മൂന്ന്
പാർട്ടി പ്രവർത്തകർ റോഡിനു കുറുകെ ജില്ലാ സമ്മേളനത്തിൻ്റെ ബാനർ വലിച്ചു കെട്ടുന്നു. പാലൻ, അസീസ്, ഒടിഞ്ഞ കൈയുമായ് സണ്ണി, വിജയൻ തുടങ്ങിയവരെല്ലാം ഉണ്ട്.
ചിത്രൻ സ്കൂട്ടറിൽ വരുന്നു. ബാനർ കെട്ടുന്നതിനാൽ സ്കൂട്ടറിന് മുന്നോട്ടുപോകാൻ ആകുന്നില്ല. അയാൾ സ്കൂട്ടർ നിർത്തി അല്പനേരം കാത്തു. പിന്നെ അക്ഷമനായി ചോദിച്ചു:
"നിങ്ങൾ എന്താ ഈ കാണിക്കുന്നത്? ഇങ്ങനെ തടസ്സം ഉണ്ടാക്കിയാൽ വാഹനങ്ങൾക്ക് റോഡിലൂടെ പോകണ്ടേ? "
"ങാ - വാഹനങ്ങളൊക്കെ കുറച്ചുസമയം വെയിറ്റ് ചെയ്തിട്ട് പോയാ മതി. "--പാലൻ
"അത് നിങ്ങളാണോ തീരുമാനിക്കുന്നത് ?"-ചിത്രൻ
"ഇപ്പോ ഞങ്ങള് തന്നെയാണ് തീരുമാനിക്കുന്നത്. " -അസീസ്,
"ഹോ - ഈ പാർട്ടിക്കാരെ കൊണ്ട് വഴിനടക്കാൻ നിവർത്തി യില്ലാതായിട്ടുണ്ട്. നാടു നന്നാക്കാൻ ആണെന്നാണ് പ്രസംഗം..എന്നാൽ ചെയ്യുന്നത് മുഴുവൻ ഇതുപോലുള്ള ശല്യങ്ങളും "-ചിത്രൻ.
"എടാ മതി മതി നിർത്ത്". --പാലൻ
''ഇനിയിപ്പോ എനിക്ക് സംസാരിക്കാനും നിങ്ങളുടെ അനുവാദം വേണോ?"-ചിത്രൻ
"ങാ -ചിലപ്പൊ വേണ്ടിവരും " -അസീസ്,
"ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലാത്തതു കൊണ്ടാണ് നിങ്ങളൊക്കെ എന്തു തോന്ന്യാസവും കാണിക്കുന്നത് " - ചിത്രൻ.
"ഇവൻ നമ്മുടെ കൈക്ക് ജോലി ഉണ്ടാക്കുന്ന ലക്ഷണമാണ്. "-അസീസ്,
''ഓ- പിന്നെ.ധൈര്യമുണ്ടെങ്കിൽ ദേഹത്തു തൊട്ടു നോക്ക് ".-ചിത്രൻ
''തൊട്ടാ നീ എന്ത് ചെയ്യും?"
പാലനും അസീസും ചിത്രൻറ്റെ നേർക്ക് വരുന്നു. അപ്പോൾ സണ്ണി ഇടയ്ക്ക് കയറി. "നില്ല്. നിങ്ങൾക്ക് ആളിനെ മനസ്സിലായില്ലേ ?ഇവൻ നമ്മുടെ പ്രസിഡൻ്റിൻ്റെ മോനാണ് "
"ങാഹാ-എന്നിട്ടാണോ ഇത്ര അഹങ്കാരം?" -അസീസ്,
"അവന് രാഷ്ട്രീയക്കാർ എന്ന് കേട്ടാലേ പുച്ഛമാണ്. " -സണ്ണി
"ആ പുച്ഛം ആദ്യം അവൻ്റെ അച്ഛനോട് കാണിക്കട്ടെ- ". -പാലൻ
''ഓ- അതു ഞാൻ കാണിച്ചളാം. നിങ്ങൾ ആദ്യം വഴിമാറ്. "-ചിത്രൻ
ബാനർ ഉയർത്തി കഴിഞ്ഞപ്പോൾ ചിത്രൻ അരിശത്തോടെ സ്കൂട്ടർ ഓടിച്ചു പോയി. തൊട്ടുപിന്നാലെ പ്രസിഡൻറ്റിൻ്റെ കാർ വന്നു നിന്നു. അതിൽനിന്ന് ഭൈരവൻ പുറത്തിറങ്ങി.
"പ്രസിഡണ്ടിനെ കാര്യം ഞങ്ങൾ ഇപ്പോൾ പറഞ്ഞതേയുള്ളൂ." --പാലൻ
''എന്തിന്?" - ഭൈരവൻ
"പ്രസിഡൻ്റിൻറെ മോൻ ഇപ്പോൾ ഇതുവഴി വന്നിരുന്നു. റോഡിൽ തടസ്സം ഉണ്ടായത് അവന് പിടിച്ചില്ല." - അസീസ്,
"ചെറുക്കൻ ചൊറിഞ്ഞോണ്ടു വന്നതാണ്. പ്രസിഡൻ്റിൻറെ മോൻ ആയതുകൊണ്ട് ഞങ്ങള് വെറുതെ വിട്ടെന്നേയുള്ളൂ.- "-പാലൻ
"പണ്ടേ ഞാൻ അവനെ രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്. " - ഭൈരവൻ
"അതെന്തിന്? "--പാലൻ
"ഞാൻ അവനെ കൂടി രാഷ്ട്രീയത്തിൽ ഇറക്കിയാൽ ഞാൻ മക്കൾ രാഷ്ട്രീയം കളിക്കുകയാണെന്ന് എല്ലാവരും പരാതി പറയും. അതു കൊണ്ടാണ്.അവൻ അവൻറെ കാര്യം നോക്കട്ടെ. അതാ നല്ലത്. " - ഭൈരവൻ
"എന്നാലും നമ്മുടെ പാർട്ടി പ്രസിഡൻറ്റിൻറ്റെ മോൻ തന്നെ നമ്മുടെപാർട്ടിയെ കുറ്റം പറഞ്ഞു നടക്കുന്നത് ശരിയല്ലല്ലോ. പ്രസിഡൻറ് മുൻകൈയെടുത്ത് അവനെ കൂടി പാർട്ടിയിലേക്ക് കൊണ്ടുവരണം. "-സണ്ണി
"അത് ശരിയാ. പോസ്റ്ററൊട്ടിക്കുന്നതിൻറ്റേയും ബാനർ കെട്ടുന്നതിൻറ്റേയും സമരം വിളിക്കുന്നതിൻറ്റേ യുമൊക്കെ പ്രയാസം അവനും കൂടി അറിയട്ടെ. "-അസീസ്,
"നിങ്ങളുടെയൊക്കെ അഭിപ്രായം അങ്ങനെയാണെങ്കിൽ അവനെ ഞാൻ നിർബന്ധിച്ചു നമ്മുടെ പാർട്ടിയിലേക്ക് കൊണ്ടുവരാം. " - ഭൈരവൻ
''അവനും വരട്ടെ, അടുത്ത സെക്രട്ടറിയേറ്റ് മാർച്ചിന് നമുക്ക് അവനെ തന്നെ പറഞ്ഞയയ്ക്കാം."-പാലൻ
"ആ- പ്രസിഡൻ്റേ, ജില്ലാ കമ്മിറ്റിക്ക് പോയിട്ട് എന്തൊക്കെ വിശേഷം ?"-അസീസ്,
"ആ- ഒരു വിശേഷമുണ്ട്. എന്നെ അടുത്ത സമ്മേളനത്തിൽ ജില്ലാ ഭാരവാഹി ആക്കാൻ തീരുമാനിച്ചു. " - ഭൈരവൻ
"ഓ- അത് നല്ല കാര്യം ആണല്ലോ. -- പുതിയ ജില്ലാ ഭാരവാഹിക്ക് ഞങ്ങളുടെ എല്ലാം അഭിനന്ദനങ്ങൾ അഡ്വാൻസായി അറിയിക്കുന്നു. "-സണ്ണി
"അപ്പോൾ ഇവിടെ പുതിയ ബ്രാഞ്ച് പ്രസിഡൻറ്റിനെ തെരഞ്ഞെടുക്കണമല്ലോ".-അസീസ്,
"വേണം. " - ഭൈരവൻ
"പോലീസിൻറെ അടികൊണ്ട് കൈയൊടിഞ്ഞവർക്ക് മുൻഗണന കിട്ടുമായിരിക്കും. "-സണ്ണി
"ഹർത്താലിന് നാട്ടുകാരുടെ തെറി വിളി കേട്ട വർക്കും മുൻഗണന കിട്ടണം." -പാലൻ
"പ്രവർത്തനമികവു നോക്കിയാൽ ഏറ്റവും കൂടുതൽ സമരത്തിൽ പങ്കെടുത്തിട്ടുള്ളത് ഞാനാണ്. " -അസീസ്,
"അതിനെക്കുറിച്ച് നിങ്ങളിപ്പോൾ തർക്കിക്കേണ്ട. പ്രവർത്തനത്തിൻ്റെ നാനാ വശങ്ങൾ പരിശോധിച്ച ശേഷം മേൽ കമ്മറ്റിയാണ് ഭാരവാഹികളുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. അത് അടുത്ത ബ്രാഞ്ച് സമ്മേളനത്തിൽ അവതരിപ്പിച്ച് അംഗീകാരം വാങ്ങുകയും ചെയ്യും. അതുവരെ കാത്തിരിക്കൂ. ഇപ്പോൾ നിങ്ങൾ ചെയ്യേണ്ടത് എത്രയും വേഗം ഈ ബാനറുകൾ കെട്ടി തീർക്കുക എന്നതാണ്. ആ ജോലി നടക്കട്ടെ. നടക്കട്ടെ."
അതു കേട്ട് ഓരോരുത്തരും മനക്കോട്ടകൾ കെട്ടിപ്പൊക്കി ബ്രാഞ്ചുസമ്മേളനത്തെ കാത്തിരുന്നു.
(തുടരും)