മോനാലിസയ്ക്ക് പുഞ്ചിരിക്കാൻ പ്രയാസം നേരിടുന്നത് അവൾക്ക് മോണവീക്കമുള്ള ദിവസങ്ങളിലാണ് . പല്ലിന്റെ മേൽമോണ ചീസ് കേക്കിൻമേൽ ഡെക്കറേഷൻ ആയി വെച്ച ചെറിപഴം പോലെ ചുവന്നിരിക്കുന്ന ആ ദിവസങ്ങളിൽ രാത്രിയുറക്കം തടസ്സപ്പെടുമ്പോൾ
അവൾ മോണവേദനയില്ലാത്ത ദിവസങ്ങളിൽ താൻ കാണിച്ചു കൂട്ടുന്ന അഹങ്കാരങ്ങളെ കുറിച്ചോർക്കും, ആളുകളെ വശ്യമായി പുഞ്ചിരിച്ചു വശത്താക്കുക, പ്രണയത്തിന്റെ ഫ്ലാവർ നിറഞ്ഞ ചുണ്ടനക്കങ്ങൾ കൊണ്ടു ഭേജാറാക്കുക, വേണ്ടി വന്നാൽ നിങ്ങളുമായി ഞാൻ ഇണ ചേരാം കേട്ടോ എന്ന ഭാവങ്ങളിൽ പുഞ്ചിരിച്ചു കൊണ്ട് ഞരമ്പുകളായ മെട്രോ ട്രെയിൻ സ്പർശനരതിപ്രിയരായ യാത്രികരെ ലൈംഗികമായി പ്രകോപിപ്പിക്കുക, ഒടുവിൽ ഇര കിട്ടിയ മോദത്തിൽ വിശന്നെത്തുന്ന അവരെ "പറ്റിച്ചേ "എന്ന രീതിയിൽ പുച്ഛിച്ച ഒരു പുഞ്ചിരിയോടെ ഒഴിവാക്കുക എന്നീ പാതകങ്ങൾ ആണ് നമുക്ക് മോനോലിസയിൽ ചുമത്താനാവുക.
ഇങ്ങനെ പുഞ്ചിരി കൊണ്ടു വായാൽ ചെയ്യുന്ന പാപങ്ങൾക്കോ, വാക്കാൽ മൊഴിഞ്ഞു നേടുന്ന അപരഗോസിപ്പ് ശീലത്തിനോ മോനോലിസ ദൈവത്തിൽ നിന്നും മോണവീക്കത്തിന്റെയും അനന്തരം വായ്പ്പുണ്ണിന്റെയും രൂപത്തിൽ ശിക്ഷ നേരിട്ടുകൊണ്ടിരുന്നു . ഇത് മോനോലിസ തിരിച്ചറിഞ്ഞത് പലവട്ടം തനിക്കുണ്ടായ മോണവീക്കത്താൽ വിങ്ങിപഴുത്ത വായ വെച്ചുള്ള നിദ്രവിഹീനമായ രാത്രികളിൽ നിന്നാണ്. "
"നിന്റെ നിശ്വാസങ്ങൾക്ക് പോലും ചെമ്പകപ്പൂവിന്റെ മണമാണെന്ന്" കാമാസക്തിയിൽ മൊഴിഞ്ഞുകൊണ്ട് അവളുടെ ചുണ്ടിതളുകളെ നുണയുന്ന ഭർത്താവ് " ഒന്ന് മാറി കിടന്നേഡീ ശവമേ വായ നാറീട്ടു വയ്യ " എന്ന് പറഞ്ഞു തിരിഞ്ഞു കിടക്കുന്നതും ഈ വേളകളിലാണ്. അതും പോരാഞ്ഞിട്ട് മോണവേദനയുടെ ദിവസങ്ങളിൽ ഇൻഫോപാർക്കു വഴിയിലെ സ്ഥിരം തട്ടുകടയിലെ പൊരിച്ച കോഴികൾ അവളെ നോക്കി കൊഞ്ഞനം കുത്തുന്നതും, കേക്ക് സെന്ററിലെ പലതരം കേക്കുകൾ മോണവേദനകൊണ്ട് രുചി ആസ്വദിക്കാൻ പറ്റാത്ത അവളുടെ വായ നോക്കി "ദേ വായ്പ്പുണ്ണി പോണേ "എന്ന അർത്ഥം വെച്ച് സംഘം ചേർന്ന് കളിയാക്കുന്നതും ഈ സമയങ്ങളിൽ തന്നെ.
മോനോലിസയ്ക്ക് ടെൻഷൻ വരുന്ന ദിവസങ്ങളിൽ പല്ലുതേയ്ക്കാതെയുള്ള തീറ്റകൾ വളരെ കൂടുതലാണ്, പുലർകാലത്തു തന്നെ ഫ്രിഡ്ജിൽ നിന്നും ചിക്കനെടുത്തു തിന്നു കട്ടൻ ചായയും കുടിക്കുന്ന ഒരു ശീലം അവൾക്കുണ്ട്, കടിച്ചു പറിച്ച കോഴിതുണ്ടുകളിൽ ചിലത് പ്രതികാരചിന്തയോടെ അവളുടെ കട്ടപല്ലുകൾക്കിടയിൽ ഒളിച്ചിരുന്ന് കീടാണുകളുമായി നിഗൂഢമായി പദ്ധതി തെയ്യാറാക്കി പണി കൊടുക്കാൻ തക്കം പാർത്തു നില്കുന്നത് പാവം അറിയാറില്ല. രണ്ടു നേരം പല്ല് തേയ്ക്കുക എന്നത് ജോലിതിരക്കും ഐ.ടി സ്‌ട്രെസ്സും ആവോളം പേറുകയും,നന്നായിട്ട് തൂറാൻ പോലും ക്ഷമയില്ലാത്തവളുമായ മോനോലിസയുടെ ഒരു വിദൂരസ്വപ്നമാണ്.
ഈ വിധം മോനോലിസയും ഇടയ്യ്ക്കിടെ അവൾ നേരിടുന്ന മോണവേദനയും തമ്മിലുള്ള യുദ്ധം തുടർന്ന് കൊണ്ടിരുന്നു. വെടി നിർത്തൽ കരാർ വേണ്ടതാണ് ഈ കാര്യത്തിൽ എന്ന് മോനോലിസ ചൂടുവെള്ളത്തിൽ ഉപ്പിട്ട് ഗാർഗിൾ ചെയ്യുന്ന ഈ ദിനങ്ങളിൽ ഒരു തീരുമാനമെടുത്തു.
പുഞ്ചിരിക്കുന്ന തനിക്കുമുണ്ട് വഞ്ചനയുടെ ലാഞ്ചന എന്ന സ്വഭാവം അവൾ നിർത്തി, പുഞ്ചിരിയെ കോമേഴ്‌സലൈസ് ചെയ്യുന്ന വിപണി സാധ്യതയെ മോനോലിസ പാടേ അവഗണിച്ചു, പുഞ്ചിരി അതിനു തോന്നുമ്പോൾ വേണമെങ്കിൽ തന്റെ ഹൃദയത്തിൽ നിന്ന് വന്നോട്ടെ താനായിട്ട് മുടക്കില്ല എന്ന് മാത്രം അവൾ തീരുമാനിച്ചു, പിന്നെ രണ്ടു നേരം പല്ല് തേയ്ക്കാനും, വായ കൊണ്ട് സത്യങ്ങൾ മാത്രം പറയാനും, വാക്കുകൾ കൊണ്ട് ആരെയും വേദനിപ്പിക്കാതിരിക്കാനും മോനോലിസ മോണവേദനകൊണ്ട് വിങ്ങുന്ന വായയോടെ പ്രതിജ്ഞയെടുത്തു.
ഇപ്പോൾ മോനോലിസയുടെ പുഞ്ചിരിയ്ക്ക് ഭംഗി കൂടുതലാണ് എന്തെന്നാൽ മോണവീക്കം എന്തെന്ന് പോലും ഈയിടെ അവൾ മറന്നു പോയിരിക്കുന്നു.
രചന : ബാജീഷ് സിദ്ധാർഥൻ