പ്രിൻസിപ്പലിന്റെ മുറിയിൽ മകളേയും കാത്തിരിക്കുമ്പോൾ അയാളുടെ മനസ് പ്രക്ഷുബ്ധമായിരുന്നു.
"എന്താണ് ക്ലാസ്സു കളഞ്ഞു മകളെയും കൊണ്ട് ഒരു യാത്ര?" പ്രിൻസിപ്പൽ ചോദിച്ചു.
"അവൾ ഞങ്ങളുടെ റാങ്ക് പ്രതീക്ഷയാണ്!" അവർ പറഞ്ഞു.
"അറിയാം സിസ്റ്റർ. മറ്റൊരു നിർവ്വാഹം ഇല്ലാഞ്ഞിട്ടാണ്. കഴിയുന്നത്ര നേരത്തേ മടങ്ങാം." അങ്ങനെയാണു പറഞ്ഞത്.
മോളെത്തിയപ്പോൾ അവളേയും കൂട്ടി അവളുടെ ഹോസ്റ്റലിൽ പോയി അവളുടെ കുറച്ചു ഡ്രസ്സും അത്യാവശ്യ സാധനങ്ങളും എടുത്തു വാർഡനോട് യാത്ര പറഞ്ഞ് ഇറങ്ങി. കാറിൽ കയറുമ്പോൾ മോൾ വീണ്ടും ചോദിച്ചു.
"എങ്ങോട്ടാണ് അച്ഛാ നമ്മൾ പോകുന്നത്? എക്സാം അടുത്തു. ഇപ്പോൾ ക്ലാസ്സിൽ ആബ്സന്റ് ആകുന്നത് നഷ്ടമാണ്!
എന്തു സർപ്രൈസ് ആണ് അച്ഛൻ എനിക്കു കാത്തു വച്ചിരിക്കുന്നത്?" മകൾ ചോദിച്ചു.
"അതു മോൾക്കൊരു സർപ്രൈസ് ആയിത്തന്നെ ഇരിക്കട്ടെ. മോൾ കുറച്ചു നേരം ഉറങ്ങിക്കോ." അയാൾ മകളോടു പറഞ്ഞു.
അവൾ കൂടുതൽ ഒന്നും ചോദിച്ചില്ല.സീറ്റിലേക്കു ചാരിയിരുന്നു കണ്ണുകൾ അടച്ചു.
അയാൾ ചിന്തിക്കുകയായിരുന്നു, ശംഭുനാഥൻ എന്ന ശുദ്ധബ്രാഹ്മണനായ താൻ ഇന്ന് എവിടെയെത്തി നിൽക്കുന്നു! സർക്കാർ സേവനത്തിൽ നിന്നും വിരമിക്കാൻ ഇനി മൂന്നു വർഷം കൂടിയേ ബാക്കിയുള്ളു. ജീവിതം കൊണ്ട് എന്തു നേടി?
യൗവനം തുളമ്പി നിറഞ്ഞു ഉന്മാദം കൊണ്ട നാളുകളിൽ ആയിരുന്നു അവളേ പരിചയപ്പട്ടത്. സർവീസിൽ കയറിയിട്ട് അധികം നാളുകൾ
ആയിട്ടുണ്ടായിരുന്നില്ല. സ്ഥിരമായി പോകുന്ന ലൈബ്രറിയിലെ ജോലിക്കാരിയായിരുന്നു അവൾ.
'അലീഷ ' എന്നായിരുന്നു അവളുടെ പേര്. വിശ്രമവേളയിൽ താൻ ലൈബ്രറിയിലെത്തുമ്പോൾ അവിടെ ആരും ഉണ്ടാകാറില്ല.
അവൾ മധുരമായി കൊഞ്ചിക്കുഴഞ്ഞു സംസാരിക്കും. പുസ്തകം തെരഞ്ഞെടുക്കുമ്പോൾ അറിയാത്ത മട്ടിൽ ശരീരത്തിൽ മുട്ടിയുരുമ്മും. ഒരു മാദക സുന്ദരി.
പതുക്കെ പതുക്കെ അവൾ തന്നെ അവളുടെ ചൊല്പടിയിലാക്കി. ജോലി സമയം കഴിഞ്ഞ് അവൾ തനിക്കു വേണ്ടി കാത്തു നിൽക്കാൻ തുടങ്ങി. ഒന്നിച്ച് പാർക്കിലും ബീച്ചിലും സിനിമാ കാണാനും ഒക്കെ പോയി. മുന്തിയ ഹോട്ടലുകളിൽ നിന്നും ആഹാരം കഴിച്ചു. സസ്യഭുക്കായിരുന്ന തന്നെ ഒടുവിൽ അവൾ മാംസം കഴിക്കാൻ ശീലിപ്പിച്ചു.
പല ആഴ്ചകളിലും വീട്ടിൽ പോകാതെ അവളോടൊപ്പം കറങ്ങി നടന്നു. ആ മാദകറാണിയെ ചുറ്റിപ്പറ്റി തന്റെ ദിനരാത്രങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു.
ശംഭുവിന്റെ ഈ പോക്ക് ശരിയല്ല... അവളുമായിട്ടുള്ള ബന്ധം ഉപേക്ഷിക്കുന്നതാണു നല്ലതെന്നും അവൾ മോശം സ്വഭാവക്കാരിയാണ് എന്നൊക്കെ സഹപ്രവർത്തകരും കൂട്ടുകാരും മുന്നറിയിപ്പു തന്നിട്ടും തനിക്ക് എന്തോ ഒരു ഉന്മാദ അവസ്ഥ ആയിരുന്നു.
ഒരു ദിവസം അച്ഛൻ നമ്പൂതിരി ലോഡ്ജിൽ അന്വേഷിച്ചു വന്നു. ഒരു പ്രസിദ്ധമായ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന അദ്ദേഹത്തെ അറിയുന്ന പലരും അവിടെ ഉണ്ടായിരുന്നു!
പലരിൽ നിന്നും വിവരങ്ങൾ അറിഞ്ഞ അദ്ദേഹം നിരാശനായി തന്നെ കാണാൻ പോലും നിൽക്കാതെ മടങ്ങിപ്പോയി. അധികം വൈകാതെ അവളേ രജിസ്റ്റർ വിവാഹം ചെയ്തു. വാടകവീടെടുത്തു താമസം തുടങ്ങി. ഇല്ലത്തേയ്ക്കു കയറ്റിയില്ല.താൻ അങ്ങോട്ടു പോയുമില്ല.സ്വന്തം അമ്മയേപ്പോലും മറന്ന മട്ടായിരുന്നു.
അവൾക്കും ആരും ഉറ്റവർ ഇല്ല എന്നായിരുന്നു പറഞ്ഞിരുന്നത്. അതുകൊണ്ട് വാടകവീട്ടിൽ ആരും വിരുന്നുകാരും ഉണ്ടായിരുന്നില്ല. മോൾ ഉണ്ടാകുന്നതു വരെ വലിയ സന്തോഷമായിരുന്നു. മോൾക്കു മൂന്നു വയസ്സായപ്പോൾ മുതൽ അവൾക്കു ജോലിക്കു പോകണമെന്നു നിർബന്ധം തുടങ്ങി.
ഒടുവിൽ മോളേ ഡേ കെയറിൽ ആക്കിയിട്ട് അവൾ പഴയ ജോലിക്കു തന്നെ പോയി. അത്രയും നാൾ കഴിഞ്ഞിട്ടും അവളെ വീണ്ടും ജോലിയിൽ എടുത്തത് തനിക്കും അദ്‌ഭുതമായിരുന്നു.
ഒന്നു പ്രസവിച്ചു കഴിഞ്ഞപ്പോൾ അവളുടെ മാദക സൗന്ദര്യം ഒന്നു കൂടി വർധിച്ചിരുന്നു. ഒടുവിൽ ആറുമാസത്തോളം കഴിഞ്ഞപ്പോൾ ഒരു ദിവസം ജോലിക്കു പോയ അവൾ മടങ്ങിയെത്തിയില്ല.
താൻ പരിഭ്രാന്തനായി. അന്വേഷണം പല വഴി നീങ്ങി. പോലീസിൽ പരാതിപ്പെട്ടു. ഒടുവിൽ ലൈബ്രറി കെട്ടിടത്തിന്റെ ഉടമസ്തനോടൊപ്പം അവൾ തമിഴ് നാട്ടിലേക്കു കടന്നു എന്ന വിവരം കിട്ടി.
അവൾ ഒരു ഭാര്യയും ഒരു പിഞ്ചു കുഞ്ഞിന്റെ അമ്മയും എന്നതിൽ ഉപരി കാമദാഹിയായ ഒരു ഉന്മാദിനി ആയിരുന്നു.
നാണക്കേടു ഭയന്ന് കുറച്ചു നാൾ ജോലിയിൽ നിന്നും അവധിയെടുത്തു. പാലക്കാട് അമ്മയുടെ കുടുംബത്തിൽ പെട്ട വയസ്സായ ലച്ചു അമ്മ എന്നു താൻ വിളിക്കുന്ന ലക്ഷ്മി അന്തർജ്ജനത്തിന്റെ വീട്ടിൽ അഭയം തേടി.
അവിവാഹിതയും ഒറ്റയ്ക്കു താമസിക്കുകയും ചെയ്തിരുന്ന ലച്ചുവമ്മയ്ക്ക് താനും കുഞ്ഞും ചെന്നത് വലിയ സന്തോഷം ആയിരുന്നു.
അവധി കഴിയുന്നതിനു മുൻപേ പാലക്കാട്ടേക്കു മാറ്റം വാങ്ങി. ലച്ചുവമ്മയ്ക്ക് ഒരു സഹായിയെക്കൂടി വച്ചു കൊടുത്തു.
അവരാണ് മോളേ വളർത്തിയത്.
മോൾ ഇപ്പോൾ ബി. എഡ്. നു പഠിക്കുന്നു. അവൾക്കു അധ്യാപിക ആകാനാണിഷ്ടം. യാത്രയിലുടനീളം മോൾ ഉറക്കമായിരുന്നു. ഒടുവിൽ തൊടുപുഴ താലൂക്ക് ആശുപത്രിയുടെ മുറ്റത്തു ചെന്നപ്പോൾ കാറു നിർത്തി.
"എന്താ അച്ഛാ ഇവിടെ?" ഉറക്കത്തിൽ നിന്നും വിളിച്ചെഴുന്നേൽപ്പിച്ചപ്പോൾ മോൾ ചോദിച്ചു.
"വരൂ മോളേ... മോൾ എന്നും നിന്റെ അമ്മയെക്കുറിച്ച് ചോദിക്കാറില്ലേ. ദാ ഇവിടെയുണ്ട്. പത്തൊൻപതു വർഷങ്ങൾക്കു മുൻപ് നമ്മളെ ഉപേക്ഷിച്ചു പോയ അമ്മ!"
അവളുടെ മുഖം വിടർന്നു.
"അമ്മയ്ക്ക് ഇവിടെയാണോ ജോലി. എന്തിനാണ് അമ്മ നമ്മളെ ഉപേക്ഷിച്ചു പോയത്? അച്ഛൻ ഒന്നും പറഞ്ഞിട്ടില്ല. ലച്ചുവമ്മൂമ്മയ്ക്ക് ഒന്നും അറിയില്ല."മകൾ പറഞ്ഞു.
"വരൂ... " മകളേയും കൊണ്ട് ആശുപത്രിയിലെ ജനറൽ വാർഡിൽ ചെന്നു. നേഴ്സ് കാണിച്ചു തന്ന കട്ടിലിന്റെ അടുത്തെത്തി. അവിടെ അസ്ഥിപഞ്ജരം പോലെ കണ്ണടച്ചു കിടന്നിരുന്ന രൂപത്തെ സിസ്റ്റർ മെല്ലെ പേരു ചൊല്ലി വിളിച്ചു.
കണ്ണു തുറന്നു നോക്കിയ അവൾ ആദ്യം നോക്കിയത് മോളുടെ മുഖത്താണ്.പിന്നെ ആ പകച്ച നോട്ടം തന്റെ മുഖത്തു വന്നു തങ്ങി നിന്നപ്പോൾ അറിയാതെ തന്റെ കണ്ണുകൾ നിറഞ്ഞു.
മകളേ അവളുടെ അടുത്തേക്ക് നീക്കി നിർത്തിക്കൊണ്ടു പറഞ്ഞു... "മോളേ ഇതാണു നിന്റെ അമ്മ!" മോളുടെ നേർക്ക് കണ്ണിമയ്ക്കാതെ നോക്കി കിടന്നതല്ലാതെ അവൾ ഒന്നും മിണ്ടിയില്ല. എന്നാൽ ആ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു.
"സംസാര ശേഷി നഷ്ടപ്പെട്ടിരിക്കുന്നു. ഇനി അധികം ദിവസം ഉണ്ടാകില്ല. ആരും തുണയില്ലാതെ കഴിഞ്ഞ മാസം ഇവിടെ എത്തിയതാണ്."
നേഴ്സ് രഹസ്യമായി പറഞ്ഞു. സ്തംഭിച്ചു നിൽക്കുന്ന മോളോട് അമ്മയുടെ കാൽ തൊട്ടു വന്ദിക്കാൻ താൻ പറഞ്ഞു. അവൾ കരഞ്ഞു കൊണ്ട് അമ്മയുടെ കാൽ തൊട്ടു വന്ദിച്ചു. അമ്മയുടെ കൈകൾ കൂട്ടിപ്പിടിച്ചു അമ്മേ എന്നു വിളിച്ചു. ഉമ്മവച്ചു! ആ വരണ്ട ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടരാൻ വെമ്പി.
കയ്യിലിരുന്ന കുപ്പിയിൽ നിന്നും നഴ്സിന്റെ അനുവാദത്തോടെ മകൾ അമ്മയുടെ വായിലേക്ക് വെള്ളം ഇറ്റിച്ചു കൊടുത്തു. ആ മുഖത്തു സംതൃപ്തി നിറഞ്ഞു. മെല്ലെ ഒന്നു വായ തുറന്നടച്ചു. പിന്നെ ആ ശരീരം നിശ്ചലമായി. നേഴ്സ് ഡോക്ടറെ വിളിക്കാൻ ഓടി.
ഞാൻ തിരിച്ചറിഞ്ഞു.അവൾ ഈ ലോകജീവിതം വെടിഞ്ഞിരിക്കുന്നു. മാദക സൗന്ദര്യത്തിൽ മതിമറന്ന് ജീവിതം ആഘോഷമാക്കിയ അവളുടെ അന്ത്യം എന്നെ പലതും ചിന്തിപ്പിച്ചു. ഞാനും അവളുടെ അവസ്ഥക്കു കാരണക്കാരനല്ലേ...കടമകൾ മറന്ന്, പാവം അച്ഛനമ്മമാരെ മറന്ന്! എന്റെ മനസ്സിലും പശ്ചാത്താപം നിറഞ്ഞു.
നടപടികൾ പൂർത്തിയാക്കി അവളുടെ ഭൗതിക ശരീരം ഏറ്റുവാങ്ങി. ആശുപത്രി അധികൃതരുടെയും മുൻസിപ്പാലിറ്റിയുടെയും സഹായത്തോടെ പൊതു ശ്മശാനത്തിൽ ദഹിപ്പിച്ചു.
മകളെയും കൊണ്ടു മടങ്ങുമ്പോൾ ജീവിതത്തിന്റെ ഒരു അധ്യായം അവസാനിക്കുകയായിരുന്നു.
മോൾ അവശയായിരുന്നു. അവിടെ നിന്നും മടങ്ങുമ്പോൾ ഒരു കാര്യം തീരുമാനിച്ചിരുന്നു മോളെയും കൂട്ടി ഇല്ലത്തേയ്ക്കു മടങ്ങണം. എൺപതു വയസ്സു പിന്നിട്ട തന്റെ അഫനോടും അമ്മയോടും കാലിൽ വീണു മാപ്പിരക്കണം!
മോളുടെ അമ്മയുടെ മോക്ഷപ്രാപ്തിക്കുള്ള കർമ്മങ്ങൾ ചെയ്യണം. തിരിച്ചു കാറോടിച്ചു മടങ്ങുമ്പോൾ മനസ്സു ശൂന്യമായിരുന്നു.