mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Satheesh Kumar)

കാലത്തു തന്നെ ചിത്രഗുപ്തന്റെ ചാടിത്തുള്ളിയുള്ള വരവിൽ എന്തോ പന്തികേട് ഉണ്ടല്ലോ എന്ന് കാലനു തോന്നാതിരുന്നില്ല. മൊബൈൽ മാറ്റിവെച്ചു വേഗം തന്നെ തലേന്നു നോക്കാൻ ചിത്രഗുപ്തൻ തന്ന അഗ്രസന്ധാനി പുസ്തകം എടുത്തു തുറന്നു വച്ച് മുടിഞ്ഞ തിരക്കുള്ളവനായി അഭിനയിച്ചു.

"കാലാ, ഇന്നലെ ഞാൻ പറഞ്ഞ കാര്യത്തിൽ എന്തെങ്കിലും തീരുമാനം ആയോ?" ചിത്രൻ കാലനോട് ചോദിച്ചു.

"എന്റെ പൊന്നു ബ്രോ ഈ സമയം നീ കൂടി ഇങ്ങനെ തുടങ്ങിയാൽ ഞാൻ ദേ ഞാൻ വല്ല ഫ്യൂരിഡാനും വാങ്ങി കഴിച്ചു ആത്മഹത്യ ചെയ്യേണ്ടി വരും.", കാലൻ ദയനീയമായി ചിത്രഗുപ്തനെ നോക്കി.

"നിങ്ങള് ചത്താൽ എനിക്കൊരു കുന്തോം ഇല്ല. ദേ ഞാനൊന്നൂടെ പറയാം, ഇന്നു രാവിലെ തന്നെ എന്റെ പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ഞാൻ എന്റെ രാജികത്തു നൽകും. അല്ലങ്കിൽ മര്യാദക്ക്, കണക്കും ലിസ്റ്റും ഉണ്ടാക്കാൻ കുറച്ചു ബംഗാളികളെ ഉടനെ നിയമിക്കണം. പിന്നെ ശമ്പളം കൂട്ടി നൽകണം. കൂടാതെ ആ രാവണനോടു ചോദിച്ചു അങ്ങേരുടെ പുഷ്പകവിമാനം വാടകക്ക് എടുക്കണം. കുളമ്പുരോഗം വന്ന നിങ്ങളുടെ പോത്തിന്റെ പുറത്ത് അള്ളിപ്പിടിച്ചിരിന്നുള്ള യാത്ര ഞാൻ മടുത്തു. ഈ കൊറോണ വന്നതിനു ശേഷം ലോകത്താകമാനം ഓടിയോടി എന്റെ ഊപ്പാട് വന്നു. അപ്പോൾ വേഗം ഇതിനൊക്കെ ഒരു തീരുമാനം ആക്കിയേ, ഇല്ലങ്കിൽ എന്റെ തനി കൊണം കാലൻ അറിയും." ചിത്രൻ ഒറ്റ ശ്വാസത്തിൽ ഇത്രയും പറഞ്ഞിട്ട് ഫ്രിഡ്ജ് തുറന്നു ഒരു ബോട്ടിൽ തണുത്ത വെള്ളം എടുത്തു മട മടാന്നു കുടിച്ചു.

"എന്റെ ചിത്രേ നീ ഒന്നടങ്ങു. ശമ്പളം കൂട്ടി തരാം, ബംഗാളികളെയും നിയമിക്കാം. പക്ഷെ വിമാനത്തിന്റെ കാര്യം, അത് കൊച്ചാട്ടനോട് എനിക്ക് ചോദിക്കേണ്ടി വരും. ഇന്നലെ രാത്രി അങ്ങേരെ വിളിച്ചപ്പോൾ എങ്ങുനിന്നോ വാറ്റും അടിച്ചിട്ട് മുടിഞ്ഞ ഡാൻസ് ആണവിടെ എന്നാണ് പാർവതി കൊച്ചമ്മ പറഞ്ഞത്. എന്തായാലും ഞാനൊന്ന് വിളിക്കട്ടെ." ഇതുപറഞ്ഞിട്ട് കാലൻ തന്റെ മൊബൈൽ എടുത്തു ശിവൻ കൊച്ചാട്ടന്റെ നമ്പർ ഡയൽ ചെയ്തു.

അങ്ങേത്തലക്കൽ പാർവതി ആണ് ഫോൺ എടുത്തത് "കൊച്ചമ്മേ ഇത് ഞാനാ കാലൻ. കൊച്ചാട്ടൻ ഇല്ലേ അവിടെ?"എന്റെ കാലാ അങ്ങേര് മുരുകന്റെയും ഗണപതിയുടെയും ഒപ്പം ലുഡോ കളിക്കുവാ. ഞാൻ ഫോൺ കൊണ്ടുക്കൊടുക്കാം."

"ങ്ഹാ എന്നാടാ ഉവ്വേ രാവിലെ തന്നെ ഒരു ഫോൺ കോൾ " ശിവൻ തന്റെ മുഖത്തിന് നേരെ പത്തിയും വിരിച്ച് ഇരുന്ന പാമ്പിനെ സൈഡിലേക്ക് ആക്കിയിട്ട് ചോദിച്ചു.

"കൊച്ചാട്ടാ ഇന്നലെയും ഞാൻ വിളിച്ചാരുന്നു നിങ്ങളെ. അപ്പോൾ നിങ്ങള് വാറ്റ് അടിച്ചിട്ട് ഡാൻസ് ആണെന്ന് പറഞ്ഞു. ദേ ഇവിടെ ആകെ പ്രശ്നമാണ്, ചിത്രഗുപ്തൻ ഇനി മുതൽ ജോലിക്ക് വരില്ലെന്ന്. ഈ കൊറോണ ആയതിനു ശേഷം ദിവസവും ആയിരക്കണക്കിന് എണ്ണത്തെയാണ് കെട്ടി വലിച്ചോണ്ട് വരേണ്ടുന്നത്. പോത്തിനാണെങ്കിൽ പഴയ പോലെ ആവുന്നില്ല. പിന്നെ കുളമ്പ് രോഗവും ഉണ്ട്. ലോകം മൊത്തം കറങ്ങണം എങ്കിൽ വിമാനം വേണ്ടി വരും. രാവണനോട് ചോദിച്ചിട്ട് ആ പുഷ്പക വിമാനം ഒന്ന് വാടകക്ക് എടുത്താലോ?" കാലൻ ചോദിച്ചു

"ആ ബെസ്റ്റ്. എടാ ഉവ്വേ പുഷ്പക വിമാനം എൻജിൻ പണിക്ക് കേറ്റിയേക്കുവാ. രാവണൻ അല്ലേ ആള്, കഴിഞ്ഞ ആഴ്ച സണ്ണി ലിയോണിനെ തട്ടിക്കൊണ്ടു പോകാൻ വേണ്ടി പോയെന്നോ ഏതോ പട്ടാളക്കാർ വെടിവെച്ചു ഇട്ടന്നോ ഒക്കെ പറയുന്നത് കെട്ടു. ഞാൻ വേണമെങ്കിൽ സുബ്രഹ്മണ്യന്റെ മയിലിനെ ഒന്ന് ഏർപ്പാട് ആക്കിത്തരാം. അത് മതിയാകുമോ?. മയിലിനു വല്ലതും തിന്നാൻ കൊടുത്താൽ മതി അവൻ പറന്നോളും." വീണ്ടും മുഖത്തിനു നേരെ പത്തിയുമായി വന്ന പാമ്പിനെ സൈഡിലേക്ക് ആക്കിക്കൊണ്ട് ശിവൻ പറഞ്ഞു.

"ഓ മയിലിനു ഇടക്ക് ഇടക്ക് റസ്റ്റ്‌ വേണമല്ലോ കൂടുതൽ ദൂരം അവനു പറ്റില്ല. പസഫിക് സമുദ്രത്തിനു കുറുകെ പൊയ്ക്കൊണ്ട് ഇരിക്കുമ്പോൾ റസ്റ്റ്‌ എടുക്കണം എന്ന് പറഞ്ഞു താഴെ ഇറങ്ങിയാൽ, കടൽ വെള്ളം കുടിച്ചു ശ്വാസകോശത്തിൽ കേറി ഞങ്ങളെ തെക്കോട്ട് എടുക്കത്തെ ഒള്ളൂ. കൊച്ചാട്ടൻ വേറെ വല്ലതും പറ". കാലൻ പറഞ്ഞു.

"ങ്ഹാ എങ്കിൽ പിന്നെ ഒരു കാര്യം ചെയ്യ്. ഉഗ്രൻ ഒരു ഐറ്റം ഉണ്ട്. മ്മടെ ലുട്ടാപ്പി ആയാലോ. അവനാണെങ്കിൽ എന്നും ഓരോ OPR പൈന്റ് വാങ്ങി കൊടുത്താൽ മതി. ലോകത്തിന്റെ ഏത് കോണിലും കൊണ്ട് എത്തിച്ചോളും നിങ്ങളെ.", വീണ്ടും പാമ്പിനെ സൈഡിൽ ആക്കിക്കൊണ്ട് ശിവൻ പറഞ്ഞു.

"അതു കൊള്ളാം കൊച്ചാട്ടാ. ലുട്ടാപ്പി പൊളിക്കും. എനിക്ക് മ്മടെ പോത്തു തന്നെ മതി. ഇത്‌ ചിത്രക്ക് ആണ്. പിന്നേ ഇനി എന്റെയൊരു പേർസണൽ മാറ്റർ ഉണ്ട്. എന്റെ പേരിൽ ഒരു മാറ്റം വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നാട്ടിൽ ഒക്കെ എന്തു പോക്രിത്തരം കാണിച്ചാലും, കാലൻ, കാലമാടൻ, മുതുകാലൻ എന്നൊക്കയാണ് എല്ലാവരും പറയുന്നത്. അതൊക്കെ കേട്ടു തുമ്മി തുമ്മി ഊപ്പാട് വരുവാണ്. എന്റെ പേര് K ALAN (കെ അലൻ ) എന്നാക്കിയാലോ?. അതാകുമ്പോൾ വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ ഒരു ഗെറ്റപ്പ് ഒക്കെ ഉണ്ട്", കാലൻ വീണ്ടും പറഞ്ഞു.

"ഈ ചെക്കന്റെ ഒരു കാര്യം. ആ നിന്റെ ഇഷ്ടം പോലെ ചെയ്യൂ " എന്നു പറഞ്ഞു ശിവൻ ഫോൺ താഴെവച്ചിട്ട് പാമ്പിനോട് അലറി.

"നിന്നോട് പണ്ടേ ഞാൻ പറയുന്നതാ ഫോൺ ചെയ്യുമ്പോൾ മുഖത്തിന്റെ നേരെ പത്തിയും വിരിച്ചോണ്ട് വന്നു നിൽക്കരുതെന്നു. ദേ എനിക്ക് ദേഷ്യം വന്നാൽ വാലിൽ പിടിച്ചു ഭിത്തിയിൽ അടിച്ചു കളയും ഞാൻ പറഞ്ഞേക്കാം.

പാമ്പിന് സങ്കടം സഹിക്കാവുന്നതിലും അപ്പുറം ആയി. " അങ്ങുന്ന് മാസ്‌ക്കോ വെക്കുന്നില്ല, ഞാൻ പത്തി വിരിച്ചു നിന്ന് മാസ്കിന്റെ പണി ചെയ്യുവല്ലാരുന്നോ. അങ്ങേക്ക് വല്ല കൊറോണയും വന്നാൽ പിന്നെ ഞങ്ങൾ വഴിയാധാരം ആകത്തെ ഒള്ളൂ." പാമ്പ് വികാരാധീരനായി കരഞ്ഞുകൊണ്ട് പറഞ്ഞു.

"ഐ ആം ദി സോറി അളിയാ. ഐ ആം ദി സോറി. അറിഞ്ഞില്ല ഞാൻ നിന്നെ" എന്നു പറഞ്ഞു കൊണ്ട് ശിവൻ പാമ്പിനെ ആശ്വസിപ്പിച്ചു.

"ചിത്രാ നീ വേഗം തന്നെ ലുട്ടാപ്പിയെ കണ്ടു കാര്യങ്ങൾ അവനെ അറിയിക്കണം. ഹയർ ഹെഡ് ക്വാർട്ടറിൽ നിന്നുള്ള ഓർഡർ ആണെന്ന് പറയണം അവനോട്. വേണ്ടിവന്നാൽ ഈ കൊറോണ സീസൺ കഴിഞ്ഞാലും ചിലപ്പോൾ അവനെ സ്ഥിരം ആക്കാനുള്ള സാധ്യത ഉണ്ടെന്നും പറയണം. കൂടാതെ നാട്ടിൽ നിന്ന് കുറച്ചു എരുമകളെ വല്ല അസുഖവും വരുത്തി കൊന്ന് ഇങ്ങോട്ട് ഉടനെ കൊണ്ടുവരണം. പോത്തിന് ഒരു ഉന്മേഷക്കുറവ് ഉണ്ട് കുറച്ചു നാളായി. കുറച്ചു എരുമകളെ കൂടെ കിട്ടിയാൽ അവനൊന്നു ഉഷാറാകും.പിന്നെ വരുന്ന വഴിക്ക് കുറച്ചു എള്ളിൻ പിണ്ണാക്ക് കൂടി വാങ്ങിയേരെ. കുറച്ചു നാളായി അവൻ പറയുന്നു എള്ളിൻ പിണ്ണാക്ക് വേണമെന്ന്." കാലൻ ചിത്രയോട് പറഞ്ഞു.

അങ്ങനെ ചിത്രഗുപ്തൻ ലുട്ടാപ്പിയെ കാണാനായി പോത്തിന്റെ മുകളിൽ കേറി യാത്രയായി. ബീവറേജ് പൂട്ടിയതിനാൽ വിക്രമന്റെയും, മുത്തുവിന്റെയും വാറ്റ് കേന്ദ്രത്തിൽ നിന്നും നടയടിയും കഴിഞ്ഞു വരുകയായിരുന്നു ലുട്ടാപ്പി. അപ്പോഴാണ് വഴിയരികിൽ ചിത്രഗുപ്തനെ കണ്ടത്.

"ലുട്ടാപ്പീ നിന്നെയും നിന്റെ കുന്തത്തെയും കൊണ്ടുപോകാനാണ് ഞാൻ വന്നിരിക്കുന്നത് " ചിത്രഗുപ്തൻ പറഞ്ഞു
"കൊണ്ടുപോകാനോ എങ്ങോട്ട്. അതിനു നിങ്ങൾ ആരാണ് " ലുട്ടാപ്പി തിരിച്ചു ചോദിച്ചു.
"ഹഹഹഹ ഞാനാണ് ചിത്രഗുപ്തൻ ".
ലുട്ടാപ്പിയുടെ നെഞ്ചിലൂടെ ഒരു വാരിക്കുന്തം പാഞ്ഞു. കൊമ്പുകൾ ടവർ പോലെ ആയി.

"എന്റെ ഗുപ്തൻ അണ്ണാ ഞാൻ എന്തുവേണേലും ചെയ്യാം എന്നെ കൊണ്ടുപോകരുത്. ഞാനിപ്പോൾ കള്ളത്തരങ്ങൾ ഒക്കെ നിർത്തി നല്ലവനായി ജീവിക്കുകയാണ് " ലുട്ടാപ്പി ചിത്രയുടെ കാലിൽ വീണു പറഞ്ഞു.

"എടാ കൊച്ചേ നീ പേടിക്കാതെ നിന്നെ കൊല്ലാനൊന്നും വന്നതല്ല. അതിന് കാലൻ അണ്ണനാണ് വരുന്നത്" ചിത്രഗുപ്തൻ ലുട്ടാപ്പിയെ സമാധാനിപ്പിച്ചു. എന്നിട്ട് കാര്യങ്ങൾ വിശദമായി പറഞ്ഞു കേൾപ്പിച്ചു.
ശ്വാസം നേരെ വീണ ലുട്ടാപ്പി ദീർഘനിശ്വാസം വിട്ടു. "ശിവൻ കൊച്ചാട്ടൻ പറഞ്ഞാൽ പിന്നെ എങ്ങനെ വേണ്ടന്നു പറയും. അണ്ണൻ പേടിക്കേണ്ട ഞാൻ കട്ടക്ക് നിന്നോളാം കൂടെ."

"എങ്കിൽ പിന്നെ ഈ സന്തോഷത്തിന് നമുക്ക് രണ്ടെണ്ണം അടിച്ചാലോ. വിക്രമന്റെ വാറ്റ് കേന്ദ്രത്തിൽ പറപ്പൻ വാറ്റ് ഉണ്ട്." ലുട്ടാപ്പി ചിത്രഗുപ്തനോട് പറഞ്ഞു.

"അതിനെന്താ ആയിക്കോട്ടെ", എന്നുപറഞ്ഞു ചിത്രഗുപ്തനും ലുട്ടാപ്പിയും വാറ്റ് കേന്ദ്രം ലക്ഷ്യമാക്കി പാഞ്ഞു. പോത്തിനെ പുല്ലുതിന്നാനും വിട്ടു. വാറ്റും താറാമുട്ട പുഴുങ്ങിയതും കഴിച്ചു സെറ്റായി ലുട്ടാപ്പിയും ചിത്രഗുപ്തനും തിരിച്ചെത്തിയപ്പോൾ ഒരാൾക്കൂട്ടം. പോത്തിന്റെ അമറലും കേൾക്കുന്നുണ്ട്. എത്തിയപ്പോൾ കണ്ട കാഴ്ച ചിത്രഗുപ്തനെ ഞെട്ടിച്ചു കളഞ്ഞു. നാലഞ്ച് തടിമാടന്മാർ പോത്തിനെ ഒരു മരത്തിൽ കെട്ടി ശ്വാസം മുട്ടിക്കുന്ന രീതിയിൽ കയർ വെച്ച് കെട്ടുന്നു. ഒരുത്തൻ കുറച്ചു വെള്ളം കൈകളിൽ ആക്കി പോത്തിന്റെ ചെവിയിൽ ഒഴിച്ചു. എന്നിട്ട് "നിന്നെ ഞങ്ങൾ തട്ടിയെക്കട്ടെ എന്നൊരു ചോദ്യം" ചെവിക്കുള്ളിൽ വെള്ളം വീണ പോത്ത്, അത് കളയാനായി തല കുലുക്കി.

"ഇവന് സമ്മതം ആണ്. ദേ തല ആട്ടുന്നു. ഇപ്പോൾ തന്നെ കാച്ചിയെരെ എന്ന് പറഞ്ഞുകൊണ്ട് ഒരുത്തൻ ഉഗ്രൻ ഒരു കത്തിയുമായി വരുന്നു.

ചിത്രഗുപ്തൻ അഞ്ചുപേരെയും സൂക്ഷ്മമായി ഒന്ന് നോക്കി. ഇറച്ചി വെട്ടുകാരൻ കൊച്ചുതോമ, കൂടെ അസിസ്റ്റന്റ് ലാസർ കുഞ്ഞ്. എന്നും ബീഫ് മാത്രം കഴിക്കുന്ന വെട്ടിക്കുന്നിൽ കുഞ്ഞവുസേപ്പ്‌, റിട്ടയർ പോലീസ് കാരൻ വറീത്‌ പിന്നെ നാട്ടിലെ പ്രധാന ബ്ലേഡ് ആയ കാരക്കുന്നേൽ വർക്കിച്ചൻ.

എല്ലാവർക്കും ഇനിയും സമയമുണ്ട് കുഴീലോട്ട് വീഴാൻ. പക്ഷെ പോത്തിനെ രക്ഷിച്ചേ പറ്റൂ.
തല്ക്കാലം കൊച്ചുതോമക്ക് ഒരു അറ്റാക്ക് വരുത്തി ഒരു കളി നടത്തി നോക്കാം. കത്തിയുമായി പോത്തിനെ വെട്ടാൻ തുനിഞ്ഞ കൊച്ചുതോമ ഉഗ്രനൊരു അലർച്ചയും പാസാക്കി നെഞ്ചും തടവി മുന്നോട്ട് വീണു. ഇതുകണ്ട് ഞെട്ടിത്തരിച്ചുപോയി നാലുപേരും.

"തോമാച്ചായന്‌ കൊറോണയാണേ " അസിസ്റ്റന്റ് ലാസർ കുഞ്ഞ് അലറി. ഇതു കേട്ടതും ബാക്കി മൂവരും ഞെട്ടിത്തരിച്ചു പുറകോട്ട് മറിഞ്ഞു. ഈ വെപ്രാളത്തിനിടയിൽ ചിത്രഗുപ്തൻ പോത്തിനെ അഴിച്ചു മാറ്റി.
SI മിന്നൽ ശശിയുടെ ശക്തമായ നേതൃത്വത്തിൽ പെട്രോളിംഗ് നടത്തിയിരുന്ന പോലീസ് ടീമാണ് തോമാച്ചനെ ഹോസ്പിറ്റലിൽ ആക്കിയത്. കൂടെ ഉണ്ടായിരുന്ന എല്ലാവരെയും ക്വാറെന്റീനിൽ ആക്കി . കൊറോണ കാലത്ത് കൂട്ടം കൂടിയെന്ന പേരിൽ കേസും രെജിസ്റ്റർ ചെയ്തു. ഇതെല്ലാം കണ്ട് ചിരിച്ചു ബോധം പോയ ചിത്രഗുപ്തനും ലുട്ടാപ്പിയും പോത്തുമായി കാലന്റെ കൊട്ടാരത്തിൽ എത്തി.

തുടരും.....

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ