മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

  • MR Points: 0
  • Status: Ready to Claim

(Vasudevan Mundayoor)

ചുവന്നു തുടുത്ത സാന്ധ്യമേഘങ്ങളുള്ള ആകാശത്തിനു കീഴെ ഉറക്കെ കരഞ്ഞുകൊണ്ട് കാക്കകൾ വട്ടമിട്ടു പറന്ന ഒരു സന്ധ്യയിലാണ്  ചെറിയമ്മയെ കാണാൻ മുനിപ്പൽ ബസ്റ്റാന്‍റിൽ അയാൾ ബസ്സിറങ്ങിയത്.

വടക്കുംനാഥന്‍റെ തെക്കേ ഗോപുരനടയെ നോക്കി നില്ക്കുന്ന രാജാവിന്‍റെ പ്രതിമയുടെ നീട്ടിപിടിച്ച വലതു കൈയ്യിനു മുകളിൽ കാക്കകൾ പറന്നിരുന്ന് കലപിലകൂട്ടുകയും കാഷ്ഠിക്കുകയും ചെയ്തു. അപ്പോൾ വടക്കെ ആകാശച്ചെരുവാകെ മേഘാവൃതമായി കാണപ്പെട്ടു.

ഫുട്പ്പാത്തിലൂടെ നടക്കുമ്പോൾ ശ്രീകൃഷ്ണ കോഫീ ഹൌസിൽ നിന്നും മസാല ദോശയുടെ പരിചിതമായ മണം ഒഴുകി വന്ന് അയാളെ പ്രലോഭിപ്പിച്ചു.  കോഫീ ഹൌസിൽ കയറി ഒരു മസാല ദോശ കഴിക്കുകയും, കടുപ്പത്തിലുള്ള ഒരു ചായ കുടിക്കുകയും ചെയ്ത ശേഷം വലിയ ആർഭാടങ്ങളൊന്നുമില്ലാത്ത ഒരു ലോഡ്ജ് തേടി സ്വരാജ് റൌണ്ടിലൂടെ അയാൾ അലഞ്ഞു നടന്നു.

ഒടുവിൽ അന്വേഷിച്ച ലോഡ്ജ് അയാൾ കണ്ടെത്തുകതന്നെ ചെയ്തു. താഴെ വെജിറ്റേറിയൻ ഹോട്ടലുള്ള ഒരു ചെറിയ ലോഡ്ജായിരുന്നു അത്. ചെറിയതെങ്കിലും വൃത്തിയും വെടിപ്പുമുള്ള മുറികൾ. വെള്ള വിരിപ്പിട്ട ഒറ്റക്കട്ടിലും, ജാലകത്തോട് ചേർത്തിട്ട മേശയും കസാരയും. ജാലകത്തിലൂടെ തിരക്കിട്ടു പായുന്ന നഗരത്തെ നോക്കി കുറച്ചു നേരം അയാൾ അനങ്ങാതെ വെറുതെ ഇരുന്നു. അപ്പോൾ ചെറുതായി മഴ പൊടിയാൻ തുടങ്ങി. നഗരത്തെ വെളുത്തതും നനുത്തതുമായ കമ്പളം കൊണ്ട് പുതപ്പിച്ച മഴ ജാലകചില്ലു പാളികളിൽ ജലകണച്ചാലുകളായി ഒഴുകി.

അയാൾക്കൊന്ന് കുളിക്കണമെന്നു തോന്നി. പൈപ്പിലെ വെള്ളത്തിന് നല്ല തണുപ്പായിരുന്നു. സീറോ വാട്ട് ബൾബിട്ട ബാത്റൂമിൽ  വെളിച്ചക്കുറവുണ്ടായിരുന്നു. തലയിൽ തേക്കാൻ കാർപ്പാസാസ്ഥാദി എണ്ണയും രാസ്നാദി ചൂർണ്ണവും ബാഗിൽ നിന്നും പുറത്തെടുത്ത് അയാൾ കുളി മുറിയിലേക്ക് നടന്നു.

ഒരു സ്പൂണിൽ രാസ്നാദി ചൂർണ്ണമെടുത്ത് ചൂടാക്കി എണ്ണ ഒഴിച്ച് തലയിൽ തേച്ചു പിടിപ്പിച്ച ശേഷം ശരീരത്തിൽ ധാന്വന്തരം തൈലം തേച്ച് ചെറുചുടു വെള്ളത്തിൽ കുളിക്കുകയാണ് പതിവ്. നീരിറക്കത്തിനും ശരീര വേദനക്കുമായി ഒരു വൈദ്യൻ ഉപദേശിച്ചതാണ്.

തലയിലൂടെ തണുത്ത വെള്ളം ഒഴുകുമ്പോൾ അയാൾക്കൊന്ന്  കരയണമെന്ന് തോന്നി. പതുക്കെ ശബ്ദമുണ്ടാക്കാതെ അയാൾ തേങ്ങി. പിന്നെയത് ഉറക്കെയായി. ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ അയാൾ ടാപ്പ് തുറന്നു വെച്ചു. 

കുളിയും കരച്ചിലും കഴിഞ്ഞത് ഒപ്പമായിരുന്നു. അയാൾക്കപ്പോൾ വലിയ ആശ്വാസം തോന്നി. ശരീരവും മനസ്സും ശുദ്ധമായതുപോലെ.

തനിക്കെന്തു പറ്റീ എന്നയാൾ ചിന്തിച്ചു. അധികം ചിരിക്കുകയോ കരയുകയോ ചെയ്യാത്ത ഒരാളായിരുന്നു അയാൾ. എന്നിട്ടെന്തേ ഇപ്പോഴിങ്ങനെ എന്നോർത്ത് അയാൾ അത്ഭുതപ്പെട്ടു. ഗുരു പറയുമായിരുന്നു, സ്ഥായിയായ ഭാവം നിർവികാരതയെന്ന്. മറ്റെല്ലാം ക്ഷണികമെന്നും. 

ഗുരു. നിർമ്മലാനന്ദതീർത്ഥൻ. സ്വാമിയാണോ എന്ന് ചോദിച്ചാൽ അണെന്നും അല്ലെന്നും പറയാം. കാവി ഉടുക്കാറില്ല. ചിലപ്പോൾ മുടി വളർത്തും. ചിലപ്പോൾ താടി. ചിലപ്പോൾ രണ്ടും. ചില സമയങ്ങളിൽ കളീൻ ഷേവു ചെയ്തും, മീശ വെച്ചും, കൃതാവു വെച്ചുമെല്ലാം കണ്ടിട്ടുണ്ട്. മുണ്ടും ഷർട്ടുമാണ് സാധാരണ വേഷം,അയഞ്ഞ കുർത്തയും പൈജാമയുമായും കണ്ടിട്ടുണ്ട്. ചെരിപ്പിടാറില്ല. വാച്ചു കെട്ടാറില്ല. കല്യണം കഴിച്ചിട്ടില്ല. ഉയർന്ന ഉദ്ദ്യോഗം രാജി വെച്ച് ദേശാടനത്തിനു പോയി. തിരിച്ചു വന്ന് ഒരു ഒറ്റമുറി വീടു പണിത് താമസമാക്കി. എപ്പോഴും വായനയും ധ്യാനവും മാത്രം. ആൾക്ക് ഗുരുവും ശിഷ്യരുമില്ല. നിരന്തരം കണ്ടുമുട്ടാറുള്ള, സംശയങ്ങൾ ചോദിക്കാറുള്ള അയാളെപ്പോലും ശിഷ്യനായി കൂടെ കൂട്ടാറില്ല. ഒറ്റക്കാണ് യാത്ര. ആദ്ധ്യാത്മിക വഴികളിൾ ആരും കൂട്ടു വേണ്ട എന്നാണ് ഗുരു പക്ഷം. അയാൾ ഗുരുവായി കരുതാറുണ്ടെങ്കിലും കൂട്ടുകാരനെപ്പോലെയാണ് ഗുരു അയാളോട്  പെരുമാറാറുള്ളത്.

കുളി കഴിഞ്ഞ് ഒരു മണിക്കൂർ ധ്യനിച്ച ശേഷം അയാൾ ഭക്ഷണം  കഴിക്കാൻ താഴത്തെ ഹോട്ടലിലേക്കു പോയി. ചപ്പാത്തിയും കുറുമയും മാത്രം, വെറെ ഒന്നുമില്ല. ഹോട്ടലിൽ തീരെ തിരക്കില്ലാത്തതിനാൽ ഹോട്ടലിലെ ഒരു ജീവനക്കാരൻ വെറുതെ സൌഹൃദം പങ്കിടാനായി അടുത്തു വന്നിരുന്നു. 

“സർ, എവിടെ നിന്നാണ്  മുൻപ് കണ്ടിട്ടില്ലല്ലോ”

“കൂറേ ദൂരത്തു നിന്നാണ്. താങ്കൾക്ക് പരിചയമുണ്ടാകാനിടയില്ല”

“സാറിന് കുട്ടികൾ?“

“കുട്ടികൾ ഇല്ല “

“ഓ..സോറി“

“കുട്ടികൾ ഇല്ലാത്തതിന് സോറി പറയേണ്ട കാര്യമൊന്നുമില്ല“

“ഒറ്റക്കാണോ സർ വന്നത് ഫാമിലിയെ കൂട്ടിയില്ലേ?“

“എനിക്ക് ഫാമിലിയിൽ ആരുമില്ല“

“കല്യാണം കഴിച്ചിട്ടില്ലേ?“

“ഇല്ല“

“ഓ..സോറി“

വീണ്ടും ജീവനക്കാരൻ സോറി പറഞ്ഞു. എന്തിനാണിങ്ങനെ സോറി പറയുന്നത് എന്നോർത്ത് അയാൾ അത്ഭുതപ്പെട്ടു.

“എന്തിനാണ് കല്യണം കഴിക്കുന്നത്?“ അയാൾ തിരിച്ച് ചോദിച്ചു

“ചോറും കറിയുമൊക്കെ വെച്ചു തരാൻ “

“അതിന് കല്യാണം കഴിക്കണോ? സ്വയം പാചകം ചെയ്താൽ പോരെ?

അല്ലെങ്കിൽ ഹോട്ടലുണ്ടല്ലോ“

“അതല്ല, ഒരു കൂട്ടിന്... വർത്താനമൊക്കെ പറഞ്ഞിരിക്കാൻ..”

“അതിന് നല്ല ഒരു കൂട്ടുകാരൻ ഉണ്ടായാൽ പോരെ?“

“ഓ..അതു മതി..അതു മതി..”ജീവനക്കാരൻ സംഭാഷണം മതിയാക്കി എഴുന്നേറ്റു. ഇതെന്തു മനുഷ്യൻ എന്ന ഒരു ഭാവമായിരുന്നു ജീവനക്കാരന്‍റെ മുഖത്തപ്പോൾ തെളിഞ്ഞത്. സത്യത്തിൽ അയാൾക്കപ്പോൾ സംസാരിക്കാൻ താല്പര്യമില്ലാത്ത സമയമായിരുന്നു. മൌനമായിരുന്നു അയാളപ്പോൾ ആഗ്രഹിച്ചത്. രണ്ടു പേർ  കണ്ടു മുട്ടുമ്പോൾ ചോദിക്കാറുള്ള  ചോദ്യങ്ങളൊന്നും സാധാരണ അയാൾ ചോദിക്കാറുണ്ടായിരുന്നില്ല. ഭാര്യ, കുട്ടികൾ,മ റ്റു ബന്ധങ്ങൾ അങ്ങിനെ ഒന്നും. ഔപചാരികതയുടെ പേരിൽ ചോദിച്ചാൽ തന്നെ അയാളതപ്പോൾത്തന്നെ മറന്നുപോകുമായിരുന്നു. 

പല സമയങ്ങളിൽ പലതരം കാര്യങ്ങളാണ് അയാൾ സംസാരിക്കാൻ ഇഷ്ടപ്പെട്ടത്. പൂക്കളെക്കുറിച്ച്, ആകാശത്തെക്കുറിച്ച്, മനുഷ്യ മനസ്സിനെക്കുറിച്ച്, കാലത്തെക്കുറിച്ച് അങ്ങിനെ പരസ്പരം ബന്ധമില്ലാത്ത  കാര്യങ്ങളിലേക്കാണ് അയാളുടെ വാക്കുകൾ സഞ്ചരിക്കാറുള്ളത്. അത് കേൾക്കാൻ പറ്റുന്നവരോടു മാത്രമേ അയാൾ സംസാരിക്കാറുള്ളു. മറ്റുള്ളവരോട് അത്യാവശ്യം കാര്യങ്ങൾ പറഞ്ഞ് ആമയെപ്പോലെ മൌനത്തിന്‍റെ തോടിലേക്ക്  ഉൾവലിയാറാണ് പതിവ്. അതയാൾക്കൊരു രക്ഷയായിരുന്നു, കവചവും. 

ഭക്ഷണം കഴിഞ്ഞ് കിടന്നിട്ടും അയാൾക്ക് ഉറക്കം വന്നില്ല. എന്തൊക്കയോ ഓർമ്മകളിൽ തട്ടിതടഞ്ഞ് അയാൾ വീണുകൊണ്ടിരുന്നു. ഇടക്കിടെ നിറഞ്ഞ ചിരിയുമായി ചെറിയമ്മ കടന്നു വന്നു. എന്നും സെറ്റുമുണ്ടുടുക്കാറുള്ള, പാലക്കാമാല അണിയാറുള്ള, മുറുക്കി ചുവപ്പിച്ച ചുണ്ടുകളുമായി കളിയാക്കിയും തമാശകൾ പറഞ്ഞും പ്രസരിപ്പോടെ ഓടിച്ചാടി നടക്കാറുള്ള ചെറിയമ്മ. 

വലിയ പൊങ്ങച്ചക്കാരിയായിരുന്നു. ഒരു പാട് സ്വത്തുണ്ടായിരുന്നു, അതിലധികവും ഭൂസ്വത്തായിരുന്നു. കണ്ണെത്താ ദൂരത്തോളം പരന്നു കിടന്ന വയലുകൾ, തെങ്ങിൻ തോപ്പുകൾ, റബ്ബർ തോട്ടങ്ങൾ.. അങ്ങനെയങ്ങനെ.. ഒരു പാട് ആജ്ഞാനുവർത്തികൾ എപ്പോഴും ചുറ്റുമുണ്ടാകും. എല്ലാവർക്കും നില മറന്ന് വാരിക്കോരി കൊടുക്കുമായിരുന്നു. അവരാരും ചെറിയമ്മയെ സ്നേഹിച്ചിരുന്നില്ല .ചെറിയമ്മ നൽകിയ പണത്തിനോടായിരുന്നു സ്നേഹം. പക്ഷേ അത് മനസ്സിലാക്കാൻ ചെറിയമ്മ വൈകിപ്പോയി. എന്തിനധികം, ചെറിയമ്മ പുന്നാരിച്ചു  വളർത്തിയ മകനു പോലും ചെറിയമ്മയോട് സ്നേഹമുണ്ടായിരുന്നില്ല.

ചെറിയമ്മയുടെ മകൻ ഒരു പക്കാ ബിസിനസ്സുകാരനായിരുന്നു. ലാഭനഷ്ടങ്ങളിൽ മാത്രം താല്പര്യമുള്ള ഒരാൾ. അയാളുടേത് ഒരു പ്രേമവിവാഹമായിരുന്നു. മറ്റൊരു ബിസിനസ്സുകാരന്‍റെ മകൾ. വളർത്തി വലുതാക്കി, പഠിപ്പിച്ച് ജീവിതമാർഗ്ഗം ഉണ്ടാക്കിക്കൊടുത്ത ചെറിയമ്മയേയും ചെറിയച്ഛനേയും തള്ളിപ്പറയാൻ മകന് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല. അവരുടെ നല്ല കാലത്ത് അയാളൊരിക്കൽ മാത്രമേ ചെറിയമ്മയെ കാണാൻ പോയിട്ടുള്ളു. അത് അയാൾ കോളേജിൽ പഠിക്കുന്ന കാലത്താണ്. അന്നാണ് അയാളുടെ അച്ഛൻ മരിക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടിയ ഒരു കാലമായിരുന്നു അത്.  വീട്ടുകാര്യങ്ങൾ നോക്കിയിരുന്നത് അയാളുടെ ചേട്ടനായിരുന്നു. കോളേജ് ഫീസടക്കാനുള്ള തുഛമായ തുക പോലും തരില്ലെന്ന് പറഞ്ഞ പ്പോഴാണ് അയാൾ ചെറിയമ്മയുടെ അടുത്ത് സഹായം ചോദിക്കാൻ പോയത്. അയാളെ ചെറിയമ്മക്ക് പണ്ടേ ഇഷ്ടമായിരുന്നില്ല. ജീവിതം അടിച്ചു പൊളിച്ച് ജീവിക്കുന്നവരെയായിരുന്നു ചെറിയമ്മക്കിഷ്ടം. വലിയ പൊങ്ങച്ചം പറയുന്നവരേയും, മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയുന്നവരേയും ചെറിയമ്മ എന്നും സ്വാഗതം ചെയ്തിരുന്നു.

അച്ഛന്‍റെ വാക്കുകൾ അക്ഷരം പ്രതി അനുസരിക്കുന്ന ഒരാളായിരുന്നു അയാളന്ന്. താടിയും മീശയും വെക്കരുത്, വെള്ള വസ്ത്രമേ ധരിക്കാവൂ, രാവിലെ എഴുന്നേറ്റാൽ കുളിച്ച് ചന്ദനം കൊണ്ട് കുറി തൊടണം, ലളിത ജീവിതം നയിക്കണം തുടങ്ങിയ അച്ഛന്‍റെ കർശന  നിർദ്ദേശങ്ങൾ അനുസരിച്ചതുകൊണ്ടാണ് അയാളന്ന് ജീവിച്ചത്. അതു കൊണ്ടുതന്നെ അയാൾ കേളേജിൽ പട്ടിക്കാട്ടുകാരൻ പയ്യൻ എന്നാണ് അറിയപ്പെട്ടത്.

സഹപാഠികൾ അയാളുടെ അപരിഷ്കൃതമായ വേഷത്തിത്തെയും ജീവിത രീതിയേയും കളിയാക്കാറുണ്ടായിരുന്നു. പക്ഷേ അയാളതൊന്നും കാര്യമാക്കിയെടുത്തില്ല. സ്വന്തം വിശ്വാസപ്രമാണങ്ങളിൽ അയാളുറച്ചു നിന്നു. അത് അന്നും ഇന്നും തുടരുന്നു. അതു കൊണ്ടാണ് സർക്കാർ ഗുമസ്തനായി സർവീസിൽ കയറി സീനിയർ സൂപ്രണ്ടായി വിരമിച്ചപ്പോഴും അയാളുടെ വസ്ത്ര ധാരണമോ ജീവിത ചിന്തകളോ മാറാതിരുന്നത്.

എന്നും ഖദർമുണ്ടും, ഷർട്ടുമായിരുന്നു വേഷം. ചെരിപ്പിടാറില്ല, വാച്ചു .കെട്ടാറില്ല. അനാവശ്യ ചിലവുകളൊന്നുമില്ല. രാവിലെ രണ്ട് ഇഢലി, ഔഷധ ഇലകൾക്കൊണ്ടുള്ള ചമ്മന്തി, ഉച്ചക്ക് രണ്ട് കപ്പ്  ചോറ്, ആവിയിൽ വേവിച്ച സ്വന്തം അടുക്കളമുറ്റ തോട്ടത്തിൽ  വിളയിച്ചെടുത്ത പച്ചക്കറികൾക്കൊണ്ടുള്ള പ്രകൃതിപാചക വിഭവങ്ങൾ പുളിക്കാത്ത തൈര്. വൈകിയിട്ട് പഴങ്ങളും പച്ചക്കറികളും നാടൻ പശുവിന്‍റെ ഒരു ഗ്ളാസു പാലും. 

കടുക്ക ചേർത്ത ഔഷധക്കൂട്ടും രാത്രി ഓട്ടുകിണ്ടിയിൽ തുളസിയിലയിട്ടു വെച്ച  ശുദ്ധജലവും നിത്യവും അതിരാവിലെ യോഗക്കും ധ്യനത്തിനും മുൻപ്  കുടിക്കും.  ബ്രഹ്മചര്യവൃതം അനുഷ്ഠിക്കുന്നവർക്കു വേണ്ടിയുള്ളതാണിത്. ഒന്നിനും വലിയ ചിലവുകളൊന്നുമില്ല. മാസാവസനം അധികമുള്ള തുക പോസ്റ്റാഫീൽ നിക്ഷേപിക്കാറാണ്  പതിവ്.

അയാൾക്ക് മൺചുമരുകളുള്ള ഓല മേഞ്ഞ ഒരു കൊച്ചു വീടാണ് ഉണ്ടായിരുന്നത്. ഫാനോ ടീവിയോ ഫ്രിഡ്ജോ ഒന്നുമുണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്ന ആർഭാടം ആകാശവാണി വാർത്തകളും പരിപാടികലും കേൾക്കാനായുള്ള പഴയ ഒരു റേഡിയോ മാത്രമായിരുന്നു. വൈദ്യുതിയില്ലാത്ത ആ വീട്ടിൽ നില വിളക്കും മണ്ണെണ്ണ വിളക്കുമാണ് പ്രകാശം ചൊരിഞ്ഞത്.

പെൻഷനായ ശേഷം എല്ലാ മാസവും മിച്ചം വന്ന വരുമാനം സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കാനായി മാറ്റി വെച്ചു. ജീവിക്കാൻ ആവശ്യമുള്ളതിനേക്കാൾ ധനം സമ്പാദിച്ചു കൂട്ടിവെക്കരുത്. അത് സമൂഹത്തിൽ വിതരണം ചെയ്യണം എന്ന കാലഹരണപ്പെട്ട ഒരു വിശ്വാസ പ്രമാണത്തെ പൂർണ്ണമായല്ലെങ്കിലും പിൻതുടരാൻ ആഗ്രഹിക്കുന്ന ഒരാളായിരുന്നു അയാൾ. ആകാശപ്പറവകളെപ്പോലെ ജീവിക്കാൻ ഇഷ്ടപ്പെടുന്നയാൾ.

എല്ലാ ദിവസവും ഉച്ചക്ക്  പത്തു പൊതി ചോറ് അയാൾ ഹോട്ടലിൽ നിന്നും വാങ്ങാറുണ്ടായിരുന്നു. രണ്ടു പൊതി മക്കളുപേക്ഷിച്ചു പോയ വൃദ്ധദമ്പതിമാർക്കായിരുന്നു. മൂന്നു പൊതി പീടിക തിണ്ണയിൽ അന്തിയുറങ്ങുന്ന മറു നാട്ടുകാരായ മൂന്ന് അന്ധർക്ക്. ഒരോ പൊതി വീതം കയ്യും കാലും തളർന്നു കിടക്കുന്ന ഒരു പഴയകാല കള്ളനും,നട്ടെല്ലു തകർന്നു കിടക്കുന്ന ഒരു കള്ളു ചെത്തുകാരനും, ബുദ്ധിമാന്ദ്യം സംഭവിച്ച ഒരു കുട്ടിക്കും. മറ്റ് രണ്ടു പൊതികളിൽ ഒരു പൊതി കയ്യും കാലും ആരോ തല്ലിയൊടിച്ച ഒരു തെരുവു നായക്കും, പ്രായധിക്യം വന്ന് തെരുവിലുപേക്ഷിക്കപ്പെട്ട ഭക്ഷണം തേടാൻ കഴിയാത്ത ഒരു ബോക്സർ നായക്കുമായിരുന്നു. ഉച്ചക്ക് പത്തു വയറുകൾ അയാളുടെ ചോറിനായി കാത്തിരിക്കുന്നു എന്ന വിചാരം അയാളെ എന്നും ജാഗരൂഗനാക്കുമായിരുന്നു. 

ചെറിയമ്മയോട് സഹായം തേടി ചെന്ന അന്ന് മുറ്റം നിറയെ കാറുകളായിരുന്നു. ഒരു വലിയ ചാരു കസേരയിൽ പാദ സേവകരാൽ ചുറ്റപ്പെട്ട് ചെറിയമ്മ ഇരിക്കുന്നുണ്ടായിരുന്നു. തൊട്ടരികിൽ ചെറിയമ്മക്ക് ഏറാൻ മൂളിക്കൊണ്ട് ചെറിയച്ഛനും. 

അയാളുടെ ആവശ്യം കേട്ട് എന്തോ വലിയ തമാശ കേട്ടപോലെ എല്ലാവരും പൊട്ടിച്ചിരിച്ചു. അയാൾക്കപ്പോൾ തൊലി ഉരിഞ്ഞ് പോകുന്നതു പോലെ തോന്നി.

“നീ ചേട്ടനെ കണ്ട് പഠിക്ക്. എന്ത് അന്തസ്സോടെയാണ് ചേട്ടൻ നടക്കുന്നത് ഇത് വെട്ടുവഴി തെണ്ടികളെപ്പോലെ ചെരുപ്പും വാച്ചുമൊന്നുമില്ലാതെ. 

ഛെ..മോശം മോശം..” എന്നു പറഞ്ഞ് ചെറിയമ്മ മൂക്കത്ത് വിരൽ വെച്ചു.

ചെറിയമ്മയുടെ പ്രധാന ആജ്ഞാനുവർത്തി ഗോപാലനായിരുന്നു. നീണ്ടു മെലിഞ്ഞ, തലയിൽ രോമങ്ങളില്ലാത്ത, വലിയ പല്ലു കാട്ടി ഉറക്കെ ചിരിക്കുന്ന ഒരാൾ. ചെറിയമ്മയെ ഏറ്റവും കൂടുതൽ ചൂഷണം ചെയ്തത് ഗേപാലനായിരുന്നു. അയാളായിരുന്നു ആദ്യം  പ്രതികരിച്ചത്.

“ഏന്തെങ്കിലും കൊടുത്ത് വിട്ടേക്കൂ..കണ്ടിട്ട് പാവം തോന്നുന്നു.”

“നിന്‍റെ പഠിപ്പിന്‍റെ മുഴുവൻ ചിലവും ഞാൻ എടുക്കാം, പക്ഷേ ഒരു നിബന്ധനയുണ്ട്. പഠിച്ചു കഴിഞ്ഞ് ജോലി കിട്ടിയാൽ ഞാൻ പറയുന്ന ആളെ നീ കല്യാണം കഴിക്കണം.” എന്ന ചെറിയമ്മയുടെ നിബന്ധന കേട്ട് അയാളന്ന് തലതാഴ്തി നിന്നു. പിന്നീട് ഉറച്ച സ്വരത്തിൽ പറഞ്ഞു

“കഴിയില്ല.” പിന്നീട് തിരിഞ്ഞു നോക്കാതെ നടന്നു.

“പാവമാണെന്ന് കരുതി, അഹങ്കാരിയാണ്..” പുറകിൽ ചെറിയമ്മ പറയുന്നത് അന്നയാൾ കേട്ടു. അന്ന് എന്തു കൊണ്ടാണ് താനങ്ങനെ പറഞ്ഞതെന്ന് ഇപ്പോഴുമയാൾക്കറിയില്ല. നിബന്ധനകളും നിയന്ത്രണങ്ങളും അയാൾക്കെന്നും ഇഷ്ടമായിരുന്നില്ല. 

പിന്നീട് വർഷങ്ങൾക്കു ശേഷമാണ് അയാൾ ചെറിയമ്മയെ കാണാൻ പോയത്. അപ്പോൾ അയാൾ ജൂനിയർ സൂപ്രണ്ടായി ജോലി ചെയ്യുകയായിരുന്നു. അപ്പോഴക്കും ചെറിയമ്മയുടെ നല്ല കാലം കഴിഞ്ഞിരുന്നു. ചെറിയ വിലക്ക് ഭൂമിയെല്ലാം വിറ്റു തുലച്ചിരുന്നു. ആജ്ഞാനുവർത്തികൾ പലരും പണക്കാരായി മാറിയിരുന്നു. അവശേഷിക്കുന്ന സ്വത്തെല്ലാം മകൻ കൈക്കലാക്കിയിരുന്നു.

അയാൾ ചെല്ലുമ്പോൾ മുറ്റവും പൂമുഖവുമെല്ലാം വിജനമായിരുന്നു. സേവകന്മാരോ, ആജ്ഞാനുവർത്തികളോ ആരുമില്ല. ചെറിയച്ഛൻ മാരക രോഗത്തിന് അടിമയായി കഴിഞ്ഞിരുന്നു. മരുന്ന് മേടിക്കാൻ പോലും കാശില്ലാത്ത അവസ്ഥയിലായിരുന്നു അന്ന്. മരുന്നിനുള്ള പണം എണ്ണി നൽകുമ്പോൾ ചെറിയമ്മ കണ്ണു തുടച്ചു. ചെറിയമ്മക്ക് ഇഷ്ടമുള്ള അയാളുടെ ചേട്ടൻ പോലും വിളിച്ചിട്ട് ഫോൺ എടുക്കാറില്ലെന്ന് ചെറിയമ്മ പറഞ്ഞു.

“ആപത്ത് കാലത്ത് സഹായിക്കാൻ നീ തന്നെ വരേണ്ടി വന്നു. നീ എന്നോട് ക്ഷമിക്കണം. നിനക്ക് ഒരാവശ്യം വന്നപ്പോൾ ഞാൻ സഹായിച്ചില്ല. എന്നിട്ടും നീ ഞങ്ങളെ സഹായിക്കുന്നു. പെറ്റ മകൻ പോലും തിരിഞ്ഞ് നോക്കാത്ത കെട്ട കാലമാണ് ഞങ്ങളുടേത്..” എന്നു പറഞ്ഞ് ചെറിയമ്മ കരയാൻ തുടങ്ങി. അന്ന്  അവിടെ നിന്നും തിരിച്ചു വരുമ്പോൾ വഴിയിൽ വെച്ച് അയാൾ ഗോപാലനെ കണ്ടുമുട്ടി. ഗോപാലൻ, ഗോപാലൻ  മുതലാളിയായി മാറി കഴിഞ്ഞിരുന്നു. ഗ്രാമ കവലയിൽ അയാൾക്ക് ഒരു പലചരക്ക് കടയും തുണിക്കടയും സിനിമാ ടാക്കീസും സ്വന്തമായി ഉണ്ടായിരുന്നു.

”ചെറിയമ്മയുടെ വീട്ടിൽ പഴയ ആരെയും കണ്ടില്ലല്ലോ” എന്നയാളോട് ചോദിച്ചപ്പോൾ “മാമ്പഴമില്ലെങ്കിൽ മാവിന്‍റെ ചോട്ടില് ആരു കാണും?” എന്ന മറു ചോദ്യമാണ് അയാൾ ചോദിച്ചത്.

പിന്നീട് പലപ്പോഴും അയാൾ ചെറിയമ്മയെ കാണാൻ പോയി. ചെറിയ സഹായങ്ങൾ ചെയ്തു. ചെറിയച്ഛൻ രോഗം കൂടതലായി മരണപ്പെട്ടപ്പോൾ മരണാനന്തര  ചടങ്ങുകൾ ചെയ്തത് അയാളായിരുന്നു. അവരുടെ മകൻ വിദേശയാത്രയിലായിരുന്നതിനാൽ വരാൻ കഴിയില്ലെന്ന്  അറിയിക്കുകയായിരുന്നു. യാത്ര മാറ്റി വെച്ച് തിരിച്ചു വന്നാൽ ബിസിനസ്സിൽ വലിയ നഷ്ടം വരുമായിരുന്നത്രേ.

പണ്ട് മകനെക്കുറിച്ച് പറയാൻ ചെറിയമ്മക്ക് ആയിരം നാവായിരുന്നു. ആ മകനാണ് അന്ന് മരണാനന്തര ചടങ്ങു പോലും ചെയ്യാതെ വിദേശത്ത് കറങ്ങി നടന്നത്. നാട്ടുകാരും ബന്ധുക്കളും നിർബന്ധിച്ചപ്പോൾ ഒടുവിൽ മനസ്സില്ലാമനസ്സോടെ മകൻ ചെറിയമ്മയെ കൂട്ടിക്കൊണ്ടു പോയതായറിഞ്ഞു.

ചെറിയമ്മക്ക് എന്തോ അപകടം പറ്റിയെന്നറിഞ്ഞാണ് പിന്നീടൊരിക്കൽ മകൻ താമസിക്കുന്ന മെട്രോ നഗരത്തിലെ ആശുപത്രിയിൽ അയാൾ ചെന്നത്. അവിടെ അന്നയാൾ കണ്ടത് പഴയ ചെറിയമ്മയെ ആയിരുന്നില്ല. ചടച്ച് ക്ഷീണിച്ച് ,കൺതടങ്ങളിൽ കറുപ്പു പടർന്ന, കളിയും ചിരിയുമില്ലാത്ത ചെറിയമ്മയെ അയാൾക്കാദ്യം മനസ്സിലായില്ല. ചെറിയമ്മയുടെ കൈകാലുകളിൽ തീപ്പൊള്ളലേറ്റിരുന്നു. ദൂരെക്കെവിടെയോ നോക്കി കനത്ത മുഖവുമായി ചെറിയമ്മ അന്ന്  ഇരുന്നു.

“എന്താ ചെറിയമ്മേ തീ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടേ.? അതു കൊണ്ടല്ലേ തീ പിടിച്ചത്?” എന്നയാൾ ചോദിച്ചപ്പോൾ

“തീ പിടിച്ചതല്ല, പിടിപ്പിച്ചതാണ് മരിക്കാൻ വേണ്ടി ചെയ്തതാണ്, മരിച്ചില്ല” .എന്നാണ് ചെറിയമ്മ മറുപടി പറഞ്ഞത്

മറുപടിയുടെ ആഘാതത്തിൽ ഞട്ടി നിൽക്കുമ്പോൾ വീണ്ടും ചെറിയമ്മ കൂടുതൽ എന്തെങ്കിലും പറയുന്നതിനു മുൻപ് ചെറിയമ്മയുടെ മകൻ പാഞ്ഞു വന്നു

“വിളിക്കാതെ വലിഞ്ഞു കേറി വരാനാരാ പറഞ്ഞത് ?.കണ്ണിക്കണ്ട വഴിയാത്രക്കാർക്ക് കയറി നെരങ്ങനുള്ള സ്ഥലമല്ലയിത്..”

ചെറിയമ്മയുടെ മകൻ നിന്ന്  കലി തുള്ളി.

അന്നയാളുടെ നിയന്ത്രണവും നഷ്ടപ്പെട്ടു പോയി. അയാളും അവനെ നിശിതമായി വിമർശിച്ചു. സംഘർഷഭരിതമായ അന്നത്തെ സംഭവത്തിനു ശേഷം വീണ്ടും ചെറിയമ്മയെ കാണാനായി വീണ്ടും  ഇതാ ഇവിടെ എത്തിയിരിക്കുന്നു. അയാൾ ഉറക്കം  വരാനായി ശരീരത്തെ വിശ്രാന്തിയിലേക്ക് കൊണ്ടു വന്ന ശേഷം നൂറിൽ നിന്നും താഴോട്ട് പതുക്കെ എണ്ണാൻ തുടങ്ങി. വൈകാതെ അയാളുറങ്ങി.

രാവിലെത്തന്നെ ഒരു ഓട്ടോയിൽ കയറി അയാൾ പുറപ്പെട്ടു. നഗരത്തിൽ നിന്നും കുറച്ചകലെ, വിശാലമായ പാടത്തിന്‍റെ നടുക്കായിരുന്നു ശാന്തിഘട്ട് എന്ന് ക്രിമറ്റോറിയം. അയാളവിടെ എത്തിയപ്പോൾ ക്രിമറ്റോറിയത്തിന്‍റെ കറുത്ത ചായമടിച്ച വലിയ ഗൈറ്റ് തുറന്നിട്ടുണ്ടായിരുന്നില്ല. ആകാശം മേഘാവൃതമായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു മുടിയും താടിയും നീട്ടി വളർത്തിയ ഒരു  മദ്ധ്യവയസ്കൻ നീളം കുറഞ്ഞ കാൽ വലിച്ചിഴച്ചുകൊണ്ട് വന്നു. 

വന്നയാൾ നെറ്റിയിൽ നീളത്തിൽ ഭസ്മക്കുറി തൊട്ടിരുന്നു.ഭസ്മക്കുറിയുടെ മദ്ധ്യത്തിൽ വലിയ ഒരു കുങ്കുമക്കുറിയും.  ഗൈറ്റു തുറന്നു അകത്തു കടന്ന ശേഷം ആ ജീവനക്കാരൻ നിലത്തു കിടന്ന് തെക്കോട്ട് നമസ്ക്കരിച്ച ശേഷം ഒരു നിമിഷം നിശ്ശബ്ദമായി എന്തോ പ്രാർത്ഥിച്ച് കണ്ണുകളടച്ചു നിന്നു. അപ്പോൾ അടഞ്ഞ കൺപ്പീലികൾക്കിടയിലൂടെ വെള്ളം ധാരധാരയായി ഒഴുകി. അതിനെ കണ്ണീരെന്ന് വിളിക്കാൻ അയാൾക്ക് മടി തോന്നി്. പിന്നെ അതിനെ എന്താണ് വിളിക്കേണ്ടതെന്നും അയാൾക്കറിയില്ലായിരുന്നു.

സാവകാശം അയാളെ നോക്കിക്കൊണ്ട് അകത്തേക്കു വരാൻ ജീവനക്കാരൻ കൈക്കൊണ്ട് ആഗ്യം കാട്ടി. നിശ്ശബ്ദനായി ജീവനക്കാരനു പിന്നാലെ അയാൾ നടന്നു. 

“എപ്പഴാ കൊണ്ടു വരിക ?” ജീവനക്കാരൻ ചോദിച്ചു

“അറിയില്ല “ അയാൾ മറുപടി പറഞ്ഞു.

ക്രിമിറ്റോറിയത്തിന്‍റെ ഉൾവശത്ത് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ പാറി വീണ നനഞ്ഞ ഇലകൾ വീണു കിടപ്പുണ്ടായിരുന്നു.

“ചൂലുണ്ടെങ്കിൽ ഇവിടെ വൃത്തിയാക്കാമായിരുന്നു “ എന്നയാൾ പറഞ്ഞപ്പോൾ ജീവനക്കാരൻ അയാൾക്കൊരു ഈർക്കിലി ചൂലു നൽകി. അയാൾ അവിടമെല്ലാം അടിച്ചു വൃത്തിയാക്കിയപ്പോൾ ജീവനക്കാരൻ ഒരു കിണ്ടിയിൽ കുറച്ച് വെള്ളം കൊണ്ടു വന്ന് അവിടെയാകെ തളിച്ചു.

അയാളെന്തങ്കിലും ചോദിക്കുന്നതിനു മുൻപ് തന്നെ തന്‍റെ ജോലി  ചെയ്യുന്നതിനിടയിൽ ജീവനക്കാരൻ സംസാരിക്കാൻ തുടങ്ങി.

“ശിവദാസൻ എന്നാണ് എന്‍റെ പേര്. സാക്ഷാൽ സംഹാരമൂർത്തിയുടെ ദാസൻ തന്നെ. മുപ്പതു കൊല്ലമായി ഇവിടെ ജോലി ചെയ്യുന്നു. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. കുട്ടികൾ വലിയ ഉദ്ദോഗസ്ഥരാണ്. അവർ ഈ ജോലി അവസാനിപ്പിച്ച് വീട്ടിലിരിക്കാൻ കുറേ അവശ്യപ്പെട്ടതാണ്. ഞാൻ സമ്മതിച്ചില്ല, കാരണം ഇതേന്‍റെ കർമ്മമാണ്. ഇക്കാലത്തിനിടയിൽ എത്രയെത്ര പേരെ ദഹിപ്പിച്ചു? ഒരു കയ്യും കണക്കുമില്ല. എന്തൊക്കെ പദവിയിലുള്ളവർ? എത്ര വലിയവനായാലും ഇവിടെ എത്തുമ്പോൾ അനങ്ങാതങ്ങനെ കണ്ണടച്ചങ്ങനെ കിടക്കും ഒരു അഹങ്കാരവുമില്ല. എന്തു കാണിച്ചാലും എന്തു പറഞ്ഞാലും ഒരു പരിഭവുമില്ല. അത്രയെ ഒള്ളോ ഒടുവിൽ കുറച്ചു ചാരവും എല്ലുമായി പുറത്ത് പോകും..അത്ര തന്നെ.“

ജീവനക്കാരൻ സാമ്പ്രാണിത്തിരി പുകച്ചു. നിത്യശാന്തി നേരുന്ന പഴയ ഒരു കീർത്തനം വെച്ചു. അയാൾ ഒന്നും പ്രതികരിച്ചില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ആമ്പുലൻസ് ഞരങ്ങി ഞരങ്ങി വന്നു നിന്നു. ഡ്രൈവറെ മാത്രമെ അതിൽ കണ്ടുള്ളു. ഡ്രൈവർ ഒരു സിഗരറ്റിന് തീ കൊളുത്തി പുകച്ചുരുളുകൾ പതുക്കെ ഊതി പറത്തി വിട്ടു. അര മണിക്കുറു കഴിഞ്ഞപ്പോൾ മൂന്നു കാറുകൾ ഒന്നിനു പുറകെ ഒന്നായി വന്നു നിന്നു. ആദ്യമിറങ്ങിയത് ചെറിയമ്മയുടെ മകനായിരുന്നു. കറുത്ത ഷർട്ടും പാന്‍റുമാണ് ചെറിയമ്മയുടെ മകൻ ധരിച്ചിരുന്നത്.

മുഖത്ത് വല്ലാത്ത ഒരു മടുപ്പു നിറച്ച് കണ്ണു ചുളിച്ച് ചുറ്റും നോക്കിയ ശേഷം മകനും ഒരു സിഗരറ്റിന് തീ കൊളുത്തി. അപ്പോൾ മകന്‍റെ ഭാര്യയും ‍‍മുടി തലക്കുമുകളിൽ ഗോപുരം പോലെ കെട്ടിവെച്ച ജീൻസും ബനിയനുമിട്ട മകളും പുറത്തിറങ്ങി.

രണ്ടാമത്തെ കാറിൽ നിന്നും അയാൾക്കപരിചിതരായ ആരോക്കയോ പുറത്തിറങ്ങി ആമ്പുലൻസിനരികിലേക്കു നീങ്ങി. മൂന്നാമത്തെ കാറിൽ നിന്നും അയാളുടെ സഹോദരനും കൂട്ടുകാരുമാണ് പുറത്തിറങ്ങിയത്. എതോ കാറിൽ നിന്നും ഒരു പത്തു വയസ്സു പ്രായമുളള കുട്ടിയും പുറത്തിരങ്ങിയിരുന്നു. ആ കുട്ടി മാത്രം ഇടക്കിടെ കണ്ണു തുടച്ചുകൊണ്ട് തല താഴ്ത്തി നിൽക്കുന്നത് അയാൾ കണ്ടു.

കുറച്ചു കഴിഞ്ഞപ്പോൾ ആമ്പുലൻസിൽ നിന്നും സ്ട്രച്ചറിൽ മൃതദേഹം പുറത്തിരക്കി താഴെ വെച്ചു. അതൊരു വെള്ള തുണികൊണ്ട് മൂടിയിരുന്നു. 

അയാൾ മൃതദേഹത്തിനടുത്തെത്തിയപ്പോൾ ജീവനക്കാരൻ ഓടി വന്ന് അയാൾക്ക് കാണാനായി വെള്ള തുണി മാറ്റി. സത്യത്തിൽ അയാൾ ഞട്ടിപ്പോയി. ഒരു അസ്തിക്കൂടം കണക്കെ ഒരു സ്ത്രീ രൂപം . അതയാളുടെ ചെറിയമ്മയുടെതാണെന്ന് വിശ്വസിക്കാൻ പോലും അയാൾക്കായില്ല. തല ചെറിയതായി കറങ്ങുന്ന പോലെ അയാൾക്കു തോന്നി.

അയാൾ സാവകാശം നടന്ന് വലിയ വേരുകളുള്ള ഒരു തണൽ മരത്തിനു കീഴെ ചെന്നു നിന്നു. അതിന്‍റെ ഒരു ഉയർന്നു നിന്ന വേരിൽ അയാൾ ഇരുന്നു. അവിടെ ഇരുന്നാൽ അയാൾക്കെല്ലാം കാണാമായിരുന്നു. പരികർമ്മിയുടെ രൂപവും ഭാവമുള ഒരാൾ ഒരു കുടവും പുല്ലും ജലവുമായി വരുന്നതും ചെറിയമ്മയുടെ മകൻ കറുത്ത പാന്‍റിനു മുകളിൽ വെളുത്ത മുണ്ടു ചുറ്റുന്നതും കുടം ചുമലിലേന്തി നടക്കുന്നതും കുടമുടക്കുന്നതും, ചുറ്റുമുള്ളവർ നിർവികാരരായി നോക്കി നിൽക്കുന്നതുമെല്ലാം ദുരന്തപര്യവസായിയായ ഒരു നാടകം ദൂരെയിരുന്ന് നോക്കി കാണുന്നതുപോലെ അയാൾ കണ്ടിരുന്നു. അപ്പോഴയാൾക്ക് ചിരിക്കാനാണ് തോന്നിയത്. മനുഷ്യ ബന്ധങ്ങളിലെ കപടവും അത്യന്തം നാടകീയവുമായ രംഗങ്ങൾ അരങ്ങേറുന്നതിലെ ഹാസ്യാത്മകതയാണ് അയാളിലപ്പോൾ ചിരി പടർത്തിയത്. എന്നിട്ടുമയാൾ ചിരിച്ചില്ല.

കണ്ണുകൾ നീറുന്ന പോലെയും നെഞ്ചിൽ ഭാരമേറിയ ഒരു കല്ല് ആരോ കയറ്റി വെച്ച പോലെയും അയാൾക്കപ്പോൾ അനുഭവപ്പെട്ടു. കണ്ണുകളിൽ ജലമൂറിയപ്പോൾ തുളുമ്പാതിരിക്കാൻ അയാൾ കണ്ണു തുടച്ചു. മുൻപ് കാറിൽ നിന്ന് ഇറങ്ങിയ ആളുകൾക്കിടയിൽ തല താഴ്ത്തി കണ്ണു തുടച്ചിരുന്ന പെൺകുട്ടിയുടെ കണ്ണുകൾ തന്‍റെ നേരേ നീണ്ടു വരുന്നത് അയാൾ കണ്ടു. ആൾക്കൂട്ടത്തിൽ നിന്നും അകന്നുമാറിയിരുന്ന ആ ചെറിയ കുട്ടിയും താനും ഒരേ വേദന പങ്കുവെക്കുന്നതായി അയാൾക്കു തോന്നി. ജഢം അഗ്നി നാളങ്ങൾ  വിഴുങ്ങി കഴിഞ്ഞപ്പോൾ ആൾക്കൂട്ടം പിരിയാൻ തിരക്കുക്കൂട്ടി നാടകം അവസാന രംഗത്തേക്കടുക്കാറായെന്നു തോന്നിയപ്പോൾ അയാളും എഴുന്നേറ്റു.

ക്രിമറ്റോറിയത്തിലെ ജീവനക്കാരനും, കരഞ്ഞ പെൺക്കുട്ടിയുമൊഴികെ എല്ലാവരും അപരിചിതരാണെന്ന് അയാൾക്കു തോന്നി. അപരിചിതമായ ആൾക്കൂട്ടത്തിനിടയിലൂടെ ക്രിമറ്റോറിയം ജീവനക്കാരനോട് യാത്ര പറയാൻ അയാൾ നടന്നു.

തല താഴ്ത്തിയിരുന്ന പെൺകുട്ടി അയാൾ അരികിലൂടെ നടന്നു  പോകുന്നതു കണ്ടപ്പോൾ  തല ഉയർത്തി നോക്കി. അവളുടെ കണ്ണുകൾ കലങ്ങി ചുവന്നിരിക്കുന്നത് അയാൾ കണ്ടു. മറ്റുള്ളവരും തിരക്കിനിടയിലും തന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന് അയാൾക്കു തോന്നി. 

അയാൾ ക്രിമറ്റോറിയം ജീവനക്കാരനടുത്തെത്തി നിശ്ശബ്ദനായി നിന്നു.

“ദൂരെ മാറി നിന്ന് എല്ലാം കാണുന്നത് കണ്ടു. മനസ്സിലായി എനിക്കെല്ലാം മനസസ്സിലായി. എത്ര ചടങ്ങുകൾ കണ്ട കണ്ണാണിത്.. യാത്ര പറയണ്ട, യാത്ര നന്നായിരിക്കട്ടെ.”

“ശരി “ എന്നു പറഞ്ഞ് അയാൾ തിരിച്ചു നടന്നു.

പെൺകുട്ടിയുടെ അരികിലെത്തിയപ്പോൾ അയാൾ അറിയാതെ നിന്നു പോയി. അവൾ ആരാണെന്ന് അറിയണമെന്നുണ്ടായിരുന്നു അയാൾക്ക്. അയാളെന്തങ്കിലും ചോദിക്കുന്നതിനു മുൻപ്  കുറച്ചു ഉറക്കെത്തന്നെ പെൺകുട്ടിയാണ് ആദ്യം ചോദ്യമെറിഞ്ഞത്.

“അങ്കിൾ .. അങ്കിൾ ആരാണ്?”

പെട്ടെന്ന് എല്ലാവരും നിശ്ശബ്ദരായി.

ആൾക്കൂട്ടത്തിന്‍റെ കൺശരങ്ങൾ തന്നിൽ വന്നു തറച്ചു നിൽക്കുന്നത് അയാളറിഞ്ഞു. അതിൽ ചെറിയമ്മയുടെ മകനും തന്‍റെ സഹോദരനും ഉള്ളത് അയാൾ തിരിച്ചറിഞ്ഞു. സഹോദരൻ പരിചിത ഭാവത്തിൽ ചിരിച്ചെങ്കിലും അയാൾക്കു തിരികെ ചിരിക്കാൻ കഴിഞ്ഞില്ല. കോടിപ്പോയേക്കാവുന്ന ചിറിയുടെയുംപിളർന്ന ചുണ്ടുകളുടെയും വൈകൃതം, അനാവൃതമാക്കപ്പെട്ടേക്കാവുന്ന പല്ലുകളുടെ നിരർത്ഥക ഭാവം എന്നിവ അയാളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.

അയാൾ പെൺകുട്ടിയുടെ മുഖത്തേക്കു നോക്കി. അറിയാനുള്ള ആകാംക്ഷ നിറഞ്ഞ മുഖം അയാൾ കണ്ടു. പക്ഷേ ആ ആൾക്കൂട്ടത്തിനിടയിൽ അയാൾക്ക് ആ  കുട്ടിയെ നിരാശയാക്കേണ്ടി വന്നു.

“വഴിയാത്രക്കാരൻ.. വെറുമൊരു വഴിയാത്രക്കാരൻ..” എന്നു പറഞ്ഞ് അയാൾ പുറത്തേക്ക് നടക്കുകയാണ് ചെയ്തത്.

ആർക്കോ വേണ്ടി കാത്തു നിന്ന മഴ പൊഴിയാൻ തുടങ്ങി. നെറുകയിലും നെറ്റിയിലും കൺതടങ്ങളിലും വീണ മഴ തുള്ളികൾ കണ്ണിൽ നിന്നും ഉതിർന്ന നീർതുള്ളികളുമായി ഇടകലർന്ന താഴോട്ട് ഒഴുകിക്കൊണ്ടിരുന്നു. അയാൾക്കാ മഴ ഒരഭയവും ആശ്രയവുമായി. അയാളുടെ മഴയിൽ കുതിർന്ന വെളുത്ത വസ്ത്രങ്ങളിൽ ചളി തെറിപ്പിച്ചുകൊണ്ട് ചടങ്ങു കഴിഞ്ഞ് തിരിച്ചു പോകുന്ന കാറുകൾ അതി വേഗം ചീറി കടന്നു പോയി. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ