(Sathish Thottassery)
ആകാശം കത്തി കരിഞ്ഞ ഏതോ ഭീമാകാരം പൂണ്ട ജീവിയുടെ ശരീരം പോലെ കറുത്തിരുണ്ട് ഭീതിതമായ പ്രതീതി ഉണ്ടാക്കി. കഴിഞ്ഞ ഒരാഴ്ചയായി സൂര്യനെ കാണാനേ ഉണ്ടായിരുന്നില്ല. ആസന്നമായ അത്യാഹിതം സംഭവിക്കാനെന്ന പോലെ സെന്റ് പീറ്റേഴ്സ് വിദ്യാലയവും, മുറ്റത്തെ ചില്ലു കൂട്ടിലെ അന്തോണീസ് പുണ്യവാളന്റെ പ്രതിമയും, പരിസരങ്ങളും വീർപ്പടക്കി നിന്നു.
കാലത്തിന്റെ നിർവചനത്തിന് നിരക്കാത്ത അത്യുഷ്ണത്തിൽ വലിയപുരക്കലച്ചന്റെ ഉറച്ച മാംസപേശികളിൽ നിന്നും വിയർപ്പു പൊടിഞ്ഞിറങ്ങി തൂവെള്ള നിറത്തിലുള്ള ളോഹയുടെ ക്യാൻവാസിൽ പേരറിയാ ഭൂഖണ്ഡങ്ങളുടെ ചിത്രങ്ങൾ വരച്ചു.
ഉഷ്ണക്കാറ്റ് അടിച്ചുകയറുന്ന ഓഫീസ് റൂമിന്റെ ജനൽ കമ്പികളിൽ തൊട്ട അച്ഛൻ കൈ പെട്ടെന്ന് പിൻവലിച്ചു. ഈ ചൂടിലും വിശാലമായ സ്കൂൾ മൈതാനത്ത് പന്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ നേർക്ക് കണ്ണുകൾ പാറി വീണു.
ഈ തീച്ചൂടിലും എന്തിനാണ് ഈ കുട്ടികൾ വിയർത്തൊലിച്ച് ഇത്രമാത്രം ആവേശത്തോടെ കളിച്ചുകൊണ്ടിരിക്കുന്നതെന്ന് അച്ചൻ ഒരു നിമിഷം വൃഥാ ചിന്തിച്ചു. ഇനി ഒരിക്കലും പന്തുകളിക്കാനുള്ള അവസരം ജീവിതത്തിൽ ഉണ്ടാകാൻ വഴിയില്ലാത്തത്ര ആവേശം അവരിലുണ്ടായിരുന്നതായി അച്ഛന് തോന്നി. അച്ചൻ മൈതാനത്തുനിന്നും കണ്ണുകൾ പിൻവലിച്ച് കസേരയിലേക്ക് നടന്നു.
മേശപ്പുറത്തു വായിച്ചു നിർത്തിയ കൗണ്ട് ഓഫ് മോന്റിക്രിസ്റ്റോവിലെക്ക് മടങ്ങി.
"അച്ചോ ഇന്ന് വൈകീട്ട് പള്ളി മേടയിൽ വെച്ച് സൗകര്യമായി ഒന്ന് കാണാൻ പറ്റുമോ"
ഓരോ വാക്കും തേനിൽ മുക്കി പറഞ്ഞ പോലെയുള്ള ശബ്ദം കേട്ടപ്പോൾ ഒരു കുഞ്ഞൻ തണുപ്പ് ഉടലാകെ മുട്ടിയുഴിയുമ്പോഴുള്ള നനുത്ത സുഖം തോന്നി അച്ചന്. ആൻ മേരിയാണ്. കർത്താവിന്റെ മണവാട്ടിഅല്ലാത്ത സ്കൂളിലെ ഒരേയൊരു ടീച്ചർ. യുവത്വം വിട പറയാൻ മടിച്ചു നിന്ന ആൻ മേരിയുടെ ഇനിയും നന്നേ ഉണങ്ങിയിട്ടില്ലാത്ത സമൃദ്ധമായ മുടിക്കെട്ടിൽ നിന്നും പളുങ്കു മണികൾ പോലെ ഇറ്റിറ്റുവീഴുന്ന നീർതുള്ളികൾ നീലച്ചുരിദാറിന്റെ പിറകുവശം നനച്ചിരുന്നു. യാഡ്‌ലി ലാവെൻഡർ ടാൽക്കം പൗഡർ പരത്തുന്ന സൗരഭ്യം പരിസരം മുഴുവൻ നിറഞ്ഞു നിന്നു. .
ഇരുട്ടിലും തിളങ്ങുന്ന കാതുകളിലെ നക്ഷത്രക്കുഞ്ഞുങ്ങൾ. മുത്തു കൊണ്ടുണ്ടാക്കിയ ചെറിയ കൊന്ത. അതിന്റെ അഗ്രം ചുരിദാറിനുള്ളിൽ അവളുടെ വെളുത്ത സമൃദ്ധമായ മാറിടത്തിൽ ചേർന്ന് കിടക്കുമെന്നുള്ള ചിന്തയുടെ സ്പാർക് അച്ചന്റെ മനസ്സിൽ സുഖദമായ ഒരു പ്രകമ്പനമുണ്ടാക്കുകയും മനസ്സിനെ ദുർബ്ബലമാക്കുകയും ചെയ്തു.
ഇവളിതെന്തിനുള്ള പുറപ്പാടാണ്. ഒന്ന് രണ്ടു പ്രാവശ്യമായി ഇതേ ആവശ്യവുമായി തന്നെ സമീപിക്കുന്നു. അതും താൻ ഓഫീസ് റൂമിൽ തനി ച്ചാകുമ്പോൾ മാത്രം. സാമാന്യം ഭേദപ്പെട്ട കുടുംബത്തിൽ നിന്നാണ് ആൻ മേരി വരുന്നത്. തന്നെ കാണുമ്പോൾ ഇടക്കുള്ള ആരും കാണാതെയുള്ള കണ്ണേറും ചുണ്ടു കടിയുമൊക്കെ എന്തൊക്കെയോ തെറ്റായ സന്ദേശങ്ങൾ നൽകുന്നില്ലേ എന്ന സന്ദേഹം അച്ചനും ഇല്ലാതില്ല. അത് കൊണ്ട് ടീച്ചറുമായി കാണാനുള്ള അവസരങ്ങളെ അച്ചൻ പരമാവധി ഒഴിവാക്കിയിരുന്നു.
അവൾക്ക് ദേഷ്യത്തിൽ പൊതിഞ്ഞ ഒരു ചുട്ട നോട്ടം കൊടുത്ത് എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും സിസ്റ്റർ മെറീന ഓഫീസ് റൂമിലേക്ക് കടന്നുവന്നു. വായിച്ചു തള്ളുന്ന പുസ്തകങ്ങൾ നോക്കുന്ന സമയത്തിന്റെ ചെറിയ ഒരു ഭാഗം എന്റെ മനസ്സിൽ നോക്കാൻ അച്ചന് തോന്നാത്തതെന്തെന്ന് വിചാരിച്ചുകൊണ്ട് ആൻ മേരി പുറത്തേക്ക് നടന്നു.
ആൻ മേരിയുടെ ചോദ്യം സിസ്റ്റർ കേട്ടിരിക്കുമോ എന്ന ആശങ്കയിലും പരിഭ്രമത്തിലും കൈ തട്ടി പുസ്തകം മേശപ്പുറത്തു നിന്നും താഴെ വീണു. സിസ്റ്റർ മെറീനയെ കുറിച്ച് മറ്റുള്ളവർ പറിഞ്ഞിട്ടുള്ള അറിവ് വെച്ച് അവർ അപകടകാരിയാണ്. പ്രത്യേകിച്ച് ആൺ പെൺ സംബന്ധിയായ കാര്യങ്ങൾ എവിടെയെങ്കിലും കേട്ടാൽ അതിനെയൊക്കെ അവിഹിതമായി ചിത്രീകരിച്ച് കോൺവെന്റിൽ മുഴുവൻ
രഹസ്യമായി പാടി നടക്കാൻ അവർക്ക് പണ്ടേ വലിയ ഉത്സാഹമാണത്രെ. താഴെ വീണ പുസ്തകം സിസ്റ്റർ തന്നെ മേശപ്പുറത്ത് എടുത്തുവെച്ച ശേഷം അച്ചനെ നോക്കി ഒന്ന് പുഞ്ചിരിച്ച് സുപ്രഭാതം നേർന്ന് കൊണ്ട് റാക്കിൽ നിന്നും ഒരു പുസ്തകം എടുത്ത് പുറത്തേക്ക് നടന്നു. അപ്പോഴേക്കും അടുത്ത ക്ലാസ്സു തുടങ്ങുവാനുള്ള മണി അടിക്കുന്ന ശബ്ദം കേട്ടു. കളിച്ചു കൊണ്ടിരുന്ന കുട്ടികൾ ക്ലാസുകൾ ലക്ഷ്യമാക്കിയും അവിടത്തെ തണൽ മനസ്സിൽ താലോലിച്ചു കൊണ്ടും അതിവേഗം നീങ്ങി.
കഴിഞ്ഞു പോയ സംഭവത്തിന്റെ പരിഭ്രമം മാറാതെ വലിയപുരക്കലച്ചൻ കിതച്ചു. ഇനിയും ഒരു നിമിഷം അവിടെ ഇരിക്കാനാകാതെ തൊണ്ടയിലെ വരൾച്ചയെയും നെഞ്ചിലെ പ്രകമ്പനങ്ങളെയും അതിജീവിച്ച് മഞ്ഞുകാലത്തിലേക്ക് വല്ലപ്പോഴും പറന്നുപോകാറുള്ള കൂട്ടം തെറ്റിയ ദേശാടന പക്ഷിയെ പോലെ അച്ഛൻ ഓഫീസിൽ നിന്ന് പുറത്തിറങ്ങി. വരാന്തയിൽ നിന്ന് മുറ്റത്തേക്കിറങ്ങിയപ്പോൾ ആദ്യ മഴ തുള്ളി അച്ചന്റെ കവിളിൽ ചുംബിച്ചു. അച്ചന്റെ മനസ്സിൽ നിന്നും അവാച്യമായ ഒരു തിണർപ്പ് ആകാശത്തോളം പറന്നുയർന്നു. ഓർമ്മയിൽ ഉത്തമഗീതം..
"നിന്റെ അധരങ്ങൾ എന്നിൽ ചുംബനങ്ങൾ ചൊരിയട്ടെ!
നിന്റെ പ്രേമം വീഞ്ഞിലും മധുരതരം.
നീ പൂശുന്ന തൈലം സുരഭിലം,
നിന്റെ നാമം ലേപനധാര;
തന്മൂലം കന്യകമാർ നിന്നെ സ്നേഹിക്കുന്നു..
അത് ഒരു വലിയ ദുരന്തത്തിന്റെ നാന്ദിയായിരുന്നു. അന്ന് തുടങ്ങിയ മഴ ഒരാഴ്ച്ച ഇഴമുറിയാതെ പെയ്തു. ജലാശയങ്ങളെല്ലാം നിറഞ്ഞു കവിഞ്ഞു. അവിടത്തെ വെള്ളം കയറിയ താഴ്ന്ന സ്ഥലങ്ങളിലെ വീടുകളിൽ നിന്നുള്ളവരെയെല്ലാം പഞ്ചായത്തുകാർ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. വെള്ളം ഉയർന്ന് മേടയുടെ കല്പടവു വരെ എത്തിയിട്ടുണ്ട്. രാത്രി ഇനി ജലനിരപ്പ് ഉയർന്നാലോ എന്ന ആശങ്കയിൽ അച്ചനും സഹായിയായ കുരിയപ്പനും കിടന്നത് മുകളിലെ നിലയിലെ കിടപ്പു മുറിയിലായിരുന്നു. മറ്റുള്ള അന്തേവാസികളെല്ലാം ദുരിതാശ്വാസ ക്യാമ്പിലും.
മഴ രൗദ്രഭാവത്തോടെ ആർത്തലച്ച് പെയ്ത്കൊണ്ടിരുന്നു. രാത്രിയുടെ ഏതോ യാമത്തിൽ അച്ചൻ ബൈബിൾ മടക്കി കുരിശും വരച്ച് ഉറങ്ങിപ്പോയിരുന്നു. പെട്ടെന്നാണ് മഴയാരവങ്ങൾക്ക് മുകളിൽ ഒരു സ്ത്രീ ശബ്ദം കേട്ടത്.
"അച്ചോ. അച്ചോ.. വാതിൽ തുറക്ക്. വേഗം.. വേഗം... അണക്കെട്ട് പൊട്ടിയിരിക്കുന്നു."
ആരുടെ സാമീപ്യമാണോ അച്ചൻ ഒഴിവാക്കാൻ അത്രമേൽ ആഗ്രഹിച്ചിരുന്നത്, അവളുടെ ശബ്ദമായിരുന്നു അത്. ആൻ മേരിയുടെ. ഉറക്കംമുറിഞ്ഞ വലിയപുരക്കലച്ചൻ കുരിയപ്പനെയും വിളിച്ചുണർത്തി മെഴുകുതിരി കത്തിച്ച് വാതിൽ തുറന്നു. ആൻ മേരിയുടെ നനഞ്ഞുകുതിർന്ന മുഖത്തു നിന്നും അപകടം വായിച്ചെടുക്കാൻ കഴിയും വിധം അവൾ കിതക്കുകയും വാക്കുകൾക്കു വേണ്ടി ഇടറുകയും ചെയ്തിരുന്നു. അവൾ അച്ചന്റെ കൈപിടിച്ച് ടെറസിലേക്കുള്ള കോണിപ്പടികൾ ഓടി കയറി. പിന്നാലെ കുരിയപ്പനും. ടെറസ്സിൽ നിന്നും താഴേക്ക് നോക്കിയ അവർക്ക് തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
പേടിപ്പെടുത്തുന്ന ശബ്ദത്തോടെ പ്രളയജലം ഒഴുകിപ്പരക്കുന്ന കാഴ്ച. രാത്രിയുടെ സഹജമായ ഇരുട്ടിന് മീതെ മഴയുടെ തിമിരം പുതച്ച കരിമ്പടം. അതിലേക്ക് ആഞ്ഞുപതിക്കുന്ന കൊള്ളിയാൻ മിന്നലിന്റെ വെളിച്ചത്തിൽ മേടയുടെ കാർ പോർച്ച് ഏതാനും നിമിഷങ്ങൾക്കുള്ളിൽ തകർന്നു വീഴുന്നതവർ കണ്ടു. മനുഷൃരും, കന്നുകാലികളും, വൃക്ഷങ്ങളും കെട്ടിടാവശിഷ്ടങ്ങളും, ചെറുതും വലുതുമായ വാഹനങ്ങളും കുത്തൊഴുക്കിൽ പെട്ട് തട്ടി തടഞ്ഞുകൊണ്ട് ഒഴുകുന്ന ഭീകരമായ കാഴ്ചയിൽ മൂന്നു പേരും നനഞ്ഞ വായുവിനെ അതിദീർഘം ഉള്ളിലേക്ക് വലിച്ചുകൊണ്ട് ഞെട്ടിവിറച്ചു നിന്നു. അവരുടെ ആസന്നമായ വിധിയും കാത്ത്. അപ്പോൾ അച്ചന്റെ കൈവിരലുകൾ ജീവിതത്തിനും മരണത്തിനും ഇടയിൽ വെച്ച് സ്‌തബ്‌ധമാക്കപ്പെട്ട ആഗ്രഹത്തോടെ ആൻ മേരിയുടെ തണുത്തു മരവിച്ച കൈവിരലുകളിൽ ഇണസർപ്പങ്ങളെ പോലെ കൊരുത്തിരുന്നു.