(Madhavan K)
മരണലോകത്തെ ആകാശത്തിന് നീലനിറം പോയിട്ട് നിറം പോലുമില്ലായിരുന്നു. അതിലൂടെ സഞ്ചരിക്കാൻ വെളുവെളുത്ത മേഘക്കൂട്ടങ്ങളില്ലായിരുന്നു. അവയ്ക്കു കീഴെ, പറന്നടുക്കാനോ പറന്നകലാനോ പറവക്കൂട്ടങ്ങളില്ലായിരുന്നു.
ഉദിക്കാനും അസ്തമിക്കാനും പ്രകാശം പൊഴിക്കാനും സൂര്യനുണ്ടായില്ല. അതു കൊണ്ടു പകലുമുണ്ടായില്ല. നിലാവു പൊഴിക്കാൻ ചന്ദ്രനുണ്ടായില്ല. എന്നിട്ടും രാത്രിയുണ്ടായി. കട്ടപിടിച്ച ആ രാത്രിയുടെ ഭീതിയിൽ നക്ഷത്രങ്ങൾ എങ്ങോപോയ് മറഞ്ഞിരുന്നു. ആത്മാക്കളവിടെ ലക്ഷ്യബോധമില്ലാതെ സഞ്ചരിച്ചു. ഭൂമിയിലെ ഉടയവരെപ്പറ്റി ഓർത്തു. അവരാരും കരയുകയോ ചിരിക്കുകയോ ചെയ്തില്ല. അവർക്കു ബന്ധങ്ങളും ബന്ധനങ്ങളുമുണ്ടായിരുന്നില്ല.
ഇരുൾ മൂടിയ ആകാശം വിറങ്ങലിച്ചു നിന്നു. വായു ഇല്ലാത്തതിനാൽ എവിടെയും കാറ്റടിച്ചില്ല. ശരീരമില്ലാത്ത ആത്മാക്കൾക്ക് ശ്വാസവും കുളിർമ്മയുമൊന്നും വേണ്ടായിരുന്നു. വിശപ്പും ദാഹവും ഇല്ലായിരുന്നു. ഭക്ഷണവും വെള്ളവും വേണ്ടായിരുന്നു. സ്വന്തങ്ങളോ ബന്ധങ്ങളോ ശത്രുതയോ മിത്രഭാവമോ ഇല്ലായിരുന്നു.
എന്നിട്ടും, മരിച്ചവർ ഒരുനാൾ മരണലോകത്ത് ഒത്തുകൂടി. നവാഗതരെ എതിരേൽക്കാൻ. അന്ന് ഭൂമിയിൽ ജീവിച്ചിരിക്കുന്നവരെ സ്നേഹപൂർവ്വം സ്മരിച്ചു. അവരുടെ ആത്മാവിനു നിത്യശാന്തിനേർന്ന് ഒരു നിമിഷത്തെ മൗനം ആചരിച്ചു.
"പ്രിയപ്പെട്ടവരെ...."
എല്ലാം കഴിഞ്ഞപ്പോൾ, യമനാണു തുടങ്ങിയത്.
"നിങ്ങൾക്കറിയാവുന്നതുപോലെ, വീണ്ടും മനുഷ്യാത്മാക്കളെക്കൊണ്ടിവിടം വീർപ്പുമുട്ടുകയാണ് ഇവിടം. ഭൂലോകത്ത് അഴിഞ്ഞാടുന്ന അഴിമതിയും മാറാവ്യാധികളും പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ തുടങ്ങിയതും തുടരുന്നതുമായ യുദ്ധങ്ങളും, ആളുകൾക്കിടയിലും സമൂഹങ്ങൾക്കിടയിലും വർദ്ധിച്ചു വരുന്ന അസഹിഷ്ണുതയും അകൽച്ചയും കാരണം.. ഭൂമിക്കു മാത്രമല്ല നമുക്കും ശ്വാസം മുട്ടുകയാണ്. ഭൂമിയിൽ തിരക്കൊഴിയുമ്പോൾ, ഈ മരണലോകത്ത് മുമ്പില്ലാത്ത വിധം തിരക്കേറുകയാണ്. ഭീഷണികൾ പെരുകുകയാണ്."
"ഭൂമിയിലെ നവാഗതരെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യുമ്പോഴും അവർക്ക് ആശംസകൾ നേരുമ്പോഴും മരണലോകത്തിൻ്റെ അധിപൻ എന്ന നിലയിൽ ഞാൻ ആശങ്കാകുലനാണ്. വന്നു ചേരുന്ന ആൾക്കൂട്ടബാഹുല്യം, ഇവിടത്തെ അടിസ്ഥാന സൗകര്യങ്ങൾ പലതും പരിമിതപ്പെടുത്തുന്നു. എൻ്റെ സ്വസ്ഥത കെടുത്തുന്നു."
"ഭൂമിയിൽ നിന്നുള്ള അനിയന്ത്രിതമായ ഈ ഒഴുക്കിനെ എങ്ങനെ നേരിടാനാകും? നിയന്ത്രിക്കാനാകും? ചിന്തിക്കാനും പ്രവർത്തിക്കാനും സമയമായിരിക്കുന്നു."
"സന്തുലിതാവസ്ഥ നിലനിർത്തുക, എന്നതു മാത്രമാണ് ശാശ്വത പരിഹാരം." യമൻ ഓർമ്മിപ്പിച്ചു.
"മരണപ്പെട്ടു വരുന്നവരും വീണ്ടും ജന്മം തേടി പോകുന്നവരും തമ്മിലുള്ള ആ അനുപാതം, അമ്പതേ അമ്പത്,
അതാണു നമ്മളെ നിലനിർത്തുന്നത്. നമ്മൾ നിലനിർത്തേണ്ടതും അതുതന്നെ. എങ്കിലേ നമുക്കു മുന്നോട്ടു പോകാനാകൂ. എന്നാൽ....."
യമൻ നിരാശയോടെ നിർത്തി, എല്ലാവരേയും നോക്കി.
"ഇതു കാത്തുസൂക്ഷിക്കാനാകാതെ വരുന്നത് എന്തുകൊണ്ടെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?" യമൻ ചോദിച്ചു. ആരും ഒന്നും ഉരിയാടിയില്ല.
"ഒരേയൊരു കാരണം നിങ്ങളാണ്. നിങ്ങളുടെ പിടിവാശികൾ."
യമൻ കുറ്റപ്പെടുത്തും പോലെ പറഞ്ഞു.
"ഭൂലോകത്ത് ഒരിക്കൽക്കൂടി ജന്മമെടുക്കാൻ നിങ്ങളെന്താണ് ആഗ്രഹിക്കാത്തത്?എന്തുകൊണ്ട് വീണ്ടുമൊരു ഭൂജന്മത്തെ നിങ്ങൾ ഭയക്കുന്നു?"
ആരും ഒന്നും മിണ്ടുന്നില്ല.
"നിങ്ങളായിരുന്നല്ലോ അവിടത്തെ അന്തേവാസികൾ. എല്ലാം നിങ്ങൾക്കല്ലേ അറിയൂ.."
മറുപടിയുണ്ടായില്ല. പകരം, നിശ്ശബ്ദതയുടെ ഇടവേള കനം വച്ചുവന്നു.
"മറുപടി ഈ മൗനമാണെങ്കിൽ...."
യമൻ പാതിയിൽ വീണ്ടും നിർത്തി.
"എനിക്കൊന്നേ പറയാനുള്ളൂ. തുറന്ന മനസ്സോടെ വീണ്ടുമൊരു ഭൂജന്മത്തിന് തയ്യാറാവുക.
മരണലോകത്തിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ സന്നദ്ധരാകുക. പരസ്പരം സഹായിക്കുക."
"പോകാം. പക്ഷെ....."
കൂട്ടത്തിൽ ആരോ പറഞ്ഞു. ചോദ്യഭാവത്തിൽ യമൻ ആ ആത്മാവിനെ നോക്കി.
"അതിനു മനുഷ്യജന്മം തന്നെ എടുക്കണമെന്നു നിർബന്ധമുണ്ടോ?"
"ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ" യമനു ചിരിയടക്കാനായില്ല.
"അതല്ലാതെ പറ്റില്ല സുഹൃത്തേ. നിങ്ങൾക്കറിയാത്ത കാര്യമല്ല, എല്ലാ ജന്മങ്ങളുടേയും പര്യവസാനം മനുഷ്യജന്മമാണ്. അവിടന്നു പിന്നോട്ടില്ലെന്നും അറിയാം. എന്നിട്ടും എന്താണിങ്ങനെ? അതിനെക്കുറിച്ച് ഇനി ചിന്തിക്കുകയേ വേണ്ട." യമൻ തീർത്തു പറഞ്ഞു.
"സ്ത്രീജന്മം തന്നെ വേണമെന്നുണ്ടോ?"
ഇത്തവണ യമനൊന്നു ഞെട്ടി. ഒരു പെൺകുട്ടിയുടെ ആത്മാവാണ് അതു ചോദിച്ചത്.
"ഒന്നു ഞാൻ പറയാം." യമൻ അവളുടെ മുഖത്തേക്കു സൂക്ഷിച്ച് നോക്കി.
"ഇവിടത്തെ പെൺ ആത്മാക്കളാണ് ഇക്കാര്യത്തിൽ വളരെ മോശം. അവർ ഭൂമിയിൽ പോകാൻ കൂടുതൽ മടി കാണിക്കുന്നു."
പുറത്ത് നിറമില്ലാത്ത മഴ അവസാനിച്ചിരുന്നില്ല. അത് ആത്മാഭിമാനം നഷ്ടപ്പെട്ട പെൺകുട്ടിയുടെ കണ്ണീരുപോലെ തോരാതെ പെയ്തു. ചെന്നായ്ക്കളുടെ ആരവത്തെ ഓർമ്മിപ്പിച്ച് തുടർച്ചയായ ഇടിമുഴക്കങ്ങൾ അകമ്പടിയായി.
"അതിനു കാരണങ്ങളുണ്ട് ഭഗവൻ." അവളുടെ ആത്മാവ് പറഞ്ഞു.
എത്ര ജന്മങ്ങൾ എടുത്തിട്ടും യൗവനത്തിലേക്കു കടക്കും മുമ്പെ, ഭൂമിയിൽ നിന്നും പിഴുതെറിയപ്പെടുകയാണു ഞാൻ. ഒന്നുകിൽ പ്രണയം ആരോപിച്ച്, അല്ലെങ്കിൽ പ്രണയമില്ലായ്മ ആരോപിച്ച്. അവിടെ ആരും എന്നെ സ്നേഹിച്ചില്ല. സ്നേഹിച്ചതായി നടിച്ചതു പോലുമില്ല. എല്ലാവർക്കും എൻ്റെ ശരീരം മതിയായിരുന്നു. വീട്ടുകാർക്ക് പണിയെടുത്ത് പണം സമ്പാദിക്കാൻ. ഇഷ്ടപ്പെട്ടവന് കെണിയിൽപ്പെടുത്താനും വലിച്ചു കീറി കൂട്ടുകാർക്ക് കാഴ്ചവയ്ക്കാനും."
"ഇനിയും കാത്തിരിക്കുന്ന വിധി മറ്റൊന്നല്ലെന്നറിയാം. എങ്കിലും പോകാൻ തയ്യാറാണ്. ഒരേയൊരു കാരണം കൊണ്ട്."
അതെന്ത് എന്ന അർത്ഥത്തിൽ യമൻ അവളെ ആകാംക്ഷാപൂർവം നോക്കി.
ഭൂമിയിൽ ജീവിച്ച് കൊതി തീർന്നില്ല, അവിടത്തെ രാത്രികളേയും പകലുകളേയും ജീവിതത്തെയും അത്രമാത്രം പ്രണയിച്ചിരുന്നു.. സ്നേഹിച്ചു മതിയായില്ലെനിക്ക്. ഇഷ്ടപ്പെട്ടവനെ ഇനിയും പ്രണയിക്കണം. അവൻ്റെ കുഞ്ഞുങ്ങളെ നൊന്തു പ്രസവിക്കണം. ഒട്ടും ഭയാശങ്കകളില്ലാതെ അവനോടൊപ്പം ജീവിക്കണം. ഇത്തവണയെങ്കിലും അതിനാകുമോ ഭഗവൻ?"
പെൺകുട്ടി പ്രതീക്ഷയോടെ യമനെ നോക്കി.
"ഞാൻ നിസ്സഹായനാണു കുട്ടീ.
യമൻ തല താഴ്ത്തി നിന്നു.
"നഗരത്തിലായാലും ഗ്രാമത്തിലായാലും രാത്രിയിൽ സുരക്ഷിതമായി പുറത്തിറങ്ങാൻ ഒരു അവസരമെങ്കിലും....."
അവൾ യാചിച്ചു. യമൻ ചിരിച്ചതേയുള്ളൂ, നിസ്സഹായതയുടെ ചിരി.
"തൽക്കാലം ഇവളിവിടെ നിൽക്കട്ടെ. ഇവൾ മാത്രമല്ല എല്ലാ സ്ത്രീകളും. പുരുഷന്മാർ പോകാൻ തയ്യാറായിക്കൊള്ളൂ."
യമൻ പറഞ്ഞു.
"അതു പറ്റില്ല. ഞങ്ങൾക്കും ഭൂമിയെ ഭയമാണ്."
അവർ ഒന്നടങ്കം പറഞ്ഞു.
"ഇപ്പോൾ അവിടത്തെ സ്ത്രീകളും പ്രശ്നക്കാരാണ്. ഇവിടം വിട്ട് ഞങ്ങൾ എങ്ങോട്ടുമില്ല."
യമൻ നിസ്സഹായനായി. തലയ്ക്കു കയ്യും കൊടുത്ത് അദ്ദേഹമിരുന്നു. എന്തു ചെയ്യണമെന്നറിയാതെ.
അപ്പോഴാണ്, ഗേറ്റിൽ നിന്നും പാറാവുകാരിലൊരാൾ ഓടിക്കിതച്ചെത്തിയത്.
കവാടത്തിന്നപ്പുറം ഭൂമിയിൽ നിന്നുള്ള അഭയാർത്ഥികളെക്കൊണ്ടു നിറഞ്ഞ കാര്യം അയാൾ ഓർമ്മപ്പെടുത്തി. അതിൽ തൻ്റെ ഭാര്യയും മക്കളുമുണ്ടെന്ന് സങ്കടം പറഞ്ഞു.
"എന്തു ചെയ്യണം രാജൻ?"
അയാൾ ഭവ്യതയോടെ ചോദിച്ചു.
"ഞാനെന്തു ചെയ്യണം?"
യമൻ ആത്മാക്കളോട് ചോദിച്ചു. മറുപടിയില്ലാതെ എല്ലാവരും തലതാഴ്ത്തി നിന്നു. പിന്നെയെപ്പോഴോ, ഭൂമിയിലേക്കുള്ള ഒരു രാത്രിയാത്രക്ക് ഭൂമിയോളം ക്ഷമയുള്ള പെൺകുട്ടി സ്വയം തയ്യാറെടുത്തു.