കൊറോണക്കാലത്തെ തൊഴിലില്ലായ്മയ്ക്ക് വിരാമമിട്ടുകൊണ്ടുള്ള ആദ്യദിനം. അതും പഴയകാല പ്രണയിനിയുടെ വീട്ടിൽ.നേരിയ ഭയത്തോടെയാണ് ഞാൻ ആ വീടിന്റെ മുറ്റത്തേക്കുള്ള പടവുകൾ കയറിയത്. അവളെ അഭിമുകീഖരിക്കുന്ന കാര്യമോർക്കുമ്പോൾ...
ഹൃദയം വല്ലാതെ മിടിക്കുകയും, കാലുകൾ തളരുകയും ചെയ്യുന്നു. ഉള്ളിലെ പതർച്ച പുറത്തറിയിക്കാതെ ഞാൻ വീട്ടുമുറ്റത്തെത്തി. ഷെഡ്‌ഡിൽ നിന്നുകൊണ്ട് ഡ്രസ്സ്‌മാറി... അവളുമായി കൂട്ടിമുട്ടാൻ ഇടവരുത്തരുതേ എന്ന് ...അള്ളാഹുവിനെ മനസ്സിൽ വിളിച്ചു പ്രാർത്ഥിച്ചുകൊണ്ട് കൂട്ടുകാർക്കൊപ്പം പുറത്തിറങ്ങി, പെയ്ന്റു ബക്കറ്റുകൾ ഇരിക്കുന്നിടത്തേയ്ക്ക് നടന്നു.
വലിയ വീടാണ്... ഒരുപാട് ദിവസത്തെ പണിയുണ്ട്. ഇത്രയും നാളത്തെ സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെയും ഈ പണി തുടങ്ങുന്നതോടെ തീരുമെന്ന് എനിയ്ക്ക് തോന്നി. ഈ ഒരു പ്രതീക്ഷ ഒന്നുകൊണ്ടു മാത്രമാണ് ജോലി അവളുടെ വീട്ടിലാണെന്ന് അറിഞ്ഞിട്ടും മടിയോടെയാണെങ്കിലും പുറപ്പെട്ടത്. അവളുടെ ബാപ്പ പുറത്തേയ്ക്ക് ഇറങ്ങിവന്ന് കൂട്ടുകാരെയൊക്കെ പരിചയപ്പെട്ടു. ചിലർ ഈ സമയം പെയ്ന്റു നിറച്ച ബക്കറ്റുകളും ബ്രഷും എടുത്തുകൊണ്ട് ജോലിയ്ക്ക് തയ്യാറായി കഴിഞ്ഞിരുന്നു.
അവളുടെ ഉമ്മാ എല്ലാവർക്കും ചായ കൊണ്ടുവന്നു വെച്ചു. ചായ കുടിച്ചു. ഇനി ജോലി... ജോലിയുടെ തുടക്കം... ആദ്യദിനം. ജോലി കൊട്ടേഷൻ എടുത്ത് ചെയ്യിക്കുന്ന ചേട്ടനിൽ നിന്നും...പെയ്ന്റു മിക്സ് ചെയ്ത ബക്കറ്റും ഏറ്റുവാങ്ങി ഞാനും മറ്റുള്ളവരെപ്പോലെ വീടിന്റെ ഒരു കോണിലേയ്ക്ക് നടന്നു. നല്ല സ്ഥലം, നല്ല വീട്ടുകാർ... ആദ്യദിനം നന്നായി എന്ന് എനിക്കുതോന്നി. പക്ഷേ, ഇടയ്ക്കിടയ്ക്ക് എന്റെ മനസ്സിലേയ്ക്ക് ഭീതിപടർത്തിക്കൊണ്ട് അവളുടെ മുഖവും പ്ലസ്ടൂ പഠനകാലവും ഓടിയെത്തിക്കൊണ്ടിരുന്നു.
പത്തുമണിയോടെ ജോലി നിറുത്തിവെച്ച് കാപ്പി കുടിക്കുവാനായി വീണ്ടും ഷെഡ്‌ഡിനുനേർക്ക് നടന്നു. കാർ പോർച്ചിന്റെ മുന്നലെത്തി കാപ്പി അടങ്ങിയ ബാഗ് എടുക്കാനായി അകത്തേയ്ക്ക് കയറാനൊരുങ്ങിയതും തീയിൽ ചവുട്ടിയതുപോലെ ഞാൻ പിന്നോക്കം മാറി. അവിടെ... അവിടെ... കാറിൽ ചാരി മൊബൈലും പിടിച്ച്... അവൾ
ഞാൻ പെട്ടെന്ന് ബോധവാനായി. സുഹൃത്തിനോട് എന്റെ ബാഗും കൂടി എടുക്കാൻ പറഞ്ഞേൽപ്പിച്ചിട്ട് അവിടെനിന്ന് തിരിഞ്ഞുനടന്നു. അപ്പോഴേയ്ക്കും പിന്നിൽ നിന്നും ഒരു വിളിവന്നു. ഞാൻ തിരിഞ്ഞുനോക്കി. അവളുടെ ഉമ്മാ എന്നെനോക്കി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നു. കാറിൽ ചാരി നിന്ന അവളെ നോക്കി അവർ പറഞ്ഞു.
"ഇവളും മോനും ഒരുമിച്ചു പഠിച്ചതാണല്ലേ.? ഇവൾ പറഞ്ഞു... എന്നിട്ടെന്തേ മിണ്ടാതെ പോകുന്നത്.?"
"വെറുതേ..."
ഞാൻ അവളേയും ഉമ്മയേയും നോക്കി ഒരു വിളറിയ പുഞ്ചിരി പാസ്സാക്കി. എന്നിട്ട് മെല്ലെ തിരിഞ്ഞു നടന്നു.ഇനിയൊരിക്കലും കണ്ടുമുട്ടരുതെന്ന് ഞാൻ കരുതിയ മുഖം. എന്നും വെറുപ്പോടെ മാത്രം മനസ്സിൽ ഓർക്കാൻ ശ്രമിക്കുന്ന മുഖം.ഒരുകാലത്ത് തന്റെ ജീവനായിരുന്നവൾ 'ശബ്‌നു'... രണ്ടുവർഷത്തെ പ്ലസ്ടൂ പഠനകാലത്ത് പ്രണയത്തിന്റെ പറുദീസയിലേയ്ക്ക് തന്നെ കൈപിടിച്ച് ആനയിച്ചവൾ. മരണംവരെയും ഒരുമിച്ചായിരിക്കുമെന്ന് ഹൃദയത്തിൽ മുഖമമർത്തി പലയാവർത്തി പറഞ്ഞവൾ. എന്തിനും ഏതിനും തന്റെ സാമീപ്യം ആഗ്രഹിച്ചിരുന്നവൾ... എന്നിട്ടും... ഒടുവിൽ പഠനം അവസാനിക്കുന്നതിനുമുമ്പ് തന്നെ, തന്റെ പ്രണയത്തെ നിഷ്കരുണം തള്ളിക്കളയുകയും തന്നെ വേദനിപ്പിച്ചുകൊണ്ട് മറ്റൊരുവന്റെ പിന്നാലെ പോവുകയും ചെയ്തവൾ...
പഠനകാലത്തു ഞാൻ എഴുതിയ പ്രണയകവിതകളൊക്കെയും അവളെക്കുറിച്ചാണെന്ന് കൂട്ടുകാർ പാടിപ്പറഞ്ഞപ്പോൾ പുഞ്ചിരിയോടെ എന്നെനോക്കി കടന്നുപോയവൾ... പ്ലസ്ടൂ പടനത്തിനുശേഷം ഒരിക്കലും അവളെ നേരിട്ടു കണ്ടിട്ടില്ല. എങ്കിലും റിസൾട്ട് വന്നപ്പോൾ അവൾക്ക് എത്ര മാർക്കുണ്ട്, അവൾ ഡിഗ്രിക്ക് ഏത് കോളേജിലാണ് ചേരുന്നത് എന്നൊക്കെ അറിയാൻ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. ഇപ്പോഴിതാ അവൾ ഡിഗ്രി കഴിഞ്ഞ് പിജിയ്ക്ക് ചേർന്നിരിക്കുന്നു. താനോ... പ്ലസ്ടൂവോടെ പഠനം അവസാനിപ്പിച്ച് ജീവിതപ്രാരാബ്ധങ്ങളുമായി പെയ്ന്റിങ് ജോലിയുമായി കഴിയുന്നു.
ഇപ്പോഴിതാ അവളുടെ ഇത്താത്തയുടെ നിക്കാഹുമായി ബന്ധപ്പെട്ടുള്ള പെയ്ന്റിങ് ജോലിക്കായി താൻ എത്തിച്ചേർന്നിരിക്കുന്നു. കാപ്പി കുടി കഴിഞ്ഞ് വീണ്ടും ജോലിയിൽ പ്രവേശിച്ചു. ചുമരിൽ ചായം തേച്ച് വീടിന്റെ പിന്നാമ്പുറത്തേയ്ക്ക് പോകവേ...പെട്ടെന്നാണ് അത് കണ്ടത്. റൂമിന്റെ തുറന്നിട്ട ജനാലക്കമ്പികളിൽ പിടിച്ചുകൊണ്ട് അവൾ നിൽക്കുന്നു. എനിയ്ക്ക് വീണ്ടും കാലുകൾ തളരുന്നതുപോലെ തോന്നി. ശരീരം വിയർക്കുന്നു. ഞാൻ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. തന്നെ മാറ്റുകൂട്ടുകാർ ആരെങ്കിലും കാണുന്നുണ്ടോ.? ഇല്ല...
ഒരുനിമിഷം ബക്കറ്റിൽ നിന്നും ബ്രഷ് മുക്കി ചുമരിൽ പെയ്ന്റു ചെയ്യാനായി തല ഉയർത്തവേ എന്റെ മിഴികൾ അവളുടെ മിഴികളുമായി ഉടക്കി. ഞാൻ കണ്ടു എന്നെ മാത്രം ശ്രദ്ധിച്ചുകൊണ്ട് നിൽക്കുന്ന ശബ്നുവിനെ... അവളുടെ കണ്ണുകളിൽ ആ പഴയ നീർത്തിളക്കം.ഒരുനിമിഷം ഞാനും ആ മിഴികളിലേയ്ക്ക് നോക്കി അങ്ങനെ നിന്നുപോയി. പൊടുന്നനെ ബോധോദയം ഉണ്ടായതുപോലെ ഞാൻ മുഖം താഴ്ത്തി. എന്നിട്ട് ചുവരിൽ പെയ്ന്റു ചെയ്യാൻ തുടങ്ങി. ഈ സമയം അവൾ മെല്ലെ വിളിച്ചു...
"അബ്ദൂ..."
വേണ്ടാ... കഴിഞ്ഞതൊന്നും ഇനി പുതുക്കേണ്ട... ഇനിയും ഒരു വിരഹവേനൽ വേണ്ട. പെട്ടെന്നുതന്നെ പെയ്ന്റു നിറച്ച ബക്കറ്റുമായി ഞാൻ അവിടെനിന്നും നടന്നു.അപ്പോൾ ഒരിക്കൽക്കൂടി അവളുടെ ശബ്ദം മുഴങ്ങി.
"അബ്ദൂ... നിനക്ക് എന്നോട് ഇന്നും വെറുപ്പാണോ... ഒരു സഹപാഠിയോടുള്ള സൗഹൃദമെങ്കിലും എന്നോട് കാണിച്ചുകൂടെ.? ഇനിയും എത്രയോ തവണ കണ്ടുമുട്ടേണ്ടവരാണ് നമ്മൾ.?"
ശരിയാണ്... ഒരു സഹപാഠി എന്നനിലയിൽ എനിക്ക് അവളോട് സംസാരിക്കാമായിരുന്നു. എത്രകാലം താൻ അവളിൽ നിന്ന് ഇങ്ങനെ അകന്നുമാറും? ഒരിക്കൽ തന്നെ ഒഴിവാക്കി പോയെന്നുകരുതി താനെന്തിന് അവളിൽ നിന്ന് ഓടിയൊളിക്കണം.? ഈ ചിന്തകളെല്ലാം എന്റെ മനസ്സിൽ ഉടലെടുത്തുവെങ്കിലും...പെയ്ന്റിങ്‌പണി തീരുന്നതുവരെയും ഞാൻ അവളോട് മിണ്ടാൻ കൂട്ടാക്കിയില്ല.