അരികിലാരോ അതു
നീയല്ലേ ശലഭമേ, എൻ
സ്മൃതിപഥത്തിൽ
കുളിർകാറ്റു പോലെ.
ആയിരം കാതം നാം
തിരികെ നടന്നപ്പോൾ,
ആയിരം കണ്ണുകൾ
കാത്തിരിപ്പൂ!
ഇവിടം നിലാവുപോ-
ലിന്നലെകൾ പെയ്യുന്നു,
അവിടെ, സതീർത്ഥ്യരെൻ
ലോകം ഭരിക്കുന്നു.
ഈ ചേലുള്ള മിഴികളാൽ,
മൊഴികളാൽ, ചിരികളാൽ,
തിരികെ നാമെത്തവേ-
ഈ സാഗരം നിറയുന്നു.
ഉണ്മയതു നമ്മളിൽ
വെണ്മയായ് നിറയുന്നു,
ഹൃദയ മദ്ധ്യത്തിലായ്
പടുവൃക്ഷം തണലേകാൻ.
ഊഞ്ഞാലു കെട്ടി നാം
ശിഖരത്തിലാടുന്നു,
ഋതുവോ വെളിച്ചമായ്
നമ്മിൽ നിറയുന്നു.
എവിടെയോ കാണാം
തുറസ്സാം മുറികളെ,
മുറികളിൽ മിഴിവേകി
വിജ്ഞാനം കേൾക്കുന്നു.
ഏതേതു ഭാഷക-
ളേതേതു വിഷയങ്ങൾ,
ഏതേതു ചിന്തക-
ളേതേതു സ്വപ്നങ്ങൾ.
ഐരാവതം പോൽ-
ഇന്ദ്രഗജമായി മേയുന്ന,
മറവിയുടെ മേച്ചിൽ
പുറങ്ങളിലോർമ്മകൾ.
ഒരു മാത്ര ഞാനൊന്നു
മിഴിയടച്ചീടട്ടെ,
മിഴിനീരടക്കാതെ
കാലം കടക്കുവാൻ.
ഓരോരോ കാഴ്ചകൾ
പിന്നെയും വിരിയുന്ന,
കൗമാരകാലമതു
പൂ പോലെയല്ലയോ?
ഔഷധമായ് നീ ചിരി
തൂകി നിൽക്കവേ,
നോവിക്കും നോവുക-
ളെങ്ങോ മറയുന്നു.
അംബുജം പോലിവിടെ
സ്നേഹം വിരിയുന്നു,
കാലമൊരു നദിയായി
നമ്മളിൽ ചേരുന്നു.
അരികിലാരോ അതു
നീയല്ലേ ശലഭമേ,
എൻ സ്മൃതിപഥത്തിൽ
കുളിർ കാറ്റുപോലെ!