• MR Points: 0
  • Status: Ready to Claim

Sohan

രാവിലെ 6.30 മണിയ്ക്കാണെഴുന്നേറ്റത്.

പത്രമെടുക്കാന്‍ മുന്‍വശത്തെ കതകു തുറന്നു. പത്രം വന്നിട്ടില്ല. ഇനി വന്നാലും പുതിയതായി അറിയാനൊന്നുമില്ല. ടെലിവിഷനിലൂടെ നിരന്തരം ആവര്‍ത്തിയ്ക്കുന്ന വാര്‍ത്തകള്‍ അച്ചടിച്ച രൂപത്തില്‍ വരുന്നുവെന്നു മാത്രം എങ്കിലും, പലരും പത്രവായന തുടരുന്നു ഒരു ശീലമായതു കൊണ്ടു മാത്രം. പുതിയ തലമുറയില്‍ ആരും പത്രം വായിയ്ക്കുന്ന പതിവില്ല. അവര്‍ക്കതിന്‍ടെ ആവശ്യവുമില്ല. കാരണം അവരുടെ ജീവിതം തന്നെ മിക്കവാറും സോഷ്യല്‍ മീഡിയയിലാണ്. അവിടെ കാര്യങ്ങള്‍ അതിവേഗം സെക്കന്‍റുകള്‍ക്കുള്ളില്‍ അറിയുന്നു. പിന്നീട് അറിയേണ്ട വാര്‍ത്തകളില്ല.

 അപ്പോഴാണ് ഒരാള്‍ ഗേറ്റ് തുറന്ന് അകത്തേയ്ക്ക് വന്നത്. ഞാന്‍ അയാളെ അത്ഭുതത്തോടെ നോക്കി. 'നമസ്കാരം' എന്നെ മനസ്സിലായില്ലേ ഒരു നിമിഷം സംശയിച്ചെങ്കിലും ഞാന്‍ പറഞ്ഞു.

ഓഹോ. താഴത്തേടത്തെ ഉറുമീസല്ലേ.

അതെ. അതെ. ......അന്തോണിയുടെ മകന്‍. ആള്‍ സ്ഥലത്തെ ഒരു ഭൂവുടമയും ചെറിയ ബിസിനസ്സുകാരനുമാണ്.

എന്താ വിശേഷിച്ച് ..അതും ഇത്ര രാവിലെ

അതായത് ഒരു കാര്യമുണ്ട്. രണ്ടാഴ്ച കഴിഞ്ഞ് നവംബര്‍ 20 ന് എന്‍ടെ കല്യാണമാണ്. പള്ളിയില്‍ വച്ചാണ് വിവാഹം. അന്നു വൈകുന്നേരം ഒരു ടീപാര്‍ട്ടിയുമുണ്ട്. താങ്കള്‍ വരണം.

ഞാന്‍ അമ്പരന്നു. എന്നെ നേരിട്ടു ക്ഷണിയ്ക്കാന്‍ മാത്രമുള്ള ബന്ധമൊന്നും അയാളായി എനിയ്ക്കില്ല. വല്ലപ്പോഴും വഴിയില്‍ വച്ച് കാണാറുണ്ട്.മാത്രമല്ല, ഞാന്‍ നാട്ടിലെ ഒരു പ്രമുഖനുമല്ല. ഉറുമീസുമായി സൗഹ്യദത്തിനുള്ള ഒരു പൊതുവായ പശ്ചാത്തലവും ഞങ്ങള്‍ തമ്മിലില്ല.

 ഇയാള്‍ ഒരു പണക്കാരനല്ലേ.അതു കൊണ്ട് ആര്‍ഭാടപ്രകടനമാകും നാടു മൊത്തം ക്ഷണിയ്ക്കുന്നുണ്ടാകും. അതു തന്നെ,കാരണം. ഞാനുറപ്പിച്ചു

വളരെ സന്തോഷം. വരാം. എല്ലാ ആശംസകളും . ഞാന്‍ പറഞ്ഞു.

അതു മാത്രമല്ല.മറ്റൊരു കാര്യമുണ്ട്.താങ്കള്‍ എന്‍ടെ കൂടെ നാളെ ഒരു സ്ഥലം വരെ വരണം. ഉപേക്ഷ വിചാരിയ്ക്കരുത്. ''

എങ്ങോട്ടാണാവോ.'' '

എറണാകുളം വരെ വരണം' 'എന്തിന് !!!?

 ഞാന്‍ ഇത്തവണ ശരിയ്ക്കും അന്തം വിട്ടു.

'കല്യാണമൊക്കെയല്ലേ. കുറച്ച് പുതിയ ഡ്രസ്സൊക്കെ എടുക്കണം. അതിന്,ഒരു കമ്പനിയ്ക്ക്.'

എനിയ്ക്ക് ചിരി വന്നു. ഇയാള്‍ക്ക് ബന്ധുക്കളും സുഹ്യത്തുക്കളുമൊന്നു മില്ലേ. ഇക്കാര്യത്തിന് എന്നെ മാത്രമേ കിട്ടിയുള്ളൂ. ഒരു ബന്ധമോ പ്രസക്തിയോ ഇല്ലാത്ത ഞാന്‍.

'സാധാരണ വീട്ടുകാരോ കൂട്ടുകാരേ ഒക്കെ അല്ലേ ഇക്കാര്യത്തിന് വരാറ്. കല്യാണത്തിന് ഡ്രസ്സെടുക്കാനല്ലേ. മാത്രമല്ല ഞാനിക്കാര്യത്തില്‍ വലിയ വിദഗ്ദധനൊന്നുമല്ല.' രാവിലെ തന്നെ ഒരു പ്രശ്നം ഗേറ്റ് കടന്നു വന്നിരിയ്ക്കുകയാണ് പറ്റില്ല എന്ന് പറയാന്‍ വയ്യ. അത് ഉറുമീസിന് വിഷമം ഉണ്ടാക്കും ഞാന്‍ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. '

ഏയ് ..ബന്ധുക്കളൊന്നും ശരിയാകില്ല. ഒരു പാട് സമയം വേണം.പിന്നെ പണ ച്ചിലവും ബഹളവും.അതു മാത്രമല്ല. എനിയ്ക്കങ്ങനെ കൂട്ടുകാരൊന്നുമില്ല പിന്നെ നിങ്ങളെ വിളിചാല്‍ വരുമെന്ന് എന്നോടു ജോസഫാണ് പറഞ്ഞത്.' '

ഏത് ജോസഫ്.' 'വായനശാലയില്‍ നിങ്ങളുടെ കൂടെ ഇടയ്ക്ക് ചെസ് കളിയ്ക്കുന്ന...' 'ഓ...മനസിലായി.

തുടര്‍ച്ചയായി നാലഞ്ചു കളികള്‍,തോറ്റതിന്‍ടെ നിരാശയില്‍ ജോസഫ് വേല വച്ചതാണെന്ന് എനിയ്ക്കപ്പോഴാണ് മനസ്സിലായത്.'

ജോസഫിനെ ഞാന്‍ പിന്നെ കണ്ടോളാം..ഞാന്‍ മനസ്സില്‍ വിചാരിച്ചു '

അപ്പോള്‍ ശരി. നാളെ രാവിലെ 8 മണിയ്ക്ക് ഞാന്‍ കാറുമായി വരാം. നിങ്ങള്‍ തയ്യാറായി ഇരിയ്ക്കണം. എല്ലാ ചിലവും എന്‍ടെ വക..

എനിയ്ക്കൊന്നും മിണ്ടാനോ എതിര്‍ക്കാനോ കഴിഞ്ഞില്ല. പോകുക തന്നെ .വേറെന്താ വഴി. ഒരു കല്യാണമായിപ്പൊയില്ലേ..

അങ്ങനെ പിറ്റേന്ന് ഉറുമീസിന്‍ടെ താത്കാലികസുഹ്യത്തായി വേഷം കെട്ടി ഞാന്‍ എറണാകുളത്തു പോയി. കാറില്‍ ഡ്രൈവറെ കൂടാതെ ഞങ്ങള്‍ രണ്ടു പേര്‍ മാത്രം. നഗരത്തിലെ പല കടകളും അലഞ്ഞ് നടന്നു. പല വിധ ഡ്രസ്സുകള്‍ എടുത്തു. ചായയും കൂള്‍ഡ്രിങ്ക്സും കഴിച്ചു. ഉച്ചയ്ക്ക് ഭേദപ്പെട്ട ഒരു ഹോട്ടലില്‍ കയറി ഊണു കഴിച്ചു. വൈകുന്നേരം തിരിച്ച് എന്നെ അയാള്‍ വീട്ടില്‍ കൊണ്ടു വിടുകയും ചെയ്തു്

പോകുന്ന വഴിയും തിരിച്ചു വരുന്ന വഴിയും, പ്രധാനമായി ഉറുമീസ് സംസാരിച്ചത് താഴെ പ്പറയുന്ന കാര്യങ്ങളായിയുന്നു. റബറിന്‍ടെ വിലയിടിവ്, രാസവളത്തിന്‍ടെ വിലവര്‍ദ്ധന. തോട്ടണ്ടി,കുരുമുളക്,അടയ്ക്ക എന്നിവയുടെ അങ്ങാടി നിലവാരം. അങ്ങനെ പോകുന്നു. കല്യാണത്തിനെ കുറിച്ചോ ,വിരുന്നിനെ ക്കുറിച്ചോ അയാല്‍ ഒരക്ഷരം മിണ്ടിയിട്ടില്ല.അങ്ങനൊരു കാര്യം അയാളുടെ ചിന്തയിലേ ഇല്ലെന്നു എനിയ്ക്ക് തോന്നി.

പിന്നീട് ഞാന്‍ അന്വേഷിച്ചപ്പോള്‍ ഉറുമീസ് അപൂര്‍വ്വമായി മാത്രം ചിരിയ്ക്കുന്ന' അങ്ങനെ ആരോടും ഇടപഴകാത്ത കൂട്ടുകാരേ ഇല്ലാത്ത ഒരു വിചിത്രവ്യക്തിയാണെന്ന് മനസ്സിലായി

'ഈശ്വരനാണേ എന്‍ടെ പേര് ഉറുമീസിനോട് പറഞ്ഞിട്ടില്ലെന്ന് ജോസഫ് എന്നോട് സത്യം ചെയ്ത് പറഞ്ഞു.

അളുകളുടെ മനോവ്യാപാരം അതിവിചിത്രം തന്നെ. എന്ത് ഉള്‍പ്രേരണയിലാണ് ഉറുമീസ് എന്നെ വിളിച്ചതെന്ന് ഇപ്പോഴും ദുരൂഹമായി ത്തുടരുന്നു.

അതിനു ശേഷവും ഞാനയാളെ കണ്ടിട്ടുണ്ട്. ചിരിയ്ക്കുകയോ കുശലം പറയുകയോ പതിവില്ല. ഇങ്ങനെയൊരു സംഭവം നടന്നതായ ഭാവം പോലും ഞങ്ങള്‍ പ്രകടിപ്പിയ്ക്കാറുമില്ല.

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ