മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(Krishnakumar Mapranam)

പ്രണയം പിടിച്ചു വാങ്ങുന്നവരുടെയിടയിൽ
നറുക്കുവീണത് എനിക്ക്
അവളുടെ കടാക്ഷമേറിൽ ഒരു ചോദ്യം 

"നീ നാളെയൊരു പാറ്റയെ 
കൊണ്ടുവരുമോ" ?  

മലയാളം മെയിനെടുത്തവൻ 
രാത്രി പന്ത്രണ്ടിന് അടുക്കളയിൽ 
ടോർച്ചിൻ്റെ വെളിച്ചത്തിൽ 
പതുങ്ങി പതുങ്ങി നടക്കുന്നു 

രഹസ്യം മണത്ത് വരുന്നവർക്ക്  
മറുപടി പറയാൻ 
കല്ലുവച്ചനുണകൾ അനവധി 
ഒരുക്കി വച്ചിരിക്കുന്നു 

പ്രണയിക്കാത്തവർക്കറിയില്ല
പ്രണയത്തിനുവേണ്ടിയുള്ള 
സാഹസികത 

സുവോളജി ലാബിനു പുറത്ത്
ഇടനാഴിയിൽ അങ്ങിനെയൊരു
കാത്തുനിൽപ്പ് 

കുപ്പിയിലടച്ച  പാറ്റയെ നീട്ടുമ്പോൾ
കൈവിരൽ സ്പർശം മോഹിച്ചു 

"ഇൻറർവെല്ലിന് കാണണം..."
അവളുടെ
ചിരിയഴകിൽ നിർവൃതിയടഞ്ഞു 

"മൊയ്തീക്കയുടെ ചായക്കടയിലെ 
ചൂടുള്ള മൊരിച്ച 
പരിപ്പുവടയ്ക്കെന്തുരുചിയാണല്ലേ ?
നിനക്കുള്ളതും ഞാനെടുക്കും..'' 
കറുമുറെ കഴിച്ചവൾ ചിരിച്ചു മയക്കി

ഓലമറച്ച ചായക്കടയിൽ 
ആടുന്ന കാലുള്ള മരബെഞ്ചിൽ
പ്രണയപനി പകർന്ന്
തൊട്ടുതൊട്ടവളും  ഇരുന്നു 

അറക്കപ്പൊടിയടുപ്പിൽ
സമോവറിലെ തിളയ്ക്കും
ചൂടിലൊരു ചായമൊത്തികുടിച്ച്
നാക്കു പൊള്ളി ഞാനും 

പ്രണയാക്ഷരങ്ങൾ കോറിയിട്ട 
ക്ളാസുമുറിയിൽ
അവളുടെ ചുരുണ്ടമുടിയിലേയ്ക്കെന്നും
ചുവന്ന റോസാപ്പൂ സമ്മാനം 

അവളുടെ ക്ഷണം സ്വീകരിച്ച്
ഇല്ലികാടുകൾക്കപ്പുറം 
തണൽമരങ്ങൾക്കു ചുവട്ടിലിരിക്കാൻ
സുഭദ്രാമിസ്സിൻ്റെ 
പ്രിയപ്പെട്ട മലയാളം ക്ളാസ്സുകൾ
പലവട്ടം കട്ടു ചെയ്തു

പടപടാന്നു മിടിക്കുന്ന 
ഹൃദയവുമായി ചെല്ലുമ്പോൾ
ചിരിയഴകിൽ എന്നുമുണ്ടാകും 
അഭ്യർത്ഥനകൾ
"ഒരുപകാരം കൂടി ചെയ്യുമോ"? 

തിരിച്ചുപോകാനുള്ള ബസ്സുകൂലി
അവളടിച്ചു മാറ്റിയത്
ഒരു ചിരികൊണ്ട് 

വീട്ടിലേയ്ക്കുള്ള അഞ്ചരകിലോമീറ്റർ 
ദൂരത്തിൻ്റെ ക്ഷീണം
പ്രണയ പുഴയിൽ മുങ്ങിപോയി 

ക്ളാസു കട്ടുചെയ്തും
പാറ്റയെയും തവളയേയും  സമ്മാനിച്ചും
നുണകളുണ്ടാക്കിയും
വീട്ടിൽ നിന്നും  മോഷ്ടിച്ചെടുത്ത
കാശുമായി
കാൻ്റിനിലും
തണലു വിരിച്ച പൂമരങ്ങൾക്കിടയിലും
അവളോടൊപ്പം
പ്രണയത്തിനുവേണ്ടി
ഓടിയോടി ഒന്നുമല്ലാതായി

സുവോളജിയിലെ രവിശങ്കറും
ബോട്ടണിയിലെ കുര്യാക്കോസും
പൊളിറ്റിക്സിലെ മോഹനനും
എന്നെപോലെ തന്നെ
അവളോടൊപ്പം കറങ്ങിയിരുന്നത്
പരസ്പരം അറിഞ്ഞതേയില്ല

അവൾ പഠിച്ചു ജയിച്ചപ്പോൾ
ഞങ്ങളിൽ പലരും തോറ്റു പോയി 

തോറ്റുപോയവരുടെ ചരിത്രം 
ആരും അന്വേഷിക്കാറില്ലല്ലോ 
എന്നാലൊന്ന്  തെരഞ്ഞു നോക്കണം 

കോളേജിൽ പഠിച്ചവരിൽ ചിലരൊക്കെ
ഞങ്ങളുടെ ബാച്ചിൻ്റെ 
ഒത്തുചേരലിന് വഴിവച്ചപ്പോൾ
മുടിപോയവർ വിഗ്ഗ് വച്ചും
മുടിനരച്ചവർ ചായമടിച്ചും എത്തി 

ഓർമ്മപങ്കിടലും വിശേഷം പറച്ചിലും 
കളിയും ചിരിയുമായി 
ഒരു *അലുമിനാ* 

രവിശങ്കർ
ഒരു സിനിമാ പ്രൊഡ്യൂസറായി
വിലസുന്നു
കുര്യാക്കോസ്
അനേകം ശൃംഖലകളുള്ള
ടെക്സ്റ്റെൽ ഷോപ്പുകളുടെ മുതലാളി
മോഹനൻ
രാഷ്ട്രീയത്തിലെ നേതാവ് 

എന്നെന്നും എല്ലാവരുടെയിടയിലും 
മോഹമലരായി വിരിഞ്ഞു നിന്നിരുന്ന
അവളാണെങ്കിൽ പഠിപ്പു കഴിഞ്ഞതും 
കല്യാണം കഴിച്ച്
രണ്ടുപിള്ളേരുടെ അമ്മയായി 
ഒതുങ്ങിപോയത്രെ 
അടുക്കളയിൽ 

അവളുടെ കൂട്ടുകാരികളിൽ
ചിലർ മാത്രം ഉദ്യോഗസ്ഥകളായിരിക്കുന്നു 

ഇലകൊണ്ടും 
കളർച്ചോക്കുകൊണ്ടും ചുമരിലെഴുതിയിട്ട 
പ്രണയവാചകങ്ങൾ
മായാതെ കിടക്കുന്നുണ്ടിപ്പോഴും 
ക്ളാസ്സുമുറിയിൽ 
അവൾ കുറെ നേരം ഇരുന്നു 
എൻ്റെയൊപ്പം 
ആ പഴയബെഞ്ചിൽ

അവൾ പതിയെ പറഞ്ഞു
''എനിക്കിന്നും നിന്നെ ഇഷ്ടമാണ്…'' 

''മൊയ്തിക്കയുടെ 
ചായക്കട പൂട്ടിപോയി....!'' 

അവൾ എൻ്റെ വിരലിൽ തൊട്ടു
ഓർമ്മകൾക്കെന്തു സുഗന്ധമാണ്... 

കൂട്ടത്തിൽ വിശേഷം തിരക്കുമ്പോഴാണ്
''മാഷുടെ.....ഒരു കവിത....വാരാന്ത്യപതിപ്പിൽ.....''
എന്നും പറഞ്ഞുകൊണ്ടൊരുകുട്ടി 
വരാന്തയിൽ നിന്നത് 

അപ്പോഴേ അവളും  അറിഞ്ഞുള്ളൂ...
അതെ
മലയാളം ഡിപ്പാർട്ടുമെൻ്റിൻ്റെ 
തലവനായി രണ്ടുകൊല്ലം കൂടിയുണ്ടാകും 
ഞാനിവിടെ.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ