ഈ 'ഞാൻ' ഉണ്ടല്ലോ, ശരിക്കും അറിയാഞ്ഞിട്ടാ.... ഞാനൊരു ഭയങ്കരനാ. ഞാൻ ആരാണെന്നു ചോദിച്ചാൽ ഞാൻ തന്നെ, അല്ലാതാര്?
ആ എനിക്ക് ഒരിക്കലൊരു പൂതി തോന്നി, ഈശ്വരനെയൊന്ന് നേരിൽ കാണാൻ. ഒരിക്കൽ മതി, ഒരിക്കൽ മാത്രം. പറ്റിയാൽ രണ്ടു വാക്ക് സംസാരിക്കണം, അത്രയേ വേണ്ടൂ!
അന്ന്, ശൈശവം ആയിരുന്നു എന്നാണ് ഓർമ്മ. അല്ലെങ്കിൽ, കൗമാരത്തിൻ്റെ തുടക്കം.
എങ്ങിനെയിരിക്കും ഈ ഈശ്വരൻ?
എൻ്റെ പോലെ ചതുരൻ മുഖമായിരിക്കുമോ? എപ്പോഴും ദുഃഖിച്ചിരിക്കുന്ന പ്രകൃതമാണോ?
ഹേയ്, അതാവില്ല.
ഈശ്വരനായാൽ ദുഃഖിച്ചിരിക്കാൻ പാടില്ല, എപ്പോഴും ഹാപ്പിയാവണം, നിങ്ങളെപ്പോലെ. എപ്പോഴും ചിരിക്കുന്ന പ്രകൃതക്കാരനോ പ്രകൃതക്കാരിയോ ആവണം, സുന്ദരനോ സുന്ദരിയോ ആയിരിക്കണം.
ഏതായാലും ഞാനന്ന് ആ പണി തുടങ്ങി, ഈശ്വരനെ കണ്ടു പിടിക്കാനുള്ള ശ്രമം. പണ്ടത്തെ ഒരു സിനിമാ പാട്ടു പോലെ ഈശ്വരനെ തേടി ഞാൻ നടന്നു, ഒരിടത്തല്ല, പലയിടത്തായി...
ആദ്യത്തെ അന്വേഷണം വീട്ടിൽ നിന്നും തുടങ്ങി. വീട്ടിലെ പൂജാ മുറിയിൽ ഒത്തിരി ഈശ്വരന്മാരുടെ ഫോട്ടോകളുണ്ട്, ഈശ്വരിമാരുടേയും. ഒരു പുഞ്ചിരിയോടെ, എളിയിൽ കൈ കുത്തി നിൽക്കുന്ന ശ്രീകൃഷ്ണൻ്റെ നീലബിംബമുണ്ട്. അവരിൽ ആരെങ്കിലുമായിരിക്കണം ഈശ്വരൻ.
സന്ധ്യയായാൽ ദേഹശുദ്ധിയും മനശ്ശുദ്ധിയും വരുത്തി, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ... എന്നു ചൊല്ലി അമ്മ കൊളുത്തി വയ്ക്കുന്ന ഒരു നിലവിളക്കുണ്ട് അവിടെ. അതിൽ ആടുന്ന ദീപനാളമുണ്ട്, തൊട്ടടുത്ത സ്റ്റീലിൻ്റെ സ്റ്റാൻ്റിൽ പുകയുന്ന ചന്ദനത്തിരികളുണ്ട്, അതിൻ്റെ ശിരസ്സിലേറുന്ന മണമുണ്ട്. അവിടെ എവിടെയെങ്കിലും ഈശ്വരൻ ഉണ്ടാവണം.
അടുത്തയിടെ കല്യാണം കഴിഞ്ഞ് ഭർതൃവീട്ടിൽ പോയ എൻ്റെ രമച്ചേച്ചി ചൊല്ലാറുള്ള സന്ധ്യാനാമങ്ങളുടെ അലയൊലികളുണ്ട് ആ വീട്ടിൽ. എപ്പോഴും പുഞ്ചിരിക്കുകയും പലപ്പോഴും എന്നെ കളിയാക്കുകയും ചെയ്യുന്ന എൻ്റെ ഇച്ചേച്ചിയുടെ നിശബ്ദമായ ഓർമ്മകളുണ്ട്, അതിൽ തട്ടി താഴോട്ട് വീഴുന്ന അമ്മയുടേയും എൻ്റെയും കണ്ണുകളിലെ പളുങ്കുമണികളുണ്ട്, ചൂടുള്ള നിശ്വാസങ്ങളുണ്ട്. നെടുവീർപ്പുകളുണ്ട്. പക്ഷെ, അവിടെയെങ്ങും എപ്പോഴും പുഞ്ചിരിക്കുന്ന ഈശ്വരനെ ഞാൻ കണ്ടില്ല.
ഞാനെൻ്റെ അന്വേഷണം തുടർന്നു. എവിടെയാണ്, എവിടെയായിരിക്കും എൻ്റെ ഈശ്വരൻ?
കുറെ കൂടെ വലുതായപ്പോൾ അൽപ്പം കൂടെ ബുദ്ധിയുറച്ചു. എൻ്റെ അന്വേഷണം വീട്ടിൽ നിന്നും നാട്ടിലേക്കു കടന്നു.
എൻ്റേതുമാത്രമല്ല, ഏതു മതക്കാരുടേതായാലും ജാതിക്കാരുടേതായാലും ശരി, വലിയ ദേവാലയങ്ങളിൽ വലിയ തിരക്കുകളുണ്ട്. ചെറിയ ദേവാലയങ്ങളിൽ ചെറിയ തിരക്കേയുള്ളൂ. വലിയ ദേവാലയത്തിലെ ദേവൻ പണക്കാരനാണ്, ധാരാളിയാണ്. ചെറിയ ദേവാലയത്തിലെ ദേവൻ അഷ്ടിക്കു വകയില്ലാത്ത പാവവും.
അപ്പോൾ അതെങ്ങനെ ശരിയാകും? ദൈവങ്ങളിൽ സമത്വമില്ലെന്നാണോ, പിന്നെങ്ങനെയാണ് അവരെ വിശ്വസിക്കുന്ന മനുഷ്യരിൽ അതുണ്ടാവുക?
ഈശ്വരൻ പലതായി വലിച്ചു കീറപ്പെട്ടതായി എനിക്കു തോന്നി. മതങ്ങളുടേയും ജാതികളുടേയും ചില രാഷ്ട്രീയക്കാരുടേയുമൊക്കെ മദമത്സരത്തിൽ ഈശ്വരന് മാരകമായ മുറിവേറ്റിരിക്കുന്നു. അദ്ദേഹം തങ്ങളോടൊപ്പമെന്ന് അവർ കരുതുകയും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വൻ പ്രചരണം അഴിച്ചു വിടുകയും ചെയ്യുന്നു. മറുവിഭാഗക്കാരുടെ ചോര ചീന്തിയാലും അവരുടെ കലിപ്പടങ്ങുന്നില്ല. ഈശ്വരൻ, പിന്നെയും വേദനയാൽ പുളയുന്നു.
പുഞ്ചിരിക്കുന്ന ഈശ്വരനെ തേടി ഞാൻ പിന്നെയും നടന്നു. ഒരിടത്തുമില്ല അദ്ദേഹം.
ഞാൻ ദേവാലയങ്ങളിൽ നിന്നും ആശുപത്രികളിലേക്ക് നടന്നു. മുറിവേറ്റാൽ ഈശ്വരനായാലും ഏതെങ്കിലും ആശുപത്രിയിൽ അഭയം തേടാതിരിക്കില്ല എന്നതായിരുന്നു എൻ്റെ ന്യായം.
ദേവാലയങ്ങളെപ്പോലെ ആശുപത്രികൾക്കുമുണ്ട് വലിപ്പചെറുപ്പങ്ങൾ. അടിസ്ഥാന സൗകര്യങ്ങൾക്കും ചികിൽസാ സൗകര്യങ്ങൾക്കും മേൽത്തട്ടും അടിത്തട്ടുമുണ്ട്.
വലിയ ആശുപത്രികളിൽ ഞാൻ ഈശ്വരനെ കണ്ടില്ല, കൈയിൽ പണമില്ലാത്തതായിരിക്കാം കാരണം. സർക്കാർ ആശുപത്രികളിലും അദ്ദേഹമില്ല. അദ്ദേഹം ബി പി എൽ അല്ല, ഇൻഷൂറൻസ് പരിരക്ഷയില്ല. ഇടത്തരം ആശുപത്രികളിലും ഈശ്വരനില്ല. അദ്ദേഹം ഗവ. ജീവനക്കാരനോ പെൻഷനറോ അല്ല. മെഡിസെപ്പ് പദ്ധതിയുടെ ഭാഗമല്ല.
എവിടെയാണ് ഈശ്വരൻ? എനിക്ക് ആധിയായി. ഞാൻ പിന്നെയും അന്വേഷണങ്ങൾ തുടർന്നു. വിദേശവാസം കൊണ്ട് പണക്കാരനായ എൻ്റെ കൂട്ടുകാരൻ സുന്ദരൻ, ഈശ്വരൻ വിദേശത്താണ് താമസം എന്നെന്നോടു പറഞ്ഞു.
വിദ്യാഭ്യാസം പൂർത്തിയാകും മുമ്പെ ഈശ്വരനെ തേടി ഞാൻ വിദേശത്തേക്കു കടന്നു. വിസിറ്റിങ് വിസയുടെ കാലാവധി അവസാനിച്ചപ്പോൾ അവിടത്തെ അധികാരികൾ എന്നെ പൂട്ടി. പിഴയടക്കാൻ പണമില്ലാഞ്ഞതിനാൽ അഞ്ച് വർഷം ജയിലിൽ കിടന്നു, അവിടേയുമില്ല ഈശ്വരൻ.
അപ്പോഴെനിക്ക് തോന്നി, ഈശ്വരൻ ഇന്ത്യക്കാരനാണെന്നും മലയാളിയാണെന്നും അയാൾ കേരളത്തിലാണ് സ്ഥിരതാമസമെന്നും.
നമ്മുടെ എംബസിക്കാർ കനിഞ്ഞു തന്ന വെളുത്ത പാസ്പോർട്ടിൽ ഞാൻ നാട്ടിലേക്കെത്തി. എത്തിയതേ ഓർമ്മയുള്ളൂ, വീട്ടിലും നാട്ടിലും ഞാൻ അന്യനായി. അല്ലെങ്കിലും, പണമില്ലാത്തവർക്ക് അന്യൻ ആവലാണ് എളുപ്പം.
നിരന്തരമായ പട്ടിണിയിൽ, എൻ്റെ ശുഷ്ക്കിച്ച വയർ ആളാൻ തുടങ്ങി. എന്നെ തുരന്ന് വിശപ്പ് പുറത്തേക്ക് ചാടുമെന്നായി. ഞാൻ എൻ്റെ അന്വേഷണങ്ങൾ പിന്നെയും തുടർന്നു, എവിടെയാണ് ഈശ്വരൻ?
മണ്ണായ മണ്ണിലൊക്കെ ഞാൻ അദ്ദേഹത്തിൻ്റെ കാൽപ്പാടുകൾ തിരഞ്ഞു, എനിക്കൊന്നും കിട്ടിയില്ല. ചപ്പുചവറുകളുടെ കൂനയിൽ തിരഞ്ഞു, ഒരിടത്തുമില്ല. എൻ്റെ വിശപ്പ് എരിഞ്ഞു കൊണ്ടിരുന്നു. എവിടെയാണ് എൻ്റെ ഈശ്വരൻ?
അതൊരു സ്ഥിരം കാഴ്ചയായപ്പോൾ നാട്ടുകാർ എന്നെ നോക്കി ഭ്രാന്തൻ എന്നു വിളിച്ചു, വീട്ടുകാർക്ക് ഞാൻ നാണക്കേടായി. സ്കൂൾ കുട്ടികൾ എൻ്റെ പിന്നാലെ ആർത്തലച്ചു വന്നു. ചിലർ ആറാപ്പുവിളിച്ചു, മറ്റു ചിലർ തുരുതുരെ കല്ലെറിഞ്ഞു, ലക്ഷ്യമില്ലാതെ ഞാനോടി.
എവിടെയാണ് ഈശ്വരന്റെ ആലയം? എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല.
ഒരു ദിവസം രാവിലെ നാട്ടുകാരെന്നെ വളഞ്ഞു വച്ചു. രാത്രിയിൽ ഞാൻ ഏതോ ബേക്കറി കുത്തിത്തുറന്നെന്ന്! പോലീസെത്തും മുമ്പെ അവരെന്നെ ഇടിച്ച് ഇഞ്ചപരുവമാക്കി. ഞാൻ കരഞ്ഞോ എന്ന് ഓർമ്മയില്ല. അവർക്കിടയിലുമില്ല ഈശ്വരൻ!
ഈശ്വരനെ കാണിച്ചു തരാം എന്നു പറഞ്ഞ്, അവരെന്നെ ബലമായി ഒരു കാറിൽ കയറ്റി ഈശ്വരസന്നിധിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഗേറ്റ് കടന്നു ചെന്നപ്പോൾ, അത് ഒരാശുപത്രിയായിരുന്നു. എന്നെപ്പോലെ ഒത്തിരിപ്പേർ അവടെ ഈശ്വരനെ തിരയുന്നുണ്ടായിരുന്നു. ഞാനും അവർക്കൊപ്പം കൂടി.
എന്നാൽ, അവിടത്തെ ഈശ്വരൻ ചെകുത്താനായി മാറിയത് ഞാനറിഞ്ഞിരുന്നില്ല. അദ്ദേഹമെന്നെ പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി, കടിച്ചു പിടിക്കാൻ ഇരുമ്പുദണ്ഡ് തന്നു. ഒരു വലിയ ശബ്ദത്തോടെ ലോകം കീഴ്മേൽ മറിയുന്നത് ഞാനറിഞ്ഞു.
ഇപ്പോഴാണ് ഞാനൊന്ന് കണ്ണു തുറന്നത്, വല്ലാത്ത ക്ഷീണം തോന്നുന്നു. ഈ ഞാൻ ഉണ്ടല്ലോ, ശരിക്കും അറിയാഞ്ഞിട്ടാ.... ഞാനൊരു ഭയങ്കരനാ. ഞാൻ ആരാണെന്നു ചോദിച്ചാൽ, അത് 'ഞാൻ' തന്നെ, അല്ലാതാര്?