മക്കളേ.. മയക്കത്തിൽ പെട്ടു പോയ ടാ.. ഗുളികേടെ ക്ഷീണം. ഗോമതീ ഊണായില്ലേ, എല്ലാരേം വിളി. ഞാനിതായെത്തി. അല്ലാ, ഈ തോർത്തെവിടെപ്പോയി? മുഖം കഴുക്യാൽ പിന്നെയതും നോക്കി നടക്കണം. ഓരോരോ ഗതികേടേ.
ഗോമതീ നീ അതൊന്നിങ്ങെടുത്തു തരുവോ? ഇവിടെ നോക്കീട്ടു കാണുന്നില്യ. വിളക്കു നേരത്തെ കത്തിച്ചല്ലോ നന്നായി. അല്ലാ ഇവിടെ ഇതുവരേം നാക്കിലയിട്ടില്ലേ, എന്താ എന്തു പറ്റി? ന്താ എല്ലാരും മിണ്ടാണ്ട് നിൽക്കണേ?
മോനേ പ്രഭാകരാ. കുഞ്ഞുമക്കളെ വിളി? എല്ലാരേം വിളി.
അടുക്കളേന്ന് എന്താ പതിവില്ലാത്ത ഒരു മണം. ചിക്കനും ചട്ടവട്ടമൊന്നും ഇന്നു പാടില്ലാന്ന് പലവട്ടം പറഞ്ഞിട്ടില്ലേ ഞാൻ. അത്രക്കും നിർബന്ധാണെങ്കി പിന്നെ മറ്റൊരൂസം കഴിക്കാലോ. ഗോമതീ.. നെനക്കുള്ള പുളിങ്കറീല്ലേ, അതീന്നിച്ചിരി വെളക്കത്ത് വെളമ്പ്, നിക്കും...
അല്ലേ.. നീയെന്തിനാടീ കരേണത്? എന്താപ്പോ ദ്, നല്ലോരു ദെവസായിട്ട്. അല്ലേ ശരിക്കും കരയുവാണല്ലോ! അതിനു മാത്രം ഞാൻ വല്ലോം പറഞ്ഞോ... എന്തിനാടീ ഇങ്ങനെ എന്നേം കൂടി വെഷമിപ്പിക്കണേ.. സത്യം പറ, അവനെന്തേലും പറഞ്ഞോ, അതോ അവൻ്റെ ഭാര്യ. ഹേയ് സാരല്യ.. മ്മടെ മക്കളല്ലേ.. അഥവാ എന്തേലും പറഞ്ഞാലും മ്മള് വേണ്ടേ ക്ഷമിക്കാൻ. അവർക്കും അവരുടേതായ പ്രശ്നങ്ങളില്ലേ..
"എന്താ ദാമോദരൻ മാഷേ, ഒറക്കിങ്ങനെ പിച്ചും പേയും.... ആരോടാദ്?" മാനേജരെത്തി.
"എന്തിനാ ടോ താനെന്നെ വിളിച്ചുണർത്തീത്? ഞങ്ങളെല്ലാവരും ഒരുമിച്ചല്ലാരുന്നോ?" മാഷിൻ്റെ പരിഭവം. എന്നിട്ടും ഉറക്കച്ചടവോടെ അദ്ദേഹം എഴുന്നേറ്റു.
"പൂർത്തിയാകാത്ത ചില വരികൾ പോലെയാണു ജീവിതം. ഇപ്പോഴിതാ എവിടെയോ മുറിഞ്ഞ ഒരു സ്വപ്നവും.." മാഷ് തനിയെ പറഞ്ഞു.
"ഇന്നത്തെ തിരുവോണം നമ്മൾ തകർക്കുകയല്ലേ. വരൂ മാഷേ താഴോട്ട്." അഗതിമന്ദിരത്തിൻ്റെ നടത്തിപ്പുകാരനായ സോമേട്ടൻ മാഷിൻ്റെ കൈ പിടിച്ചു.
നല്ലോരു ദെവസമായിട്ട്, അവനും കുടുംബവും കടലിനക്കരെ ഒറ്റയ്ക്ക്..." മാഷിൻ്റെ നെഞ്ചു പിടഞ്ഞു.
ഗോമതീ നീയാണു ഭാഗ്യവതി. സനാഥരുടെ ഈ ലോകത്തു നിന്നും എന്നെന്നേക്കുമായി നീ രക്ഷപ്പെട്ടല്ലോ? താഴോട്ടുള്ള പടവുകൾ ഇറങ്ങവേ മാഷ് ചിന്തിച്ചു.
മക്കളേ.. മയക്കത്തിൽ പെട്ടു പോയ ടാ.. ഗുളികേടെ ക്ഷീണം..
മാനേജരേ ഊണായില്ലേ, എല്ലാരേം വിളി. ഞാനിതായെത്തി.