ഗോപാലൻ ചേട്ടന്റെ ചെറിയ ഒരു തുണ്ടു പറമ്പ് ഞങ്ങളുടെ പറമ്പിനോട് ചേർന്നുരുമ്മി കിടപ്പുണ്ടെങ്കിലും, അവരുടെ വീട് നാലു വീടുകൾക്ക് അപ്പുറത്താണ്. അതും റോഡിന്റെ എതിർ വശം. അയൽക്കാരി ത്രേസ്യാമ്മ ചേട്ടത്തിയുടെ കണ്ണു വെട്ടിച്ചുകൊണ്ട് ഗോപാലൻ ചേട്ടന്റെ വീട്ടിലേക്കു പോകാൻ ഒരു ഈച്ചയ്ക്കു പോലും കഴിയില്ല. പിന്നെയാണ് അണിഞ്ഞൊരുങ്ങി സുന്ദരിയായ ഈ ഞാൻ.
ചേടത്തീടെ വീടിന്റെ മുൻപിൽ എത്തിയതും ചോദ്യം വന്നു, അതും എട്ടു നാടും പൊട്ടത്തക്കവിധത്തിൽ.
"ആതിര മോളെ, എങ്ങോട്ടാ കാലത്തെ?"
ഉച്ചയാകാറായി, അപ്പോഴാണ് അവരുടെ ഒരു ചോദ്യം. ചോദ്യത്തിനു പുറകെ ചേടത്തീടെ വീടിന്റെ മുകളിലത്തെ നിലയിലെ ജനാലയിൽ നിന്നും തോമസ്സുകുട്ടിയുടെ നോട്ടം നീണ്ടു വന്നു. പണ്ടൊക്കെ തല്ലിക്കളിച്ചു വളർന്നതാണെങ്കിലും, മീശ മുളച്ചതോടെ തോമസ്സുകുട്ടിക്ക് അല്പം ഗമ കൂടി. പിന്നെ ചെക്കൻ എപ്പോഴും ടൊവീനോ സ്റ്റൈലിൽ നടക്കാനും സംസാരിക്കാനും തുടങ്ങി. എന്തിനാണ് ഇവൻ ഇങ്ങനെ സിനിമാ നടനെ അനുകരിക്കുന്നതെന്ന് ഒരു പിടിയും കിട്ടില്ല. അവന്റെ കടാക്ഷങ്ങളെ അവഗണിക്കാമെങ്കിലും ത്രേസ്യാമ്മ ചേട്ടത്തിയുടെ ചോദ്യത്തെ അവഗണിക്കുന്നതു ശരിയല്ല. കാരണം എന്തെന്നാൽ, അവഗണിക്കാൻ ചേട്ടത്തി സമ്മതിക്കില്ല. ഉത്തരം കണ്ടെത്തുന്നതുവരെ അവർ ചോദ്യങ്ങൾ പല തരത്തിൽ അവതരിപ്പിച്ചുകൊണ്ടിരിക്കും.
"അതെ ആന്റി, ഞാൻ അങ്ങേലെ മനോജിനെ ഒന്നു കാണാൻ പോകുവാ." തോമസുകുട്ടി കൂടി കേട്ടോട്ടെ എന്നു കരുതിയാണ് അങ്ങനെ പറഞ്ഞത്. അതെന്തായാലും കൊണ്ടു. ഒന്നാം നിലയിലെ ജനാലയിൽ നിന്നും പൂർണ്ണചന്ദ്രൻ മേഘത്തിനു പിന്നിൽ ഒളിച്ചു. മകൻ ഒതുങ്ങിയെങ്കിലും അമ്മ ഒതുങ്ങിയില്ല. ചേട്ടത്തിയുടെ തുടർ ചോദ്യം പിന്നാലെ എത്തി.
"അതെന്താ മോളെ പതിവില്ലാതെ. മനോജിന് എന്തേലും പറ്റിയോ?"
ഇതിപ്പം ഗുലുമാൽ ആയല്ലോ ദൈവമേ!
"ഒന്നും പറ്റിയില്ല ആന്റി. വെറുതെ ഒന്നു കാണാമെന്നു കരുതി. കുറച്ചുനാളായി കണ്ടിട്ടും സംസാരിച്ചിട്ടും. തിരിച്ചു വരുമ്പം തോമസ്സുകുട്ടിയെയും കാണണം. ഒന്നുമല്ലേൽ ഞങ്ങളൊക്കെ ഒന്നിച്ചു കളിച്ചു വളർന്നവരല്ലേ."
അതെന്തായാലും ചേട്ടത്തിക്ക് കൊണ്ടു. ഈ തെറിച്ച പെണ്ണ് തന്റെ മോനെ തട്ടിക്കൊണ്ടുപോയാലോ എന്നു കരുതിയാവും ഇങ്ങനെ പറഞ്ഞു.
"അവനെങ്ങാണ്ട് പോവാൻ ഒരുങ്ങുവാ. ആതിര തിരിച്ചു വരുമ്പോൾ അവൻ ഇവിടെ കാണത്തില്ല."
ചേടത്തീടെ നമ്പർ എനിക്ക് മനസ്സിലായി. എന്നാലും അങ്ങനെ വിട്ടു കളയുന്നതു ശരിയല്ലല്ലോ.
"അതു സാരമില്ല. തോമസുകുട്ടി ഇല്ലേലെന്താ എനിക്ക് ആന്റിയോട് കുറച്ചുനേരം മിണ്ടിയും പറഞ്ഞും ഇരിക്കാമല്ലോ. എന്തായാലും ഞാൻ തിരിച്ചു വരുമ്പോൾ കേറാം."
ഞങ്ങളുടെ വർത്തമാനം കേട്ടിട്ടാകണം പലരും വീടിനു പുറത്തിറങ്ങി നോക്കുന്നുണ്ടായിരുന്നു. നാട്ടിൻപുറമല്ലെ, എല്ലാ കാര്യങ്ങളും എല്ലാവരും അറിഞ്ഞിരിക്കും. നേരായോ പരദൂഷണമായോ ഓരോ സംഭവവും ചെവികളിൽ നിന്നും ചെവികളിലേക്കു പടർന്നു കയറും. അങ്ങിനെയാണ് ഞാനും ഗോപാലൻ ചേട്ടന്റെ മകൻ മനോജും തമ്മിൽ ഏതാണ്ടൊക്കെയാണെന്നു നാട്ടിൽ പാട്ടായത്. അതിനു പിന്നിൽ ത്രേസ്യാമ്മ ചേട്ടത്തിയുടെ വാഗ്വിലാസം ഉണ്ടായിരുന്നു. നാട്ടിൽ എല്ലാവരും ഈ അനുരാഗകഥ അറിഞ്ഞെങ്കിലും അത് അറിയാത്ത ഒരാൾ നാട്ടിൽ ഉണ്ടായിരുന്നു. അത് കഥയിലെ നായകനായ മനോജ് ആയിരുന്നു.
അന്നത്തെ കഥ തുടരാം. കേക്കുമായി എത്തിയ എന്നെ വരവേറ്റത് വത്സലച്ചേച്ചി ആയിരുന്നു. കാർട്ടനിട്ട ജനലിന്റെ വിടവിലൂടെ എല്ലാം കണ്ടുകൊണ്ടിരുന്ന വത്സലച്ചേച്ചി അത്ഭുതവും വാത്സല്യവും മുഖത്തണിഞ്ഞിരുന്നു.
"അല്ലാ, ഇതാരാ... ആതിരമോളോ? എന്താ മോളെ പതിവില്ലാതെ?"
"ഗോപാലൻ ചേട്ടനു സുഖമില്ലെന്നു അമ്മ പറഞ്ഞു. കാണാൻ വന്നതാണ്", ഞാൻ പറഞ്ഞുകൊണ്ട് ചുറ്റും നോക്കി. അതെ, ത്രേസ്യാമ്മ ചേട്ടത്തീടെ നോട്ടം അപ്പോളും എന്റെ പുറകെ ഉണ്ടായിരുന്നു. എന്തൊരു കരുതലാണ് കർത്താവേ!
"വാ മോളെ" എന്നു പറഞ്ഞുകൊണ്ട് വത്സലച്ചേച്ചി എന്നെ ഗോപാലൻ ചേട്ടൻ കിടന്നിരുന്ന മുറിയിലേക്ക് ആനയിച്ചു. തീരെ അവശനായിരുന്നെങ്കിലും കേക്ക് കണ്ടപ്പോൾ ചേട്ടന്റെ കണ്ണിൽ ഒരു തിളക്കം മിന്നിമാഞ്ഞു.
കട്ടിലിനു അരികിലുള്ള മേശപ്പുറത്തിരുന്ന കേക്ക് വത്സലച്ചേച്ചി എടുത്തുകൊണ്ട് വത്സലച്ചേച്ചി അടുക്കളയിലേക്കു നീങ്ങവെ ഇപ്രകാരം പറഞ്ഞു "ആതിര വാ, ഞാനൊരു നല്ല കാപ്പിയിട്ടു തരാം." ചേച്ചിയെ പിന്തുടർന്നു അടുക്കളയിൽ എത്തിയപ്പോൾ സ്വകാര്യം പോലെ അവർ പറഞ്ഞു, "അവിടിരുന്നാൽ ചേട്ടൻ അതു മുഴുവൻ തിന്നു തീർക്കും. ഡയബറ്റിക് ആണെന്നോ സുഖമില്ലാത്തതാണെന്നോ ഓർക്കില്ല."
ഉള്ളത് പറയണമല്ലോ. നല്ല അസ്സൽ കാപ്പിയായിരുന്നു. കാപ്പി കുടിക്കെ വത്സലച്ചേച്ചി നാട്ടിലെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങി. പരദൂഷണങ്ങളിൽ രസം പിടിച്ചു തുടങ്ങിയപ്പോളാണ് പുറത്തെവിടെയോ പോയ മനോജ് തിരികെയെത്തിയത്. എന്നെ കണ്ട അവന്റെ കണ്ണുകൾ വിടരുന്നത് ഞാനറിഞ്ഞു.
"അമ്മെ, എനിക്കും ഒരു കാപ്പി വേണം" എന്നോട് വിശേഷങ്ങൾ ചോദിച്ചശേഷം അവൻ അമ്മയോടു പറഞ്ഞു. വത്സലച്ചേച്ചിയെ വിദഗ്ദ്ധമായി അവിടെനിന്നും ഒഴിവാക്കാനായിരുന്നു അതെന്നു എനിക്ക് പിന്നീടു മനസ്സിലായി.
അമ്മ ഒഴിവായ തക്കത്തിൽ അവൻ ശബ്ദം താഴ്ത്തി പറഞ്ഞു. "എടീ നീ അങ്ങു പൂത്തുലഞ്ഞപോലുണ്ടല്ലോ! ഈ സാരി നന്നായി ചേരുന്നുണ്ട്."
"പോടാ ചെക്കാ" എന്നു പറയുമ്പോൾ സത്യത്തിൽ എനിക്ക് അല്‌പം സന്തോഷമുണ്ടായിരുന്നു. അത് പിന്നെ അങ്ങനെയല്ലെ...
രണ്ടു നാൾ കഴിഞ്ഞു അമ്പലക്കുളത്തിന്റെ അരികിൽവച്ചു കണ്ടപ്പോൾ അവൻ പറഞ്ഞു, "ആതിരേ, നീ കൊണ്ടുവന്ന കേക്കിനു നല്ല രുചിയായിരുന്നു. പക്ഷെ അത് പെട്ടെന്നു തീർന്നുപോയി." അന്നു കുറെ നേരം അവനുമായി സംസാരിച്ചു നിൽക്കുന്നത് നാട്ടുകാർ എല്ലാം കണ്ടു. തിരികെ പോകുമ്പോൾ അവൻ ചോദിച്ചു "ഇനി എന്നാണു അച്ഛനെ കാണാൻ നീ കേക്കുമായി വരുന്നത്?"
തിരികെ നടക്കുമ്പോളാണ് എനിക്കാ സംശയം ഉണ്ടായത്. അമ്മ എന്നെ അണിയിച്ചൊരുക്കി കേക്കുമായി പറഞ്ഞു വിട്ടത് ആരെ കാണിക്കാനായിരുന്നു?
(തുടരും)