പകൽ വിടവാങ്ങിയിരിക്കുന്നു .സന്ധ്യ മയങ്ങിക്കഴിഞ്ഞിരുന്നു. നഗരം തിരക്കണിഞ്ഞു കഴിഞ്ഞു. വിവിധ വേഷക്കാർ, ഭാഷക്കാർ, ജോലിക്കാർ... എല്ലാരും ജോലികഴിഞ്ഞു കൂടണയാനുള്ള കിളികളെപ്പോലെ നഗരത്തിലൂടെ പരക്കം പാഞ്ഞുകൊണ്ടിരുന്നു. വാഹനങ്ങൾ ഹോൺ മുഴക്കിക്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും പാറിനടന്നു. രാത്രിവണ്ടിയുടെ ചൂളം വിളി അകലെയേതോ സ്റ്റേഷനിൽ മുഴങ്ങി നിർജീവമായി.
നഗരത്തിന്റെ ഒഴിഞ്ഞ കോണിലുള്ള ലോഡ്ജ് മുറിയിൽ നിന്ന് അവൾ പതിവുപോലെ ഒരുങ്ങി ഇറങ്ങി. വൈധ്യുതി വിളക്കിന്റെ പ്രഭയിൽ ഒരു സുന്ദരിയെപ്പോലെ വിളങ്ങി നിൽക്കുന്ന നഗരത്തെ ഒരുനിമിഷം അവൾ നോക്കിക്കണ്ടു. തന്റെ ഇന്നത്തെ യാത്രയ്ക്ക് സമയമായിരിക്കുന്നു. ഇരയെ തേടിയുള്ള യാത്ര. കൈമോശം വന്ന ജീവിതത്തിൽ വിശപ്പടക്കാനായി സ്വീകരിച്ച തൊഴിൽ. സമൂഹത്തിലെ അഴുക്ക് ചാലിലൂടെയുള്ള സഞ്ചാരം. വേശ്യാവൃത്തി. ഇന്നലെ രാത്രി തന്നെ അപേക്ഷിച്ചു മോശമായിരുന്നു. ഇന്നും അതുപോലെ ആകാതിരുന്നാൽ മതിയായിരുന്നു.
"ഈശ്വരാ നീ തന്നെ തുണ... കാക്കണേ." അവൾ പ്രാർത്ഥിച്ചു .
അണിഞ്ഞൊരുങ്ങി മുല്ലപ്പൂ ചൂടി ചുണ്ടിൽ വശ്യമാർന്ന ചിരിയുമായി അവൾ നഗരത്തിന്റെ നടപ്പാതയിലൂടെ നടപ്പ് ആരംഭിച്ചു. ആരും അവളെ ശ്രദ്ധിച്ചില്ല .ഒരാൾ പോലും അന്തികൂട്ടിനായി അവളെ ക്ഷണിച്ചില്ല.
ഇതെന്തൊരു ലോകം. ആരും പരസ്പരം മിണ്ടുന്നില്ല. എല്ലാവർക്കും തിരക്ക്. സമയമില്ല ആർക്കും. എത്രയും വേഗം വീടണയണം. പരിചയമുള്ളവരും നിത്യവും കണ്ട് മുട്ടുന്നവർ പോലും പരിചയം ഒരു ചിരിയിൽ ഒതുക്കുന്നു.
ചെറുപ്പക്കാരും, ചെറുപ്പകാരികളും തൊട്ടുരുമ്മി വർത്തമാനം പറഞ്ഞുകൊണ്ട് എതിരേയും, അരികിലൂടെയും കടന്നുപോകുന്നുണ്ട്. അവരാരും അവളെ ഗൗനിച്ചില്ല... അവളും. ഇന്നത്തെ ചെറുപ്പക്കാർക്ക് എല്ലാം മോഡേണാണ് വേണ്ടത്. റെഡിമെയ്ഡ് യുവതികളെ. പിന്നെ മദ്യവും, മയക്കുമരുന്നുമൊക്കെ മതി അവർക്ക്. എല്ലാം അടിച്ചു പോളികൾ. യഥാർത്ഥ സ്ത്രീ സാമീപ്യമോ, രതി സുഖമോ ഒന്നും അവർക്ക് വേണ്ടാ. അവരിൽ യഥാർത്ഥ സ്ത്രീസുഖം ആസ്വദിച്ച് അറിഞ്ഞവർ ആരും ഉണ്ടാവില്ല. എല്ലാം ഒരുതരം കാട്ടികൂട്ടലുകൾ.
സമയം കടന്നുപോകുന്നു. നഗരം തിരക്കൊഴിയുന്നതിന് മുൻപ് ഇന്നത്തെ ഇരയെ കണ്ടെത്തണം. അവൾ നടത്തത്തിന് വേഗതകൂട്ടി.
ഒരുകാലത്ത് തന്നെ സ്വന്തമാക്കാൻ തനിക്കൊപ്പം ഒരു രാത്രി പങ്കിടാൻ യുവാക്കളും, മുതിർന്നവരും മത്സരിച്ചിരുന്നു. തന്റെ വാസസ്ഥലത്തേയ്ക്ക് അവർ തേടിയെത്തിയിരുന്നു. കാറിലും മറ്റും കയറ്റി കൊണ്ടുപോയിരുന്നു. ഇന്ന് എല്ലാം ഓർമ്മകൾ മാത്രം. താൻ തേടിയിറങ്ങിയിട്ടുപോലും ആർക്കും തന്നെ വേണ്ട. തന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം പ്രായം കൂടിയത് മാത്രമാണെന്ന് തോന്നുന്നില്ല. കാലത്തിന്റെ മാറ്റത്തിനും പങ്കുണ്ട്. യാതാർത്ഥ സെക്സ് ആസ്വദിക്കാൻ ഇന്നത്തെ മനുഷ്യർക്ക് അറിയില്ല.
ഇന്നത്തെ മനുഷ്യർക്ക് പ്രണയിക്കാനോ, അൽപനേരം സൗഹൃദം പങ്കിടാനോ സമയമില്ല. അത്രമേൽ തിരക്ക് അവരുടെ ജീവിതത്തിൽ കടന്നു കൂടിയിരിക്കുന്നു. പിന്നെ എങ്ങനെ സെക്സ് ആസ്വദിക്കും. ഒരു നെടുവീർപ്പോടെ മനസ്സിൽ ചിന്തിച്ചുകൊണ്ട് അവൾ നടപ്പിന് വേഗത കൂട്ടി.
ഇന്നത്തെ തന്റെ യാത്രയ്ക്ക് ഫലം കിട്ടണമെങ്കിൽ ഇനി ബസ് സ്റ്റാൻഡിൽ എത്തണം. യഥാർത്ഥ മനുഷ്യരുടെ നിഴലനക്കം അവിടെ മാത്രമാണ് .ഏറെയും ഗ്രാമ വാസികൾ .വെറും കൂലിത്തൊഴിലാളികൾ .ചോര നീരാക്കി പകലന്തിയോളം പണിയെടുക്കുന്നവർ .പക്ഷേ ,അവരുമായി ഒത്തുചേരാനോ അവരുടെ അന്നത്തെ അധ്വാനത്തിന്റെ പ്രതിഫലം സ്വന്തനാക്കുവാനോ തനിക്ക് താല്പര്യമില്ല .അവരുടെ കുടുംബാങ്ങങ്ങളുടെ പ്രാക്ക് ഏറ്റുവാങ്ങിയാൽ ഒരിക്കലും രക്ഷയുണ്ടാവില്ല എന്നതുതന്നെ കാരണം .പക്ഷേ ,എന്തുചെയ്യാം തനിക്കും ജീവിച്ചല്ലേ പറ്റൂ .?
വൈദ്യുതി വെളിച്ചത്തിൽ മുങ്ങി നിൽക്കുന്ന ബസ്സ്റ്റാൻഡ് .വിവിധ വർണ്ണത്തിലുള്ള ബസ്സുകൾ ,നിരവധി കച്ചവട സ്ഥാപനങ്ങൾ .നിറയെ മനുഷ്യർ .തന്റെ വരവ് പാതി ലക്ഷ്യം കണ്ടിരിക്കുന്നു .ഇനി ഇതിൽ നിന്ന് ഏതെങ്കിലും ഒരാളെ വശത്താക്കി എടുത്താൽ ഇന്നത്തെ തന്റെ ലക്ഷ്യം പൂർണമായും വിജയിച്ചു .അവൾ മെല്ലെ ജനക്കൂട്ടത്തിന് അരികിലേയ്ക്ക് നീങ്ങി .വിയർപ്പിന്റേയും ,സ്പ്രേയുടേയും എല്ലാം ഗന്ധങ്ങൾ .താൻ എന്നും ആസ്വദിച്ചിട്ടുള്ള ഗന്ധങ്ങൾ .
അതാ ഒരുവൻ തന്നെനോക്കി ചിരിച്ചുകൊണ്ട് കണ്ണിറുക്കുന്നു .അടുത്തേയ്ക്ക് ചെല്ലാനുള്ള സൂചനയാണ് .അവൾ പുഞ്ചിരിച്ചുകൊണ്ട് മെല്ലെ അവന്റെ അരികിലേയ്ക്ക് നീങ്ങി .തുടർന്ന് തന്റെ ജോലിനിർവ്വഹിക്കാനായി അവനോടൊത്ത് ബസ്‌സ്റ്റാൻഡിന്റെ പിന്നിലേയ്ക്ക് നടന്നു .ഏതാനും സമയത്തിന് ശേഷം തന്റെ ജോലി കഴിച്ചുകൊണ്ട് വസ്ത്രങ്ങൾ എടുത്ത് അണിഞ്ഞു കിട്ടിയ പ്രതിഫലവുമായി അവൾ സ്റ്റാൻഡിന്റെ മുന്നിലേയ്ക്ക് വന്നു.
ഒരു കൂലിപ്പണിക്കാരനായിരുന്നു ഇന്നത്തെ അതിഥി. അതുകൊണ്ടു തന്നെ ചെറിയ തുകയാണ് കിട്ടിയത് .തർക്കിക്കാൻ നിന്നില്ല ...പാവങ്ങൾ .ഇനി എവിടെനിന്നെങ്കിലും രാത്രി ഭക്ഷണം കഴിക്കണം .എന്നിട്ട് ലോഡ്ജിലേക്ക് മടങ്ങണം .അവൾ സ്റ്റാൻഡിന് അരികിലുള്ള തട്ടുകടയിലേയ്ക്ക് നടന്നു.
പെട്ടെന്നാണ് അവൾ അത് കണ്ടത്. ബസ്റ്റാൻഡിന്റെ അരികിലുള്ള കടത്തിണ്ണയിൽ തളർന്നുകിടക്കുന്ന സുഭദ്ര ചേച്ചിയെ. ഇത്രനാളും തന്നെപ്പോലെ തന്നെ ശരീരം വിറ്റു ജീവിച്ചിരുന്നവൾ .ഒരുകാലത്ത് നഗരത്തെ അടക്കി വാണിരുന്നവൾ. പ്രായം ഏറുകയും, സൗന്ദര്യം നശിക്കുകയും ചെയ്തതോടെ ഇന്ന് ആർക്കും അവരെ വേണ്ടതായിരിക്കുന്നു .മാനം വിറ്റു ജീവിക്കുന്നവരുടെ ഒക്കെ അവസാനം ഇതുപോലെയാണ്. നാളെ താനും ഇതുപോലെ ആയിത്തീരും.
അവൾ മെല്ലെ സുഭദ്രചേച്ചിയെ, താങ്ങിയെണീപ്പിച്ചു. അവരുടെ മുഖഭാവത്തിൽ നിന്ന് അവർ അന്ന് ഭക്ഷണം കഴിച്ചിട്ടില്ലെന്ന് അവൾക്ക് മനസ്സിലായി. അവൾ ഉടൻതന്നെ തട്ടുകടയിൽ ചെന്ന് ഏതാനും ദോഷകളും, ഒരുകുപ്പി വെള്ളവും വാങ്ങിക്കൊണ്ടുവന്ന് അവർക്ക് നൽകി. തുടർന്ന് തന്റെ കൈയിലുണ്ടായിരുന്ന മിച്ചം പൈസയും അവരെ ഏൽപ്പിച്ചു. എന്നിട്ട് സന്തോഷത്തോടെ അവിടെനിന്നു യാത്രപറഞ്ഞ് മുന്നോട്ട് നടന്നു.
തനിക്ക് ഇന്ന് കയറിക്കിടക്കാൻ വാടകകൊടുക്കുന്ന ഒരു ലോഡ്ജ് മുറിയെങ്കിലും ഉണ്ട്. അന്നന്നത്തെ ആഹാരത്തിനുള്ള വക ശരീരം വിറ്റിട്ടാണെങ്കിലും താൻ കണ്ടെത്തുന്നുണ്ട്. പക്ഷേ, സുഭദ്ര ചേച്ചിക്കൊ?കയറിക്കിടക്കാൻ ഒരിടമില്ല, നല്ല വസ്ത്രമില്ല, ഒരുനേരത്തെ ആഹാരത്തിനു വകയില്ല. നാളെ തന്റെയും അവസ്ഥ ഇതുതന്നെയാണ്. ശരീരം വിറ്റു ജീവിക്കുന്ന പലരുടേയും .
നാളെ തന്റെ കൂട്ടുകാരോടുകൂടി ഈ വിവരം പറയണം .കഴിയുംപോലെ ചേച്ചിയെ സഹായിക്കണം. ഇന്ന് സഹായിക്കാൻ അവസരം ഒരുക്കിയ തന്റെ രാത്രി അതിഥിയായ ആ മനുഷ്യനും, കുടുംബത്തിനും മനസ്സിൽ നന്ദി പറഞ്ഞുകൊണ്ട് അവൾ ലോഡ്ജ് ലക്ഷ്യമാക്കി വേഗത്തിൽ നടന്നു.