mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഇത് ഫ്രെഡിയുടെ ജീവിതത്തിലെ ഒരു ഏടാണ്. ആളൊരു ഫ്രാഡ് ആയതുകൊണ്ട് അയാളെ ഫ്രാഡി എന്ന് വിളിച്ചിലും തെറ്റില്ല. ഏടിലെ പശു പുല്ലു തിന്നുകയില്ല എന്നാണ് പഴമൊഴിയെങ്കിലും   ഈ ഏടിലെ ഫ്രാഡി അങ്ങനെയല്ല. അവസരം കിട്ടിയാൽ പുല്ലല്ല വയ്ക്കോലായാലും കയ്യിട്ടുവാരി തിന്നും.

ഒരാൾ ചെയ്യുന്ന തൊഴിൽ അയാളുടെ പെരുമാറ്റത്തെയും സംസാരത്തെയും സ്വാധീനിക്കും  എന്നു പറയാറുണ്ട്. ബാങ്ക് ജീവനക്കാരനായ ഫ്രാഡിയുടെ കാര്യത്തിലും അത് ശരിയാണ്.

ബാങ്കിൽ ക്യാഷ്യറായ ഫ്രാഡി 5 ലക്ഷം രൂപ തിരിമറി നടത്തി. പിടി വീണു , സസ്പെൻഷനിലുമായി. തുടർന്ന് അയാളുടെ കുടുംബബന്ധങ്ങളിലും തിരിമറികൾ ഉണ്ടായി. ഇപ്പോൾ ഭാര്യ പിണങ്ങി പോയിരിക്കുകയാണ്. 

ഈ സംഭവങ്ങളുടെ  ആകെത്തുകയായി പണ്ടേ അരപ്പിരി ലൂസായ ഫ്രാഡിഇപ്പോൾ ഒരു പിരി കൂടി ലൂസ് ആയ അവസ്ഥയിലാണ്.

അതുകൊണ്ടാണോ എന്നറിയില്ല, അയാൾ പലപ്പോഴും ജീവിതത്തെയും സമൂഹത്തെയും ബാങ്കുമായി ബന്ധപ്പെടുത്തിയാണ് സംസാരിക്കാറുള്ളത് .സിംഗിൾ വിൻഡോ കൗണ്ടറുകൾ ബാങ്കിൽ  മാത്രമല്ല സമൂഹത്തിൻറെ വിവിധ തുറകളിൽ പ്രവർത്തിച്ചു വരുന്നതായി അയാൾ സാക്ഷ്യപ്പെടുത്തുന്നു. അവയുടെ പേര് ചിലപ്പോൾ മറ്റെന്തെങ്കിലും ഒക്കെയാകാം എന്നേയുള്ളൂ. എന്തിനേറെ? മനുഷ്യജീവിതത്തെ തന്നെ ഒരു ബാങ്കിനോട് ഉപമിക്കാം എന്നാണ് ഫ്രാഡി പക്ഷം. അക്കൗണ്ടിൽ പണമില്ലെങ്കിൽ മനുഷ്യൻറെ അവസ്ഥയും വണ്ടി ചെക്കിൻറ്റേതു പോലെയാണ്. 

ഫ്രാഡിയുടെ പിരി ലൂസായിക്കൊണ്ടിരിക്കുന്ന കാര്യം ആദ്യം മനസ്സിലാക്കിയത് ആത്മാർത്ഥ സുഹൃത്തായ ആൻഡ്രൂവാണ്. കാര്യത്തിൻ്റെ ഗൗരവം തിരിച്ചറിഞ്ഞ ആൻഡ്രൂ, ഫ്രാഡിയെയും കൊണ്ട് സൈക്കോളജിസ്റ്റ് മൈക്കിളിനെ കാണാൻ വന്നിരിക്കുകയാണ്. 

അവർ ടോക്കണെടുത്ത് സൈക്കിളിൻറെ മുറിക്കു മുന്നിൽ ഇരുന്നു.സൈക്കോളജിസ്റ്റ് മൈക്കിളിനെ ചുരുക്കി സൈക്കിൾ എന്നു വിളിക്കാം. മാത്രമല്ല വീട്ടിൽ നിന്ന് സൈക്കിൾ ചവിട്ടിയാണ് ഇദ്ദേഹം ക്ലിനിക്കിൽ എത്തുന്നത് എന്നതും ഈ പേരിനെ അന്വർത്ഥമാക്കുന്നു.

ഇന്ന് വലിയ തിരക്കില്ല. നേഴ്സ് മുറിക്ക് പുറത്ത് വന്ന് വിളിച്ചുപറഞ്ഞു:

"ടോക്കൺ ഫൈവ് "

അതുകേട്ട് ഫ്രാഡി ഏറ്റു പറഞ്ഞു: 

"ടോക്കൺ ഫൈവ് കൗണ്ടർ ടൂയിലാണ്." 

നേഴ്സ് ഫ്രാഡിയെ ഒന്ന് തറപ്പിച്ചു നോക്കി. പിന്നെ അഞ്ചാം ടോക്കൺകാരനേയും കൊണ്ട് അകത്തേക്ക് പോയി. പത്തുമിനിറ്റ് കഴിഞ്ഞ് നേഴ്സ് വീണ്ടും വന്നു. 

"ടോക്കൺ നമ്പർ സിക്സ്" 

ഫ്രാഡിയും വിട്ടില്ല: 

"ടോക്കൺ നമ്പർ സിക്സ് കൗണ്ടർ നമ്പർ ത്രീ യിലാണ് "

നഴ്സ്, ദേഷ്യവും മറ്റുള്ളവർ ചിരിയും അടക്കി. അടുത്തിരുന്ന ആൻഡ്രൂ ഫ്രാഡിയോട്മിണ്ടാതിരിക്കാൻ പറഞ്ഞു. അടുത്ത ടോക്കൺ വിളിയിൽ ഫ്രാഡിയും ആൻഡ്ര്യൂവും അകത്തുകയറി.

ഒറ്റ ജന്നൽ ഉള്ള ഒരു മുറി. അത് ശ്രദ്ധിച്ച് ഫ്രാഡി പറഞ്ഞു: "ഇതും ഒരു സിംഗിൾ വിൻഡോ കൗണ്ടർ തന്നെ." 

സൈക്കിളിൻ്റെ ഹെഡ് ലൈറ്റ് ഫ്രാഡിയുടെ ശരീരത്തിൽ ആകെ ഒന്നു കയറിയിറങ്ങി.  രണ്ടുപേരും ഇരുന്നു കഴിഞ്ഞപ്പോൾ സൈക്കിൾ ചോദിച്ചു: 

"മിസ്റ്റർ ഫ്രെഡി എന്ത് ചെയ്യുന്നു?" 

"ബാങ്ക് എംപ്ലോയി ആണ്."

ഇപ്പോൾ സസ്പെൻഷനിലാണ് എന്നുകൂടി ആൻഡ്രൂ കൂട്ടിച്ചേർത്തു.

"അതെന്തു പറ്റി ?"

ഫ്രാഡി കാരണം വിശദമാക്കി:

"ഞാൻ KYB പരിശോധിച്ചതാണ്" 

"KYC അല്ലേ?"

"KYC-നോ യുവർ കസ്റ്റമർ .KYB-  നോ യുവർ ബാങ്ക്. എൻറ്റെ ബാങ്കിൻറ്റെ സുരക്ഷ ഞാനൊന്ന് പരിശോധിച്ചതാണ്." 

"എങ്ങനെ ?"

"ഞാൻ ക്യാഷിൽ ഇരുന്നപ്പോൾ ഒരു അഞ്ചു ലക്ഷം രൂപ മാറ്റിവെച്ചു. ബാങ്കിന് അത് കണ്ടുപിടിക്കാൻ ഉള്ള സംവിധാനം ഉണ്ടോ എന്ന് അറിയണമല്ലോ." 

"എന്നിട്ട്?" 

"ഞാൻ വിചാരിച്ചതിനേക്കാൾ മെച്ചപ്പെട്ട സംവിധാനങ്ങൾ തന്നെ ബാങ്കിൽ ഉണ്ടായിരുന്നു. അവർ അത് കണ്ടുപിടിച്ചു. എന്നോട് ആ പണം തിരികെ അടയ്ക്കാൻ പറഞ്ഞു. ഞാൻ എതിർത്തില്ല."

"വെരി ഗുഡ്  "

" പകരം ആ തുക ഒരു ലോണായി പരിഗണിക്കണമെന്നും ഞാൻ റിട്ടയർ ചെയ്യുന്ന സമയത്ത് ഒറ്റത്തവണ തീർപ്പാക്കലിലൂടെ ആ തുക തിരികെ അടച്ചു കൊള്ളാം ഞാൻ അറിയിച്ചു. പക്ഷേ അത് അവർ അംഗീകരിക്കാതെ എന്നെ സസ്പെൻഡ് ചെയ്യുകയും നിയമ നടപടി സ്വീകരിക്കുകയുമാണ് ചെയ്തത്."

"5 ലക്ഷം രൂപ നിങ്ങൾ എന്ത് ചെയ്തു ?." 

"ലിക്വിഡ് ക്യാഷ് അല്ലേ ഡോക്ടർ, പലവഴിക്ക് ഒഴുകിപ്പോയി " 

അപ്പോൾ ആൻഡ്രൂ ഇടപെട്ടു: 

"ഇയാൾക്ക് മറ്റൊരു ബാങ്കിലെ ഒരു ജീവനക്കാരിയുമായി രഹസ്യ ബന്ധമുണ്ടെന്നാണ് ഭാര്യ ആരോപിക്കുന്നത്. " 

ഫ്രാഡി അത് നിഷേധിച്ചില്ല: 

"ഒരു ബാങ്കിന് മറ്റൊരു ബാങ്കുമായി ലയിക്കാനുള്ള അവകാശമുണ്ട് "

"പക്ഷേ നോക്കിയും കണ്ടും ഒക്കെ ല യിച്ചില്ലെങ്കിൽ കസ്റ്റമേഴ്സ് വഴിയാധാരമായിപ്പോകും "-സൈക്കിൾ ഓർമ്മിപ്പിച്ചു.

" ആ ലയനത്തിനിടയിൽ അഞ്ചു ലക്ഷം മറ്റേ ബാങ്കിലേക്ക് ഒഴുകി എന്നാണ് സംശയം .അതും പറഞ്ഞതാണ് ഇയാളുടെ ഭാര്യ പിണങ്ങി പോയത് " - ആൻഡ്രൂ തൻ്റെ അറിവ് പങ്കുവച്ചു.

"അവൾ പോയെങ്കി പോട്ടെ.അല്ലെങ്കിലും അവള് ശരിയല്ല. തൊട്ടതിനും പിടിച്ചതിനും ഒക്കെ സർവീസ് ചാർജ് ചോദിക്കുന്ന പാർട്ടിയാ." - ഫ്രാഡി വിഷയം ലഘൂകരിച്ചു.

" മക്കളോ?"

സൈക്കിളിൻ്റെ ആ ചോദ്യത്തിന് ആൻഡ്രൂ വാണ് മറുപടി പറഞ്ഞത്:

"അവരുടെ കാര്യമാണ് കഷ്ടം. ഇപ്പോ രണ്ടു കുട്ടികളെയും ബോർഡിങ്ങിൽ കൊണ്ടാക്കിയിരിക്കയാണ് " 

സൈക്കിളിന് കാര്യങ്ങളുടെ കിടപ്പ് ഏതാണ്ട് പിടി കിട്ടി.ഇയാൾക്ക് ബാങ്ക് ഭാഷയിൽ തന്നെ ഉപദേശം നൽകുന്നതാണ് ഉത്തമം. അതിനാൽ സൈക്കിൾ ആ ലൈനിൽ മുന്നോട്ടു പോയി:

"മിസ്റ്റർ ഫ്രെഡി,സാമ്പത്തിക നഷ്ടം ഉണ്ടാകുന്ന ലയനം ഒരിക്കലും നന്നല്ല. അതിനായി നിങ്ങളെ മാടിവിളിക്കുന്ന മറ്റേ ബാങ്കിൻറെ ദുഷ്ടലാക്ക് നിങ്ങൾ തിരിച്ചറിയണം. 

പിന്നെ അഞ്ചു ലക്ഷം രൂപ. അത് ഏതെങ്കിലും രീതിയിൽ കണ്ടെത്തി ആ പണം എത്രയും വേഗം തിരികെ അടയ്ക്കണം. എങ്കിലേ നിങ്ങളുടെ ക്രെഡിബിലിറ്റി വീണ്ടെടുക്കാനാവൂ.

മറ്റൊന്ന്,ഇപ്പോൾ ലാപ്സായി കിടക്കുന്ന നിങ്ങളുടെ കുടുംബ അക്കൗണ്ടിൻ്റെ  കാര്യമാണ് "

ഭാര്യയുടെ കാര്യമാണ് സൈക്കിൾ ഉദ്ദേശിച്ചത് എന്ന് ഫ്രാഡിക്ക് മനസ്സിലായി.

"എത്രയും വേഗം ആ അക്കൗണ്ട് റീ ഇൻസ്റ്റേറ്റ് ചെയ്യണം.അതു പോലെ തന്നെ കസ്റ്റമേഴ്സിൻ്റെ കാര്യം. അവരുടെസാറ്റിസ്ഫാക്ഷനുംസന്തോഷവും അല്ലേ പ്രധാനം" 

കുട്ടികളെ വിഷമത്തിലാക്കിയതിൻ്റെ കുറ്റബോധത്തോടെ ഫ്രാഡി തല കുലുക്കി.

"സാമ്പത്തിക ഭദ്രതയുള്ള, വിശ്വാസ്യതയുള്ള, കെട്ടുറപ്പുള്ള, ഉപഭോക്താക്കൾക്ക് സംതൃപ്തിയുള്ള,ഒരു ബാങ്ക് ആയി നിങ്ങളുടെ കുടുംബത്തെ കാണുക. അക്കൗണ്ട് സ്റ്റേറ്റ്മെൻ്റിലെ കണക്കുകൾ തെറ്റിയാൽ അത് കറക്ട് ചെയ്തു കൊണ്ടു മാത്രമേ മുന്നോട്ടു പോകാനാവൂ. തീർച്ചയായും നിങ്ങൾക്കത് കഴിയും." 

എന്നിട്ട് സൈക്കിൾ ആൻഡ്രുവിനു നേരെ തിരിഞ്ഞു: 

"അടുത്തു വരുമ്പോൾ ഫ്രെഡിയുടെ വൈഫിനെയും കൂട്ടണം.ഞാൻ പറഞ്ഞു എന്ന് പറഞ്ഞാൽ മതി. "

രണ്ടു പേരും എഴുന്നേറ്റപ്പോൾ സൈക്കിൾ പറഞ്ഞു:

"പിന്നെ മനസ്സ് പിടി വിട്ടു പോകും എന്നു തോന്നുമ്പോൾ ഞാൻ ചെയ്യുന്ന പോലെ ഒരു സൈക്കിൾ എടുത്ത് എങ്ങോട്ടെങ്കിലും ചവിട്ടുക. നമ്മുടെ ഉള്ളിലുള്ള പ്രശ്നങ്ങളെ പുറത്തേക്ക് തുറന്നു വിടുന്ന ഒരു സിംഗിൾ വിൻറ്റോ സൈക്കിളിലും ഉണ്ട്. " 

അതുകേട്ട് ഫ്രെഡി സമ്മത ഭാവത്തിൽ പുഞ്ചിരിച്ചു കൊണ്ട്  സൈക്കിളിൻ്റെ  ഹാൻഡിലിൽ മുറുകെ പിടിച്ചു.

സിംഗിൾ വിൻഡോ കൗണ്ടറിൽനിന്ന് ഇടപാടുകൾ നടത്തി തൃപ്തിയോടെ പുറത്തിറങ്ങുന്ന ഉപഭോക്താക്കളെപ്പോലെ ഫ്രെഡിയും ആൻഡ്രുവും പുറത്തിറങ്ങി.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ