mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

റിട്ടയേർഡ് ലൈൻമാൻ ടെസ്റ്റർ തോമയേയും കട്ട ചങ്കുകളായ താറാവ് വറീതിനെയും കൊച്ചൗത യെയും പോലീസ് പിടിച്ചു. അതും മാരക ആയുധങ്ങളുമായി രാത്രി കൊട്ടേഷൻ പണിക്ക് പോയതിന്.

കേട്ടവർ കേട്ടവർ മൂക്കത്തു വിരൽ വച്ചു, ചിലർ താടിക്കും മറ്റുചിലർ ചുണ്ടത്തും വിരൽ വച്ചു.
"പുഴുക്ക നെല്ലിന് പോലും വാ പൊളിക്കാത്ത തോമാ ചേട്ടനെയോ " എന്ന് പലരും അതിശയത്തോടെ പറഞ്ഞു
അപ്പോൾ കാര്യം എന്താണെന്നു വെച്ചാൽ.... ദാ ഇതാണ്.

കുളനട ചന്തയിൽ ഇഞ്ചി വിൽക്കാൻ വന്ന കൊച്ചൗത, ലാഭം കിട്ടിയ വകയിൽ ശ്രീവത്സം ബാറിൽ കേറി കട്ടക്ക് രണ്ട് OCR അടിച്ചിട്ട് റോഡിലേക്ക് കയറിയപ്പോൾ ആദ്യം കണ്ട ഓട്ടോയിൽ കയറി കാരക്കാടിന് വണ്ടി വിട്ടോ എന്ന് കുഴഞ്ഞുകൊണ്ട് പറഞ്ഞപ്പോഴാണ് ടെസ്റ്റർ തോമയുടെ ഫോൺ വരുന്നത്.
"വൈകുന്നേരം ഞങ്ങളുടെ മാന്തുക (അതിശയിക്കേണ്ട ഞങ്ങളുടെ നാട്ടിലെ സ്ഥലപ്പേരാണ് ) കുരിശു പള്ളിയിൽ റാസ കാണാൻ വരണം. രണ്ടു ചെറുതും അടിക്കാം" എന്നുള്ള ടെസ്റ്ററിന്റെ ഡയലോഗ് കേട്ടപ്പോൾ കൊച്ചൗതയുടെ മനസ്സിൽ വീണ്ടുമൊരു OCR പൊട്ടിത്തകർന്നു. ആയ കാലത്ത് ഓടി നടന്ന് അന്യായ റാസകാണൽ ആയിരുന്നു കൊച്ചൗത. കല്യാണം കഴിഞ്ഞ ശേഷം സ്വന്തം പള്ളിയിലെ റാസ പോലും കാണാൻ ഭാര്യ മറിയ ചേട്ടത്തി സമ്മതിച്ചിട്ടില്ല. അപ്പോഴാണ് ഈ ഓഫർ.

താറാവിനെ പാടത്തേക്ക് ഇറക്കി വിട്ടിട്ട് തിരിച്ചു കയറുമ്പോൾ പാട വരമ്പത്ത് വന്നിരിന്നു പേക്രോം രാഗത്തിൽ ലളിത സംഗീതം ആലപിച്ച ഷിബു പി പി എന്ന പച്ചത്തവളയെ വളഞ്ഞിട്ട് ആക്രമിക്കാൻ തന്ത്രങ്ങൾ മെനയുമ്പോഴാണ് താറാവ് വറീതിനെ ടെസ്റ്റർ തോമ വിളിച്ച് റാസയുടെ ഡീറ്റെയിൽസ് അറിയിക്കുന്നത്. ആ സന്തോഷത്തിൽ ഷിബു പി പി യെ വെറുതെ വിട്ടു കളഞ്ഞു വറീത്‌. വൈകുന്നേരം നടക്കുന്ന റാസയും നടയടിയും ആയിരുന്നു പിന്നീട് മനസ്സിൽ.

"റാസ കാണാൻ മറിയ വിടില്ല, ഇനി എന്ത് കാരണം പറഞ്ഞു വൈകുന്നേരം പുറത്തു പോകും എന്നുള്ള കൂനം കലുഷിതമായ ആലോചനയിൽ നിമഗ്നനായി ഇരുന്നപ്പോഴാണ് കൊച്ചൗത യുടെ കാതുകളിൽ ആ ദൈവ വചനങ്ങൾ പതിക്കുന്നത്.
"ദേ മനുഷ്യാ കുളനട ചന്തയിൽ പോയി കുറച്ചു കപ്പ വാങ്ങിക്കൊണ്ട് വരണം. നാളെ പ്രാതലിനു കപ്പ പുഴുങ്ങിയത് വേണമെന്നാ ചെറുക്കൻ പറഞ്ഞേക്കുന്നത്"
ഇന്നു ഞാൻ ഒരു ലോഡ് കപ്പയുമായി വരുമെടീ എന്ന് പറഞ്ഞിട്ട് കൊച്ചൗത നേരെ മാന്തുകക്ക് വിട്ടു. "കപ്പ ഇല്ലാതെ ഇങ്ങോട്ട് വന്നേക്കരുത് പറഞ്ഞേക്കാം." വീട്ടിൽ നിന്നിറങ്ങിയപ്പോൾ മറിയ ചേടത്തി ഭീഷണി പോലൊരു വാക്ക് പറഞ്ഞത് കൊച്ചൗതയുടെ കുഞ്ഞുമനസ്സിനെ കുറച്ചൊന്നുമല്ല പിടിച്ച് ഉലച്ചുകളഞ്ഞത്.

ടെസ്റ്ററിന്റെ വീട്ടിൽ ചെല്ലുമ്പോൾ ഒരു ലിറ്റർ MCB യുമായി, പഞ്ചായത്ത്‌ ഇലക്ഷന് നിന്നിട്ട് റിസൽട്ട് നോക്കി ഇരിക്കുന്ന വാർഡ് മെമ്പറിനെ പ്പോലെ അക്ഷമരായി ടെസ്റ്റർ തോമയും താറാവ് വറീതും ഇരിക്കുന്നു.
ടച്ചിങ്‌സ് നായി ബീഫ് ഉലർത്തിയതും മത്തി പൊള്ളിച്ചതും കപ്പ വേവിച്ചതും ഉണ്ട്. ടെസ്റ്റർ തോമയുടെ കുടുംബം മൊത്തം ഇളകി മറിഞ്ഞു റാസക്ക് പോയിരിക്കുന്നു. അപ്പോൾ പിന്നെ കുശാലയി. ഒരു മണിക്കൂർ കൊണ്ട് MCB യുടെ ചീട്ടുകീറി.

"ഇതിനോ ആദമേ നിന്നെ ഞാൻ തോട്ടത്തിലാക്കി "
കള്ള് കുടിച്ചു സെറ്റായ തോമാ ചേട്ടൻ സന്തോഷം കൊണ്ട് ചാടിയെഴുനേറ്റ് രണ്ടു വരികൾ മൂളി. താറാവ് വറീതും കൊച്ചൗതയും അതേറ്റു പിടിച്ചു. 

"തോട്ടം സൂക്ഷിപ്പാനോ കായ് കനികൾ ഭക്ഷിക്കാനോ " പാട്ട് കേറി മുറുകി. മൂവരും ചേർന്ന് ചവിട്ട് നാടകവും ക്ലാസിക്കൽ ഡാൻസും ഭരതനാട്യവും ബ്രേക്കും എല്ലാം ചേർന്ന ഉഗ്രൻ ഒരു സംഘ നൃത്തം തന്നെ നടത്തിക്കളഞ്ഞു. നൃത്തം ചെയ്തു വിയർത്ത് അവശരായ മൂവരും ഭിത്തിയിൽ ചാരി ഇരുന്നു പട്ടിയെ അണയ്ക്കുന്നത് പോലെ അണച്ചു.
"തൊ... തോ.. തോമാ ചേട്ടാ നമുക്ക് രണ്ടെണ്ണം കൂടി അങ്ങ് കീറിയാലോ " താറാവ് വറീത് അണച്ചു പത ഇളകിക്കൊണ്ട് ചോദിച്ചു.
"പിന്നെന്താ ആകാമല്ലോ നീയാ ഓട്ടോക്കാരൻ ബജാജ് പൈലിയെ ഒന്ന് വിളിച്ചേ. ഇനിയിപ്പോ ബീവറേജ് അടച്ചു. അവൻ എവിടെ നിന്നെങ്കിലും പട്ടാളം കൊണ്ടുവരും.
അങ്ങനെ ബജാജ് പൈലി ഒരു ഹെർക്കുലീസുമായി വന്നു. വെള്ളം പോലും ഒഴിക്കാതെ രണ്ടെണ്ണം അടിച്ചിട്ട് കണ്ണീന്നു വരെ വെള്ളം ചാടിച്ചിട്ട് നെഞ്ചും തിരുമ്മിക്കൊണ്ട് പൈലി പോയി.
ബ്രാണ്ടിയുടെ പുറത്തോട്ട് പട്ടാള റം കൂടി കുത്തികയറ്റിയപ്പോൾ ബ്രാണ്ടിയും റമ്മും തമ്മിലുള്ള രസതന്ത്രം കൂടിയത് കാരണം മൂന്നു വണ്ടികളും നിയന്ത്രണം വിട്ടു മറിഞ്ഞു.
റാസയും കലാപരിപാടികളും കഴിഞ്ഞു തിരിച്ചെത്തിയ ടെസ്റ്റർ തോമാച്ചന്റെ ഭാര്യ ഏലിയാമ്മ കതകു തുറന്നു അകത്തു കയറി ഹാളിലെ കാഴ്ച കണ്ട് ഹാർട്ട് അറ്റാക്ക് വന്നതുപോലെ അലറിവിളിച്ചു.
തോമാച്ചായൻ സോഫയിൽ ചാരി ഇരുന്ന് കൈ രണ്ടും നിവർത്തി മരക്കുരിശുപോലെ കിടക്കുന്നു തൊട്ടുതാഴെ മീൻ മുള്ളും കയ്യിൽ പിടിച്ചു കൊണ്ട് KSRTC ബസ് കയറിയ തവള പോലെ താറാവ് വറീത്.. കൊച്ചൗത 'S' പോലെ വളഞ്ഞു ടീപ്പൊയുടെ കീഴിലും. കൂടെ മത്തിയും ബീഫും തിന്ന് മത്തായ ടെസ്റ്റർ തോമയുടെ അരുമയായ മോളി പൂച്ചയും ഉണ്ട്. "അപ്പച്ചന്മാർ ആഘോഷിക്കട്ടെ ശല്യം ചെയ്യണ്ട" എന്ന മൂത്ത പുത്രൻ സ്ലീവാചന്റെ വാക്കിൽ എല്ലാവരും പോയിക്കിടന്നുറങ്ങി.

പാതിരാത്രി ഒരുമണിക്ക് കൊച്ചൗത ട്രാവൽസിനു അനക്കം വെച്ചു. അൻഡ്രോയിഡ് ഫോൺ ഓൺ ആകുന്നത് പോലെ കൊച്ചൗത പതുക്കെ ഓണായി. തന്റെ കൂടെ കയറി കിടന്ന മോളി പൂച്ചയുടെ പുണ്യ പ്രവർത്തി കൊച്ചൗതക്ക് ഇഷ്ടമായില്ല. ഓസിന് ചൂടുപറ്റി കിടന്നിരുന്ന മോളി പൂച്ചയെ കാലുമടക്കി 'ഠപ്പെ' എന്നൊരടി. ഭയന്നുപോയ മോളിപൂച്ച വലിയ വായിൽ നിലവിളിച്ചുകൊണ്ട് ഫ്ലവർ വെയിസും മറിച്ചിട്ട് ജനാല വഴി ഉഗ്രൻ ഒരു ഹൈജമ്പ് ചാടി മറിഞ്ഞു രക്ഷപെട്ടു.

"കപ്പ വാങ്ങാതെ ഇങ്ങോട്ട് വന്നേക്കരുത് " പരിസരബോധം വീണ കൊച്ചൗതയുടെ ഉള്ളിൽ ദൈവഭയം തീരെയില്ലാത്ത മറിയയുടെ വാക്കുകൾ മുഴങ്ങി. ഭയപ്പാടോടെ കൊച്ചൗത ചങ്കുകളെ വിളിച്ചുണർത്തി. "അല്ല ഇവിടിപ്പോ എന്താ സംഭവിച്ചത് " എന്ന് ചോദിക്കുന്നപോലെ രണ്ടാളും എഴുനേറ്റ് കണ്ണിൽ കണ്ണിൽ നോക്കി ഇരുന്നു.
"തോമച്ചായാ എനിക്ക് ഇപ്പൊ കപ്പ വാങ്ങണം. ഇല്ലങ്കിൽ മറിയ എന്നെ വീട്ടിൽ കേറ്റില്ല " കൊച്ചൗത കരയാറായ മുഖത്തോടെ പറഞ്ഞു. 
"എടാ ഉവ്വേ അതീ പാതിരാത്രിക്ക് എവിടെ നിന്ന് കപ്പ വാങ്ങും. റബ്ബർ വച്ചത് കാരണം ഈ പരിസരത്ത് എങ്ങും ഒരു മൂട് കപ്പപോലുമില്ല " ടെസ്റ്റർ തോമ വിഷമത്തോടെ പറഞ്ഞു "
എല്ലാം കേട്ടുകൊണ്ടിരുന്ന താറാവ് വറീത് ജഗ്ഗിൽ ഇരുന്ന വെള്ളം മട മടാന്ന് കുടിച്ചിട്ട് പറഞ്ഞു, "കൊഴുവല്ലൂരിലെ എന്റെ പുരയിടത്തിൽ നിറച്ചും കപ്പയുണ്ട്. അത്യാവശ്യം ആണെങ്കിൽ അവിടെ പോയി നമുക്ക് പറിക്കാം"
കൊച്ചൗതയുടെ മുഖം തിളങ്ങി. കൂടെ തോമാച്ചന്റെ മുഖം വെട്ടിത്തിളങ്ങി. ബാക്കിയിരുന്ന ഹെർക്കുലീസ് ലൗ സിപ്പ് ആയി മോന്തിയിട്ട് മൂവരും ചാടിയെഴുന്നേറ്റു.
"ഇടക്കൊക്കെ മഴ ഉള്ളത് കാരണം കപ്പ വലിച്ചു പിഴാൻ പറ്റും" എന്നു പറഞ്ഞുകൊണ്ട് തോമാച്ചൻ അടുക്കളയിൽ നിന്ന് വലിയൊരു വാക്കത്തി എടുത്തു കയ്യിൽ വച്ചു. " ഇനിയിപ്പോ കപ്പ വെട്ടിയെടുക്കാൻ വാക്കത്തി ഇല്ല എന്ന പരാതി ഉണ്ടാകേണ്ട " എന്ന ഒരു പരസഹായ ഡയലോഗ് അടിച്ചിട്ട് പുറത്തിറങ്ങി. പോകുന്ന വഴി ഒരു പള്ളി സെമിത്തേരിയുണ്ട്. പ്രേതങ്ങളെ പണ്ടേ പേടിയാണ് വറീതിന്. പ്രേതങ്ങൾക്ക് ഇരുമ്പ് ആയുധങ്ങൾ പേടിയാണ്. എന്ന കാര്യം ഓർത്തുകൊണ്ട് അടുക്കളയിൽ പച്ചക്കറി അരിയുന്ന ഒരു പിച്ചാത്തി എടുത്ത് വറീത്‌ അരയിൽ താങ്ങി. അങ്ങനെ കൃത്യം ഒന്നരക്ക് തോമച്ചായന്റെ മോൻ സ്ലീവാചന്റെ 180 CC പൾസറിൽ ട്രിപ്പിൾ അടിച്ച് മൂവരും കൊഴുവല്ലൂർക്ക് വച്ചു പിടിച്ചു.

MC റോഡിൽ നിന്ന് കൊഴുവല്ലൂർക്ക് തിരിയുന്ന വഴിയിവെച്ചാണ് ആ അത്യാഹിതം നടന്നത്, രാത്രി പെട്രോളിംഗ് ന് ഇറങ്ങി കൊതുകിനെയും അടിച്ചു കൊന്നുകൊണ്ട് തുണ്ടിപീടികയിൽ ജീപ്പൊതുക്കി വാട്സപ്പിൽ, വനിതാ CPO രാജമ്മക്ക് ഷുഗർ ഉണ്ടൊ ഇല്ലിയോ എന്ന് ടെസ്റ്റ്‌ ചെയ്തുകൊണ്ടിരുന്ന SI മിന്നൽ സോമന്റെ മുന്നിലേക്കാണ് മൂവരും എത്തിയത്.
"ഇങ്ങോട്ട് ഇറങ്ങി നിൽക്കെടാ "ഒന്ന് ഉഷാറായ മിന്നൽ സോമൻ ഉറക്കം പോകാനായി ഒന്നലറി.
മൂവരും വിറക്കുന്ന കാലുകളോടെ ചാടിയിറങ്ങി. CPO സുമേഷിന്റെ പരിശോധനയിൽ
ഒരു പിച്ചാത്തിയും ഒരു വെട്ടുകത്തിയും കിട്ടി. 
"സാറെ നാടൻ കൊട്ടേഷൻ ആണെന്ന് തോന്നുന്നു ഇവന്മാർ. തലവൻ ഇവനാണെന്നാ എന്റെ ബലമായ സംശയം ദേ കയ്യിൽ വലിയൊരു വെട്ടിന്റെ പാട് " തോമാച്ചന്റെ കയ്യിൽ നോക്കിക്കൊണ്ട് CPO സുമേഷ് പറഞ്ഞു
"എന്റെ പൊന്നു സാറെ KSEB ലൈൻമാൻ ആയിരുന്നു ഞാൻ. ലൈനിൽ വീണുകിടന്ന ഒരു മരം മുറിക്കാൻ പണ്ട് കേറിയപ്പോ അറിയാതെ വെട്ടുകൊണ്ടതാ ഇത് " തോമാച്ചൻ മുറിവിന്റെ പാട് കാണിച്ചുകൊണ്ട് പറഞ്ഞു.
"ആരെ കൊല്ലാൻ പോവുകയായിരിന്നെടാ. സത്യം പറഞ്ഞോ ആരുടെ കൊട്ടേഷൻ ആയിരുന്നു ഇത്. മിന്നൽ സോമന്റെ സ്റ്റേഷൻ പരിസരത്ത് തന്നെ വേണോടാ നിന്റെയൊക്കെ കൊട്ടേഷൻ " മിന്നൽ സോമൻ അലറി
"അയ്യോ സാറെ ഞങ്ങൾ കപ്പ പറിക്കാൻ പോവാരുന്നു." തോമാച്ചൻ തൊഴുകൈകളോടെ പറഞ്ഞു
"കപ്പ പറിക്കാൻ.. പാതിരാത്രി ഒന്നരക്ക്.. ഭാ. @%₹&%₹#@@@@@###@@@@@@ കേറടാ ജീപ്പിൽ സ്റ്റേഷനിൽ എത്തിയിട്ട് നിന്റെയൊക്കെ കപ്പ ഞാൻ പറിച്ചു തരാം. മിന്നലിന്റെ അടുത്താ അവന്മാരുടെ പണി. പിടിച്ചുപറി, കൊട്ടേഷൻ, ഭവനഭേദനം തുടങ്ങി ഈ പഞ്ചായത്തിലെ തന്നെ മൊത്തം കേസും ഇവന്മാർ ആണ് ചെയ്യുന്നതെന്നാ എനിക്ക് തോന്നുന്നത്. സുമേഷേ ബൈക്കും കൊണ്ട് കൂടെ പോരെ." മിന്നൽ ഓർഡർ കൊടുത്തിട്ട് ജീപ്പിൽ കയറി ഇരുന്നു
MCB യും ഹെർക്കുലീസും ആവിയായി എങ്ങോട്ടോ പോയ ടെസ്റ്റർ തോമയും, താറാവ് വറീതും, കൊച്ചൗത യും പെൺവാണിഭത്തിനു പിടിക്കപ്പെട്ട പ്രതികളെപ്പോലെ ജീപ്പിൽ കയറി ഇരുന്നു.
"ഞങ്ങൾ കൊട്ടേഷൻ അല്ലെന്ന് ഈ മറുതായോട് ആരെങ്കിലും ഒന്ന് പറയോ" എന്ന് മൂവരും ജീപ്പിൽ ഇരുന്ന് മനസ്സിൽ കരഞ്ഞു പറഞ്ഞു......... അങ്ങനെ ദൈവം പോലുമറിയാതെ മൂവരും കൊട്ടേഷൻ ടീമ്സ്‌ ആയി........

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ