയിലേറ്റിട്ടാവണം, ഉറക്കം വരുന്നില്ല. പുറത്ത് കാറ്റിൻ്റെ സീൽക്കാരം കേട്ടും ചീവീടുകളുടെ മൂളിപ്പെരുക്കങ്ങൾക്ക് കാതോർത്തും തിരിഞ്ഞും മറിഞ്ഞും കിടന്ന് ഒരു വിധം നേരം വെളുപ്പിച്ചു. രാവിലെ മുറ്റമടിക്കുമ്പോൾ മുറ്റത്തെമ്പാടും പതിവിലേറെ ചപ്പുചവറുകൾ. മുറ്റത്തെ ഒന്നു രണ്ടു വാഴ ഒടിഞ്ഞു തൂങ്ങിക്കിക്കുന്നതു കണ്ടു. തലേന്ന് ചീറിയടിച്ച കാറ്റിൻ്റെ സീൽക്കാരം ശാന്തക്കോർമ്മ വന്നു. ഒരു വിധം മുറ്റമടിച്ചു തീർത്തപ്പോഴാണ് മുൾവേലിപ്പുറത്തു നിന്നും അയലോക്കക്കാരി വത്സല വിളിച്ചത്. കൈയ്യിൽ ഒരു കെട്ട് മുരിങ്ങയിലത്തണ്ടും മുരിങ്ങക്കോലുമുണ്ട്. മുൾവേലിക്കരികിലേക്ക് ചെന്നപ്പോൾ അവൾ പറഞ്ഞു.

“ഞങ്ങടെ മുരിങ്ങമരം ഒടിഞ്ഞു വീണു.എന്തൊരു കാറ്റാ ഇന്നലെ വീശീത്. കൊലച്ചു നിക്കണ പൂവൻ കൊല ചൊവടേടെയാ മറിഞ്ഞു വീണത്. ഭാഗ്യത്തിന് വീടിനൊന്നും പറ്റീല്ല. മുരിങ്ങക്കെട്ട് വാങ്ങുന്നതിനിടെ അവർ ചോദിച്ചു.

“എന്താ പറ്റീത്. മൊഖം വല്ലാണ്ടുണ്ടല്ലോ?

“ഇന്നലെ നേരെ ഉറങ്ങീല. ഇന്നലെ യോഗത്തിൻ പറഞ്ഞില്ലേ രമ ടീച്ചറുടെ കാര്യം. ഞാൻ പോയി കണ്ടിരുന്നു. തീരെ വയ്യ.ബോധം കെട്ട പോലെ കെടക്കന്നെ. ഞാൻ വന്നതും പോയതും ഒന്നും അറിഞ്ഞമട്ടില്ല.

അതിന് ശാന്തേടത്തി എപ്പഴാ പോയത്?

“ഇന്നലെ നമ്മട യോഗം കഴിഞ്ഞില്ലെ? അപ്പത്തന്ന ഞാനിറങ്ങി.”

മുരിങ്ങക്കെട്ടും വാങ്ങി തിരിഞ്ഞു നടക്കുമ്പോൾ വത്സല പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. 

“ശാന്ത്യോടത്തിക്കറിയില്ലേ ൻ്റ മോൻ ബാംഗ്ലൂരാന്ന്. ഞാനിന്നലെ അവനെ വിളിച്ചാരുന്നു. അവൻ പറയാ രാമനുണ്ണി അവടെ കോളേജിലൊന്നും പോണില്ലാ ത്രേ. അവിടെ ഒരിടത്ത് ചികിത്സയിലാത്രേ!

ചികിത്സയിലോ?എന്ത് ചികിത്സ?

ശാന്തേടത്തി തിരിഞ്ഞു നിന്ന് ഉദ്യോഗത്തോടെ ആരാഞ്ഞു.

“അതോ, മയക്കുന്നത് ഒക്കെ ഉപയോഗിക്കുന്നവരില്ലെ? അതീന്നൊക്കെ രക്ഷപ്പെടാനുള്ള ചികിത്സ. രാമനുണ്ണി അതൊക്കെ വല്ലാണ്ട് ഉപയോഗിച്ചിരുന്നൂത്ര. രക്ഷപ്പെടല് കഷ്ടിയാന്നാ ൻ്റ മോൻ പറേണെ.”

തീത്തുള്ളിയായാണ് ആ വാക്കുകൾ കാതുകളിൽ വന്നലച്ചതെന്ന്‌ ശാന്തക്കു തോന്നി. രാമനുണ്ണിയെ ഒക്കത്തു വച്ച് ചോറു കുഴച്ച് കൊടുത്തിരുന്ന ടീച്ചറുടെ രൂപം ശാന്തക്ക് പൊടുന്നനെ ഓർമ്മ വന്നു. അതൊടൊപ്പം പൂർത്തിയാകാതെ വരച്ചു വച്ച ഒരു ബാലൻ്റെ പശ്ചാത്തലത്തിലുള്ള ഇതളടർന്ന മഞ്ഞപൂവിൻ്റെ ചിത്രവും.  

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ