ഹോസ്പിറ്റൽ വരാന്തയിലൂടെ ആളുകൾ ധൃതി പിടിച്ച് അങ്ങോട്ടും, ഇങ്ങോട്ടും ചലിച്ച് കൊണ്ടിരിക്കുന്നത് നോക്കി തന്റെ കസേരയിൽ ചുവടുറപ്പിച്ച് 'വരദ' ഇരിക്കാൻ തുടങ്ങിയിട്ട് കുറെ നേരം ആയി.
ആളുകളുടെ മുഖത്തു കാണുന്ന ഭാവപകർച്ചയുടെ പൊരുൾ എന്തായിരിക്കും എന്ന് വെറുതെ നിരീക്ഷണം നടത്തിയപ്പോൾ, ചില ആളുകൾ ദുഃഖത്തിന്റെ പിടിയിലും, വേദനയുടെ പിടിയിലും, എന്നാൽ ചില മദ്ധ്യവയസ്കൻമാർ ജീവിത യഥാർഥ്യങ്ങളുടെ എടുത്താൽ പൊങ്ങാത്ത ഭാണ്ഡക്കെട്ടുകൾ പേറിയതിനാൽ, ആ കണ്ണുകളിലെ പകച്ച ഭാവം 'വരദ'യ്ക്ക് അൽപം മനപ്രയാസം ഉളവാക്കി.
ചുറ്റുമൊന്ന് കണ്ണോടിച്ചപ്പോൾ കണ്ടു, ഓരോരുത്തർക്കും ഓരോ ഭാവങ്ങൾ ആണെന്ന്.
ജീവിതം താണ്ടിയ കാലത്തിന്റെ കനലുകൾ, മനുഷ്യ ജന്മത്തിന് എന്നും ആധിയാണ് സമ്മാനിക്കുക. വിധിയുടെ ക്രൂരതകൾ പലപ്പോഴും പലരെയും, പല വിധത്തിൽ പാദത്തിന്റെ ചുവട്ടിൽ ഇട്ട് ഞെരിച്ചമർത്തുമ്പോഴും, പിന്നെയും പുതിയ പ്രതീക്ഷയുടെ പുതുനാമ്പുകൾ വീണ്ടും ജീവിക്കാൻ പ്രേരിപ്പിക്കുന്നു. കാലം എന്തായാലും നല്ലതെങ്കിലും കാത്ത് വെക്കാതിരിക്കുമോ?
ചിന്തകൾക്ക് തടയണയിട്ടുകൊണ്ട് ഡേ. സുദർശനൻ തന്റെ ENT സെപഷലിസ്റ്റ് എന്ന എഴുതി വെച്ചിരിക്കുന്ന door ന് ലക്ഷ്യമാക്കി നടന്നു വരുന്നുണ്ടായിരുന്നു. അവിടെ കസേരയിൽ ഇരുന്ന പേഷ്യൻന്റ്സ് മുഴവൻ അദേഹത്തെ കണ്ടപ്പോൾ പതുക്കെ ഒന്ന് ഇളകി ഇരുന്നു.
അവിടേക്ക്, അപ്പോൾ മന്ദസ്മിതം തൂകി കൊണ്ട് ധൃതിയിൽ വന്ന സിസ്റ്റർ അകത്തേക്ക് ഞൊടിയിട കയറി എന്നിട്ട് പുറത്തേക്ക് വന്നു പേര് വിളിച്ചു.
"ശ്രീവത്സൻ "
ആ പേര് കേട്ടതും വരദക്ക്, തലക്കുള്ളിൽ ഒരു ഇടി മുഴുക്കം. ആകെ പരവേശം പൂണ്ടു വിയർക്കാൻ തുടങ്ങി. അത് പിന്നെ അങ്ങിനെതന്നെയാണല്ലോ കുറെ വർഷങ്ങൾ ആയിട്ട്.
'വരദ' അത് ആരാണെന്ന് അറിയാൻ, എണീക്കുന്ന അനക്കം കണ്ട് പുറകിലേക്ക് നോക്കി. പെട്ടെന്ന് അയാളെ കണ്ട് ഞെട്ടിത്തരിച്ചു പോയി. അറിയാതെ ഇരിക്കുന്ന കസേരയിൽ നിന്ന് എണീറ്റപ്പോൾ 'ശ്രീവൽസൻ 'വരദയെയും കണ്ടു.
ആ മുഖത്തും ഞെട്ടൽ. അയാൾ വരദയുടെ മുഖത്തേക്ക് ഉറ്റി നോക്കി കൊണ്ട് ഡോർ തുറന്ന്, അകത്ത് കടന്നു.
ദൈവമേ.... 25 വർഷങ്ങൾക്കപ്പുറം. ഒന്നും ആലോചിക്കാൻ ശേഷിയില്ലാതെ വരദ അവിടെ നിന്ന് രക്ഷപെട്ട് ഓടാൻ കാലുകളെ കൂട്ടുപിടിച്ചു.
ഉള്ള തലവേദന ഒന്നും കൂടെ ആക്കം കൂടിയിരിക്കുന്നു. കാണിക്കേണ്ട... ഇവിടെ നിന്ന് ഓടി രക്ഷപടണം. 'വരദ 'ചിന്തിച്ചു.
സിസ്റ്റർ പെട്ടെന്ന് door തുറന്ന് പുറത്തേക്ക് വന്നതും, 'വരദ' എന്ന് വിളിച്ചതും ഒന്നിച്ചായിരുന്നു.
ചലിക്കാൻ തുടങ്ങിയ കാലുകൾ അവള നേരെ, കൺസൽറ്റിംഗ് റൂമിലേക്കാണ് കൊണ്ടെത്തിച്ചത്.
ഡോക്ടർ അയാളെ പരിശോധിക്കുകയായിരുന്നു.
ഇപ്പോ, കണ്ണിന് വല്യ കുഴപ്പം ഒന്നും കാണാനില്ല. അടുത്ത കീമോ കഴിയുമ്പോൾ നമുക്കൊന്ന് വിശദമായി നോക്കാം. ഡോക്ടർ ഒരു പുഞ്ചിരിയോടെ അയാളോട് മൊഴിഞ്ഞു.
ദൈവമേ... ശ്രീക്ക്, എന്താണ് അസുഖം കീമോയേ...'വരദ' വീണ്ടും തളർന്നു. വീഴാതിരിക്കാൻ കസേരയുടെ പുറകിൽ പിടിച്ച് നിന്നു.
"ഡോക്ടർ, മോളെ കണ്ണൊന്ന് നോക്കണം."അയാൾ പറഞ്ഞു.
"അതിനെന്താ... എന്താ മോളെ പേര്."
അയാൾ വരദയെ വല്ലാത്തൊരു നോട്ടം നോക്കി കൊണ്ട് പറഞ്ഞു.
"വരദ..."
ഏ... വരദയുടെ മുഖത്തുകൂടി വിയർപ്പ് കണങ്ങൾ ഒഴുകി ചാലുകൾ പണിതു കൊണ്ടിരുന്നു. ധരിച്ചിരിക്കുന്ന കണ്ണടയിൽ ആവി കയറി കാഴ്ചകളെ മറച്ചു.
തന്റെ പേര് അയാൾ സ്വന്തം മോൾക്ക് നൽകി തന്നോട്ള്ള കടമ നിർവഹിച്ചിരിക്കുന്നു.
അവര് യാത്ര പറഞ്ഞു പോയപ്പോൾ വരദയുടെ ഊഴം എത്തി.
"തലവേദന കുറവുണ്ടോ?" ഡോക്ടർ എന്നത്തേയും പോലെ ചോദിച്ചു.
"കുറവ് ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ തലവേദനിക്കുന്നു."
"സാരമില്ല, മരുന്ന് നമുക്ക് 6 മാസം കൺടിന്യു ചെയ്യാം..."
"വേറെ എന്തേലും ഉണ്ടോ? ഇപ്പൊ എങ്ങിനെയാ ടെൻഷൻ കുറവുണ്ടോ?."
വരദ ഡോക്ടറുടെ മുഖത്തേക്ക് തന്നെ നോക്കി. പറയണോ, പറയണ്ടേ....അവൾ ഉഴറി നിന്നു. ഒടുവിൽ ഇങ്ങിനെ പറഞ്ഞു.
"ഡോക്ടർ എന്നോട് ചോദിക്കാറില്ലേ... നല്ല ഭർത്താവ്, കുട്ടികൾ, സാമ്പത്തിക ശേഷി, പിന്നെ എന്താണ് ഇടക്കിട്ടെ പാനിക് ആകുന്നത് എന്ന്. അതിനുള്ള ഉത്തരം ആണ് ഇപ്പോ പോയ ആൾ," 'വരദ 'ശ്വാസം എടുക്കാൻ കഴിയാതെ നിറുത്തി നിറുത്തി പറഞ്ഞു.
"ആര്, ശ്രീവത്സനോ... "ഡോക്ടർ, അത്ഭുതംകൂറിയ മിഴികളോടെ ചോദിച്ചു.
അവൾക്ക് മറുപടി പറയാൻ സാധിച്ചില്ല. വാക്കുകൾ പുറത്തേക്ക് വരാതെ തൊണ്ടയിൽ കുടുങ്ങി കിടക്കുന്നത് പോലെ. അവൾ പറയാൻ കഴിയാതെ വല്ലാതെ മനപ്രയാസം അ നുഭവിക്കുന്നുണ്ട് എന്ന് അവളുടെ മുഖഭാവം പ്രകടമാക്കിയിരുന്നു.
"വരദ... പ്ലീസ്... ടെൻഷൻ വേണ്ട, എന്തായാലും തുറന്നു പറയൂ...ശ്വാസം നന്നായി വലിച്ചു വിട്ടുകൊണ്ട് relax ചെയ്യൂ..."
വരദ ഒരു ദീർഘശ്വാസം എടുത്തു. എന്നിട്ട് ഒന്ന് നിവർന്ന് ഇരുന്നു. എന്നിട്ട് പതുക്കെ ചോദിച്ചു.
"അയാൾക്ക് എന്താണ് അസുഖം. "
"വയറിനാണ് അസുഖം പിടിപെട്ടിരിക്കുന്നത്. രക്ഷപെടാൻ ചാൻസ് കുറവാണ്, വർഷങ്ങൾക്ക് മുമ്പ് അയാൾ പോയ്സൺ കഴിച്ചിരുന്നു. അതിൽ സംഭവിച്ചതാണ്."
വരദ താൻ ഇരിക്കുന്ന കസേരയുടെ മുന്നിലുള്ള ചെയറിൽ ഒന്ന് അള്ളി പിടിച്ചു. മനസ്സ് വിദൂരയിലേക്ക് ഒന്ന് തുറന്ന് വിട്ടു.അല്പം നേരം മൗനം തുടർന്നു. പിന്നെ പറഞ്ഞു.
"കേൾക്കുന്നവർക്ക് അത്ഭുതം തോന്നാം, ഞങ്ങൾ തമ്മിൽ അരമണിക്കൂർ പരിചയമേയുള്ളൂ.... അത് എന്നാൽ ജീവിതകാലം മുഴുവൻ കുരുക്കിട്ട് പിടിച്ചിരിക്കുന്നു."
"അര മണിക്കൂറോ... "ഡോക്ടരുടെ കണ്ണുകൾ ഒന്ന് ഒന്ന് കുറുകി ചെറുതായി.
"അതെ ഞാൻ പഠിക്കുന്ന കോളേജിലേക്ക് പെണ്ണ് കാണാൻ വന്നതായിരുന്നു ഇയാൾ, ചുരുങ്ങിയ നേരം കൊണ്ട് ഞങ്ങൾക്ക് പരസ്പരം ഇഷ്‌ടപെട്ടു. ഒരു പാട് സംസാരിച്ചു. ഒരു പാട് അടുപ്പമുള്ള ആളെ പോലെ തോന്നി."
വരദ, നന്നായി കിതക്കുന്നുണ്ടായിരുന്നു.
"എന്നാൽ വീട്ടിലേക്ക് വന്നപ്പോൾ എല്ലാ സന്തോഷവും കെട്ടടങ്ങി. മുമ്പേ പെണ്ണ് കാണാൻ വന്ന ഒരു കൂട്ടരുമായിട്ട് വിവാഹം ഉറപ്പിച്ചിരിക്കുന്നു. അന്ന് പ്രത്യേകിച്ച് അത്ര വലിയ ഫീൽ ഒന്നും തോന്നിയില്ല. ഒന്നാമത് പ്രതികരണ ശേഷി ഇല്ലായിരുന്നല്ലോ? എന്നാൽ ശ്രീയുടെ വീട്ടുകാർ നിരന്തരം വീട്ടിൽ വന്ന് മറ്റേ കല്യാണത്തിൽ നിന്ന് പിന്മാറാൻ അഭ്യർത്ഥിച്ചു കൊണ്ടിരുന്നു. എന്നാൽ വാക്ക് കൊടുത്തവർക്ക് വാക്ക് മാറ്റി പറയാൻ കഴുയൂലല്ലോ. അച്ഛൻ അതിന് ഒരിക്കലും തയ്യാറായില്ല. അങ്ങിനെ ഒരു ദിവസം അറിഞ്ഞു, ശ്രീ ആത്മഹത്യക്ക് ശ്രമിച്ചു എന്ന്. അന്ന് പുകയാൻ തുടങ്ങിയതാ മനസ്സ്, പുകഞ്ഞു പുകഞ്ഞു ചിലപ്പോൾ ആളി കത്തും. അപ്പോഴാണ് ഞാൻ വല്ലാതെ പാനിക്ക് ആകുന്നത്."
"ഡോണ്ട് വറി... നമ്മൾ വിചാരിച്ച പോലെ ഒന്നും നടക്കില്ലല്ലോ.... എല്ലാം മേലെയുള്ളവന്റെ തീരുമാനം പോലെയല്ലേ നടക്കൂ..."
"ശരിയാണ്, "അതും പറഞ്ഞു അവൾ അവിടെ നിന്ന് എണീറ്റു, യാത്ര പറഞ്ഞ് ഇറങ്ങി.
പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ണുകൾ ചുറ്റിലും പരതി നടന്നു, മരുന്ന് കളക്ട് ചെയ്യുന്ന സ്ഥലത്ത് ഉണ്ടാകുമെന്ന് വിചാരിച്ചു. എന്നാൽ അവിടെ എങ്ങും ശ്രീയെ കണ്ടില്ല. തൊണ്ട വല്ലാതെ വരണ്ടു പോയിരുന്നു, എന്തേലും കുടിക്കാം എന്ന് വിചാരിച്ചു കാന്റീനിലേക്ക് വെച്ചു പിടിച്ചു.
അവിടെഎത്തിയപ്പോൾ അതാ അവിടെ ശ്രീയും, മോളും, വരദയുടെ ഹൃദയമിടിപ്പ് വീണ്ടും വർധിച്ചു. അവൾ വേഗം ചെന്നു അവരുടെ എതിരെ ഉള്ളത് സീറ്റിൽ ഇരുന്നു.
"ശ്രീ.. "അവൾ അയാളെ വിളിച്ചു... അയാളെ മുഖത്തെ മാറ്റം അവൾക്ക് പിടിച്ചെടുക്കാൻ കഴിഞ്ഞില്ല. കാരണം ആ കണ്ണുകൾ നിർവികാരമായിരുന്നു. അവൾ അതെ രൂപത്തിൽ അയാളെ നോക്കി.
"എന്നെ മനസ്സിലായില്ലേ... ഞാൻ വരദയാണ്. മോൾടെ പേരും 'വരദ' എന്നാണ് അല്ലെ. ഒരു മോളെ ഉള്ളൂ..."
അതിന് മറുപടി പറഞ്ഞത് മോൾ ആണ്.
"ഇത് നമ്മൾ അവിടെ കണ്ട ആന്റിയല്ലേ..."
"ആൻറ്റീ... ഇത് എന്റെ അങ്കിൾ ആണ്."
വരദ അയാളുടെ മുഖത്തേക്ക് ഒന്ന് ചൂഴ്ന്ന് നോക്കി.
"അതെ, ഞാൻ വിവാഹം കഴിച്ചിട്ടില്ല."
അവളുടെ മനസ്സും, ശരീരവും, ഒരു കുഞ്ഞു പൊട്ടായി മാറിയത് പോലെ. ആ പൊട്ടിനെ വന്ന് ഇരുട്ട് വിഴുങ്ങി.അതെ എങ്ങോട്ടെങ്കിലും ഒന്ന് അലിഞ്ഞ് ഇല്ലാതാവണം അവൾ ത്രീവമായി മോഹിച്ചു.
അവൾ പെട്ടെന്ന് അവിടെ നിന്ന് ചാടി എണീറ്റു. അയാളുടെ മുഖത്തേക്ക് നോക്കാൻ അവൾക്ക് കെൽപ്പ് നഷ്‌ടപെട്ടിരുന്നു.
"അങ്കിളെ.. ഈ ആന്റി ഏതാ... " മോളെ സൗണ്ട് അവൾ കേട്ടു.
"എന്റെ ഫ്രണ്ട് ആണ്."
"എത്ര കാലം പരിജയമുണ്ട്, "മോൾ പിന്നെയും ചോദിക്കുന്നത് കേട്ടു.
"ഈ ജീവിത കാലം മുഴുവൻ." അയാൾ മറുപടി കൊടുത്തു. ബാക്കി ഒന്നും വരദ കേട്ടില്ല... അവൾ കാലുകൾ വലിച്ചു കൊണ്ട് വളരെ വേഗത്തിൽ നടന്നു. രണ്ടാത്മാക്കളിൽ രൂപപെട്ട മുറിവ്, വലിയൊരു വ്രണമായി ജീവിത കാലം മുഴുവൻ കൂടെയുണ്ടല്ലോ എന്ന തിരിച്ചറിവിൽ വരദ ഒന്നും കൂടെ കാലുകൾ വലിച്ചു നടന്നു.