mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Sathish Thottassery)

ഫ്രാൻസിസ്  സ്ഥലം സെന്ററിലെ അട്ടിമറി തൊഴിലാളിയാണ്. നീല ഷർട്ടും കള്ളിമുണ്ടും സ്ഥിരം വേഷം. ഷർട്ടിന്റെ പോക്കറ്റിൽ യൂണിയന്റെ പേര് തുന്നിച്ചേർത്തിട്ടുണ്ടാകും. വല്ല കല്യാണങ്ങൾക്കോ   കാതുകുത്തുകൾക്കോ പോകുമ്പോൾ മാത്രമേ  വേറെ വേഷത്തിൽ കാണാൻ പറ്റൂ. എല്ലാവരും പ്രാഞ്ചിയെന്നേ വിളിക്കൂ.

പൊട്ടത്തരം കൂടെപ്പിറപ്പായത് കൊണ്ടു കൂടെയുള്ള യൂണിയൻകാരും പിന്നെ അടുത്തറിയാവുന്നവരും സ്നേഹത്തോടെ  "പൊട്ടൻ  പ്രാഞ്ജ്യേ" ന്നു വിളിക്കും. ലോഡ് കയറ്റിയ വണ്ടികൾ  ഇവരുടെ തട്ടകത്തിൽ പ്രവേശിക്കുമ്പോഴേ പണിയുണ്ടാവൂ. ബാക്കി സമയത്തൊക്കെ യൂണിയൻകാർ ഡയലോഗടിച്ചും വായിൽ നോക്കിയും സമയം കളയും.

ഒരിക്കൽ വിജയമാത പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ചു രാത്രി തോമാശ്ളീഹാ നാടകം കത്തി കയറുന്നു. പള്ളിപ്പറമ്പിൽ ഉള്ള ട്യൂബ് ലൈറ്റുകൾ എല്ലാം ഓഫാക്കിയിട്ടുണ്ട്. ഒരു സുഹൃത്ത് അപ്പോഴാണ് നിലക്കടല തിന്നുകൊണ്ടു പ്രാഞ്ചിയുടെ അടുത്ത് വന്നിരുന്നത്. കോണാകൃതിയിൽ പൊതിഞ്ഞ ഒരു കപ്പലണ്ടി പൊതി പ്രാഞ്ചിക്കും കൊടുത്തു. ആദ്യത്തെ മണി വായിലിട്ടു കടിച്ചപ്പോൾ എന്തോ ഒരു ചവർപ്പ്. അടുത്ത മണിയും  തഥൈവ. കേടായ മണിയായിരിക്കും എന്ന് കരുതി അത് മിണുങ്ങി അടുത്ത മണി വായിലേക്ക് എറിഞ്ഞു കടിച്ചു. 

ഹൈ..ഏന്തൂട്ട് ഇഷ്ട..എല്ലാ കപ്പലണ്ടിയും കേടോ എന്ന് വിചാരിച്ച നിമിഷം നാടകത്തിന്റെ ഒരു രംഗം കഴിഞ്ഞു ട്യൂബ് ലൈറ്റുകൾ ഓണായി വെളിച്ചം പരന്നു. പ്രാഞ്ചി പൊതി അഴിച്ചു പരിശോധിച്ചപ്പോൾ അതിൽ മുഴുവൻ ആട്ടിൻ പിഴുക്ക. മുൻകൂട്ടി തീരുമാനിച്ചത് പ്രകാരം വേറൊരു സുഹൃത്ത് വായകഴുകാൻ കൊടുത്ത വെള്ളക്കുപ്പിയിൽ ഗോമൂത്രമായിരുന്നത്രെ. എന്തിനു പറയുന്നു നീചൻമാരെ അന്ന്പ്രാഞ്ചി പള്ളി പറമ്പിൽ ഓടിച്ചിട്ടടിച്ചു.

ആയിടക്ക്  സ്ഥലം മാറ്റം കിട്ടി വന്ന എ. സി. പി കർക്കശക്കാരനായ ഐ. പി. എസ് കാരനായിരുന്നു. പട്ടണത്തിലെ ഗുണ്ടകളെയൊക്കെ അദ്ദേഹം ഒരാഴ്ച കൊണ്ട് ഒതുക്കി പേരെടുത്തു. ഒരു അർധരാത്രി ടൗണിൽ നിന്നും പട്രോൾ കഴിഞ്ഞു  ക്യാമ്പിലേക്ക് നിലവിളി ശബ്ദം ഓഫാക്കി കാറിൽ പോകുന്നവഴിക്കു് കലുങ്കിൽ ബീഡിയും വലിച്ചു സൊറ പറഞ്ഞിരുന്ന പ്രാഞ്ചിയേയും വേറെ രണ്ടു   സഖാക്കളേയും എ. സി. പി പൊക്കി. പിറ്റേന്ന് മുഖത്തെ വിരല്പാടുകൾ കണ്ടിട്ട് 

"എന്തൂട്ടണ്ട പ്രാഞ്ച്യേ ഇന്നലെ നല്ലോണംകിട്ടീല്ലേന്നു" ചോദിച്ച കണ്ടക്ടർ ശോഭനോട്  പ്രാഞ്ചി പറഞ്ഞത്

"രണ്ടെണ്ണം കിട്ട്യാലെന്താ വെറും പി. സി യിൽ നിന്നല്ലല്ലോ എ. സി. പ്പീടെ കയ്യീന്നല്ലെ" എന്നാണത്രെ.

പ്രാഞ്ചിയും സഖാക്കളും സ്ഥിരമായി എല്ലാ ശനിയാഴ്ചയും ടൗണിൽ ഫസ്റ്റ് ഷോ സിനിമ കണാൻ പോകാറുണ്ട്. പോകുമ്പോൾ ബസ്സിലും വരുമ്പോൾ, ആ സമയത്തു ബസ്സില്ലാത്തതിനാൽ നടന്നും  വരികയാണ് പതിവ്.  റോഡ് സൈഡിൽ ഒരു ചേട്ടന്റെ ബംഗ്ലാവുണ്ട്. സഖാക്കൾ സിനിമ കണ്ട് മടങ്ങുമ്പോൾ ചേട്ടനും ചേടത്തിയാരും അത്താഴം കഴിഞ്ഞു ബാൽക്കണിയിൽ സൊള്ളികൊണ്ടിരിക്കുമായിരുന്നു. അത് കാണുമ്പോൾ പ്രാഞ്ചി റോഡിൽ നിന്നുകൊണ്ട് വെറുതെ ഒരു രസത്തിന്  "കാതലേ വാ" എന്ന് രണ്ടു മൂന്ന് പ്രാവശ്യം ഉറക്കെ വിളിച്ചു പറയും. ഇത് പതിവായപ്പോൾ ചേട്ടൻ ഒരു ദിവസം അളിയനെ ബാൽക്കണിയിൽ ചേടത്തിയാരുടെ അടുത്തിരുത്തി ഗേറ്റിനു ചുവട്ടിൽ മറഞ്ഞിരുന്നു. ആ ശനിയാഴ്ച രാത്രിയും പ്രാഞ്ചി വീടിനു മുന്നിലെത്തി "കാതലേ വാ" എന്ന് രണ്ടുവട്ടം പറഞ്ഞതും ചേട്ടൻ ഗേറ്റ് തുറന്ന് പ്രാഞ്ചിയുടെ കഴുത്തിന് പിടിച്ചതും ഒപ്പമായിരുന്നു. എന്നിട്ട്  പ്രാഞ്ചിയുടെ പെട്ടക്കുറ്റിക്ക് ഒന്ന് പൊട്ടിച്ചുകൊണ്ടു്  "കാതലേ പോ" എന്ന് പറഞ്ഞു മുടുക്കി വിട്ടു. അതിൽ പിന്നെ പൊട്ടൻപ്രാഞ്ചി ഫസ്റ്റ് ഷോ സിനിമ കണ്ട ശേഷം ആ വഴി വന്നിട്ടില്ലത്രെ. 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ