

എപ്പഴും എൻ്റെ പൊറകെ നടക്കും കക്ഷി. ഞാൻ സ്കൂള് വിട്ട് വരണതും നോക്കി, എടറോട്ടിൽ കാത്ത് നിൽപ്പുണ്ടാവും. അതാപ്പോ മൂപ്പിലാൻ്റെ, ഇപ്പോഴത്തെ പ്രധാന പരിപാടി. അവന് ന്തൊക്കെയോ എന്നോട് പറയണംന്ന് ണ്ട്. പക്ഷേ, മലയാളം ഒട്ടും അറിഞ്ഞൂടലല്ലോ, എനിക്കാണേൽ ബംഗാളീം. അവൻ്റേതു നല്ല പൂച്ചക്കണ്ണാട്ടോ, എന്തൊരു ഭംഗ്യാന്നാ കാണാൻ! ഒത്തിരിയൊത്തിരി ഇഷ്ടം. ഇനി ഇവനാകുമോ മോഹിത്ത് റെയ്ന, ഈ പാറോതിക്കുട്ടീടെ ശിവൻ!
ഒരൂസം, അവനെനിക്ക് കൂട്ടുകാരെ കാണിക്കാതെ ഒരു മൊബൈൽ ഫോൺ തന്നു. ക്ലാസ്സുകഴിഞ്ഞ് റോട്ടുമ്മലൂടെ ബസ്സ്റ്റാൻ്റിലേക്ക് പോകുമ്പോ ഞാനൊറ്റയ്ക്ക് നടക്കാർന്നൂ. ഓരോരോ വർത്തമാനോം പറഞ്ഞ്, കൂട്ടാരൊക്കെ ബഹുദൂരം മുമ്പിലും. അതോണ്ട്, അവനതു തരാനും എനിക്കതു മേടിക്കാനും സൗകര്യായി. ആരും കാണാതെ ഞാനതെൻ്റെ ബാഗിന്നകത്തു വെച്ച് കത്തിച്ചു വിട്ടു വീട്ടിലേക്ക്. അവടെ ചെന്ന് ചടപടേ..ന്ന് പഴയ ബാഗിലേക്കാക്കി. അമ്മ പാടത്താർന്നു. ഭാഗ്യം! അതോണ്ട് ആരുമൊന്നും അറിഞ്ഞില്ല.
പിറ്റേന്ന് സ്ക്കൂള് വിട്ട് പോരുമ്പോ, അവനൊരു കടലാസ്സുകഷണം ചുരുട്ടിയെറിഞ്ഞ് എൻ്റെ കാലിലെക്കിട്ടു, കാലുമ്മേ പാമ്പു ചുറ്റീന്നാ വിചാരിച്ചേ. ബസ്സിലിരിക്കുമ്പോ അതിനെ, രഹസ്യമായൊന്നു തൊറന്നു നോക്കി. എൻ്റെ കണ്ണ് ശരിക്കും ബൾബായിട്ടോ, ഐഡിയായുടെ നല്ല അടിപൊളി സിം. അപ്പോത്തന്നെ, ഞാനതു ചുരുട്ടിക്കൂട്ടി ബാഗിലേക്കിട്ടു. ഭാഗ്യത്തിന്, അതും ആരും കണ്ടില്ല.
അന്നു രാത്രി ഒരു പോള കണ്ണടച്ചില്ല, ആ സിമ്മെടുത്ത് മൊബൈലിലേക്കിടും വരെ. എന്തത്ഭുതം! അതു ചാലായി. ആ മങ്ങിയ വെളിച്ചം എൻ്റെ തലക്കകത്തും മുറിയിലും നിറഞ്ഞു. അപ്പോത്തന്നെ അതിലൊരു കോൾ വന്നു. ശരിക്കും ഞാൻ ഞെട്ടി. റൂമിൽ ഒറ്റക്കായതു ഭാഗ്യം, അല്ലെങ്കിൽ..
പിന്നെയാരും വിളിച്ചില്ല. സൈലൻ്റാക്കിയിട്ട് ഉറങ്ങാൻ കിടന്നു. മധുര സ്വപ്നങ്ങൾ കൂട്ടിനു വന്നു. അൽപ്പം കഴിഞ്ഞപ്പോൾ വീണ്ടും അതു വെളിച്ചപ്പെട്ടു. ഏതോ ഒരു നമ്പറിൽ നിന്നും തുരുതുരാ കോൾ. വിറക്കുന്ന കയ്യോടെ അതെടുത്തു. സമാധാനമായി. അതവൻ തന്നെ. എൻ്റെ മോഹിത് റയ്ന. ഒരുപാടു വിശേഷങ്ങൾ ബംഗാളിയിൽ ചോദിച്ചു. നിന്നോടെനിക്കു വല്ലാത്ത പ്രണയ് ഹും എന്നൊക്കെ പറഞ്ഞ് മോഹിത്തിനെപ്പോലെ ചിരിച്ചു. ആ ചിരി എനിക്കിഷ്ടായി. ചിരിക്കു ഭാഷയില്ലല്ലോ? ന്നാലും, നല്ല ബാസൊക്കെയുണ്ട്. ശരിക്കും കൈലാസനാഥനിലെ ശിവൻ തന്നെ. ഇവനാളു വിചാരിച്ചേനേക്കാളും മിടുക്കനാണല്ലോ?
പിറ്റേന്നും കൃത്യം രാത്രി പന്ത്രണ്ടിന് വിളിവന്നു. സൈലൻ്റായതിനാൽ ലൈറ്റ് മാത്രമേ ഉണ്ടായുള്ളൂ. ഞാൻ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. മുജ്ജന്മത്തിൽ അവനും ഞാനും കാമുകീ കാമുകന്മാർ ഹും ഹേ ആയിരുന്നൂത്രേ. ശരിക്കും ശിവനും പാർവ്വതീം. ഞാൻ എൻ്റെ പഴയ ജന്മത്തെപ്പറ്റി ഓർത്തു. എനിക്ക് ഒരു പുടീം കിട്ടീല്യ. പിറ്റേന്നും അവൻ വിളിച്ച് അതു തന്നെ പറഞ്ഞു. പതിഞ്ഞ ശബ്ദത്തിൽ ചെവിയിൽ സ്വകാര്യം പറഞ്ഞു. ഓരോന്നു പറഞ്ഞ് എന്നെ കിക്കിളിയിട്ടു. എനിക്കാകെ കുളിരുമൂത്തു. സംസാരത്തിനു നീളം കൂടിയത് ഞാനറിഞ്ഞില്ല. പിറ്റേന്നു രാവിലെ എണീക്കുമ്പോ ഭയങ്കര ക്ഷീണം. ക്ലാസ്സിലും ക്ഷീണം. കോട്ടുവായിട്ട് കോട്ടുവായിട്ട് എൻ്റെ വായ രണ്ടായി പിളരുമെന്നായി. സ്കൂളിലായാലും പകലുറക്കം പതിവായി. പക്ഷേ ആ സ്വപ്നത്തിലും അവൻ വന്നു. ൻ്റെ ശിവ. മോഹിത്ത് റയ്ന. കുളിരുള്ള വർത്തമാനങ്ങൾ കൊതിയോടെ പറഞ്ഞു. ഞങ്ങൾ രണ്ടു പേരും മുഖത്തോടുമുഖം നോക്കി അർത്ഥം വെച്ചു ചിരിച്ചു.
പതിവുപോലെ രാത്രിയിൽ പുതപ്പിനുള്ളിൽ ഉറങ്ങാതെ കിടക്കുകയായിരുന്നു അന്നും. മൊബൈൽ ചെവിയിൽ കുളിരു തന്നു കൊണ്ടിരുന്നു. ഒരു നിമിഷം.. നാടകത്തിലെ കർട്ടൻ നീങ്ങണ പോലെ എൻ്റെ പുതപ്പു പൊന്തി. സാക്ഷാൽ ഹിമവാൻ അതാ എൻ്റെ മുമ്പിൽ, ഞാൻ ഞെട്ടി! മൊബൈൽ കയ്യോടെ പൊക്കി. ഒട്ടും കുളിരില്ലാതെ അതിലൂടെ സംസാരിച്ചു. ഇതെൻ്റെ അച്ഛൻ തന്നെയോ? എന്തു തെറി! എനിക്കാകെ ഭയമായി. അച്ഛൻ്റെ മണിപ്രവാളം കവിതകൾ കേൾക്കാൻ വയ്യാതെ, ഞാനെൻ്റെ ഇരു ചെവികളും പൊത്തിപ്പിടിച്ചു. ഹിമവാൻ രൂക്ഷമായെന്നെ നോക്കിയയെങ്കിലും തല്ലാതെ വിട്ടു. ഒന്നും ചോദിച്ചുമില്ല. ആ മൊബൈലിനെ പിന്നെ ഞാനിതുവരേം കണ്ടിട്ടില്ല, അതിന്നകത്തുള്ള സിമ്മിനേയും. പക്ഷേ പിറ്റേന്ന്.. ഒട്ടും പ്രതീക്ഷിക്കാതെ ചൂലിൻ്റെ കടമുറികൊണ്ട് അമ്മ നടുമ്പുറം നോക്കി തന്നു. ഒരു കാരണവും പറഞ്ഞില്ല. പിന്നെ, കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. ഞാനൊന്നും മിണ്ടിയില്ല. മനം നിറയെ ആ താന്തോന്നിയായിരുന്നല്ലോ. എൻ്റെ ശിവ.
പിറ്റേന്ന് ക്ലാസ്സുകഴിഞ്ഞ് വരുമ്പോൾ അവനെ വഴിയോരത്ത് കണ്ടു. വിവരങ്ങളെല്ലാം ഒരു കഷണം കടലാസ്സിലെഴുതിയിരുന്നു. അതു ചുരുട്ടിക്കൂട്ടി ഒന്നുമറിയാത്തതു പോലെ പുല്ലിലേക്കിട്ടു. തിരിഞ്ഞു നോക്കിയപ്പോൾ അവനത് കാലോണ്ട് തട്ടുന്നതു കണ്ടു. എന്തായാലും എടുക്കാതിരിക്കില്ല. കൂട്ടുകാരാരെങ്കിലും അവൻ്റെ ഭാഷായിലോട്ട് ആക്കി കൊടുക്കുവാരിക്കും. അടുത്ത ദിവസം പുതിയൊരു മൊബൈൽ അവൻ തന്നു. സിമ്മ് അതിന്നകത്ത് ഉണ്ടെന്നു പറഞ്ഞു. ജിയോൻ്റെ ഹും. മനസ്സിലായില്ലെ? ജിയോൻ്റെ മൊബൈലാണെന്ന്.
തലവേദനയാണെന്നും പറഞ്ഞ് കൂട്ടുകാരികളുടെ പുറകിൽ നടന്നതിനാൽ അവരതു ശ്രദ്ധിച്ചില്ല. നല്ല അടിപൊളി മൊബൈൽ. എന്തു ഭംഗ്യാ കാണാൻ! വാട്സപ്പും ഫെയ്സ് ബുക്കുമൊക്കെയുണ്ട്. ഞങ്ങൾക്കു കണ്ടു സംസാരിക്കാം. പക്ഷെ വീട്ടിൽ എടുക്കാൻ പറ്റണ്ടെ? അമ്മയെപ്പോഴും മുള്ളൻ മണക്കണ പൂച്ചയെപ്പോലെ പിന്നാലെ പമ്മിപ്പമ്മി നടപ്പാണ്. കിടപ്പ് പോലും അമ്മയുടെ ഒപ്പം. എൻ്റെ എല്ലാ സ്വാതന്ത്ര്യവും പോയി. ഹിമവാനാണെങ്കിൽ ചുറ്റിലും നിരീക്ഷണം ശക്തമാക്കി. എങ്കിലും, എന്നോടൊന്നും നേരിട്ടു ചോദിച്ചതുമില്ല.
അവസാനം ഭയന്നതു തന്നെ സംഭവിച്ചു. തട്ടുമ്മോളിലെ എൻ്റെ പഴയ ബാഗിൽ നിന്നും, എന്തോ പുരാവസ്തു കണ്ടെടുക്കുന്ന ലാഘവത്തോടെ, ആ പുതിയ മൊബൈൽ ഫോണിനെ അമ്മ പൊക്കി. ഒന്നേ നോക്കിയുള്ളൂ. ഉടനേയത് അച്ഛനു കൈമാറി. ആരുടെ മൊബൈലാണെന്നൊന്നും അച്ഛൻ ചോദിച്ചില്ല. കൂട്ടുകാരിയുടേതാണെന്നു പറഞ്ഞ് കള്ളക്കഥകളുണ്ടാക്കി കാണാപ്പാഠം പഠിച്ചതു വെറുതെയായി. ഹിമവാനതിനെ അമ്മിമേൽ വെച്ചു. കുഴയെടുത്ത് ഇഞ്ചപ്പരുവമാക്കി. അങ്ങനെ എന്നോടുള്ള വൈരാഗ്യം തീർത്തു.
പിറ്റേന്ന് സ്കൂൾ വിട്ടുവരുമ്പോൾ ഞാനവനെ നോക്കി. ഒരിടത്തും കണ്ടില്ല. ഇടം കണ്ണുകൊണ്ട് പിന്നേം കൊറെ തിരഞ്ഞു. വലം കണ്ണും വെറുതേയിരുന്നില്ല. നോ ഗുണം. ആകെ വെഷമമായി. പാവം ൻ്റെ ശിവ. അവനെന്തു പിഴച്ചു? എന്തു സംഭവിച്ചു കാണുമോ എന്തോ?
രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഉത്തരം കിട്ടി. വലതുകയ്യിലും കാലേലും പ്ലാസ്റ്ററിട്ട് അവൻ പാതയോരത്ത് കാത്തുനിന്നു. വല്ലാത്ത തലവേദനയുണ്ടെന്നു മുൻകൂട്ടി പറഞ്ഞതിനാൽ കൂട്ടുകാരികൾ എന്നെ ശല്യപ്പെടുത്താതെ മുമ്പേ പോയി. അവൻ ഉന്തിയുളുക്കി എൻ്റെ പിന്നാലെ നടന്നു. മേം ആശുപത്രീ ഹേ. അവൻ ആശുപത്രിയിലായിരുന്നൂന്ന്. ഹിമവാൻ നേരിട്ടു ചെന്ന് കയ്യും കാലും തല്ലിയൊടിച്ചത്രെ. എന്തു കഷ്ടാദ്! മഹാപാവം. അവനെന്നാ ചെയ്യാനാ? നിന്നു കൊള്ളുക തന്നെ. ദ്രോഹി. എനിക്ക് അച്ഛനോട് നല്ലതുപോലെ ദേഷ്യം വന്നു.
"നീ എൻ്റെ കൂടെ പോരുന്നോ?"
അവൻ ചോദിച്ചു. ഞാൻ ഞെട്ടിപ്പോയി! ഇവനെന്നാ മലയാളം പഠിച്ചേ.
"എവിടേക്ക്?"
"ൻ്റെ നാട്ടിലേക്ക്."
"അതെവിട്യാ?"
"ബംഗാളില്.."
"ഏതു ബംഗാള്?"
"കിഴക്കൻ ബംഗാള്.."
"അതു ബംഗ്ലാദേശല്ലേ?"
"അങ്ങനേം പറയും."
"നീ മലയാളിയല്ലല്ലോ, ഞാനില്ല. ഞാൻ മലയാളീസിനേ കെട്ടൂ."
"ആരു പറഞ്ഞു അല്ലെന്ന്? മലയാളവും എനിക്കറിയാം.. നീ ബന്നേ."
ചുറ്റുപാടും നോക്കി, അവനെൻ്റെ കയ്യേൽ കയറിപ്പിടിച്ചു. എനിക്കു നന്നെ വേദനിച്ചു. കൂട്ടുകാരികളൊക്കെ മുമ്പേ പോയി. അവനെന്നെ ഒരു കൂട്ടുകാരൻ്റെ കൂടെ ഓട്ടോയിൽ കയറ്റി.
കുറച്ചു ദൂരം പോയപ്പോൾ, ഇടവഴിയിൽ നിന്നും വേറെ ഒരുത്തനും കൂടെ ഞങ്ങടെ വണ്ടിയിൽ കയറി. ഒരു കണക്കിന് ഞങ്ങൾ റെയിൽവേ സ്റ്റേഷനിലെത്തി. അവൻ ടിക്കറ്റെടുക്കാൻ പോയപ്പോൾ ആ രണ്ടു പേരും എനിക്കു കാവലിരുന്നു. അവരെൻ്റെ നെഞ്ചിലേക്ക് തറപ്പിച്ചു നോക്കി. എന്നിട്ട്, അവരുടെ ഭാഷയിൽ എന്തോക്കെയോ കുശുകുശുത്തു. ട്രെയിൻ വരാൻ പിന്നെയും അരമണിക്കൂർ എടുക്കും. എനിക്കാകെ ടെൻഷനായി. പ്ലാറ്റ്ഫോമിലെ ചാരുബഞ്ചിലിരുന്ന് ഞാനവൻ്റെ തോളത്തു തല ചായ്ച്ച് കൈലാസത്തിലെ മാനസസരോവറിനെ സ്വപ്നം കണ്ടു. ശിവൻ പാർവ്വതിയെ എന്ന പോലെ അവനെന്നെ കെട്ടിപ്പിടിച്ചു. ആരും ശ്രദ്ധിക്കാതിരിക്കാൻ വെളിച്ചം കുറവുള്ള ഭാഗത്താണ് ഞങ്ങൾ ഇരുന്നത്.
അൽപ്പം കഴിഞ്ഞപ്പോൾ രണ്ടു വനിതാ പോലീസുകാർ അതു വഴി വന്നു. അവർ ഞങ്ങളുടെ അടുത്തേക്കു വന്നു. എന്തോസംശയിച്ച് ഇവിടെയെന്താ ഇരിക്കുന്നതെന്ന് ചോദിച്ചു. ഞാനൊന്നും മിണ്ടിയില്ല. ആകെ പേടിച്ചു പോയി. അവൻ്റെ സഹോദരിയാണ് ഞാൻ എന്നവൻ പറഞ്ഞു. അവരിലൊരാൾ ദേഷ്യത്തോടെ ഊമയാണോ എന്നെന്നോടു ചോദിച്ചു. അതേയെന്നു പറഞ്ഞതും അവർ പൊട്ടിച്ചിരിച്ചു. പിന്നെ തിരിച്ചും മറിച്ചു ചോദ്യങ്ങളായി. എന്താ പറയേണ്ടതെന്ന് ഒരു രൂപവും കിട്ടിയില്ല. ഇതിനിടയിൽ എൻ്റെ ശിവ ഓടിപ്പോകാൻ നോക്കി. ആരൊക്കെയോ കൂടി അവനെ ഓടിച്ചിട്ടു പിടിച്ചു. വനിതാ പോലീസ് ഞങ്ങളേയും കൂട്ടി റെയിൽവേ പോലീസ് സ്റ്റേഷനിലേക്കു നടന്നു.
പാവം ശിവയെ പോലീസ് പരുഷമായി ചോദ്യം ചെയ്തു. എന്തൊരു കരച്ചിലായിരുന്നു. എനിക്കും സങ്കടം വന്നു. ശിവൻ കരയുന്നത് ഞാൻ ഒരിടത്തും കണ്ടിട്ടില്ല. കൈലാസനാഥനിലും അങ്ങനെയൊരു ഭാഗമില്ല. ദേഷ്യം വന്നാൽ തൃക്കണ്ണു തുറക്കും ശിവൻ. അതിൽ നിന്നും വരുന്ന തിയ്യ് സകലതും ചുട്ടു ചാമ്പലാക്കും. അത്രേ ള്ളോ. അതല്ലാതെ.. നീം ൻ്റെ ശിവയെന്താണ് അവൻ്റെ മൂന്നാം കണ്ണു തുറക്കാത്തത്? ഈ പോലീസ് സ്റ്റേഷനൊക്കെ ഈസിയായി ഭസ്മമാക്കാവുന്നതല്ലേയുള്ളൂ?
പോലീസുകാർ അവൻ്റെ കയ്യിലേയും കാലിലേയും ബാൻ്റേജ് അവനെക്കൊണ്ടു തന്നെ അഴിച്ചിച്ചു. സ്കിപ്പ് ജമ്പ് ചാടിപ്പിച്ചു. ദുഷ്ടന്മാർ. പക്ഷേ ശിവയത് ഈസിയായി ചാടീലോ. അപ്പോ ൻ്റെ ശിവാക്ക് ഒരു കൊഴപ്പോല്യ! പൂർണ്ണ ആരോഗ്യവാൻ. അതാണു ശിവ!
പോലീസ് രാത്രിക്കു രാത്രി വീട്ടിലേക്കു ഫോൺ ചെയ്തു. ഹിമവാനും കൂട്ടരും ചാട്ടുളിപോലെയെത്തി. ഞാൻ മൊത്തത്തിൽ എല്ലാവരേയും എണ്ണി നോക്കി. എൻ്റെ അച്ഛനും ചെറിയച്ഛനും ചെറിയച്ഛൻ്റെ രണ്ടു മക്കളും അടക്കം നാല്. അവരുടെ കൂടെയുള്ള അയൽപ്പക്കത്തെ കാസിമിക്കയേയും അന്തോണ്യേട്ടനേയും ചേർത്താൽ ആറ്. പിന്നെ ലോക്കപ്പില് ശിവയെക്കൂടാതെ വേറെ ആറു പേരും. അപ്പോ.. ഈരാറു പന്ത്രണ്ട്. സ്റ്റേഷനിലെ എല്ലാ പോലീസുകാരേയും കൂട്ടിയാലും മുപ്പത്താറേ ആവുന്നുള്ളൂ. ഞാനും എൻ്റെ ശിവായും നാൽപ്പതു പേരും തികയുന്നില്ലല്ലോ. നാലു പേരുടെ കുറവുണ്ട്. ഭാഗ്യായീ. ദാ വരണു രണ്ടു പോലീസുകാര് രണ്ടു പേരേം കൊണ്ട്.
ഇപ്പം, കണക്കു ശര്യായി. ഞാനും ൻ്റാളും നാൽപ്പതു പേരും. മനസ്സിലായില്ലേ? ഞാനും ൻ്റെ ശിവേം അടക്കം നാൽപ്പതുപേരെന്ന്. അല്ല.. ഈ വന്നവര്, അതവരല്ലേ? ൻ്റേം ശിവേടേം കൂടെ ഓട്ടോയിലുണ്ടായിരുന്നോർ. ഇപ്പോൾ കണക്കു മൊത്തം ശര്യായീട്ടോ.