


"ഓപ്പോളേ... രാഷ്ണനാ, ചൂട്ടോടെ ഒരു കട്ടൻ ചായ താ."
നിറം മങ്ങിയ തൂണിൽ, പറ്റിപ്പിടിച്ചു നിൽക്കുന്ന കോളിങ് ബെൽ സ്വിച്ചിൽ വിരലമർത്തി അവൻ തെല്ലുറക്കെ വിളിച്ചു പറഞ്ഞു. മങ്ങിയ വെളിച്ചത്തിൽ കുളിച്ചു നിന്ന ഉമ്മറത്തെ ഇറയത്തിൽ, വിണ്ടു കീറി പൊട്ടിയ ചാലുകൾ രാഷ്ണനെ പരിഭവത്തോടെ നോക്കി. അവിടേക്കു കയറാനുള്ള നീളൻ ചവിട്ടുപടികളിലൊന്നിൽ, സാധാരണയുണ്ടാകാറുള്ള ഒരു ജോഡി റബ്ബർചെരിപ്പ് മഞ്ഞുകൊണ്ട് വിറങ്ങലിച്ചു കിടക്കുന്നത് അവൻ ശ്രദ്ധിച്ചു.
അകത്തുനിന്നും ശബ്ദമൊന്നും കേൾക്കാതായപ്പോൾ, പൊട്ടിപ്പൊളിഞ്ഞ ഇറയനെ ചാരി നിന്ന് ഒരിക്കൽക്കൂടെ അവൻ ബെല്ലടിച്ചു. എന്നിട്ട്, വീടിൻ്റെ മുൻവശം വാതിലിനെ ആശയോടെയും അതിലേറെ ആശങ്കയോടെയും നോക്കി ഒരു പ്രതിമ കണക്കെ നിന്നു. അൽപ്പസമയത്തിനുള്ളിൽ അകായിലെ ലൈറ്റു തെളിഞ്ഞു, രാഷ്ണൻ്റെ മനവും. അവിടെ, അവൻ്റെ ദേവകിയോപ്പോളിൻ്റെ കാൽപ്പെരുമാറ്റം കേട്ടു. വാതിൽ തുറന്ന് ചെറുചിരിയോടെ തന്നെ എതിരേൽക്കാൻ വരുന്ന ഓപ്പോളിനേയും കാത്ത് രാഷ്ണൻ അക്ഷമനായി.
"ഓപ്പോളേ, ഇതു ഞാനാ രാഷ്ണൻ."
ഏതു പാതിരായ്ക്കും തൻ്റെ പതിഞ്ഞ സ്വരം ഓപ്പോൾ തിരിച്ചറിയുമെന്ന് അവന് ഉറപ്പായിരുന്നു. എന്നാൽ, അവിടെ തന്നെ തുറിച്ചു നോക്കുന്ന തികച്ചും അപരിചിതയായ ഒരു സ്ത്രീയേയാണ് അവൻ കണ്ടത്. ഓപ്പോളിനേക്കാൾ നന്നെ പ്രായം കുറവായിരുന്നു അവർക്ക്.
"ആരാ നിങ്ങള്?"
തെല്ലു ഭയപ്പാടോടെ അവർ ചോദിച്ചു. പാതിരാത്രിയിലെ ഉറക്കത്തിൽ ശല്യം ചെയ്തതിൻ്റെ രോഷവും ആ മുഖത്ത് വായിച്ചെടുക്കാമായിരുന്നു.
"ഞാൻ രാഷ്ണൻ, ഓപ്പോളെന്തിയേ?"
"ഓപ്പോളോ!"
അവർക്കൊന്നും മനസ്സിലായില്ല.
"അതെ, ൻ്റെ ദേവകിയോപ്പോൾ...."
"കാര്യേക്കാട്ടെ ദേവകിയമ്മയേയാണോ ങ്ങള് ഉദ്ദേശിക്കണേ?"
"അതെ."
"ങ്ങളാരാ ഈ പാതിരാത്രീല്?"
"ഓപ്പോളിൻ്റെ അനുജൻ രാഷ്ണൻ..."
"രാധാകൃഷ്ണൻ എന്നാണോ?"
"അതെ, പേരങ്ങനെയൊക്കെയാണെങ്കിലും ഓപ്പോളെന്നെ രാഷ്ണൻ ന്നാ വിളിക്ക്യാ..."
അവൻ സ്നേഹത്തോടെ അവരുടെ മുഖത്തു നോക്കി ചിരിച്ചു.
"കോട്ടേലെ ഭ്രാന്താസ്പത്രില് ചികിൽസേണ്ടാർന്ന..."
"അതന്നേ. പക്ഷേ അതൊക്കെ ഇപ്പോ മാറീട്ടോ, അതോണ്ടാ വേഗം പോന്നെ. മുഴുവനും സുഖപ്പെട്ടൂന്ന് പറഞ്ഞ് അവരിന്ന് ഡിസ്ചാർജ് തന്നു. അപ്പോൾ, ആദ്യം തന്നെ ഓപ്പോളിനെ കാണണംന്ന് തോന്നി. നിക്ക് വയ്യാ, ഒന്നു വിളിക്യാ.."
"ഞങ്ങളിവിടത്തെ വാടകക്കാരാ, നെങ്ങള് ഉദ്ദേശിച്ച ആള് കാര്യേക്കാട്ടെ ദേവകിയമ്മ തന്നെയാണോ?"
"അതേന്നേ, അതാണെൻ്റെ ഓപ്പോള്."
"രണ്ടു വർഷം മുമ്പ് അവരെ മോൻ വന്ന് കൂട്ടിക്കൊണ്ടോയി."
"ആര്? ആനന്ദനോ!"
"അതെ."
"എങ്ങോട്ട്?"
"അയാളും കുടുംബവും ഇപ്പോ ജർമ്മനീലാ..."
പൊടുന്നനെ, കാർമേഘം വന്നു മൂടിയ ചന്ദ്രനെപ്പോലെയായി രാഷ്ണൻ്റെ മുഖം. മറുപടിയൊന്നും പറയാൻ നിൽക്കാതെ, കുനിഞ്ഞശിരസ്സോടെ ഒരു സങ്കടക്കടലിനെ ഒളിപ്പിച്ച്, മഞ്ഞുപെയ്യുന്ന മൺവഴിയേ തിരിഞ്ഞു നടന്നു രാഷ്ണൻ.... തൻ്റെ അസുഖം പൂർണ്ണമായും ഭേദമായിട്ടില്ലെന്ന്, താൻ പോന്നിടത്ത് ചെന്ന് അറിയിക്കാനും ഒരിക്കൽക്കൂടെ അവിടത്തെ അന്തേവാസിയാകാനും.