(Madhavan K)
കതിർമണി പോൽ മഴ
കാറ്റേറ്റു ചിതറവേ,
കാവിൽ പറമ്പിലായ്
കൊതിയൂറും സ്ത്രീ രൂപം.
കനവിൽ തനിച്ചാക്കി
കാതോരം ചൊല്ലുന്നു,
കാണാത്ത കാഴ്ചകൾ
കാണാൻ ക്ഷണിക്കുന്നു.
"മിഴിയൊന്നടച്ചാട്ടേ
മനം ചേർന്നു മയങ്ങിടാം,
മയിൽ നൃത്തമാടുന്നു
മാനം കറുക്കുന്നു."
"ആരു നീ ദേവതേ-
യാരാണു നീ ചൊല്ലൂ,"
ആലോലലോലനാ-
യാടിക്കളിപ്പവൻ.
"ആശയല്ലോ മുഖ്യം
ആരാകിലുമെന്ത്,
ആകാശമേലാപ്പി-
ലാലോലമാടാൻ വാ.
കാറ്റേറ്റു നനഞ്ഞിടാം
കണ്ണൊന്നടച്ചോളൂ,
കുളിർ തെന്നൽ വീശട്ടെ
കാതോരം നീ വായോ.
നിന്നോടു ചേരുമ്പോൾ
നനയുന്നെൻ മേനിയും,
നുണയുന്ന മോഹത്താൽ
നനവാർന്ന മൃദുസ്പർശനം.
ഓർമ്മകൾ പൂക്കട്ടേ-
യോർമ്മയിൽ നീ മാത്രം,
ഓർക്കുന്നോ നീയെന്നെ-
യോർക്കാതിരിക്കില്ല.
അന്നും ഞാൻ ഈ കാവിൽ
നിന്നോടു ചേരുമ്പോൾ,
വന്നതില്ലേ മഴ
വാനത്തിൻ മേലാപ്പിൽ.
നീയന്നു പ്രിയതമൻ
ഞാനോ നിൻ പ്രിയതമ,
പ്രിയം മൂത്തു നീയെൻ്റെ
മാനം കവർന്നില്ലേ.
കാലം കടന്നപ്പോൾ
കറുത്തു പോയ് നിൻ മുഖം,
മറുത്തൊന്നും പറയാതെ
വെറുത്തു പോയ് ഞാനെന്നെ.
നിന്നെ കൊതിച്ചിട്ടു
കാറ്റുള്ള രാവതിൽ,
കാവിൻ തലപ്പത്തു
ഞാനും നിശ്ശബ്ദയായ്.
ഇന്നു നീ നാടിൻ്റെ
മിന്നുന്ന താരകം,
ഞാനോ വെറും യക്ഷി
നിന്നുടെയന്തക!
കറുപ്പിൻ്റെ കാഴ്ച നീ-
യാവോളം കണ്ടോളൂ,
നീയിനി നിണമില്ലാ
മരവിപ്പിൻ ശവം മാത്രം."
കതിർമണി പോൽ മഴ
കാറ്റേറ്റു ചിതറവേ,
കാവിൽ പറമ്പിലായ്
കലിയായി സ്ത്രീ രൂപം.