(സജിത്ത് കുമാർ പയ്യോളി)
കോവിഡ് ലോക്ക് ഡൗൺ കാലത്ത് ഫ്രഷ് ബ്രഡിനൊക്കൊ വലിയ ക്ഷാമമായിരുന്നു. രണ്ട് ദിവസം പഴക്കമുള്ള ബ്രഡൊക്കെ ഫ്രഷാണ്. അങ്ങിനെ, ഒരു പഴകിയ ,അതായത് വെറും മൂന്ന് നാല് ദിവസം പഴക്കമുള്ള ബ്രഡ് ചൂടാക്കി കഴിക്കാനുള്ള എന്റെ ശ്രമത്തിനിടയിലാണ് ശ്രീമതിയും മോനും മുന്നിൽ ചാടി വീണത്. അല്ലാ, "ങ്ങള് ,പഴകിയ ബ്രഡാണോ ചൂടാക്കുന്നത് ! ങ്ങക്ക് ,അറിഞ്ഞുകൂടെ അതിലെല്ലാം വൈറസ് ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന്? "
വളരെ ഭൗതികപരവും എന്നാലിച്ചിരി പരിഹാസ്യവുമായ ചോദ്യം. വിട്ടു കൊടുക്കാൻ പാടില്ലല്ലേ, ഓർമ്മയുടെ അകത്തളത്തിൽ മുങ്ങി ചില തട്ടുപൊളിപ്പൻ ന്യായവാദങ്ങളും കടിച്ചാപ്പൊട്ടാത്ത പദശീലുകളും നിരത്തി അവരെ ഒന്നടക്കി നിർത്തി. അപ്പോഴേക്കും, ഉറങ്ങിക്കിടന്ന എന്നിലെ ശാസ്ത്രജ്ഞൻ ഉണർന്നു. മേശവലിപ്പിൽ ഭദ്രമായി സൂക്ഷിച്ച ഭൂതകണ്ണാടി എടുത്ത് ബ്രഡിനെ സൂക്ഷമ പരിശോധനയ്ക്ക് വിധേയമാക്കി. പെട്ടന്നാണ്, ബ്രഡിന്റെ അരികുവശത്തായി ഒരിളക്കം ശ്രദ്ധിയിൽ പെട്ടത് . സൂക്ഷമായി ഒന്നു കൂടെ പരിശോധിച്ചപ്പോൾ, അവിടെ വർണ്ണാലംകൃതമായ ഒരു വേദിയൊരുങ്ങുകയാണ്. ഞാൻ ഒന്നൂടെ, ഭൂതകണ്ണാടി തുടച്ച് കണ്ണ് അഡ്ജസ്റ്റ് ചെയ്ത് പരിശോധിച്ചു.
അമീബ കുഞ്ഞൻമാർ തന്റെ കപടപാദങ്ങൾ ഏന്തി വലിഞ്ഞ് താളത്മകമായി പന്തൽനിറയെ ഓടി നടക്കുകയാണ്. ഇരിപ്പിടം തയ്യാറാക്കുന്നു, വേദിയിൽ ഓടിക്കയറുന്നു, ഒന്നും പറയേണ്ട, തന്റെ കപടപാദവും വലിച്ച് പന്തൽ മുഴുവൻ ഓടുകയാണ് അവർ.
വേദിയുടെ മുൻഭാഗത്തായി, എല്ലാം തന്റെ മേൽനോട്ടത്തിലാണ്
നടക്കുന്നത് എന്ന ഭാവത്തിൽ ശ്രീമാൻ യൂഗ്ലീന നിലയുറപ്പിച്ചിട്ടുണ്ട്. ഹരിതകണത്തിന്റെ സാന്നിദ്ധ്യമാണല്ലോ യൂഗ്ലീനയെ സൂക്ഷമാണു വംശത്തിലെ കാരണവരാക്കിയത്,കക്ഷി ആ ഗമയിൽ തന്നെയാണ് നില്ക്കുന്നത്.
രണ്ട് പരമീസിയ യുവാക്കൾ വേദിയുടെ മദ്ധ്യഭാഗത്തായി, എന്തോ ഒട്ടിച്ചു വെക്കുന്നുണ്ട്. ഞാൻ അല്പം മുന്നോട് നീങ്ങി, അല്പം ഉച്ചത്തിൽവായിച്ചു "മാനവകുലത്തെ നശിപ്പിക്കുന്ന കോറോണ കുടുംബത്തിന് സ്വീകരണം- ലോക സൂക്ഷമാണു സംഘടന,WMO,(World Microbes Organization )
ആകാംഷയോടെ ഞാൻ ഭൂതകണ്ണാടിയിലൂടെ അല്പം അടുത്ത് നിന്ന് വേദിയെ വിശദമായി നോക്കി കണ്ടു.
മഴവെള്ള പാച്ചിൽ പോലെയാണ് വേദിയിൽ പല ഭാഗത്ത് നിന്നായി സൂക്ഷമാണുക്കൾ എത്തി തുടങ്ങിയത്. നിമിഷാർദ്ധത്തിൽ വേദി നിറഞ്ഞു കവിഞ്ഞു. എല്ലാവരും വളരെ അച്ചടക്കത്തോടെ തങ്ങളുടെ ഇരിപ്പിടങ്ങളിൽ ഇരുന്നു. വേദിയിൽ ഒരു ഉത്സവപ്രതീതിയുണ്ട്. ജാതി മത വർഗ്ഗ രാഷ്ട്രീയ വിവേചനം അവിടെ കണ്ടില്ല. അവരുടെ ഐക്യബോധവും പാരസ്‌പര്യവും കണ്ട് ഞാൻ എന്റെ വർഗ്ഗത്തെ ഓർത്തു ലജ്ജിച്ചു.
നോട്ടിലുക്ക, ആക്ടിനോ ഫ്രിസ്, ജിയാർഡിയ, മൈക്കോപ്ലാസ്മ, പിലോമിക്സ്... തുടങ്ങി യെല്ലാവരും തങ്ങളുടെയെല്ലാ തിരക്കുകളും മാറ്റി വെച്ചിട്ട് സന്നിഹിതരായിട്ടുണ്ട്.
പെട്ടെന്നാണ്, എല്ലാവരും ആരാധനയോടെ എഴുന്നേറ്റ് നിന്നത്. ഓ, നിപാ വൈറസ് കുടുംബസമേതം വരികയാണ്. സദസ്സിനെ സവിനയം വണങ്ങി വേദിയുടെ മുന്നിൽ വി ഐ.പി കാൾക്കായി ഒരുക്കിയ ഇരിപ്പിടത്തിൽ ഉപവിഷ്ടരായി. പിന്നീട് വേദിയിൽ വന്നു ചേർന്ന റാബീസ് ,സാൽമണെല്ല, ലെപ്റ്റോ കോറി ,ടൈഫോയിഡ്, അങ്ങിനെ ഒട്ടനവധി മഹാൻമാരെ അവർ അർഹിക്കുന്ന ബഹുമാനം നല്കികൊണ്ട് സദസ്സ് അവരെ വരവേറ്റു.
അതാ, പരമീസിയവും അമീബയും ആരെയോ കൈ പിടിച്ച് ആനയിക്കുന്നുണ്ട് എന്റെ നോട്ടം അങ്ങോട്ടായി. അവശനായ ആരെയോ ആണ് ആനിയിക്കുകയാണ്. സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് അദ്ദേഹത്തെ ബഹുമാനിക്കുകയാണ് ഓ ഡോക്ടർ യെർസീനിയ പെസ്റ്റിസ് ബാക്ടീരിയ ,പ്ലേഗ് എന്ന മഹാമാരിയുടെ ഹേതു. എനിക്ക് ആളെ മനസ്സിലായി ഒത്തിരിപ്പേരെ കാലപുരിക്ക് അയച്ച മഹാൻ.
വീൽ ചെയറിൽ ആരെയോ തള്ളി കൊണ്ടുവരുന്നുണ്ട് പരമീസിയം പോളിയോ വൈറസ് ആണ് അദ്ദേഹത്തിന് നടക്കാൻ പറ്റുന്നില്ല. എങ്ങിനെ നടക്കാനാവും എത്ര പേരെയാണ് കക്ഷി വിൽ ചെയറിൽ ഇരുത്തിയത്.
പെട്ടെന്നാണ് ഒരു അനൗൺസ്മെൻറ് വേദിയിൽ മുഴങ്ങിയത്, ശരിക്കും കേൾക്കുന്നതിനു മുമ്പേ ശബദം വേദിക്കരികിൽ നിന്നു ആളി പടർന്ന കരിമരുന്ന് പ്രയോഗത്തിൽ മുങ്ങിപ്പോയി .
സദസ്സ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ആരവം മുഴക്കി.
താലപ്പൊലിയോട് കൂടെ ശബ്ദഘോഷതോടെ കൊറോണ വൈറസ് കാരണവർ എഴുന്നള്ളുകയാണ്. നിറഞ്ഞ ആദരവോടുകൂടി അദ്ദേഹത്തെ സ്വീകരിക്കുകയാണ്.
വേദിയിൽ നിന്ന് ശ്രീമാൻ യൂഗ്ലീന ഇറങ്ങിവന്ന് അദ്ദേഹത്തെ സ്വീകരിച്ച് പ്രത്യേകമായി അലങ്കരിച്ച ഇരിപ്പിടത്തിൽ ഇരുത്തി.
ആയിരം സൂര്യനെ പോലെ പ്രകാശിക്കുന്നുണ്ടായിരുന്നു കോറോണയുടെ മുഖം . തെറിച്ചു നിൽക് കൊമ്പുകൾ ഒതുക്കി വെച്ച് വലിയ ഗൗരവത്തിൽ തന്നെയാണ് അദ്ദേഹത്തിന്റെ ഇരിപ്പ്.
രണ്ട് അമീബ പെൺകൊടികൾ വേദിയിലേക്ക് കടന്നു വന്നു സ്വാഗതഗാനം ആലപിച്ചു. പരമീസിയം അദ്ധ്യക്ഷ ഭാഷണത്തിനായി, യൂഗ്ലിനെയെ ക്ഷണിച്ച് തന്റെ സ്വാഗത ഭാഷണം കുറഞ്ഞ വാക്കുകളിലൊതൊക്കി.
ശ്രീമാൻ യൂഗ്ലിന എഴുന്നേറ്റ് ഹരിതകണം എല്ലാരും കാണത്തക്കം മുന്നോട്ട് വെച്ച് വേദിയെ വീക്ഷിച്ച്, അദ്ധ്യക്ഷ ഭാഷണം തുടങ്ങി.
"പ്രിയരേ, നമ്മളെല്ലാരം ഏറെക്കാലമായി ആഗ്രഹിച്ച സുദിനമാണിന്ന്. മാനവ കുലത്തെ നാരായക്കല്ലെടിപ്പിച്ച നമ്മളിലൊരുവനായ ശ്രീമാൻ കൊറോണ നമ്മോടൊപ്പമുള്ള സുദിനമാണിത്. എന്റെ ഭാഷണം നീട്ടി നിങ്ങളെ ബോറടിപ്പിക്കുന്നില്ല. നിങ്ങളുടെ ആകാംഷ മാനിച്ചു കൊണ്ട് ശ്രീമാൻ കൊറോണെയെ ഭാഷണത്തിനായി ക്ഷണിക്കുകയാണ്. കൂട്ടരെ, ഒരു കാര്യം നിങ്ങളെ ഓർമിക്കട്ടെ, അദ്ദേഹം പോർമുഖത്തിൽ നിന്നാണ് നമ്മുടെ ക്ഷണം സ്വീകരിച്ച് വന്നിരിക്കുന്നത്. അതുകൊണ് തന്നെ, അദ്ദേഹത്തിന്റെ സമയം വിലപ്പെട്ടതാണെന്ന് മനസ്സിലാക്കണം എന്ന് ഓർമിപ്പിച്ചു കൊണ്ട് ഉപസംഹരിക്കുന്നു. "
കോറോണ ഭാഷണത്തിനായ് എഴുന്നേറ്റയുടെനെ സദസ്സിൽ നിന്ന് ശബ്ദഘോഷമുയർന്നു. ആരവിത്തിനിടെ കൊറോണ ഭാഷണം തുടങ്ങി. സദസ്സ് നിശബ്ദമായി, അദ്ദേഹത്തെ സാകൂതം കേൾക്കാൻ.
"പ്രിയമുള്ളവരെ, നിങ്ങൾ തരുന്ന സ്നേഹാദരത്തിന് മുമ്പിൽ ഞാൻ നമിക്കുന്നു.
ഒരു പുതുയുഗ പിറവിക്ക് നമ്മൾ നാന്ദ്യംകുറിച്ചിരിക്കുകയാണ്. സൂക്ഷ്മാണുക്കളുടെ യുഗം.മാനവകുലത്തിനു മേൽ സൂക്ഷ്മാണുക്കൾ നേടിയ വിജയം.നൂറ്റാണ്ടുകൾക്കിപ്പുറം നമ്മൾ നേടുന്ന ചരിത്രവിജയം. "
സദസ്സിലുള്ള നിറഞ്ഞ ആരവങ്ങൾക്കിടയിൽ കൊറോണ തുടർന്നു.
"ഭൂമിയുടെ ഉടമസ്ഥൻ താനാണ്, തൻറെ ഇംഗിതത്തിനനുസരിച്ച് വേണം മറ്റുള്ള ജീവജാലങ്ങൾ വളരാൻ എന്ന മനുഷ്യൻറെ അഹങ്കാരത്തിനുള്ള മറുപടിയാണിത്. മനുഷ്യകേന്ദ്രീകൃതമാണ് പ്രകൃതിയിന്ന്. അവനിലൂടെയാണ് ഭൂമിയേയും പ്രകൃതിയേയും നാം കാണുന്നത്. എന്നാൽ അവൻ തന്നെയാണ് പ്രകൃതിയെ ഏറ്റവും കൂടുതൽ നശിപ്പിച്ചതും ചൂഷണം ചെയ്തും മലീസപ്പെടുത്തിയതും.
സ്വയം പ്രഖ്യാപിത ബുദ്ധിജീവിയായ മനുഷ്യൻ ഈ പ്രപഞ്ചത്തെ തന്റെ സ്വർത്ഥ താത്പര്യങ്ങൾക്ക് വേണ്ടി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മറ്റു ജീവികളെ പോലെ താനും ഭൂമിയിലെ ഒരു അന്തേവാസി മാത്രമാണെന്ന് അവൻ ബോധപൂർവ്വം വിസ്മരിക്കുന്നു. ജീവവൈവിധ്യത്തിന്റെ കേദാരമായ കാടുകൾ , നദികൾ ചോലവനങ്ങൾ എല്ലാം അവൻ നശിപ്പിച്ചു
അവൻ നേടിയെന്നു കരുതുന്ന അറിവിന്റെയും സാങ്കേതിക മികവിന്റെയും അഹങ്കാരത്തിൽ അവൻ മറ്റു ജീവികൾക്ക് പോലും ഭീഷണിയായി മാറിയിരിക്കുകയാണ്.
ഇന്നവൻ ജീവകളുടെ ജിനോം അഥവാ DNA കൃത്യമമായി നിർമ്മിച്ച് നമ്മളെപ്പോലെയുള്ള ജീവികളെ സൃഷ്ടിക്കാൻ തക്കവിധം സംശ്ലേഷണ ജീവശാസ്ത്രത്തിൽ ഗവേഷണം തുടങ്ങിയിട്ടുണ്ട്.
ഇത്തരം ഒരു ഘട്ടം സംജാതമായപ്പോൾ ആണ്, കഴിഞ്ഞ ലോകാ സൂക്ഷമാണു സംഘടനയുടെ വാർഷിക സമ്മേളനം കുറേക്കാലമായി കെട്ടി കെടുക്കുന്ന നിവേദനത്തിൽ തീർപ്പുകല്പിച്ചത്.
ഡോഡോയും ചീറ്റയും സഞ്ചാരി പ്രാവ് . ജവാൻ കടുവ, പാൻഡ , ബാലി കടുവ, ബാർബറി സിംഹം അങ്ങിനെ മനുഷ്യന്റെ ചെയ്തികൾ മൂലം ഭൂമുഖത്ത് നിന്ന് തുടച്ച നീക്കപ്പെട്ടവരും നീക്കപ്പെടാൻ പോകുന്നവരും നമ്മുടെ മുമ്പിൽ അവതരിപ്പിച്ച നിവേദനം.
കോറണ കുടുംബത്തിലെ സാർസും എബോളയും നിപ യും പരാജയപ്പെട്ട സ്ഥലത്ത് എന്നെ ഏല്പിച്ച ദൗത്യം ഏറ്റെടുക്കുമ്പോൾ മുമ്പിൽ ഒത്തിരി ആശങ്കകൾ ഉണ്ടായിരുന്നു. മനുഷ്യരോട് ഏറ്റുമുട്ടി ജീവിതംവഴിമുട്ടി പോയ പോളിയോ ,റാബീസ് ,കോളറാ, ക്ഷയ , സൂക്ഷമാണുക്കളുടെകളുടെ ഇന്നത്തെ അവസ്ഥ ശരിക്കും എന്നെ ഭീതിപ്പെടിത്തിയിരുന്നു.
അതുകൊണ്ട് തന്നെയാണ് 14-ാം നൂറ്റാണ്ടിൽ ഏഷ്യൻ യൂറോപ്യൻ രാജ്യങ്ങളിൽ പ്ലേഗ് എന്ന മഹാവ്യാധി വ്യാപിച്ച് ലോകത്തിലെ മൊത്തം ജനസംഖ്യയുടെ നാലിലൊന്നിനെയും കൊന്നൊടുക്കി അനുഭവസമ്പത്തുള്ള ഡോക്ടർ യെർസീനിയ പെസ്റ്റിസ് ബാക്ടീരിയ നടത്തുന്ന ഇൻസ്റ്റി റ്റ്യൂട്ട് സ്പാനിഷ് ഫ്ലളു വൈറസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്ന് കഠിനമായ പരിശിലനത്തിനും നിപ എബോള സാർസ് എന്നിവർ സമർപ്പിച്ച ഗ്രന്ഥത്തിൽ നിന്നും പാഠം ഉൾക്കൊണ്ടു കൊണ്ടാണ് ഞങ്ങൾ ദൗത്യം ഏറ്റെടുത്തിറങ്ങിയത്.
ആദ്യം ഞങ്ങൾ വെടി പൊട്ടിച്ചത് ചൈനയിലെ വുഹാൻ പട്ടണത്തിൽ ആയിരുന്നു. ചൈനയെ തന്നെ തെരെത്തെടുക്കാനുള്ള കാരണം, അവർ തിന്നാത്തതായി ലോകത്ത് ഒരു ജീവിയുമില്ല. പഴുതാര മുതൽ തിമിഗംലം വരെ അവരുടെ തീൻ മേശയിലെ വിഭവങ്ങൾ ആണ്.
തുടക്കത്തിൽ അവർ ഞങ്ങളെ നിസ്സാരൻമാരായി കരുതുകയായിരുന്നു.
ദൃഷ്ടിക്ക് ഗോചരമല്ലാത്ത, കുറച്ച് ജനിതക പദാർത്ഥങ്ങൾ ഒരു ആവരണത്തിനുള്ളിലാക്കിയ ഒരു ജൈവരൂപം, ഒരു വൈറസ്, നോവൽ കോറോണ വൈറസ് അഥവാ കോവിഡ്19
അവന് ഞങ്ങളെ എന്ത് ചെയ്യാൻ പറ്റും?
എന്നാൽ, ഏകദേശം 350 കോടി വർഷങ്ങൾ മുമ്പ് ആവിർഭവിച്ച നമ്മുടെ പിതാമഹാൻമാർക്ക് മാനവനെക്കാളും ഈ ഭൂമിയിൽ നിലനില്പിന്റെ ചരിത്രം പറയാനുണ്ട്.
നിമിഷങ്ങൾക്കകം, തന്നത്താൻ രണ്ടായി പിളർന്നാണ് പുതിയ ജീവികൾ ഉണ്ടായി പെറ്റുപെരുകുന്ന നമ്മുടെ കഴിവാണ് അവൻ തൃണവത്ക്കരിച്ചത്.
അവൻ കണ്ടുപിടിച്ച ഔഷധക്കൂട്ടും വാക്സിനുകളും നമ്മൾ നിഷ്ഫലമാക്കി
ഞങ്ങൾ പഠിച്ചെടുത്ത കൂടുമാറ്റം എന്ന മഹാവിദ്യക്ക് മുമ്പിൽ അവൻ വട്ടം കറങ്ങുകയാണ് കള്ളത്താക്കോൽ ഉപയോഗിച്ച് അവന്റെയുള്ളിൽ കടന്ന് അവന്റെ ജനിതക കോപ്പിയുണ്ടാക്കുന്ന സ്വാഭാവികപ്രക്രിയ ഞങ്ങൾ ഹൈജാക്ക് ചെയ്യുന്നു
നെട്ടോട്ടം ഓടുകയാണ് നമ്മളെ പിടിച്ചു കെട്ടാൻ. കടലുകളും കടന്ന് ലോകം മുഴുവൻ വ്യാപിച്ച ഞങ്ങളുടെ ഭൂഗോള ആക്രമത്തിൽ ലക്ഷത്തിലേറെ മാനവർക്ക് ജീവഹാനിയുണ്ടായി ഞങ്ങളുടെ ആക്രണത്തിനു മുമ്പിൽ ലോകത്തെ പ്രധാന സാമ്പത്തിക മേഖലകൾ തീർത്തും നിശ്ചലമായി
ചീട്ടുകൊട്ടാരം കണക്ക് ആടിയുലയുകയാണഅവരുടെ സമ്പദ്ഘടന
ഒരു ഘട്ടത്തിൽ, അവൻ കുറെ സോപ്പും സാനി റൈറസറും മാസ്കുമായി വന്ന് നമ്മളെ ഒതുക്കാനുള്ള ശ്രമം നടത്തി.
പക്ഷേ തീയിൽ കുരുത്തത് വെയിലിൽ വാടില്ലല്ലോ എല്ലാം അതിജീവിച്ച് ഞങ്ങൾ മുന്നോട്ട് തന്നെയാണ്.
ധനാഗമനത്തിനു വേണ്ടി അവൻ എല്ലാ ബന്ധവും ത്യജിച്ച് നെട്ടോട്ടം മായിരുന്നു സ്നേഹ ബന്ധങ്ങൾ അവന് അപരി ചിതമായിരുന്നു . അവൻ ഇന്ന് ബന്ധങ്ങൾ പുതുക്കി വീടുകളിൽ ഒതുങ്ങി
നമ്മളെ പ്രതിരോധിക്കാൻ വേണ്ടി,ലോകം ചുരുങ്ങിച്ചുരുങ്ങി വീടുകളിലേക്ക്. പക്ഷേ മാനവന് അധിക കാലം അത് പറ്റില്ല എന്നാണ് ഞങ്ങൾ പഠിച്ചെടുത്ത മാനവമനശാസ്ത്രം പറയുന്നത്. ഏറെ ശരിയായിരുന്നു അവൻ ഇറങ്ങി തുടങ്ങി ലോകത്തിന്റെ പല ഭാഗത്തും, ഞങ്ങൾ താണ്ഡവം ആടി തിമർത്തു.
പക്ഷേ, ഞങ്ങൾ പഠിച്ചെടുത്ത മനശാസ്ത്രതത്വങ്ങൾ തെറ്റാണ് എന്ന് തോന്നിപ്പിക്കന്ന ഒരു സ്ഥലമുണ്ട് ഭൂഗോളത്തിൽ. സൂചി കുത്ത് പോലെ തോന്നുന്ന കേരളം. അവിടുത്തെ ഇച്ഛാ ശക്തിയുള്ള ഭരണകർത്താക്കളും അഭ്യസ്തവിദ്യാരായ ജനങ്ങളും ഞങ്ങൾക്ക് ചെറിയ ഒരു ഭീഷണി ഉയർത്തുന്നു. അവിടുത്തെ ആരോഗ്യ പ്രവർത്തകർ നമ്മുടെ കുടുംബത്തിലെ ഒത്തിരി പേരെ കൊന്നൊടുക്കിയിട്ടുണ്ട്.
അവിടെയാണ്, എന്റെ കിസാനായ നിപ വൈറസിനെ അടിപതറിയത്. അന്ന് നിപ വൈറസ് കേരളത്തിനു പകരം വേറെ ഒരു സ്ഥലം ആയുരുന്നു ആക്രമത്തിന് തെരഞ്ഞെടുത്തതെങ്കിൽ കഥ ഇതൊന്നുമായിരുന്നില്ല.
എങ്കിലും ഞങ്ങളെ പഠിപ്പിച്ച മനശാസ്ത്രം തെറ്റില്ല എന്നൊരു വിശ്വാസമുണ്ട്. അവിടുത്തെ രാഷ്ട്രീയ ജാതി മത കോമരങ്ങൾ നമ്മുടെ ആക്രമത്തെ സഹായിക്കാൻ എന്തെങ്കിലും ഒരു വഴി തുറുന്നു തരും എന്നാണ് പ്രതീക്ഷ. തത്ക്കാലം നമ്മൾ അവിടുന്ന് പിൻമാറാൻ തീരുമാനിച്ചിട്ടുണ്ട്. അല്ലെങ്കിൽ ഞങ്ങൾക്ക് കൂടുതൽ ജീവഹാനി വരും.
നമ്മൾ, തീർച്ചയായും ഈ ആക്രമണം നിർത്തും. എപ്പോഴെന്നാൽ
പ്രകൃതിയുടെ ഹൃദയത്തിൽ തട്ടി , പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടംതട്ടാതെ
നന്മയ്ക്കും, സ്നേഹത്തിനും, സാന്ത്വനതിനും, തലോടലിനും, പകരം വൈക്കാവുന്ന ഒന്നു മീ പ്രപഞ്ചത്തിൽ എന്ന് അവർ മനസ്സിലാക്കുമ്പോൾ.
മായികമായ കേട്ട് കാഴ്ചകളില്‍ നിന്ന് മാറി മണ്ണിന്റെ മണമുള്ള ചിത്രങ്ങള്‍ സൃഷ്ടിക്കാൻ അവർക്ക് കഴിയുമ്പോൾ അവരുടെ അറിവ് ജീവന്റെ തുടുപ്പുമായ് ഇഴുകി ചേരുമ്പോൾ നമുക്ക് പിൻവാങ്ങാം
ഇനിയും അവൻ മനസ്സിലാക്കാൻ തുനിഞ്ഞില്ലെങ്കിൽ,
ഭൂമിയിൽ ജീവജാലങ്ങളുടെ അഭിവൃദ്ധിക്ക് വഴിവച്ച ഒരു പൊതുനിയമമുണ്ട് പെരുകുക, വൈവിധ്യം കൈവരിക്കുക; ശക്തന്‍മാര്‍ ജീവിക്കും, അശക്തന്‍മാര്‍ക്ക് മരണം എന്നതാണ് ഇതിനെ പ്രകൃതി നിര്‍ധാരണം എന്നാണ് അവൻ വിളിക്കുന്നത്. അത് നടക്കട്ടെ.
നിങ്ങൾ തന്നയീ സ്നേഹാദരവിനു നന്ദി പറഞ്ഞുകൊണ് ഞാൻ നിർത്തെട്ടെ.
എല്ലാവരും എഴുന്നേറ്റു ആദരവ് പ്രകടിപ്പിച്ചു. കൊറോണെയെ ഹാരമണിയിച്ചു ആദരിച്ചു. തുടർന്ന് ശക്തമായ കരിമരുന്ന് പ്രയോഗവും.
കണ്ണിൽ വെട്ടം അടിച്ചപോൾ ഞാൻ പതുക്കെ കണ്ണു തുറന്നു. കട്ടിലിനു ചുറ്റം ശ്രീമതിയും മോനും പുഞ്ചിരി തൂകി കൊണ്ട് നിൽക്കുന്നു. ഞാൻ അന്തം വിട്ട് നില്കുമ്പോൾ, മോൻ പറഞ്ഞു അച്ഛന്റെ കൊറോണ പ്രസംഗം ഗംഭീരമായിട്ടുണ്ട്. ഞാൻ ആലസ്യത്തോടെ കട്ടിലിൽ ചാഞ്ഞു ചിരിച്ചു.