മുത്തശ്ശിക്കൊപ്പം എന്നും ഒരു ചൂലുണ്ടായിരുന്നു, വൃത്തിയുടേയും
വെടുപ്പിൻ്റെയും ചൂല്.
വീടിന്നകവും പുറവും, മാറാല കെട്ടാതെ നോക്കാൻ മുത്തശ്ശിക്കാ ചൂലു മതി.
മുറ്റമടിക്കാനും ചവറുകൾ തൂക്കാനും കൂട്ടിയിട്ടു കത്തിക്കാനും ആ ചൂലു മതി.
അകത്തുള്ളോരുടെ മനസ്സിൽ വെറുതെ കെട്ടുന്ന മാറാലകളെ, അപ്പപ്പോൾ തൂത്തെടുക്കാനും കടകൊണ്ടു മേയാനും ആ ചൂലു മതി.
ശത്രുക്കളെ തുരത്താനും
മിത്രങ്ങളെ നിലയ്ക്കു നിർത്താനും
നാട്ടിൽ സ്നേഹം നിറയ്ക്കാനും
ആ ചൂലു മതി.
മക്കളും മരുമക്കളും വിറച്ചു തുള്ളുന്നു. "വല്ലാത്ത പൊല്ലാപ്പായല്ലോ! സൂര്യനുദിക്കും മുമ്പെ എഴുന്നേൽക്കണം, കുളിക്കണം, ഭഗവാനെ സ്തുതിക്കണം....."
പേരമക്കൾ വിറച്ചില്ല, ചിരിച്ചതേയുള്ളൂ.
അവർക്കു മുത്തശ്ശിയെന്നാൽ,
കരടില്ലാത്ത വീട്ടുമുറ്റവും വെടുപ്പുള്ള വസ്ത്രവുമാണ്.
തുളസിത്തറയിലെ, കാക്ക കൊത്തിയെടുക്കാറുള്ള ചിരാതും അതിൽ തെളിയാറുള്ള ദീപനാളവുമാണ്.
തല താഴ്ത്തി നിൽക്കുന്ന തുളസിയും അതിൻ്റെ നൈർമ്മല്യവും സന്ധ്യക്കു കേൾക്കുന്ന കീർത്തനങ്ങളുമാണ്.
കേൾക്കാനിമ്പമുള്ള ഇതിഹാസ കഥകളും മുന്നിലേക്കെത്തുന്ന
കഥാപാത്രങ്ങളുമാണ്.
എന്നും വീട്ടിൽ സന്ധ്യക്കു
കൊളുത്തുന്ന കരി തുടച്ചെടുത്ത വിളക്കാണ്.
ഒരു നാൾ കാക്ക കൊത്തിയെടുത്തു പറന്നു ആ ചിരാതിനെ! താഴെ വീണതു ചിതറി. മാവിൻ കൊമ്പിലിരുന്ന് കാക്ക കരഞ്ഞു.
ചിതയിലെ തീയണയും മുമ്പേ ബന്ധുക്കൾ പലതായി ചിതറി.
ഇതിഹാസങ്ങളുറങ്ങി, രാമനുറങ്ങി, കൃഷ്ണനുറങ്ങി, തറവാട്ടു വീടുറങ്ങി. പൂതനയും ശകുനിയും ഉറങ്ങാതെ കാവലിരുന്നു.
ആകാശം മുട്ടുന്ന ഫ്ലാറ്റുകളിൽ കണ്ണടയ്ക്കാനാകാതെ കുഞ്ഞുങ്ങൾ കിടന്നു, മുത്തശ്ശിയുടെ കിടാങ്ങൾ!
അവിടെയും സന്ധ്യയുറങ്ങി, സന്ധ്യാനാമങ്ങളുറങ്ങി.
മഴ നനഞ്ഞ പഴയ തറവാട്ടു വീടിൻ്റെ പുല്ലും കരിയിലകളും നിറഞ്ഞ പരിസരത്ത്, മുത്തശ്ശിയെത്തേടി ആ പഴയ ചൂല് കെട്ടുപൊട്ടി കിടന്നു.