ഒന്ന് 

ഇത് ഒരു പാർട്ടിയുടെ കഥയാണ്. ആ ജനസേവക് പാർട്ടിയുടെ ഈ കഥ തുടങ്ങുന്നത് രാവിലെ നടുറോഡിലാണ്.

ഗുണ്ടകൾ എന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയുന്ന വേഷവിധാനങ്ങളുമായി മാർട്ടിനും രങ്കനും റോഡിൽ നിൽക്കുന്നു. രങ്കൻ്റെ കയ്യിലിരിക്കുന്ന കത്തിയുടെയും മാർട്ടിൻറെ കയ്യിൽ ഇരിക്കുന്ന രസീത് ബുക്കിൻ്റെയും ക്ലോസ് ഷോട്ട്. ഒരു കാർ വരുന്നതു കണ്ട കത്തി പിടിച്ച കൈ കാണിച്ച് രങ്കൻ കാർ തടയുന്നു .

മാർട്ടിൻ കാറിൻ്റെ അടുത്തുചെന്നു. "ഒരായിരം രൂപ എടുക്ക്."

കാറുകാരന് കാര്യം മനസ്സിലായില്ല."എന്തിന്?"

"പാർട്ടി ആപ്പീസ് കണ്ടില്ലേ?"

കാറുകാരൻ റോഡ് സൈഡിൽ ഉള്ള പാർട്ടി ഓഫീസിലേക്ക് നോക്കുന്നു. 

അവിടെ " ജനസേവക് പാർട്ടി (J. S. P) ബ്രാഞ്ച് ഓഫീസ് " എന്ന ബോർഡ്.

"പാർട്ടിയുടെ ഫണ്ട് പിരിവാണ് ." -മാർട്ടിൻ ധൃതികൂട്ടി. 

"പണ്ടായാലും ഇപ്പഴായാലും എൻറെ കയ്യിൽ 1000 ഒന്നുമില്ല. " കാറുകാരൻ തൻ്റെ അവസ്ഥ അറിയിച്ചു. എന്നാൽ 500 എടുക്കെന്നായി മാർട്ടിൻ. ബാക്കി തിരികെ വരുമ്പോ തന്നാ മതി. 

"വേഗം കൊടുക്ക് ." - ഭീഷണിയുമായി രങ്കനും ഒപ്പം നിന്നു.

അയാൾ 500 രൂപ കൊടുത്തു. മാർട്ടിൻ രസീത് എഴുതാനായി പേരു ചോദിച്ചു.

"രസീത് ഒന്നും വേണ്ട. എന്നെ അങ്ങ് വിട്ടാ മതി."

അയാൾ കാറുമായി നീങ്ങിക്കഴിഞ്ഞു .

വീണ്ടും ഒരു കാർ വരുന്നു .രങ്കൻ  കത്തിയുമായി തയ്യാറായി. 

"അതു നമ്മുടെ പ്രസിഡൻ്റിൻ്റെ കാർ ആണെന്ന് തോന്നുന്നു. " - മാർട്ടിൻ കാറിൻ്റെ നമ്പർ നോക്കിപ്പറഞ്ഞു.

പാർട്ടിയോഫീസിന് മുമ്പിൽ ആ കാർ നിന്നു. കാറിൽ നിന്ന് പാർട്ടി പ്രസിഡൻറ് ഭൈരവനും ഡ്രൈവർ കുട്ടനും പുറത്തിറങ്ങി.

"എന്താ രങ്കാ , എന്താ പരിപാടി ?" - ഭൈരവൻ

"നമ്മുടെ ഫണ്ട് പിരിവിനായി ഇറങ്ങിയതാണ്. " -രങ്കൻ

"ഈ കത്തിയും കൊണ്ടോ? "

"അല്ല -അതൊരു ശീലമായിപ്പോയി. "

മാർട്ടിനാണ് ബാക്കി പറഞ്ഞത്: 

''ഇപ്പോ ആളുകളൊക്കെ കള്ളം പഠിച്ചുപോയി പ്രസിഡൻ്റേ. വെറുതെ ചോദിച്ചാൽ ഒന്നും പിരിവ് തരൂല്ല ."

"എന്നാലും ഇത് പാർട്ടി പിരിവ് അല്ലേ? ഗുണ്ടാ പിരിവ് അല്ലല്ലോ." 

"ഇപ്പോൾ ഞങ്ങൾക്ക് പാർട്ടി ഗുണ്ടകൾ എന്ന പേര് മാത്രമേയുള്ളൂ. വർക്ക് ഒന്നുമില്ലല്ലോ."

"ഒന്നു പതുക്കെ പറ. ഗുണ്ടായിസത്തെ എതിർക്കുന്ന പാർട്ടിയാ നമ്മുടേത്.അതുകൊണ്ടാണ് ഞാൻ നിങ്ങളെ പാണ്ട എന്ന വിളിക്കുന്നത്. " 

"അയ്യേ  അങ്ങനെ നമ്മളെ കൊച്ചാക്കല്ലേ പ്രസിഡൻ്റേ."

"കൊച്ചാക്കിയതല്ല. പാർട്ടി ഗുണ്ട എന്നത്ചുരുക്കി വിളിച്ചതാണ്. പാണ്ട. അപ്പോൾ ഗുണ്ട യാണെന്ന് മറ്റുള്ളവർ അറിയുകയുമില്ല."

"അതുവേണ്ട പ്രസിഡൻ്റേ.ഇന്നലെ ഞാൻ ചെറുക്കൻറെ പുസ്തകത്തിൽ ഒരു പാണ്ടയുടെ പടം കണ്ടു .വകതിരിവില്ലാത്ത ഒരു ജന്തു."

 വകതിരിവ് നിങ്ങൾക്കും ഇല്ലല്ലോ എന്നാണ് ഭൈരവന് തോന്നിയത്.

 

"ഞങ്ങൾക്ക് വർക്ക് വേണം പ്രസിഡൻ്റേ." - രങ്കൻ തങ്ങളുടെ ആവശ്യം അറിയിച്ചു.

"വർക്കില്ലാത്തതു കൊണ്ട് ഞങ്ങളെ ആരും മൈൻഡു ചെയ്യുന്നില്ല ." - മാർട്ടിൻ പിൻതാങ്ങി.

ഭൈരവൻ രങ്കൻ്റെ തോളിൽ തട്ടി.

"വർക്ക് താനെ വരും. ജില്ലാ സമ്മേളനം വരികയില്ലേ. തയ്യാറായിരുന്നോ….എന്താ നിൻറെ കഴുത്തിൽ ഒരു ഒട്ടിപ്പ്? 

രങ്കൻ്റെ കഴുത്തിന് പിന്നിൽ ഒരു പ്ലാസ്റ്റർ ഒട്ടിച്ചിരിക്കുന്നു.

ചോദ്യം കേട്ട് രങ്കൻ ഒന്നു ചമ്മി. "അത് കത്തികൊണ്ട് പുറം ചൊറിഞ്ഞതാ. "മാർട്ടിൻ വാ പൊത്തി ചിരിച്ചു. അതു കണ്ട് ഭൈരവൻ മാർട്ടിനോട് :- "താൻ പുറം ചൊറിഞ്ഞില്ലേ? "

"ഞാൻ അത്തരം മണ്ടത്തരം ഒന്നും കാണിക്കാറില്ല ."

രങ്കനു ചിരി വന്നു."മണ്ടത്തരം അല്ലാത്ത ഒരു കെട്ടാണ്  ആ കാലിൽ കാണുന്നത്. "

മാർട്ടിൻറെ കാൽപാദത്തിൽ തുണി കൊണ്ട് ഒരു കെട്ട്. 

"അതെന്തുപറ്റി?" - ഭൈരവൻ

മാർട്ടിൻ  ചമ്മലോടെ പറഞ്ഞു: "പോലീസിനെ കണ്ട് കത്തി താഴെ ഇട്ടതാണ്."

"അതു നന്നായി.. ങാ -വേറെ വർക്ക് ഒന്നും ഇല്ലെങ്കിൽ പ്രസിഡണ്ടിന് ആഞ്ഞു രണ്ടു മുദ്രാവാക്യം വിളിക്ക്...ഒരു ഉന്മേഷം വരട്ടെ."

ആ വർക്ക് ഏറ്റെടുത്തു കൊണ്ട് മാർട്ടിൻ മുദ്രാവാക്യം വിളിക്കുന്നു. 

"പ്രസിഡൻ്റ് ഭൈരവൻ സിന്ദാബാദ്" 

രങ്കനും കുട്ടനും ഏറ്റുവിളിക്കുന്നു.

"ഭൈരവൻ ഭൈരവൻ ഭൈരവൻ സിന്ദാബാദ്"

പാർട്ടിഓഫീസിനകത്തുന്നു നിന്നും പാലൻ, അസീസ്, തുടങ്ങിയവർ ശബ്ദം കേട്ട് പുറത്തേക്ക് വരുന്നു. 

മാർട്ടിൻ ശബ്ദം കൂട്ടി: '' നമ്മുടെ ഓമന നേതാവേ - " 

"മതി മതി. ഓമനേ അതിനിടയിൽ കൊണ്ടുവരേണ്ട. 

ശരി, നിങ്ങൾ പോയി ആ കോയേരെ ഹോട്ടലിൽ നിന്നും വല്ലതും വാങ്ങി കഴിച്ചോ. "

ഭൈരവൻ്റെ നിർദ്ദേശം കേട്ടപ്പോൾ രങ്കനു സംശയം: "പൈസ കൊടുക്കണ്ടേ?" 

"വേണ്ട. ഒരു രസീത് എഴുതി കൊടുത്താ മതി. " - ഭൈരവൻ

"എന്നാ വാ - " 

മാർട്ടിനും  രങ്കനും പോകുന്നു. 

ഭൈരവൻ മറ്റുള്ളവരോടായി ചോദിച്ചു :Iഇങ്ങനെ നിന്നാ മതിയോ - ജില്ലാ സമ്മേളനം ഇങ്ങെത്തി. കാര്യങ്ങൾ നമുക്ക് ഉഷാർ ആക്കണ്ടേ?" 

"അല്ല പ്രസിഡൻ്റേ, ഇത്തവണത്തെ സമ്മേളനത്തിലെങ്കിലും സ്ഥാനങ്ങൾക്ക് ഒരു മാറ്റം ഉണ്ടാവുമോ?" -പാലൻ

"നിങ്ങളൊക്കെ ജില്ലാ ഭാരവാഹികൾ ആയാലല്ലേ ഞങ്ങൾക്കൊക്കെ ഈ ബ്രാഞ്ചിൽ എന്തെങ്കിലും സ്ഥാനങ്ങൾ കിട്ടൂ." - അസീസ്

"ഞാനാരോടും എനിക്കുവേണ്ടി ഒരു സ്ഥാനവും ആവശ്യപ്പെടാറില്ല. പാർട്ടി എന്താണോ തരുന്നത് അത് രണ്ടു കൈയും നീട്ടി സ്വീകരിക്കും. അത്ര തന്നെ "-ഭൈരവൻ 

"ഞങ്ങളൊക്കെ വന്നിട്ട് കുറെ കാലമായില്ലേ? അണിയെന്നും പറഞ്ഞു നടന്ന് നടന്ന്തുരുമ്പെടുത്തു തുടങ്ങി. " - സണ്ണി

"തുരുമ്പെടുക്കാൻ ആണി അല്ലല്ലോ, അണി അല്ലേ?" - ഭൈരവൻ 

"രണ്ടും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. " - സണ്ണി

"നിങ്ങൾക്ക് സ്ഥാനക്കയറ്റം ഇല്ല എന്ന് മാത്രം പറയരുത്. " - ഭൈരവൻ 

"എന്തു കയറ്റം? " -പാലൻ

"നിന്നെ കഴിഞ്ഞ വർഷം ജില്ലാ സമ്മേളനത്തിന് പ്രതിനിധിയായി ടൗൺഹാളിലേക്ക് അയച്ചില്ലേ? ഇത്തവണ സംസ്ഥാന സമ്മേളനത്തിനു പ്രതിനിധിയായി തിരുവനന്തപുരത്തേക്ക് അയക്കും. " - ഭൈരവൻ

"അവിടെ പോയിരുന്നു കയ്യടിക്കാൻ അല്ലേ?" -പാലൻ

"കയ്യടിച്ചാൽ മാത്രം പോര. നമ്മുടെ സമുന്നതരായ നേതാക്കൾ പറയുന്നത് കാത് തുറന്നു കേൾക്കണം. എങ്കിലേ നിങ്ങൾക്ക് നാടിൻറെ മുന്നണിപ്പോരാളികൾ ആകാൻ കഴിയൂ. " - ഭൈരവൻ

"പാലന് അങ്ങനെ തിരുവനന്തപുരത്തേക്ക് പോവാം. എൻറെ കാര്യം പ്രസിഡണ്ട് ഒന്നും പറഞ്ഞില്ല. " - അസീസ്

"നിനക്കും സ്ഥാനക്കയറ്റം ഉണ്ട്. മുമ്പ് പഞ്ചായത്ത് പ്രസിഡൻറ്റിനെ ഹാരം ഇട്ട് സ്വീകരിച്ചത് നീയല്ലേ?" - ഭൈരവൻ 

"അതു രണ്ടുവർഷം മുമ്പ് ." - അസീസ്

"ഇത്തവണ കുറെ കൂടെ ഉയർന്ന പദവി തരാം. സമ്മേളനത്തിന് എം.എൽ.എ. വരുമ്പോൾ എം.എൽ.എ.യെ ഹാരം ഇട്ട് സ്വീകരിക്കേണ്ട ചുമതല നിനക്കാണ്."- അസീസ് 

"വെറും ഹാരം ഇടക്കം മാത്രമേ ഉള്ളോ? " - അസീസ്

"അങ്ങനെയാണ് ജനപ്രതിനിധികളുമായി വ്യക്തി ബന്ധം സ്ഥാപിക്കുന്നത്. ആ ബന്ധം ഭാവിയിൽ നിനക്ക് ഗുണം ചെയ്യും." -ഭൈരവൻ 

 

സണ്ണി, പാർടി ഓഫീസിനകത്തു നിന്നും വരുന്നു. കൈ ഒടിഞ്ഞതിനാൽ കഴുത്തിൽ കൂടി കെട്ടി സപ്പോർട്ട് ചെയ്തിരിക്കുന്നു. അതു കണ്ട് പ്രസിഡൻ്റിൻറ്റെ കുശലാന്വേഷണം:  

"ങാ - സണ്ണീ, നിൻ്റെ കൈ ശരിയായില്ലേ?"

"എങ്ങനെ ശരിയാവാൻ? ഇനിയും ഒന്നു രണ്ടു മാസമെങ്കിലും എടുക്കും." - സണ്ണി

"രണ്ടു മാസമെടുക്കുവോ?" - ഭൈരവൻ

"എടുക്കും. രണ്ടു പൊട്ടലുണ്ട്. പോലീസ് വളഞ്ഞിട്ട് തല്ലിയതല്ലേ?" - സണ്ണി

"എന്നാലും നിന്നെപ്പറ്റി എല്ലാരും അറിഞ്ഞല്ലോ. കളക്ടറേറ്റു മാർച്ചിലുണ്ടായ സംഘർഷത്തിൽ അടി കൊണ്ട് സണ്ണി ആശുപത്രിയിലായി എന്ന് സംസ്ഥാന നേതാക്കൾ വരെ അറിഞ്ഞു. "_ ഭൈരവൻ

"അതു കൊണ്ട് എനിക്കെന്തു പ്രയോജനം?" - സണ്ണി

"അടുത്ത തവണ നിനക്കു സ്ഥാനക്കയറ്റം ഉണ്ട്. " - ഭൈരവൻ

"എന്തു കയറ്റം? " - സണ്ണി

"അടുത്ത തവണത്തെ സെക്രട്ടറിയേറ്റ് മാർച്ചിൽ നീയാണ് നമ്മുടെ പ്രതിനിധി. " - ഭൈരവൻ

"ഓ- ഓ- ഇനി തലസ്ഥാനത്തെ പോലീസിൻ്റെ അടികൂടി കൊള്ളാൻ അല്ലേ? എനിക്കാ സ്ഥാനക്കയറ്റം വേണ്ട. " - സണ്ണി

"വേണ്ടെങ്കിൽ വേണ്ട. എന്നാലും പാർട്ടി നിന്നെ പരിഗണിക്കുന്നില്ലെന്ന പരാതി വേണ്ട. നിനക്ക് മറ്റൊരു സ്ഥാനക്കയറ്റം തരാം." - ഭൈരവൻ

"അതെന്തു കയറ്റം?" - സണ്ണി

"കഴിഞ്ഞ സമ്മേളനത്തിന് കാൽനട പ്രചാരണ ജാഥ യുടെ പതാകവാഹകൻ ആയിരുന്നില്ലേ നീ." - ഭൈരവൻ 

"ആ- അന്ന് നടന്നു നടന്നു തളന്നു." - സണ്ണി

"ഇത്തവണ നിനക്കു സ്ഥാനകയറ്റം ഉണ്ട്. നടന്നു തളരണ്ട. വാഹന ജാഥയുടെ പതാകവാഹകൻ നീയാണ്."- ഭൈരവൻ 

ആ പദവി സണ്ണിക്കും ബോധിച്ചു.

"പിന്നെ ഇങ്ങനെ നിന്നാ പോരാ. ഇതിനകത്തിരിക്കുന്ന പോസ്റ്ററും ബാനറുമൊക്കെ രണ്ടുദിവസത്തിനകം തീർക്കണം." - ഭൈരവൻ

"എല്ലാരും കൂടെ ഇറങ്ങിയാൽ രണ്ടു ദിവസത്തെ കാര്യമേ ഉള്ളൂ. " -പാലൻ

"പറഞ്ഞാൽ പോര കാര്യം നടക്കണം."

പ്രസിഡൻറ് ഓഫീസിനകത്തേക്ക് നടന്നു.

(തുടരും)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ