കോടമഞ്ഞ് മൂടിക്കിടക്കുന്ന താഴ് വരയിലൂടെ വിധുവേട്ടനോടൊപ്പം നടക്കുമ്പോൾ അവളുടെ മനസ്സിൽ വേവുന്ന ചിന്തകളുടെ കനലെരിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. തണുപ്പിന്റെ കാഠിന്യം ദേഹത്തിലൂടെ അരിച്ചിറങ്ങി.
"നിനക്ക് തണുക്കുന്നുണ്ടോ അച്ചൂ?"
"മ്... നല്ല തണുപ്പുണ്ട് ... സഹിക്കാൻ പറ്റുന്നില്ല."
വിറയ്ക്കുന്ന അധരങ്ങളാൽ അവൾ വിക്കി വിക്കി പറഞ്ഞു. താടിയെല്ലുകൾ കൂട്ടിയിടിക്കുന്ന ശബ്ദം അവൾക്കു കേൾക്കാമായിരുന്നു.
"അയ്യോ... നീ വല്ലാതെ വിറയ്ക്കുന്നുണ്ടല്ലോ. നമുക്ക് അല്പ സമയം ഇവിടെ ഇരിക്കാം. വരൂ..."
അവിടെ കണ്ട ഒരു ബെഞ്ചിൽ അവനവളെ പിടിച്ച് അരികിലിരുത്തി, പുതച്ചിരുന്ന ഷാളിനുള്ളിൽ അവളെ ചേർത്തുപിടിച്ചു. അവന്റെ ശരീരത്തിന്റെ ചൂട് തന്റെ ദേഹത്തിലേക്ക് പടരുന്നത് അവളറിഞ്ഞു.
"നമ്മുടെ കല്യാണം കഴിഞ്ഞ് ഹണിമൂണിനായി ഇവിടെ വന്നിട്ടും നിനക്കൊരു സന്തോഷവുമില്ലല്ലോ...നിന്റെ മനസ്സിൽ ഇപ്പോഴും വീടിനെപ്പറ്റിയുള്ള ചിന്തകൾ ആണോ?"
"വിധുവേട്ടാ, വീട്ടിലെ അവസ്ഥ ഓർത്തിട്ട് എനിക്കൊരു സമാധാനവുമില്ല. നാടടക്കം വിളിച്ച് കല്യാണം നടത്താൻ അച്ഛൻ ഒരുങ്ങുമ്പോഴായിരുന്നല്ലോ നമ്മുടെ ഈ ഒളിച്ചോട്ടം. മുറ്റത്തുയർന്ന കല്യാണപ്പന്തൽ നോക്കി അവരെല്ലാവരും ഇപ്പോൾ നെടുവീർപ്പിടുകയാവും. വീട്ടുകാർക്ക് നാണക്കേട് വരുത്തിവച്ച എന്നെ അച്ഛനും അമ്മയും ഇപ്പോൾ ശപിക്കുന്നുണ്ടാവും. ആളുകളുടെ മുഖത്ത് അവരിനി എങ്ങനെ നോക്കും? അച്ഛൻ ആത്മഹത്യ ചെയ്യാതിരുന്നാൽ മതിയായിരുന്നു. ഞാനീ പാപമൊക്കെ എവിടെക്കൊണ്ട് കഴുകിക്കളയും ഭഗവാനേ?"
"അതൊന്നും ഓർത്ത് വിഷമിക്കേണ്ട സമയമല്ല ഇത്. പരസ്പരം ജീവനുതുല്യം നമ്മൾ സ്നേഹിക്കാൻ തുടങ്ങിയിട്ട് അഞ്ചു വർഷത്തോളമാകുന്നു. അശ്വതിയുടേയും വിധു മോഹന്റേയും പ്രണയത്തെപ്പറ്റി അറിയാത്തവർ നമ്മുടെ നാട്ടിൽ ചുരുക്കമാണ്. നമ്മളെ പിരിക്കാൻ നിന്റെ അച്ഛൻ മാത്രമായിരുന്നു ആഗ്രഹിച്ചിരുന്നത്. നിനച്ചിരിക്കാതെ വന്ന കളക്ടറുടെ ആലോചനയിൽ അവരെല്ലാം മറന്നു. നീയും ആ ബന്ധത്തിന് തയ്യാറാവുമോയെന്ന് ഒരു വേള ഞാനും ഭയന്നിരുന്നു."
"വിധുവേട്ടന് എന്നെ ഇതുവരെ മനസ്സിലാക്കാൻ പറ്റിയിട്ടില്ലേ? ജീവിക്കുന്നുണ്ടെങ്കിൽ നമ്മൾ ഒരുമിച്ചുതന്നെ ആയിരിക്കും എന്ന് ഞാൻ വർഷങ്ങൾക്കു മുൻപേ തീരുമാനിച്ചിരുന്നതാണ്. ആ ബന്ധത്തിന് സമ്മതിച്ചില്ലെങ്കിൽ അച്ഛൻ പിന്നെ ജീവിച്ചിരിക്കുകയില്ലെന്നു വരെ പറഞ്ഞ് ഭീഷണിപ്പെടുത്തി. എന്തു വേണമെന്നറിയാതെ ദുഃഖിച്ചിരിക്കുമ്പോഴാണ് വിധുവേട്ടന്റെ സന്ദേശം കിട്ടിയത്. പിന്നെ ഒന്നുമാലോചിച്ചില്ല, എന്തും വരട്ടെയെന്ന് വിചാരിച്ച് പാതിരാത്രിയിൽ ഞാൻ വീട്ടിൽ നിന്നും ഇറങ്ങി."
"നമ്മൾ ഇപ്പോൾ എവിടെയാണെന്നുള്ളത് ഒരു കുഞ്ഞിനു പോലുമറിയില്ല. എന്റെ ഫോണും ഞാൻ സ്വിച്ച്ഓഫാക്കി വച്ചിരിക്കുകയാണ്."
"അപ്പോൾ നമ്മളെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവന്നുവിട്ട ചേട്ടന് അറിയില്ലേ? അയാൾ വിധുവേട്ടന്റെ കൂട്ടുകാരനാണോ?"
"അതേ, ജീവൻ പോയാൽപ്പോലും നമ്മളെപ്പറ്റി അവൻ ആരോടും പറയില്ല. എങ്ങോട്ടാണ് പോകുന്നതെന്ന് അവനോട് ഞാൻ പറഞ്ഞിട്ടുമില്ല."
"എന്തായാലും നേരേ മധുരയിലെത്തിയത് നന്നായി. ക്ഷേത്രത്തിലെത്തി ദേവിയുടെ തിരുനടയിൽ വച്ച് മാലയിടാൻ പറ്റിയത് വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു."
"ഓർക്കുമ്പോൾ എല്ലാമൊരു സിനിമയിലെ രംഗങ്ങൾ പോലെ തോന്നുകയാണ്. ക്ഷേത്രത്തിനടുത്തുള്ള ഒരു ഹോട്ടലിൽ തന്നെ മുറി കിട്ടിയതും ദേവിയുടെ അനുഗ്രഹം കൊണ്ടു തന്നെയാണ്.
ഹണിമൂണിന് ഊട്ടിയിൽ പോകണമെന്ന് ഒരിക്കൽ നീ എന്നോട് പറഞ്ഞിരുന്നത് ഓർമയില്ലേ? ഈ വൃശ്ചിക മാസത്തിലെ കൊടും തണുപ്പിൽ ഒരു മനസ്സും ഒരു ദേഹവുമായി ഇവിടെ ഇങ്ങനെ... നമ്മുടെ സ്വപ്നങ്ങൾ ഓരോന്നായി പൂവണിയുകയാണ് മോളേ..."
"എന്നാലും വീട്ടിലെ കാര്യങ്ങളൊന്നും അറിയാൻ കഴിയാത്തതിനാൽ എന്റെ ഉള്ളിൽ തീയാണ്. എന്റെ ഫോണും ഞാൻ എടുത്തിട്ടില്ല."
"അതൊന്നും ഇപ്പോൾ ഓർക്കണ്ട, കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ അവരെല്ലാം ഇതൊക്കെയങ്ങ് മറക്കും."
"നമ്മൾ എവിടെയാണെന്നറിയാതെ അവർ വിഷമിക്കില്ലേ വിധുവേട്ടാ?"
"എവിടെയാണെങ്കിലും നമ്മൾ ഒരുമിച്ചാണെന്ന് അവർക്കറിയാമല്ലോ. നീയെന്റെ മാത്രമാണ് മോളേ... മറ്റാർക്കും ഞാൻ നിന്നെ വിട്ടു കൊടുക്കില്ല."
പ്രിയപ്പെട്ടവളെ തന്റെ കരവലയത്തിനുള്ളിലാക്കി അവളുടെ നെറുകയിലും കണ്ണുകളിലും മാറിമാറി ചുംബിച്ചു. അവളുടെ മലർച്ചൊടികളിലെ മധുനുകരുന്ന മധുപനാവാൻ അവൻ കൊതിച്ചു.
അവരെത്തന്നെ ശ്രദ്ധിച്ചുകൊണ്ട് അതുവഴി ആരൊക്കെയോ നടന്നു പോയി.
"വിധുവേട്ടാ നമുക്ക് പോകാം. എനിക്ക് പേടിയാവുന്നു."
"വിശക്കുന്നില്ലേ, നമുക്ക് വല്ലതും കഴിക്കണ്ടേ?"
പെയ്തിറങ്ങുന്ന മഞ്ഞിലൂടെ അവർ നടന്നു. റോഡിനിരുവശത്തും കണ്ട ഹോട്ടലുകളൊന്നിൽ അവർ കയറി. ഒരു സിംഗിൾ റൂമെടുത്തു.
"നമുക്കൊന്ന് ഫ്രഷ് ആയിട്ട് താഴെപ്പോയി ഭക്ഷണം കഴിച്ചിട്ടു വരാം."
"ശരി."
വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത സാമാന്യം ഭേദമായ ഒരു മുറിയായിരുന്നു അത്. ഐസുപോലെ തണുത്ത വെള്ളത്തിൽ കയ്യും മുഖവും കഴുകിയിറങ്ങിയ അവൾ പറഞ്ഞു:
"വെള്ളത്തിന് എന്തൊരു തണുപ്പാണ്. കുളിക്കാനൊന്നും പറ്റില്ല."
"ചൂടുവെള്ളം കാണും. ഞാനൊന്ന് നോക്കട്ടെ."
അസ്ഥിയിൽ അരിച്ചിറങ്ങുന്ന തണുപ്പിൽ അവൾ വിറയ്ക്കുന്നതു കണ്ടപ്പോൾ അവൻ അവളെ ബെഡ്ഡിൽ പിടിച്ചുകിടത്തി നന്നായി പുതപ്പിച്ചു. തണുപ്പിന്റെ ശക്തി കുറഞ്ഞെന്നു തോന്നിയപ്പോഴാണ് അവൾ എഴുന്നേറ്റത്.
"കഴിക്കാനെന്തെങ്കിലും വിളിച്ചു പറഞ്ഞാൽ ഇവിടെ കൊണ്ടുവരില്ലേ വിധുവേട്ടാ?"
"അറിയില്ലെടാ, ഏതായാലും ഞാൻ റിസ്പ്ഷനിൽ ചെന്ന് ഒന്നന്വേഷച്ചിട്ടു വരാം. മുറി ലോക്ക് ചെയ്തേര്. ഞാൻ വന്ന് വിളിക്കുമ്പോൾ മാത്രം തുറന്നാൽ മതി.
"ശരി, വേഗം വരണേ..."
അര മണിക്കൂറിനുള്ളിൽ അവൻ ഒരു പായ്ക്കറ്റുമായി മുറിയിലെത്തി.
"ഭക്ഷണം ഞാൻ വാങ്ങിക്കൊണ്ടുവന്നിട്ടുണ്ട്."
"ചിക്കൻ കറിയുടെ നല്ല മണം."
ഫ്രൈഡ് റൈസും ചിക്കനുമാണ്. കഴിച്ചോളൂ...
രണ്ടു പേരും വയർനിറച്ച് കഴിച്ചു.
"വിധുവേട്ടാ, വീട്ടുകാരുടെ സഹായമില്ലാതെ ഇനി നമുക്ക് ജീവിക്കാൻ കഴിയുമോ?
എന്നാണ് നമ്മൾ നാട്ടിലേക്ക് തിരിച്ചു പോകുന്നത്?""
"രണ്ടു ദിവസം കൂടി കഴിഞ്ഞിട്ട് നമുക്ക് തിരിക്കാം."
"നാട്ടിലെത്തിയിട്ട് നമ്മൾ എവിടെ താമസിക്കും?
അതൊക്കെ പിന്നീട് ആലോചിക്കാം, തൽക്കാലം എന്റെ വീട്ടിലേക്കു പോകാം. അവിടെ ആർക്കും നമ്മളോട് ദേഷ്യമൊന്നുമില്ല.
പെട്ടെന്നാണ് അവന്റെ ഫോൺ ശബ്ദിച്ചത്.
"വീട്ടിൽ നിന്നാണല്ലോ."
"മോനേ..... നീ എവിടെയാണ്?
"എന്തു പറ്റി, അച്ഛന്റെ ശബ്ദം വല്ലാതിരിക്കുന്നല്ലോ."
"നിന്റെ കൂടെ അവളുണ്ടോ?"
"ഉണ്ട്. ഞങ്ങളുടെ കല്യാണം കഴിഞ്ഞു. ഇപ്പോൾ ഊട്ടിയിലാണ്."
"മ്...."
"അവിടെ ബഹളം വല്ലതുമുണ്ടോ അച്ഛാ?"
"എടാ അവളുടെ അച്ഛൻ ഇന്നു രാവിലെ മരിച്ചു പോയി. ഹൃദയസ്തംഭനം ആയിരുന്നു എന്നാണറിഞ്ഞത്. നീ അവളേയും കൊണ്ട് വേഗം തന്നെ തിരിക്കണം. വിവരം അവളോടിപ്പോൾ പറയണ്ട. വേറെ എന്തെങ്കിലും കാരണം പറഞ്ഞ് തിരിക്കാൻ നോക്ക്."
"ശരി അച്ഛാ.."
"അച്ചൂ... നീ ഉറങ്ങിയോ? എണീറ്റേ, നമുക്ക് ഉടനെ പോകണം."
"എന്തുപറ്റി വിധുവേട്ടാ, ആരാണ് ഇപ്പോൾ വിളിച്ചത്?"
"എന്റെ അച്ഛനാണ്. അമ്മയ്ക്ക് നല്ല സുഖമില്ലെന്ന്."
മുറി വെക്കേറ്റ് ചെയ്ത് ഒരു ടാക്സി വിളിച്ച് അവർ റെയിൽവേസ്റ്റേഷനിലേക്ക് പോയി. ടിക്കറ്റടുത്ത് ആളുകൾ തിങ്ങി നിറഞ്ഞ ജനറൽ കമ്പാർട്ട്മെന്റിൽ കയറി. ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് ഇരിക്കാനൊരു സീറ്റ് കിട്ടിയത്. രാത്രി പത്തുമണിയോടുകൂടി നാട്ടിലെ സ്റ്റേഷനിൽ ഇറങ്ങിയ അവരെ കൂട്ടിക്കൊണ്ടു പോകാൻ ടാക്സിയുമായി അവന്റെ അച്ഛൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു. വീട്ടിലെത്തിയ അവരെ സ്നേഹപൂർവം സ്വീകരിച്ചെങ്കിലും എല്ലാവരുടേയും മുഖത്ത് ദുഃഖം തളംകെട്ടി നിന്നു.
"അമ്മയ്ക്ക് കുഴപ്പമൊന്നുമില്ലല്ലോ വിധുവേട്ടാ.."
"എന്റെ അമ്മയ്ക്കല്ല, പിന്നെ..."
"പിന്നെ... എന്റെ അമ്മയ്ക്കോ... പറയൂ വിധുവേട്ടാ... എന്റെ അമ്മയ്ക്ക് എന്തുപറ്റി?"
ഉറക്കെ കരയാൻ തുടങ്ങിയ അവളെ ചേർത്തു നിർത്തി പറഞ്ഞു:
"അമ്മയ്ക്ക് ഒന്നുമില്ല, നീ ബഹളമുണ്ടാക്കരുത്. ശാന്തമായി കേൾക്കണം. നിന്റെ അച്ഛൻ..."
"അച്ഛൻ... അച്ഛനെന്തു പറ്റി? അയ്യോ എന്റെ അച്ഛൻ...."
"അച്ചൂ...എല്ലാം ഉൾക്കൊള്ളാൻ നീ ശ്രമിക്കണം.. എന്തു വന്നാലും തന്റേടത്തോടെ നേരിടാനും സഹിക്കാനുമുള്ള കരുത്തുണ്ടാവണം."
"എന്താണുണ്ടായത്, തെളിച്ചു പറയൂ വിധുവേട്ടാ..."
"നിന്റെ അച്ഛൻ ഈ ലോകത്തിൽ നിന്നും യാത്രയായി."
"അയ്യോ..എന്റെ അച്ഛൻ.... "
കേട്ട സത്യം ഉൾക്കൊളളാനാവാതെ ബോധം മറഞ്ഞ് താഴെ വീഴാൻ തുടങ്ങിയ അവളെ അവൻ കൈകളിൽ താങ്ങി.
തണുത്ത ജലകണങ്ങൾ മുഖത്ത് വീണപ്പോൾ കണ്ണ് തുറന്ന അവൾ സ്ഥലകാല ബോധം വീണ്ടെടുത്ത് ഉറക്കെ നിലവിളിക്കാൻ തുടങ്ങി.
"ഞാനാണ് എന്റെ അച്ഛനെ കൊന്നത്, ഞാൻ കാരണമാണ് അച്ഛൻ മരിച്ചത്."
"ഇങ്ങനെയൊന്നും പറയരുതേ...അച്ചൂ... നീയൊന്നും ചെയ്തിട്ടില്ല. എല്ലാം ഈശ്വര നിശ്ചയമാണ്."
"വിധുവേട്ടാ, എനിക്ക് അച്ഛനെ കാണണം. ആ കാലുകളിൽ കെട്ടിപ്പിടിച്ച് മാപ്പ് ചോദിക്കണം. അച്ഛന്റെ ആത്മാവിനെങ്കിലും ശാന്തി കിട്ടണം."
"ശരി പോകാം."
അവർ വന്ന ടാക്സിയിൽ തന്നെ കയറി അവളുടെ വീട്ടിലേക്ക് പോയി.
ശുഭ്രവസ്ത്രം ധരിപ്പിച്ച് നാക്കിലയിൽ കിടത്തിയിരിക്കുന്ന അച്ഛന്റെ കാലിൽ വീണവൾ പൊട്ടിക്കരഞ്ഞു. അവളുടെ അമ്മയും അനിയനും അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു.
ദിവസങ്ങൾ കഴിഞ്ഞിട്ടും കുറ്റബോധത്തിന്റെ കനലുകൾ അവളുടെ ഹൃദയത്തിൽ നീറിക്കൊണ്ടിരുന്നു.