മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
(T V Sreedevi )
 
ഹൃദയ കോവിലിൽ
നിത്യവും ഞാൻ തൊഴും
അനഘ സൗന്ദര്യ മോഹിനീ
മൽ സഖീ,
നിൻ കരാംഗുല ലാളന-
മേൽക്കാതെ,
നിദ്രയെന്നെ പുണരുവ-
തെങ്ങനെ..?

എന്തിനാണീ പിണക്കം?
നിൻ സുന്ദര മൃദുവദന-
മണിഞ്ഞ മുഖപടം.
മെല്ലേ മാറ്റി നീ പുഞ്ചിരി
തൂകുകിൽ
മമ ഹൃദയത്തിൽ
പൂമഴ പെയ്തിടും.

പെയ്യുവാൻ വെമ്പും
വർഷമേഘങ്ങൾ പോൽ,
തുളുമ്പി നിൽക്കുന്ന
നിൻ നയനങ്ങളിൽ,
കാണ്മൂ ഞാൻ പ്രിയേ
നിന്റെ പിണക്കത്തിൻ
ശോകമൂകമാം
നൊമ്പരപ്പൂവുകൾ.

അരികിൽ വന്നു നിൻ
പല്ലവ പാണികൾ
എൻ കരങ്ങളാൽ
മെല്ലെത്തലോടവേ;
കപടഗൗരവം പൂണ്ടു
നീയെന്തിനു വദന പങ്കജം
താഴ്ത്തുന്നുവോമലേ..?

ചെറു പിണക്കങ്ങളെപ്പോഴും
ജീവിത മധുരയാത്രയിൽ
ചാരുത ചേർത്തിടും.
എങ്കിലും പ്രിയേ നിന്റെ
പിണക്കങ്ങളെന്നിലും
ചേർക്കും ശോകമൂകച്ഛവി.

മെല്ലെയൊന്നു നീ പുഞ്ചിരി
തൂകുകിലെൻ കരളിലും
പൂമഴ പെയ്തിടും.
നിൻ ചിരിയാകും പൂനിലാ-
വേൽക്കുകിൽ,
എന്റെ ചിത്തത്തിൽ
കൈരവം മൊട്ടിടും.

നശ്വരമാകും ജീവിത
യാത്രയിൽ
പിണക്കമെല്ലാം
മറന്നിടാം നാമിനി.
പ്രണയ വർണ്ണങ്ങൾ
ചേർത്തിനി ജീവിതം
മധുരമാക്കിടാം
പുഞ്ചിരിക്കൂ പ്രിയേ.

 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ