V Suresan

ഭാഗം - 4: രണ്ടാം ഉദ്ഘാടനം 

Read Full

വേനൽക്കാലത്ത് പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി 4 കുഴൽക്കിണറുകൾ കുഴിക്കുന്ന പണി നടക്കുകയാണ്. കമലനാണ് കോൺട്രാക്ടർ. ആദ്യം ഏപ്രിൽ 25ന് ഉദ്ഘാടനം തീരുമാനിച്ചിരുന്നുവെങ്കിലും പണി പൂർത്തിയാകാത്തതിനാൽ ഉദ്ഘാടനം നീട്ടിവച്ചു. മെയ് 20 ആണ് പുതിയ തീയതി. എം.എൽ.എ.യാണ് ഉദ്ഘാടകൻ. 

ഭൈരവനെഞ്ചിനീയർ തിരക്കുകൂട്ടി: 

"കമലാ, 20ന് മുമ്പ് പണി തീർക്കണം." 

"എന്നു പറഞ്ഞാലെങ്ങനെ? പണി തീർന്നില്ലെങ്കിൽ ഉദ്ഘാടനം ഒരാഴ്ച കൂടി മാറ്റിവയ്ക്കണം." 

"അതു പറ്റില്ല. ഒരിക്കൽ മാറ്റി വച്ചതാ. ഇനി നടക്കില്ല''

എന്തായാലും 20നു മുമ്പ് കുഴൽക്കിണർ നാലും ഏതാണ്ടൊക്കെ പൂർത്തിയായി, ഹാൻഡ് പമ്പും ഫിറ്റു ചെയ്തു. പക്ഷേ ഒരു പ്രശ്നം! ഉദ്ഘാടനത്തിൻ്റെ തലേന്നാൾ നോക്കിയപ്പോൾ നാലാം കുഴൽകിണറിൽ ഹാൻഡ് പമ്പ് അടിച്ചിട്ടും വെള്ളം വരുന്നില്ല. പരിശോധനയിൽ കിണറിനുള്ളിലെ വെള്ളം വറ്റിയിരിക്കുന്നു എന്നു മനസ്സിലായി. ഇനി പെട്ടെന്ന് പരിഹരിക്കാനാവില്ല. ഈ വിവരം കമലൻ ഭൈരവനെഞ്ചിനീയറെ അറിയിച്ചു . 

"സാറേ, മൂന്നെണ്ണം ഓക്കെ. ഒരെണ്ണത്തിൽ വെള്ളമില്ല." 

"എന്നുപറഞ്ഞാ പറ്റില്ല. ഉദ്ഘാടനനോട്ടീസിൽ നാലെണ്ണമെന്നു പറഞ്ഞിട്ടുണ്ട്. ഇന്ന് രാത്രി കൊണ്ട് എന്തെങ്കിലും ചെയ്തേ പറ്റൂ… മുറുകാ- നീ താൻ തുണ" 

"എന്താ- "

"അല്ല. കമലാ- നീ താൻ തുണ."

അന്നു രാത്രി കൊണ്ട് ചെയ്യാൻ പറ്റുന്നത് കമലൻ ചെയ്തു.രഹസ്യമായി ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ച്  കുഴൽ കിണറിലേക്ക് ഒഴിക്കുകയാണ് ഉണ്ടായത്. 

അടുത്തദിവസം രാവിലെ കൃത്യസമയത്ത് നാലിെൻ്റെയും ഉദ്ഘാടനം നടന്നു. എം.എൽ.എ.ഹാൻഡിൽ അടിച്ചപ്പോൾ ഏറ്റവും ശുദ്ധമായ വെള്ളം കിട്ടിയത് നാലാം കുഴൽക്കിണറിൽ നിന്നു തന്നെയായിരുന്നു.

"വെരി ഗുഡ് .ഇതാണ് ബെസ്റ്റ് കിണർ " എന്ന് എം.എൽ.എ.അഭിപ്രായപ്പെടുകയും ചെയ്തു. ഉദ്ഘാടനം കഴിഞ്ഞശേഷം ഭൈരവൻ കമലനോട് രഹസ്യമായി ചോദിച്ചു: 

"ഇനിയിപ്പോ നമ്മൾ ഒഴിച്ച വെള്ളം തീരുമല്ലോ കമലാ. അതിനെന്ത് ചെയ്യും?"

"ഇതുവരെ മാനം പോവാതെ നോക്കീല്ലേ? ഇനിയും മാനം തന്നെ ഒരു വഴി കാണിച്ചു തരും."

"അതെന്തു വഴി?"

"ഇരുണ്ട മാനം കണ്ടില്ലേ? രണ്ടു മൂന്നു ദിവസത്തിനകം മഴ പെയ്യും.  മഴപെയ്താൽ കിണറിൽ വെള്ളം കിട്ടിക്കോളും."

"പക്ഷേ മഴ പെയ്യുന്നത് വരെ എന്തു പറഞ്ഞു നിൽക്കും?"

"സാറ് സമാധാനമായിരിക്ക്. എന്തെങ്കിലും വഴി തെളിഞ്ഞു വരും."

"മുറുകാ- "

"നീ താൻ തുണ" -കമലൻ പൂരിപ്പിച്ചു.

അടുത്തദിവസം രാവിലെ ഭൈരവനെഞ്ചിനീയർക്ക് ഒരു ഫോൺ വന്നു. 

"ഞാൻ വാർഡ് മെമ്പർ കനകലതയാണ്. സാറേ, നാലാമത്തെ കുഴൽക്കിണറിൻ്റെ ഹാൻഡിൽ കാണുന്നില്ല." 

"കാണുന്നില്ലേ? ഇന്നലെ അതവിടെ ഉണ്ടായിരുന്നല്ലോ?"

"ശരിയാണ്. ആക്രി പെറുക്കുന്ന തമിഴ് നാട്ടുകാർ ഇവിടെ തമ്പടിച്ചിരുന്നു. അവർ ഇന്നലെ രാത്രി ഇവിടെ നിന്നു പോയി. അക്കൂട്ടത്തിൽ ആ ഹാൻഡില്കൂടെ ഇളക്കിയെടുത്ത് കൊണ്ട് പോയതായിരിക്കും എന്നാണ്  യൂണിയൻകാർ പറയുന്നത്. " 

ഭൈരവൻ ഉള്ളാലെ ചിരിച്ചു. 

"പോയത് പോയി. നമുക്കിനി  പുതിയ ഒരെണ്ണം കിട്ടുമോന്ന് നോക്കാം."

"അതു മതി."

"പക്ഷേ  വേറൊരെണ്ണം കിട്ടാൻ ഒരാഴ്ചയെങ്കിലും സമയം പിടിക്കും.  അത് മെമ്പർ നാട്ടുകാരെ പറഞ്ഞു മനസ്സിലാക്കണം." 

"അതുസാരമില്ല സാറേ. ഞാൻ പറഞ്ഞോളാം." 

മോഷ്ടാവ് ആരാണെന്ന് മനസ്സിലാക്കിയ ഭൈരവൻ കമലനെ വിളിച്ചില്ല.

കമലൻ പറഞ്ഞതുപോലെ  മൂന്നു ദിവസം കഴിഞ്ഞപ്പോൾ മഴ തുടങ്ങി. .. പിന്നെ നാലാംകിണറിൽ  വെള്ളം എത്തി കഴിഞ്ഞപ്പോൾ കമലൻ പുതിയ (പഴയ) ഹാൻഡിൽ ഫിറ്റ് ചെയ്തു.

"ഈ ഹാൻഡിൽ ലോക്ക് ചെയ്തു വയ്ക്കാൻ പറ്റില്ലേ? ഇനിയും മോഷണം പോയാലോ?" -വാർഡ് മെമ്പർ സംശയം ചോദിച്ചു.

"ഇല്ല, മഴയുള്ളപ്പോൾ മോഷണം പോവൂല."

അതിൻറെ കാരണം മെമ്പർക്ക് മനസ്സിലായില്ല. അതിനാൽ കമലൻ വിശദമാക്കി. 

"ആക്രി പെറുക്കുന്നവർ മഴയില്ലാത്തപ്പോഴേ വരൂ." 

നാലാംകിണൻറെ രണ്ടാം ഉദ്ഘാടനം വാർഡ് മെമ്പർ നിർവഹിച്ചു.

"പളനിമുറുകാ- മൂന്നാം ഉദ്ഘാടനം നടത്താൻ ഇടവരുത്തരുതേ - "എന്നായിരുന്നു ഭൈരവനെഞ്ചിനീയറുടെ പ്രാർത്ഥന.

(തുടരും)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ