mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
ഉത്സവങ്ങൾ അവൾക്കെന്നും പ്രിയപ്പെട്ടതാണ്. ഒരു പക്ഷേ, അവൾ ഏറ്റവുംകൂടുതൽ ഇഷ്ടപ്പെട്ടിരുന്നത് ഉത്സവങ്ങളെയാണ്. ഉത്സവങ്ങളില്ലാത്ത സമയം അവൾക്കെന്നും വെറുക്കപ്പെട്ടതായിരുന്നു. ഉത്സവകാലം വന്നടുക്കുന്നതുംനോക്കി അവൾ ദിവസങ്ങളെണ്ണി കാത്തിരിക്കും. പ്രിയതമനെ കാത്തിരിക്കുന്ന പ്രതീതിയാണവൾക്കപ്പോൾ. ഈ സ്വഭാവംകണ്ട് അവൾക്ക് ഭ്രാന്താണെന്നുപോലും ആളുകൾ പറഞ്ഞുപരത്തി.

അങ്ങനെയുള്ള ഒരു ഉത്സവപ്പറമ്പിൽ വെച്ചാണ് അവൾ ആദ്യമായി അവനെ കണ്ടുമുട്ടിയതും,പരിചയപ്പെട്ടതും, പ്രണയത്തിലായതുമെല്ലാം.

ഒരു ഉത്സവത്തിനോളം വലുപ്പമുണ്ടായിരുന്നു അവൾക്ക് അയാളോടുള്ള സ്നേഹത്തിന്. ആ നാട്ടിലെ ഉത്സവപ്പറമ്പുകളിലെല്ലാം ഇണക്കുരുവികളെപ്പോലെ അവർ തൊട്ടുരുമ്മി സ്നേഹം പങ്കിട്ടുനടന്നു.

ജാതിമത വൈര്യങ്ങൾ മറന്നുകൊണ്ട് മനുഷ്യർ ഒത്തുചേരുന്ന അപൂർവ്വസംഗമങ്ങളുടെ സായാഹ്നങ്ങളിൽ... അവർ പരസ്പരം ഹൃദയങ്ങൾ പങ്കുവെച്ചു. ജീവിതത്തിലെ തേനൂറും നിമിഷങ്ങളിൽ ഒരുവേള ,എല്ലാം മറന്നവർ ഒന്നായിച്ചേർന്നു.

പത്തുദിവസം നീണ്ടുനിന്ന ഒരു മഹോത്സവത്തിന്റെ ആരവങ്ങൾക്കിടയിൽ വെച്ചാണ് അവനെ ഞെട്ടിച്ചുകൊണ്ട് അവളാ രഹസ്യം കാതിൽ മൊഴിഞ്ഞത്.

"ഞാൻ ഗർഭിണിയാണ്."

വാർത്തയറിഞ്ഞ് അവളുടെ കാമുകൻ ഞെട്ടി. അതുവരെയുണ്ടായിരുന്ന അയാളുടെ ആവേശം ഒറ്റനിമിഷംകൊണ്ട് അസ്തമിച്ചുപോയതുപോലെ അവൾക്കുതോന്നി. അന്ന് പതിവിനു വിപരീതമായിക്കൊണ്ട് ഏറെവൈകും മുൻപ് അവൻ അവളോട് യാത്രപറഞ്ഞുകൊണ്ട് ഉത്സവപ്പറമ്പിൽ നിന്നും പിരിഞ്ഞുപോയി.

പിന്നീടുള്ള ഉത്സവദിവസങ്ങളിൽ അവൾ ഒറ്റക്കായിരുന്നു. ഏറെനേരം കാത്തിരുന്നിട്ടും... ഒരുപാടെല്ലാം അനോഷിച്ചിട്ടും അയാളെ കണ്ടെത്താൻ അവൾക്കായില്ല.

പ്രണയത്തിന്റെ കൊഞ്ചലുകളോ, കാമുകന്റെ തലോടലുകളോ, സ്നേഹമൂറും വാക്കുകളുടെ തഴുകലോ... ഇല്ലാതെ അവൾ ഉത്സവപ്പറമ്പിലൂടെ ഒഴുകിനീങ്ങുന്ന ജനങ്ങളെനോക്കിയിരുന്നു. ആ സമയം അവളുടെ കണ്ണിൽ ഉത്സവത്തിന്റെ പ്രതീതിയോ ,കാതിൽ ഉത്സവത്തിന്റെ ആരവങ്ങളോ ഉണ്ടായിരുന്നില്ല .മറിച്ച്‌ ഉത്സവംകഴിഞ്ഞ ഉത്സവപ്പറമ്പിന്റെ മൂകതയും , നിരാശയുമായിരുന്നു.

ദിവസങ്ങൾ കഴിഞ്ഞുപോയിക്കൊണ്ടിരുന്നു .അവളുടെ ഇഷ്ടതോഴൻ പിന്നൊരിക്കലും അവളെ തേടിയെത്തിയില്ല. ആ വർഷത്തെ ഉത്സവം കൊടിയിറങ്ങുന്ന നാൾ ഒരു സായാഹ്നത്തിൽ ആരോ വിളിച്ചുപറയുന്നത് കേട്ടു.

"ഉത്സവപ്പറമ്പിൽ ഒരു ഗർഭിണി മരിച്ചുകിടക്കുന്നു."

ആളുകൾ അവിടേയ്ക്കോടി എത്തി. ആ കൂട്ടത്തിൽ അവളുടെ കാമുകനുമുണ്ടായിരുന്നു. ഒപ്പം പുതിയ കാമുകിയും. അവന്റെ കണ്ണുകൾ വന്യമായി തിളങ്ങി. മരിച്ചുകിടന്ന അവളെനോക്കി പരിഹാസത്തോടെ ചിരിച്ചുകൊണ്ട് അവൻ കാമുകിയോട് പറഞ്ഞു.

"ജീവിതമെന്തെന്ന് അറിയാത്ത ഉത്സവത്തെ സ്നേഹിച്ച ഏതോ പൊട്ടിപ്പെണ്ണ്."

ഉത്സസവം അപ്പോൾ അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയായിരുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ