"പെണ്ണേ, നീ നിൻ്റെ മോളെ ഏത് ദേവലോകത്തേക്ക് കെട്ടിച്ചു വിട്ടാലും, ചരിത്രങ്ങൾ ആവർത്തിക്കപ്പെടുക തന്നെ ചെയ്യും.." ഇരുളിൻ്റെ മറവിൽ നിന്ന്, ആരോ കളിയാക്കും പോലെ തോന്നി രേഖയ്ക്ക്.
അവൾ മിഴി തുറന്ന് നോക്കിയപ്പോൾ, കിടപ്പ് മുറിയുടെ പടിഞ്ഞാറെ മൂലയിൽ, അയാൾ നിന്നിടത്ത് കട്ടപിടിച്ച ഇരുട്ട് മാത്രം ബാക്കിയുണ്ട്.
ഇന്നിനി ഉറങ്ങാനാവില്ല. അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു, ശ്വാസം കിട്ടാതെ വല്ലാതെ വീർപ്പുമുട്ടുന്നുണ്ട്. ഉഷ്ണത്തിൻ്റെ മറുവാക്കെന്നോണം മുകളിൽ നിശ്ചലമായ ഫാനിനെ അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്. എപ്പോഴാണ് കരൻ്റ് പോയത്? മേലാകെ വിയർപ്പിൽ കുളിച്ചത് വെറുതെയല്ല, ഒരു നനുത്ത കാറ്റിന് വേണ്ടി അവൾ കൊതിച്ചു, പതിയെ എഴുന്നേറ്റ് ജനൽപ്പാളികൾ മലർക്കെ തുറന്നിട്ടു.
സുഖവും ഭയവും കലർന്ന ഒരു ചെറുതെന്നൽ പടിഞ്ഞാറെപറമ്പു വഴി കരിയിലകൾക്കിടയിലൂടെ അരിച്ചെത്തി. കരിമേഘക്കൂട്ടങ്ങൾക്കിടയിൽ നിന്നും മോചിതനായ ചന്ദ്രൻ അവളെ നോക്കി ആശ്വാസപൂർവ്വം ചിരിച്ചു. അവൾ നോക്കി, ഭദ്രൻചേട്ടൻ ഇതൊന്നുമറിയാതെ നല്ല ഉറക്കത്തിലാണ്.
"വിളിക്കണോ?"
"വേണ്ട." ചോദ്യവും ഉത്തരവും അവൾ തന്നെ കണ്ടെത്തി.
സമയം രണ്ടു മണി ആയതല്ലേയുള്ളൂ. പകലത്തെ തിരക്കിൻ്റെ ക്ഷീണം കാണും, പാവം.' അവൾ പരിതപിച്ചു.
മേശപ്പുറത്തു നിന്നും ചുക്കുവെള്ളത്തിൻ്റെ ജഗ്ഗെടുത്തു. ഒരു തണുപ്പ്, വരണ്ട തൊണ്ട വഴി മനസ്സിൻ്റെ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോകുന്നത് അവൾ അറിഞ്ഞു. അത്രയും ആശ്വാസം!
നേരത്തെ മുറിഞ്ഞ സ്വപ്നം. എന്തായിരുന്നു അത്? അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു. ആരായിരുന്നു അത്? എന്തായിരുന്നു അയാൾ തന്നോട് പറയാൻ ശ്രമിച്ചത്?
തണുത്ത കാറ്റ് പിന്നെയും വന്ന് കിന്നാരം കൂടി. അൽപ്പം കഴിഞ്ഞപ്പോൾ, അയാളും അയാളെക്കുറിച്ചുള്ള ചിന്തകളും അവളും ഒന്നിച്ച് ഇരുട്ടിൻ്റെ ഏതോ കൊക്കയിലേക്ക് വീണു.
"എനിക്കാരൂല്യാ.." ബഹളം വയ്ക്കുന്ന മകളെ കണ്ട് അവൾ ഞെട്ടി! ഉറക്കം പാതിയും മുറിഞ്ഞു. പുതിയ സ്വപ്നത്തിൽ കാണുന്ന കാഴ്ചകൾക്ക് കുറെക്കൂടെ വ്യക്തതയും വിശ്വാസ്യതയുമുണ്ടായിരുന്നു. എന്നാൽ, അതവളെ പിന്നെയും പരിഭ്രമിപ്പിക്കുകയാണ് ചെയ്തത്.
ആധിയോടെ ആശ്വസിപ്പിക്കാൻ ചെന്നപ്പോഴാണ്, മകൾ ഒരു നിഴലായി എങ്ങോ പോയ് മറഞ്ഞത്! അപ്പോഴാണ്, അതൊരു സ്വപ്നമായിരുന്നു എന്ന് രേഖ തിരിച്ചറിഞ്ഞത്!
"എനിക്ക് ആരെങ്കിലുമൊക്കെ ഉണ്ടെങ്കിൽ, അവർ എൻ്റെ വിദ്യാഭ്യാസത്തെ ഇങ്ങനെ ബലി കൊടുക്കുമായിരുന്നോ? ഞാൻ എത്ര വർഷം കൊണ്ട് പണിപ്പെട്ട് പഠിച്ചതാണ്?" മകളുടെ നിഴൽ, രേഖയുടെ അരികുപറ്റി നിന്നു.
കുറ്റബോധത്താൽ അവൾ നീറി. വിയർപ്പിൻ്റെ മുത്തുകൾ നെറ്റിയിൽ പൊടിഞ്ഞു, കരയാതിരിക്കാൻ അവൾ കണ്ണടച്ചു കിടന്നു. മകളെ സ്നേഹത്താൽ പൊതിഞ്ഞപ്പോൾ..... കണ്ണീർ അണപൊട്ടി. എപ്പോഴോ ഒന്നു മയങ്ങാൻ തുടങ്ങിയപ്പോഴാണ്, വീണ്ടും അടുത്ത സ്വപ്നംപോലെ അയാളുടെ വിലാപം വന്നത്. "കണ്ടില്ലേ, അവൾക്കാരൂല്യാ.."
അതു കേട്ട്, രേഖയിലെ അമ്മയുടെ ഉത്ക്കണ്ഠ പുറത്ത് ചാടി. അത്, ആകാശം മുട്ടുന്ന ഒരു കരച്ചിലോളം വളർന്നു. മകൾ കൂടെയില്ലാത്ത, അമ്മയുടെ ആധിപിടിച്ച ആദ്യത്തെ രാത്രി. അത്, രേഖയുടെ ഏക മകളുടെ ആദ്യരാത്രികൂടെയാകുന്നു. അതെ, ഇന്നായിരുന്നു രേഖയുടെ മകളുടെ വിവാഹം....
"അയ്യയ്യേ.. നീയെന്താ കൊച്ചു കുട്ടികളെപ്പോലെ! പെൺമക്കൾ എന്നും നമ്മുടെ കൂടെ വേണം എന്നു ചിന്തിച്ചാൽ നടക്കുന്ന കാര്യം വല്ലതുമാണോ?" രേഖയുടെ ഭർത്താവ് ഉറക്കം വിട്ട് എഴുന്നേറ്റു. ഭാര്യയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഭദ്രൻ്റെ ചുണ്ടുകളിലും സങ്കടം വിതുമ്പാൻ വന്നു.
"ഏട്ടാ, അവളെത്ര പറഞ്ഞതാ നമ്മളോട്. അവൾ പഠിച്ചിരുന്ന എം ബി എ പൂർത്തിയായി ഒരു ജോലി കിട്ടീട്ടു മതി കല്യാണം ന്ന്... കേട്ടില്ല." രേഖയുടെ ശബ്ദം ചിതറാൻ തുടങ്ങിയിരുന്നു.
"ഇത്രേം കാലം നമ്മൾ പഠിപ്പിച്ചില്ലെ രേഖ? എം ബി എ മുഴുമിപ്പിക്കുന്ന കാര്യവും ജോലിക്കാര്യവും മറ്റും ഇനി ദേവനും അവൻ്റെ വീട്ടുകാരും നോക്കിക്കോളും. അവരങ്ങനെ ചെയ്യാമെന്നല്ലെ നമ്മളോട് പറഞ്ഞത്?" ഭദ്രൻ രേഖയോട് ചോദിച്ചു.
"എന്താ പറഞ്ഞത്?" അങ്ങനെ ചോദിക്കുമ്പോൾ, അവളുടെ ചിന്തകൾ ഇരുപത് വർഷം പുറകോട്ട് പാഞ്ഞു. വിവാഹശേഷം എം എഡ് പഠനം പാതിവഴിയിൽ ഉപേക്ഷിക്കാൻ നിർബന്ധിതയായ ആ പി.ജിക്കാരിയുടെ കണ്ണിൽ തീപ്പൊരിയാണ് ചിതറിയത്. ഭാര്യയുടെ പുതിയ ഭാവത്തെ നേരിടാനാവാതെ രേഖയുടെ ഭർത്താവ് കണ്ണടച്ചു കിടന്നു.