ചക്കയിടാൻ പ്ലാവിൽ കയറി പ്ലാവിലകൾക്ക് ഇടയിൽ ഉണക്ക കമ്പ് കണ്ടിട്ട് കരിമൂർഖൻ ആണെന്ന് പറഞ്ഞു പ്ലാവിൽ നിന്നും അലറിക്കൊണ്ട് ഹൈജമ്പ് ചാടി, ഉൽക്ക പൊട്ടി വീണത് പോലെ നിലത്തു വീണ് കാലൊടിയുകയും,
അവസാനം കാലിൽ അരയിഞ്ചിന്റെ കമ്പിയും ഇട്ട് വാർക്കപ്പണി കഴിഞ്ഞു മാന്യമായി കിടക്കുന്ന കട്ട ചങ്കിനെ ഹോസ്പിറ്റലിൽ പോയി കണ്ട് തിരിച്ചു ഹോസ്പിറ്റൽ ക്യാന്റീനിൽ എത്തി ഒരു ചായക്ക് ഓർഡർ കൊടുത്തു.
ഒരു ഫുൾക്കൈ ബനിയനും ഇട്ട് തലയിൽ ഒരു തോർത്ത് മാടി കെട്ടി അതിൽ ഒരു മൊബൈലും തിരുകി, മുഖത്ത് കൊതുമ്പുവള്ളം പോലൊരു മീശേം ഫിറ്റ് ചെയ്തു നിന്ന കടക്കാരൻ അമ്മാവൻ ആകാശം മുട്ടെ പറന്നടിച്ച ഒരു ചായ വാങ്ങി ഊതിക്കുടിച്ചു.
ചായക്ക് ആണെങ്കിൽ ഒരുതരം കടലപ്പിണ്ണാക്ക് കലക്കിയ കാടിയുടെ രുചി "എന്തുവാ അണ്ണാ ഇത് ചായക്ക് ഒരു രുചി ഇല്ലായ്മ. കുടിച്ചിട്ട് ഏതാണ്ട് പോലെ" ഞാൻ ചോദിച്ചു
"സ്ട്രോങ്ങ് ആരുന്നോ വേണ്ടത്. അത് ലൈറ്റ് ചായ ആണ് "
"എന്റെ പൊന്നണ്ണാ ഇനി കഴിക്കാനും ഇങ്ങനെ ഒക്കെ ഉണ്ടോ സ്ട്രോങ്ങ് പൊറോട്ടയും ലൈറ്റ് പൊറോട്ടയും ഒക്കെ?"
എന്റെ ചോദ്യം ഇഷ്ടപ്പെടാഞ്ഞ അമ്മാവൻ "വേണമെങ്കിൽ കുടിച്ചിട്ട് പോടാ മരഭൂതമേ"എന്ന് പറയുന്നത് പോലെ ഒന്ന് നോക്കിയിട്ട് ഗ്ലാസ് കഴുകലിൽ മുഴുകിയ പോലെ അഭിനയിച്ചു.
പെട്ടന്ന് കാന്റീനിലേക്ക് ഒരു തടിച്ച സ്ത്രീയും രണ്ട് ആൺകുട്ടികളും എത്തി.
"അങ്കിളെ കിണ്ടർ ജോയ് ഉണ്ടോ" കടയിലേക്ക് വന്ന കുട്ടികളിൽ വലിയവൻ അമ്മാവന്റെ മുൻപിൽ തന്റെ വമ്പൻ ഒരു ഡിമാൻഡ് വെച്ചു.
അരുതാത്തത് എന്തോ കേട്ടപോലെ അമ്മാവൻ ഒന്ന് കണ്ണു മിഴിച്ചിട്ട് "ജോയി പൊറോട്ട അടി നിർത്തി ഇപ്പോൾ വർക്കപ്പണിക്ക് പോവാ " എന്ന് പറഞ്ഞു കൊണ്ട് ആകെക്കൂടി അറിയാവുന്ന പഴയ സഹ പണിക്കാരന്റെ കറന്റ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു.
"മമ്മീ ഇവിടെ കിണ്ടർ ജോയി ഇല്ലാ..." ചെറുക്കൻ വലിയ വായിൽ ഒരു കീറൽ
ചെക്കന്റെ കരച്ചിൽ കണ്ടാൽ കിണ്ടർ ജോയി കഴിച്ചില്ലെങ്കിൽ അവനിപ്പോ ഹാർട്ട് അറ്റാക്ക് വന്നു പോകുമെന്ന് തോന്നും.
"എടാ അടങ്ങെടാ അടങ്ങാൻ നമുക്ക് ബേക്കറിയിൽ നോക്കാം" എന്നു പറഞ്ഞു കൊണ്ട് അവർ ചെറുക്കനെ അശ്വസിപ്പിക്കാൻ നോക്കി
"യ്യോ കൊച്ചേ ജോയി ബേക്കറിയിലെങ്ങും അല്ലിപ്പോൾ. അവനിപ്പോൾ നമ്മുടെ സുഗു മേശരിയുടെ കൂടെ വാർക്ക പ്പണിയാണ്. ജോയിയുടെ ബന്ധുക്കാര് വല്ലോം ആണോ?"
അമ്മാവൻ വീണ്ടും വിലപ്പെട്ട ഒരു വിവരം ഫ്രീയായി അവർക്ക് നൽകി വീരനെപ്പോലെ മീശയും തടവിക്കൊണ്ട് നിന്നു.
മുഖത്ത് ഒട്ടും തന്നെ ജോയി ഇല്ലാതെ ആ സ്ത്രീയും കുട്ടികളും അമ്മാവനെ തുറിച്ചു നോക്കിയിട്ട് ചാടിത്തുള്ളിക്കൊണ്ട് തിരിച്ചു പോയി.
രണ്ടു സിപ്പ് ചായ വലിയ പ്രയാസപ്പെട്ടു കുടിച്ചിട്ട് ഞാൻ എഴുന്നേറ്റു.
"യ്യോ ചായ വേണ്ടായോ. ഒരു സ്ട്രോങ്ങ് എടുക്കട്ടെ എന്നാൽ "
"എന്റെ പൊന്നോ... വേണ്ടണ്ണാ. ഒന്നൂടെ താങ്ങാനുള്ള ശക്തിയില്ല ഇനി. അടുത്ത വരവിനാകട്ടെ സ്ട്രോങ്ങ് ഒക്കെ " ഞാൻ പൈസ കൊടുത്തു കൊണ്ട് പറഞ്ഞു.
"അണ്ണാ ഈ കിണ്ടർ ജോയി എന്നത് അണ്ണൻ ഉദ്ദേശിക്കുന്ന ജോയി അല്ല" ഞാൻ കിണ്ടർ ജോയിയെപ്പറ്റി ഒരു സ്റ്റഡിക്ലാസ്സ് തന്നെ എടുക്കാൻ റെഡിയായി നിന്നുകൊണ്ട് പറഞ്ഞു.
"ഓ.... ഇപ്പോൾ മനസ്സിലായി മനസ്സിലായി പണ്ട് വില്ലേജ് ഓപ്പീസിനടുത്ത് പത്രവും സ്റ്റാമ്പും ഒക്കെ വിറ്റോണ്ട് ഇരുന്നിരുന്ന നമ്മുടെ കുഴീകളീക്കൽ കോരേടെ ഇളയ മോൻ വെണ്ടർ ജോയി. ആധാരം എഴുതാൻ വന്ന മാന്തുകക്കാരൻ ഒരു ഗൾഫ്കാരന്റെ പെണ്ണുപിള്ളയേയും അടിച്ചോണ്ട് മുങ്ങി പോയതാ അവൻ പണ്ട് . ഒരു വിവരോം ഇല്ല അവനെപ്പറ്റിയിപ്പോൾ.
അമ്മാവൻ മെമ്മറിയിൽ നിന്നും വീണ്ടും ഒരു ജോയിയെ പുറത്തെടുത്തുകൊണ്ട് കുന്തളിച്ചു നിന്നുകൊണ്ട് പറഞ്ഞു.
'കുരു കൊണ്ടുപോകാനായിട്ട് എനിക്കിത് എന്തിന്റെ കേടായിരിന്നു' എന്നോർത്തു കൊണ്ട് ചായയുടെ പൈസയും കൊടുത്തിട്ട് ഞാൻ ഇറങ്ങി നടന്നു.