(Satheesh Kumar)
ഒരു ഞായറാഴ്ച വൈകുന്നേരം ചെമ്പരത്തി യുടെ ചുവട്ടിൽ ഇരുന്ന് പഴയ ലൂണാർ ചെരുപ്പ് വെട്ടി കളിവണ്ടിയുടെ ടയർ ഉണ്ടാക്കാനുള്ള അതി ഭയങ്കരമായ എഞ്ചിനീയറിംഗ് വർക്കിൽ മുഴുകി ഇരുന്നപ്പോഴാണ് കപ്പകൾക്ക് ഇടയിൽ നിന്നും വീട്ടിലെ പ്രധാന കട്ടയായ ഭൈരവൻ വിരിഞ്ഞു വരുന്നത് കണ്ടത്.
ഇതെന്താ ഇവന്റെ ദേഹത്ത് പച്ചക്കളറിൽ വള്ളി പോലെ എന്തോ ഒന്ന്. അടുത്തു വന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഒരു പച്ചില പാമ്പ്. " യ്യോ " അകവാള് വെട്ടിയ ഞാൻ ചാടിയെഴുന്നേറ്റു.
"എന്തോന്നാടാ ഇത് " ഞാൻ അലറിക്കൊണ്ട് ചോദിച്ചു.
"ഇതൊക്കെ എന്ത് " എന്ന് സലീംകുമാർ സ്റ്റൈലിൽ പറയുന്നത് പോലെ ഭൈരവൻ എന്നെ പാളിയൊന്നു നോക്കിയിട്ട് അപ്പുറത്തെ നന്ത്യാർവട്ട ത്തിന്റെ ചുവട്ടിൽ കാൽ നിവർത്തി വെച്ചു കിടന്നു.
ഉഗ്രൻ ഒരു യുദ്ധം കഴിഞ്ഞു ഊപ്പാട് വന്നുള്ള കിടത്തമാണ് ഇതെന്ന് മനസ്സിലായി. പച്ചിലപാമ്പ് ദേഹത്ത് ചുറ്റിയിട്ടുണ്ടെങ്കിലും അതിന്റെ തലയൊക്ക ട്രാൻസ്‌പോർട്ട് ബസ്സ് കയറിയ പച്ചത്തവളയുടെ പോലെയുണ്ട്.
ശിവൻ കൊച്ചാട്ടൻ പാമ്പിനെ കഴുത്തിൽ ഡിസൈൻ ചെയ്തു ഇട്ടേക്കുന്നത് പോലെയാണ് ഭൈരവന്റ പച്ചില പാമ്പ് ഡിസൈൻ. പാമ്പിന്റെ തല പടവലങ്ങ പോലെ താഴേക്ക് കിടക്കുകയാണ്. കുഴിയിലേക്ക് വാലും നീട്ടി കിടക്കുകയാണെങ്കിലും " എടാ കുരുത്തം കെട്ടവനെ ഇന്നുനിന്നെ ഞാൻ കടിച്ചു പറിക്കുമെടാ " എന്നും പറഞ്ഞു വളരെ പ്രയാസപ്പെട്ട് തലയും ഉയർത്തി ഒന്ന് വരും ഭൈരവന്റെ മുഖത്തിനു നേരെ
"ഒന്ന് പോടെർക്കാ അവിടുന്ന്" എന്നും പറഞ്ഞുകൊണ്ട് കൈകൾ ഉയർത്തി പാമ്പിന്റെ തലമണ്ടക്കിട്ട് മാന്തിയൊരു അടി അടിച്ചു ഭൈരവൻ..
"എന്നെയിങ്ങനെയിട്ട് വിഷമിപ്പിക്കാതെ ഒറ്റയടിക്ക് അങ്ങ് കൊല്ലരുതോ" എന്ന് പറയുന്നത് പോലെ പാമ്പിൻ ഹെഡ് അച്ചിങ്ങാ പയർ പോലെ താഴെ വീണു വിശ്രമിച്ചു.
അപ്പോഴേക്കും എവിടെയൊക്കെയോ മാരത്തോൺ ഓട്ടം ഓടി അണച്ചു പതയിളകിക്കൊണ്ട് ടിപ്പുവും സ്പോട്ടിൽ എത്തി. വന്നപാടെ, പാളയൻ തോടൻ വാഴക്ക് കുറച്ചു വെള്ളത്തിന്റെ ആവശ്യം ഉണ്ട് എന്ന് ആരോ ഫോൺ വിളിച്ചു പറഞ്ഞത് പോലെ, ഒട്ടും സമയം കളയാതെ കാലും പൊക്കി ജലസേചനം നടത്തി കുറച്ചു പുറകോട്ട് നീങ്ങി നിന്ന് "ഇപ്പം ഞാൻ വന്നില്ലാരുന്നേൽ കാണാരുന്നു, കരിഞ്ഞു ഉണങ്ങിയേനെ നീ" എന്ന് പറയുന്നത് പോലെ മുഖമുയർത്തി വാഴയെ ഒന്ന് നോക്കിയിട്ട് ,"മൊതലാളിയും തൊഴിലാളിയും എന്താ ഇവിടെ പരിപാടി എന്ന് ചോദിക്കുന്നത് പോലെ അടുത്തു വന്നു നോക്കി നിന്നു.
"ആഹാ ഇത് കൊള്ളാമല്ലോ നിനക്കിതൊക്കെ എങ്ങനെ പറ്റുന്നെടാ ഉവ്വേ " എന്ന് പറയുന്നത് പോലെ ഭൈരവന്റെ പുതിയ ഡിസൈൻ ഒന്ന് ശ്രെദ്ധിച്ചു നോക്കി മണപ്പിച്ചുകൊണ്ട് അടുത്തു ചെന്നു.
പെട്ടന്ന് "എടാ കുരുത്തം കെട്ടവനെ" എന്ന് പറഞ്ഞു കൊണ്ട് ലവൻ പിന്നേം ഒന്ന് പൊങ്ങി വന്നു. ഭയന്നുപോയ ടിപ്പു വെസ്റ്റേൺ മ്യൂസിക് പോലൊരു ശബ്ദവും ഇട്ടുകൊണ്ട് കുന്തളിച്ചു പുറകോട്ട് ഒരു ചാട്ടം.
"ഇങ്ങനെ കിടന്നു കരയാതെടാ ഭീരുക്കളെപ്പോലെ " എന്നു പറഞ്ഞു ഭൈരവൻ ലവന്റെ മോന്തക്കിട്ട് വീണ്ടും മാന്തിയൊരു അടി. ലവൻ ദേ വീണ്ടും അച്ചിങ്ങാ പയറു പോലെ താഴേക്ക്
"നീയാ ആടിനെ ഒന്ന് അഴിച്ചു കൊണ്ടുവന്നേ " എന്നും പറഞ്ഞു കൊണ്ട് അമ്മയും വന്നു
"അയ്യോ ഇതെന്തുവാ ഈ പൂച്ചേടെ ദേഹത്ത് " അമ്മ ഞെട്ടി പുറകോട്ട് മാറി
"നീയിതൊന്നും കാണുന്നില്ലേ, അതെങ്ങനാ വണ്ടി ഉണ്ടാക്കൽ അല്ലേ സർവ്വ സമയവും. എന്തെങ്കിലും ഗുണമുള്ള കാര്യം ആണെങ്കിൽ വേണ്ടില്ല. അവന്റെയൊരു വണ്ടി.
ഭാവിയിലെ രത്തൻ ടാറ്റായെയാണ് അമ്മയീ വഴക്ക് പറയുന്നത്. എന്നിലെ എഞ്ചിനീയർ ഹൃദയ വേദനയോടെ അമ്മയെ നോക്കി.
"വീട്ടിൽ മൊത്തം എലികൾ ആണ്. ഒരൊറ്റ ചാക്ക് നെല്ലുപോലുമില്ല തുരക്കാത്തത്, അതിനെയൊന്നും അവന് പിടിക്കാൻ വയ്യ. താങ്ങിക്കൊണ്ട് വന്നേക്കുന്നത് കണ്ടില്ലേ പച്ചില പാമ്പിനെ. ഈ പാമ്പിനെയും പല്ലിയെയും ഒക്കെ പിടിച്ചിട്ട് അടുക്കളേൽ കേറിയാൽ നിന്റെ മുട്ടുകാൽ ഞാൻ തല്ലിയൊടിക്കും പറഞ്ഞേക്കാം" അമ്മ ഭൈരവനെ അറഞ്ചം പുറഞ്ചം വഴക്കു പറഞ്ഞു കളഞ്ഞു.
പാമ്പ് പിടുത്തത്തിൽ ഒരു മത്തിത്തല അവാർഡ് എങ്കിലും പ്രതീക്ഷിച്ച് ഇരുന്ന ഭൈരവനാണ് നിന്നീ വാങ്ങിക്കുന്നത്.
"ഓ സാറിവിടെ ഉണ്ടാരുന്നോ, കണ്ടില്ലല്ലോ എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു. ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഈ പഞ്ചായത്തിലെ മൊത്തം പെൺപട്ടികളും ഈ പരിസരത്ത് ഉണ്ട്. കാരണക്കാരൻ നീയാണ്. പിള്ളേരെ വല്ലോം പട്ടി കടിച്ചാലുണ്ടല്ലോ പച്ചവെള്ളം തരില്ല നിനക്കി വീട്ടിൽ നിന്ന്. രാവിലെ അങ്ങ് ഇറങ്ങും നെരങ്ങാനായിട്ട് " പാളയൻ തോടൻ വാഴക്ക് അടുത്തു നിന്ന ഇടത്തരം കട്ട ടിപ്പുവിനെ നോക്കി അമ്മ പറഞ്ഞു.
"ഞാൻ മാത്രമല്ല അവരും ഇങ്ങനെ അങ്ങനെ" എന്നു പറയുന്നത് പോലെ പ്ലാഞ്ചിയ മുഖത്തോടെ ടിപ്പു ഇടങ്കണ്ണിട്ട് എന്നെ നോക്കി.
"നോക്കിയിരിക്കാതെ ഈ പൂച്ചേടെ ദേഹത്തെ പാമ്പിനെ കൊല്ലാൻ നോക്ക് നീ. അല്ലെങ്കിൽ അത് വീടിനുള്ളിൽ എങ്ങാനും അതിനെയും കൊണ്ട് വന്നു കളയും." എന്നു പറഞ്ഞിട്ട് അമ്മ പോയി.
"ശ്ശെടാ ഇതിപ്പോൾ കുരുക്ക് ആയല്ലോ ഈ പാമ്പിനെയൊക്കെ എങ്ങനെ" എന്നാലോചിച്ച് കൊണ്ട് വേലിപ്പടർപ്പുകൾക്ക് ഇടയിലൂടെ അപ്പുറത്തെ പറമ്പിലേക്ക് നോക്കി
കേശവൻ ചേട്ടൻ മണ്ട പോയ തെങ്ങിന്റെ താഴെ നിന്ന് തെങ്ങിലെ തത്തക്കൂട് നോക്കി എന്തോ വമ്പൻ പ്ലാൻ മനസ്സിൽ ഉണ്ടാക്കുന്നു. "കേശവൻ ചേട്ടാ ഹൂയ്" ഞാൻ നീട്ടി വിളിച്ചു.
എന്റെ വിളി കേട്ട് പറമ്പിലേക്ക് കയറി വന്നു.
"എന്താ മോനെ "
"കേശവൻ ചേട്ടാ ഒരു പച്ചില പാമ്പ് "
"പാമ്പോ അയ്യോ എവിടെ" അകവാള് വെട്ടിയ കേശവൻ ചേട്ടൻ സഡൻ ബ്രേക്ക് ഇട്ടുകളഞ്ഞു. ഞാൻ കാര്യം വിശദീകരിച്ചു പറഞ്ഞു
"ആഹാ അത് ശെരി ഇവൻ ആള് കൊള്ളാമല്ലോ. വല്ല തൊരപ്പൻ എലിയെയും പിടിക്കാനുള്ളതിന് ഇവനിത് എന്ത് ഭാവിച്ചാണ്.ഒരു വലിയ വടി എടുത്തോണ്ട് വാ" എന്നു പറഞ്ഞു കേശവൻ ചേട്ടൻ ഭൈരവന്റെ അടുത്തു ചെന്നു. ഞാനൊരു മുളങ്കമ്പു മായി വന്നു.
തെറിവിളി കേട്ട് കലങ്ങിയിരുന്ന ഭൈരവൻ വടിയുമായി വരുന്ന എന്നെക്കണ്ടു ഞെട്ടിചാടി എഴുന്നേറ്റു.
"നില്ക്കു പൂച്ചേ അവിടെ നിന്നെ തല്ലാനല്ല " എന്നും പറഞ്ഞു കൊണ്ട് കേശവൻ ചേട്ടൻ എന്റെ കയ്യിൽ നിന്നു വാങ്ങിയ വടിയുമായി ഭൈരവന് നേരെ ചെന്നു. ഭയന്നുപോയ ഭൈരവൻ വാഴത്തോട്ടത്തിൽ ചാടി
"എടാ പാമ്പിനെ പിടിക്കാനാടാ" എന്നും പറഞ്ഞു കൊണ്ട് ഞാനും കൂടെച്ചാടി.
"ഭൈരവൻ ബ്രോയെ തല്ലാനാണോ പ്ലാൻ " എന്നുപറയുന്നത് പോലെ ടിപ്പുവും കൂടെച്ചാടി. ആകെയൊരു കരപിരളി. ഭയന്നുപോയ ഭൈരവൻ പാമ്പിനെയും കൊണ്ട് ചാടി പേരമരത്തിൽ കയറി
"ഇങ്ങോട്ട് ഇറങ്ങു പൂച്ചേ എന്നലറിക്കൊണ്ട് ഞങ്ങൾ താഴെ"
"മുതലാളി പറയുന്നത് അങ്ങ് അനുസരിച്ചു കൂടെഡാ പരട്ടെ" എന്നു പറയുന്നതുപോലെ ടിപ്പു മുകളിലേക്ക് നോക്കിയിരുന്നു.
കേശവൻ ചേട്ടൻ എവിടെനിന്നോ ഒരു വലിയ തോട്ടിയുമായി വന്നു. പേര മരത്തിന്റെ മുകളിൽ ഇരിക്കുന്ന ഭൈരവനെ പതുക്കെ അതിൽ നിന്നും അനക്കി താഴെ ഇടാൻ നോക്കി.
"പിന്നേ ഇച്ചിരി പുളിക്കും" എന്ന് പറയുന്നതുപോലെ ഭൈരവൻ ചാഞ്ഞുകിടക്കുന്ന ഒരു മരക്കൊമ്പിന്റെ അടുത്തേക്ക് നീങ്ങി ഞങ്ങൾ അത്യന്താധുനികമായ ആയുധങ്ങളായ തോട്ടി, മുളങ്കമ്പ് എന്നിവയുമായി നേരെ അതിൽ ചുവട്ടിലും.
തൊട്ടുതാഴെ ഒരു പൂവൻ വാഴ കുടുംബസമേതം പടർന്നു പന്തലിച്ചു പത്തികളും വിരിച്ചു നിൽപ്പുണ്ട്. ഈ രംഗങ്ങളെല്ലാം കണ്ടുകൊണ്ട് ടിപ്പു ആകെ ത്രില്ലടിച്ചു ഒരു പരുവമായി. കേശവൻ ചേട്ടൻ ഭൈരവൻ നിൽക്കുന്ന കൊമ്പിൽ ചെറുതായി ഒന്ന് അനക്കി പെട്ടെന്ന് നിയന്ത്രണംവിട്ട ഭൈരവൻ "പടച്ചോനേ ഇങ്ങള് കാത്തോളീൻ" എന്ന രീതിയിൽ അലറിക്കൊണ്ട് തൊട്ടു താഴെ നിൽക്കുന്ന ഞങ്ങളുടെ മണ്ടക്കോട്ട് ഹൈജമ്പും ലോങ് ജമ്പും സമാസമം മിക്സ് ചെയ്ത് ഒരു ചാട്ടം. വെറും ചാട്ടമല്ല പാമ്പിനെയും കൊണ്ടുള്ള ചാട്ടമാണ്.
ഓടിക്കോടാ എന്നലറിക്കൊണ്ട് കേശവൻ ചേട്ടൻ വലത്തോട്ടും ഞാൻ ഇടത്തോട്ടും ചാടി. ചാട്ടത്തിൽ ബാലൻസ് തെറ്റിയ ഞാൻ വീഴാതെ ഇരിക്കാനായി പെട്ടന്നു മുന്നിൽ കണ്ട വാഴക്കയ്യിൽ കയറി പിടിച്ചു. വാഴക്കയ്യും അടത്തിക്കൊണ്ട് പൂവൻ വാഴയുടെ കുടുബത്തിൽ ചെന്നു ഞാൻ ലാൻഡ് ചെയ്തു വിശ്രമിച്ചു. താഴേക്ക് ചാടിയ ഭൈരവൻ ഓടി അടുത്ത പഞ്ചായത്തിൽ എത്തി. കേശവൻ ചേട്ടന്റെ കയ്യിൽ നിന്നും കൺട്രോൾ വിട്ടുപോയ തോട്ടി ടിപ്പുവിന്റെ അടുത്താണ് പോയി വീണത്. " "പേടിപ്പിച്ചു കൊല്ലാൻ നോക്കുന്നോടാ മരഭൂതമേ" എന്നലറിക്കൊണ്ട് ടിപ്പു ഭൈരവന്റെ പുറകിനു വെച്ചു പിടിച്ചു.
വാഴക്കൂട്ടത്തിന്റെ നടുക്ക് കിടന്ന കിടപ്പിൽ മുകളിലേക്ക് നോക്കിയ ഞാൻ ഞെട്ടിപ്പോയി. തൊട്ടു മുകളിൽ പേരക്കമ്പിൽ അച്ചിങ്ങാ പയർ പോലെ ഞാന്നു കിടക്കുന്ന സ്നേക്കണ്ണൻ. ഞാൻ ചാടിയെഴുന്നേറ്റു. മാരത്തോൺ ഓടാൻ തുടങ്ങിയ കേശവൻ ചേട്ടൻ അൻപത് മീറ്റർ ഓടി തിരിച്ചു വന്നു തോട്ടികൊണ്ട് സ്നേക്കണ്ണനെ വലിച്ചു താഴെയിട്ടു.
ഭൈരവന്റെ അക്രമത്തിൽ തകർന്നുപോയ അണ്ണൻ ഇഹലോകവാസം വെടിഞ്ഞു കഴിഞ്ഞിരുന്നു.
"ഇവൻ ആള് വില്ലനാണ്. പറന്നു കണ്ണിൽ വന്നു കൊത്തുന്ന ഇനമാണ് " എന്നു തുടങ്ങി പച്ചില പാമ്പിന്റ ഒരു സ്റ്റഡി ക്ലാസ്സും എടുത്തിട്ടാണ് കേശവൻ ചേട്ടൻ പോയത്. അവസാനം ഒരു ചെറിയ കുഴി എടുത്തു സ്നേക്കണ്ണനെ അടക്കം ചെയ്തിട്ട് കിണറ്റിൽ നിന്നും വെള്ളം കോരി കാലും മുഖവും കഴുകി വീട്ടിലേക്ക് കയറുമ്പോൾ പശുത്തൊഴുത്തിൽ സംഘം ചേർന്നിരുന്ന് അടുത്ത കുരുത്തക്കേടിനെപ്പറ്റി കൂനംകലുഷിതമായ ചർച്ച നടത്തുന്നുണ്ടായിരിന്നു ഭൈരവനും ടിപ്പുവും.