

"ആരാ...എന്താ..."എന്നുള്ള വിവരങ്ങൾ ചോദിച്ചറിയാൻ സമയവും കിട്ടിയില്ല. പിരിയുമ്പോൾ കണ്ണുകൾ കൊണ്ട് യാത്രയും പറഞ്ഞിരുന്നു. പിന്നീട് ..ഒരുകാത്തിരിപ്പായിരുന്നു..! കല്യാണനാളിനായി ദിവസങ്ങളെണ്ണി കഴിച്ചുകൂട്ടി. ഒരു പക്ഷെ മണവാളനേക്കാളും, മണവാട്ടിയെക്കാളും തിടുക്കം അവർക്കായിരുന്നുവെന്നു തോന്നുന്നു. അങ്ങനെ ആ സുദിനവും വന്നെത്തി.പിടയ്ക്കുന്ന മനവും, കൊതിക്കുന്ന കണ്ണുകളുമായി.., വന്നിറങ്ങിയപ്പോൾ തന്നെ പരസ്പരം തിരഞ്ഞുവെങ്കിലും കാണാൻ സാധിച്ചത് ഇപ്പോഴാണ്. കതിർമണ്ഡപത്തിൽ വരന്റെയും വധുവിന്റെയും പുറകിൽ നിന്നപ്പോൾ.
"ദാ...,ഇവിടെയിരുന്നോളൂ."
"നിന്നു വിഷമിക്കണ്ട."ആരോ രണ്ടുപേർക്കും അടുത്തടുത്ത് ഓരോ കസേരകൾ ഇട്ടുകൊടുത്തു. ദൈവമാണ് അയാൾക്കങ്ങനെ തോന്നിച്ചത് എന്ന് രണ്ടുപേർക്കും ഒരു പോലെ തോന്നി.
"എന്താപേര്?"കിട്ടിയ അവസരം പാഴാക്കാതെ അയാൾ തുടങ്ങിവെച്ചു.
"എന്റെ പേര് സുമംഗല!" അവർ മറുപടി പറഞ്ഞു.
അയാളുടെ മുഖത്തെ ഭാവവ്യത്യാസം കണ്ടിട്ടാവാം അവർ പറഞ്ഞു,.,"അതെന്റെ പേരാ..,ഞാൻ കല്യാണം കഴിച്ചിട്ടില്ല."
"ഹാവു...ആശ്വാസമായി.വെറുതെ തെറ്റിദ്ധരിച്ചു."
"പെണ്ണിന്റെ ആരായിട്ടുവരും?" അടുത്ത ചോദ്യം.
"ഞാൻ പെണ്ണിന്റെ മുത്തശ്ശിയുടെ സഹോദരിയാ."
അവർ മൊഴിഞ്ഞു. ഒപ്പം ഒരുചോദ്യവുമെറിഞ്ഞു.
"എന്താ പേര്?"
"ചെറുക്കന്റെ ആരായിട്ട് വരും?"
"എന്റെ പേര് സുശേഷണൻ."
പുതിയ പല്ലു വെയ്ക്കാനായി, വായിൽമിച്ചമുണ്ടായിരുന്ന. പല്ലുകളെല്ലാം എടുത്തു മാറ്റിയിരുന്നത് കൊണ്ടാവാം അക്ഷരങ്ങൾ പലതും വ്യക്തമായില്ല!
"ആരാ..?വിഭീഷണനോ..? സുമംഗല ചോദിച്ചു.
"അയ്യോ...ഈ കുട്ടീടെ ഒരു കാര്യം."
"തമാശക്കാരിയാണല്ലോ.എന്റെ കുട്ടീ, എന്റെ പേര് സുശേഷണൻ. ഞാൻ പയ്യന്റെ മുത്തശ്ശൻറെ ഏറ്റവും ഇളയ സഹോദരനാ!ഞാനും കല്യാണം കഴിച്ചിട്ടില്ല. കഥകളിയാചാര്യനായിരുന്നു."
"അതിന്റെ തേജസ് മുഖത്തുണ്ട്..!"സുമംഗല പറഞ്ഞു.
"ഞാൻ മോഹിനിയാട്ടം
കലാകാരിയായിരുന്നു".
"കലാസ്നേഹം മൂത്ത് കല്യാണം കഴിക്കാൻ മറന്നുപോയി....!"
"അങ്ങനെ.. വാ! ഞാൻ തന്നെ എവിടെയോ വെച്ച് കണ്ടിട്ടുണ്ട്."
"ഏതെങ്കിലും പരിപാടികൾക്കിടയിലായിരിക്കും.!!"
"അന്നത്തെ സൗന്ദര്യം ഇപ്പോഴുമുണ്ട്.."
"എനിയ്ക്ക്... ഇഷ്ടായി.
സമയം കളയാതെ ചോദിക്കട്ടെ.?"
"വിൽ യൂ മാരി മീ?"
"ആഹാ... ഇവിടെ ഒളിച്ചിരുന്ന് കിന്നാരം പറയുവാ അല്ലേ..?"
"ഇതാരാ ഈ മൂലയ്ക്ക് കസേര ഇട്ടു തന്നത്?എവിടെയൊക്കെ തിരക്കി.?
ഏതാ ഈ മുത്തശ്ശി?"
"ഞാൻ കണ്ടില്ലെങ്കിൽ രണ്ടുംകൂടെ ഇപ്പോൾ ഒളിച്ചോടിയേനെയല്ലോ ...!"
സുമംഗലയെ അടിമുടി വീക്ഷിച്ചു കൊണ്ട് അവൻ പറഞ്ഞു.
"ഇങ്ങോട്ടെഴുന്നേറ്റെ...!ദക്ഷിണ വാങ്ങാൻ കൊച്ചു മുത്തശ്ശനെ സ്റ്റേജിൽ തിരക്കുമ്പോൾ ഇവിടെ ഇങ്ങനെയിരുന്ന് സൊറ പറയുന്നോ?"
"എന്റെ ദൈവമേ....!
ഇനി എന്നാ ഈ ഓൾഡ്മാൻ നന്നാകാൻ പോകുന്നത്.? അവൻ തലയിൽ കൈ വെച്ചു.
പിന്നെ മുത്തശ്ശന്റെ കൈപിടിച്ചെഴുന്നേൽപ്പിച്ചു. ഒരിക്കൽ കൂടി ചിലങ്ക കെട്ടി നൃത്തച്ചുവട് വെക്കണമെന്നും , 'മാനിഷാദാ'... എന്നലറണമെന്നും... ആ നിമിഷത്തിൽ സുമംഗലക്ക് തോന്നി.
"അവിടെ തനിയേ ഇരുന്നു പിറുപിറുക്കേണ്ട.." "ദക്ഷിണ വാങ്ങാൻ സ്റ്റേജിലേക്ക് പോരെ..."കൈ പിടിക്കണോ.?"
അവൻ തിരിഞ്ഞു നിന്ന് ചോദിച്ചപ്പോൾ സുമംഗല തല വെട്ടിത്തിരിച്ചു. "നീയെന്തിനാ ഇപ്പം അങ്ങോട്ട് വന്നത്?കട്ടുറുമ്പേ!"
നടക്കുന്നവഴി കൊച്ചുമുത്തശ്ശൻ അവനോട് ചോദിച്ചു.
"എന്താ.. പറഞ്ഞത്?"
"ഞീ..യെഞ്ഞനാ... അഞ്ഞൊട്ടു വഞ്ഞതെന്നോ...?"
"വായിൽ ഒറ്റപ്പല്ല് പോലുമില്ലല്ലോ..!
പ്രേമിക്കാൻ കണ്ട പ്രായം!"
അവൻ പറഞ്ഞുകൊണ്ടിരുന്നു.
"ആട്ടെ.. എന്താ ആ മുത്തശ്ശിയോട് പറഞ്ഞത്?"
അവൻ ചോദിച്ചു. "ഐ ലവ് യൂ ".ന്ന്..! വിൽ യൂ മാരി മീ? ന്ന്."
കൊച്ചുമുത്തശ്ശൻറെ വ്യക്തമായ മറുപടി.
സ്റ്റേജിൽ നിന്ന് ദക്ഷിണവാങ്ങുമ്പോഴും ആ കണ്ണുകൾ സുമംഗലയെ തിരയുകയായിരുന്നു. പിന്നെ കൊച്ചു മക്കളുടെ കല്യാണം പൊടിപൊടിക്കുമ്പോൾ..,സ്റ്റേജിൽ അവർ കണ്ടത് മണവാളനായി സുശേഷണനെയും , മണവാട്ടിയായി സുമംഗലയെയുമാണ്.
പിരിയുമ്പോൾ അവർക്ക് രണ്ടുപേർക്കും ഫോൺ നമ്പർ വാങ്ങിക്കൊടുത്തത് കട്ടുറുമ്പായി വന്ന കൊച്ചുമോനാണ്. ഇപ്പോൾ പരസ്പരം സദാ സമയവും ഫോണിൽക്കൂടി കിന്നാരം പറഞ്ഞിരിക്കുന്ന അവർക്ക്..,വിശപ്പും ദാഹവും പോലുമില്ലാതായിരിക്കുന്നു.!
"ഒരു കല്യാണം ഇപ്പോൾ കഴിഞ്ഞല്ലേയുള്ളൂ...!അല്പം വെയിറ്റ് ചെയ്യൂ..."
"കുറച്ചു നേരത്തെയാകാമായിരുന്നു. ഞാൻ വേണ്ടപ്പെട്ടവരെ വിവരം അറിയിക്കാം "
തമാശ വെടിഞ്ഞു കൊച്ചുമോൻ കാര്യം പറഞ്ഞു.
"ഞങ്ങൾക്ക് ഇപ്പോഴായിരിക്കും മംഗല്യയോഗം തെളിഞ്ഞത്."
കൊച്ചു മുത്തശ്ശൻ പറഞ്ഞപ്പോൾ കൊച്ചുമോന് വിഷമം തോന്നി.
"ഇതിനൊരു പോം വഴി കണ്ടെത്തി കല്യാണം നടത്തിത്തരാം..."എന്ന നല്ലവനായ കൊച്ചുമോന്റെ ഉറപ്പിന്മേൽ കാത്തിരിക്കുകയാണവർ...
ശുഭ പ്രതീക്ഷയോടെ.