ഇരട്ടക്കുട്ടികളെയടക്കം പത്തു മക്കളെ നൊന്തുപെറ്റ അമ്മയാണ് പടിഞ്ഞാറേതിലെ കൊച്ചോപ്പൾ. ശരിക്കുള്ള പേര് കൊച്ചമ്മു എന്നാണ്. എട്ടാണും രണ്ട് പെണ്ണുമാണ് കൊച്ചോപ്പൾക്ക്, അപ്പുട്ടേട്ടൻ മുതൽ സുന്ദരാമൻ വരെ. അമ്മിണിക്കുട്ട്യേച്ചിയും ബേബിച്ചേച്ചിയുമാണ് രണ്ട് പെൺമക്കൾ.
ഞങ്ങളുടെ മുത്തശ്ശൻ അച്ചുമാൻ്റെ പെങ്ങളുടെ മകളാണ് കൊച്ചോപ്പൾ. അച്ചുമാൻ എന്നൊന്നുമല്ല യഥാർത്ഥ പേര്, അച്യുതൻ നായരെന്നാണ്. അവരുടെ വീട്ടിലെ ആ കാർന്നോർ സ്ഥാനത്തിനെ പറഞ്ഞു പറഞ്ഞ് അവർ അച്ചുമാനാക്കിയതാണ്, ഞാനും അങ്ങനെ പറഞ്ഞെന്നേയുള്ളൂ.
കൊച്ചോപ്ലുടെ അമ്മയെക്കൂടാതെ മുത്തശ്ശന് മറ്റ് പെങ്ങന്മാരുണ്ടോ എന്നൊന്നും അറിയില്ല. കൊച്ചോപ്ലുടെ അമ്മ നേരത്തെ മരിച്ചു പോയതിനാൽ അവരെ ഞങ്ങൾ കണ്ടിട്ടില്ല, കൊച്ചോപ്ലെ മാത്രമേ കണ്ടിട്ടുള്ളൂ..
മുത്തശ്ശൻ, ഞാൻ ഒന്നിൽ പഠിക്കുമ്പോൾ മരിച്ചു പോയി, അതു കൊണ്ട് മുത്തശ്ശനെ കണ്ടതും നേരിയ ഓർമ്മ മാത്രം. മുത്തശ്ശിയെ ഒട്ടും കണ്ടിട്ടില്ല. മുത്തശ്ശി എച്ചുട്ട്യേച്ചീനെ (അമ്മയുടെ ഏറ്റവും താഴെയുള്ള അനുജത്തി) പ്രസവിച്ച് ഏതാനും നാൾക്കകം മരിച്ചു പോയി എന്നാണ് പറയുന്നത്.
തലയൊക്കെ മൊട്ടയടിച്ച്, മേൽമുണ്ട് ധരിച്ച്, കണ്ണ് ചുളിച്ചു പിടിച്ച്, ഒരു പ്രത്യേക ചിരിയോടെയുള്ള മുത്തശ്ശൻ്റെ ഫോട്ടോ ഇപ്പോഴും രണ്ടാമത്തെ ചെറിയമ്മ സീതക്കുട്ട്യേച്ചിയും കുടുംബവും താമസിക്കുന്ന തറവാട്ടു വീട്ടിൻ്റെ ഉമ്മറത്തു വച്ചിട്ടുണ്ട്.
അമ്മ വിളിക്കുന്നതു കേട്ടാണ് കൊച്ചോപ്പൾ ഞങ്ങളുടേയും ഓപ്പോളായത്. കട്ടിയുള്ള ചതുരൻ ഫ്രെയിമുള്ള കണ്ണടവച്ച്, സർവ്വരേയും അപരിചിത ഭാവത്തിൽ തുറിച്ചു നോക്കുന്ന ആ കർശനക്കാരിയുടെ വലതു കവിളിൽ കട്ടിയുള്ള ഒരു മറുകുണ്ട്. അവരുടെ മക്കൾക്ക് മാത്രമല്ല അമ്മയ്ക്കും ഞങ്ങൾക്കുമൊക്കെ കൊച്ചോപ്ലെ തൂറോളം പേടിയാണ്. കൊച്ചോപ്ലെന്നാൽ, എന്തോ വലിയ ഭീകരപ്രസ്ഥാനമാണ് എന്നാണ് ഞങ്ങളൊക്കെ ചെറുപ്പത്തിലേ ധരിച്ചുവച്ചിരുന്നത്.
കാരണമുണ്ട്, അന്ന് വീട്ടിൽ കിണറില്ല. കുടിവെള്ളം കൊണ്ടു വന്നിരുന്നത് കൊച്ചോപ്പൾ താമസിക്കുന്ന പടിഞ്ഞാറേലെ തറവാട്ടു വീട്ടിലെ കൽക്കിണറിൽ നിന്നാണ്. തെളിനീരുപോലുള്ള ആ വെള്ളമെടുക്കാൻ അമ്മയും ചെറിയമ്മമാരും കുടവും അലൂമിനിയപ്പാത്രങ്ങളുമൊക്കെ തൂക്കി രാവിലെത്തന്നെ അങ്ങോട്ട് ചെല്ലും.
പാളവാളി കൊണ്ടാണ് അന്നത്തെ വെള്ളം കോരൽ, താഴോട്ടിട്ടാൽ മുങ്ങാൻ സമയമെടുക്കും. കിഴക്കേ പുരക്കാർക്ക് (ഞങ്ങൾക്ക്) വെള്ളം കോരാൻ കിണറിൻ്റെ കിഴക്കേ സൈഡാണ്. അവിടെ കപ്പിയില്ല എന്നൊരു സൗകര്യമുണ്ട്. അരയോളം ഉയരമുള്ള ആൾമറയിൽ ചാരുമ്പോൾ വളരെ സൂക്ഷിക്കണം. ചിലപ്പോൾ അത് ബലക്കുറവ് കൊണ്ട് ആടും. കൈകൊണ്ട് മാറ് വച്ച് വേണം വെള്ളം കോരാൻ. കോരുമ്പോൾ കലക്കാനോ ശബ്ദമുണ്ടാക്കാനോ പാടില്ല, കൊച്ചോപ്പൾ ചീത്ത പറയും.
ഇത്തരം സന്ദർഭങ്ങളിൽ ബുദ്ധിപരമായാണ് ഞാൻ നീങ്ങാറുള്ളത്, വെള്ളം കോരാനോ സഹായിക്കാനോ ആ പരിസരത്തേക്ക് പോകില്ല. അത് കൊണ്ട് എനിക്ക് ചീത്ത കിട്ടാറില്ല.
കർശനക്കാരി മാത്രമല്ല, അത്ര തന്നെ സ്നേഹ സമ്പന്നയുമാണ് ഞങ്ങളുടെ കൊച്ചോപ്പൾ, അച്ചുമാൻ്റെ മക്കളേയും അവരുടെ വാനരീവാനരന്മായ ചെറുമക്കളേയും അവർക്ക് ഇഷ്ടമായിരുന്നു, അന്നൊന്നും ഞങ്ങൾക്ക് അതറിയില്ലായിരുന്നു.
മരിച്ചു പോയ കാരണവന്മാരെ കുടിയിരുത്തിയിട്ടുള്ള അവിടത്തെ കൊട്ടിലിൽ വർഷത്തിലൊരിക്കൽ കലശം നടത്താറുണ്ട്. മുത്തശ്ശൻ മരിച്ചതിൽ പിന്നെ അച്ചുമാൻ്റെ മക്കൾക്കും കുട്ടികൾക്കും പ്രത്യേകം ക്ഷണമുണ്ട്. ക്ഷണം സ്വീകരിച്ച് ഞങ്ങളൊക്കെ ചെല്ലും. ചെന്നില്ലേൽ..... അത് ചിന്തിക്കാതിരിക്കുന്നതാണ് ഭേദം. ക്ഷിപ്രപ്രസാദിയെപ്പോലെ ക്ഷിപ്രകോപിയുമാണ് ഞങ്ങളുടെ കൊച്ചോപ്പൾ, അത് ഞങ്ങൾക്ക് നന്നായി അറിയാം.
മൊത്തം പത്തമ്പത് പേരുണ്ടാവും കലശത്തിന്. അഞ്ചാറ് വീട് വടക്ക് ഭാഗത്ത് താമസിക്കുന്ന ഒരു കർത്താവാണ് മന്ത്രവാദി, അന്ന് പത്തമ്പത് വയസ്സുണ്ട് അദ്ദേഹത്തിന്. ചുട്ട കോഴിയെ പറപ്പിക്കും എന്നാണ്.
കുളിച്ച് ശുദ്ധിയായി വന്ന് ഭംഗിയിൽ കളങ്ങൾ വരയ്ക്കും. തോളത്ത് വീണ് കിടക്കുന്ന പാതിനരച്ച മുടി ഇടയ്ക്കിടെ മാടിയൊതുക്കും, വരച്ചിട്ട കളങ്ങളിൽ വിവിധ നിറത്തിലുള്ള പൊടികൾ തൂളിക്കും. എല്ലാം കഴിയുമ്പോൾ ഭദ്രകാളിയുടെ ഭയാനകമായ രൂപം പ്രത്യക്ഷപ്പെടും! നോക്കുമ്പോൾ ചെറുതായി പേടി തോന്നുമെങ്കിലും കാണാൻ നല്ല രസമാണ്.
പിന്നെ നടയടച്ച് പൂജയാണ്, അകത്ത് നിന്നും മണിയടിയും കർത്താവിൻ്റെ ബഹളവും കേൾക്കാം. പേടിക്കാനില്ല, പ്രേതങ്ങളെ പിപ്പിടി കാണിക്കുന്നതാണ്.
പൂജ കഴിഞ്ഞാൽ കാർത്താവ് പുറത്തേക്ക് വരും. എല്ലാവരും അകത്തു കടന്ന് തൊഴും. തൊഴുതവരൊക്കെ പോയാൽ, പിന്നെ ചെടികൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന കോഴികളുടെ കഷ്ടകാലമാണ്. കർത്താവിന്, പ്രേതങ്ങളെ ഭയമില്ലെങ്കിലും തലയില്ലാതെ ചാടുന്ന കോഴികളെ പേടിയാണ്. അതുകൊണ്ട്, കുറച്ച് നേരത്തേക്ക് അദ്ദേഹം അവിടെ നിന്നും മുങ്ങും. പിന്നെ, അപ്പുറത്തെ ഇരുട്ടിൽ പതുങ്ങി നിന്ന് പൂർണ്ണചന്ദ്രനെ നോക്കി ആത്മാവിലേക്ക് പുക കൊടുക്കും.
കോഴികളുടെ തലയറുക്കാൻ, അവിടെ ഒരു പ്രത്യേക സ്ക്വാഡ് ഉണ്ട്. ഗോപാലേട്ടനാണ് (കൊച്ചോപ്ലുടെ മകൻ) അതിൻ്റെ നേതാവ്. കത്തിക്ക് ഇരയാകുന്നതെല്ലാം ചാത്തന്മാരാണ്, കോഴികൾക്കിടയിൽ അന്നേ ലിംഗവിവേചനം ഉണ്ടായിരുന്നു എന്നതിൻ്റെ തെളിവ്!
അവരുടെ വീടിൻ്റെ വടക്കേ ഇറയത്ത് കോഴിനുറുക്കുകാർ റെഡിയാണ്, കോഴികളെ തൂക്കിയെടുത്ത് നേരെ അങ്ങോട്ട് ചെന്നാൽ മതി. പപ്പും തോലും പറിച്ചെടുത്ത് നുറുക്കാൻ നേരത്ത് ലോക കാര്യങ്ങൾ വരും, ചിലപ്പോൾ ചിലരുടെ നാക്ക് കുഴയും. വേറെ ചിലർ രാഷ്ട്രീയം പറയും, അടിയൊഴുക്ക് ശക്തമാവും, അത് അടിയുടെ വക്കത്തെത്തുമ്പോഴേക്കും കോഴിനുറുക്ക് തീരും.
ഇതിനിടയിൽ, അപ്പവും അടയും അവിലും മലരുമൊക്കെയായി വാഴയിലയിൽ പ്രസാദ വിതരണം നടക്കും, കൊച്ചോൾ തന്നെയാകും മിക്കവാറും അത് നടത്തുക. അതിന് നല്ല സ്വാദാണ്.
പിന്നെ കർത്താവിനെ വീട്ടിൽ കൊണ്ടാക്കുക എന്ന മഹത്തായ ചടങ്ങാണ്. ഞങ്ങൾ ആറ് പേര്, അദ്ദേഹത്തിന് എസ്കോർട്ട് പോകും. എല്ലാവരും കൂടെ ഒന്നിച്ച് പോകേണ്ട എന്നൊക്കെ ചില പിന്തിരിപ്പന്മാർ പറയും. ഞങ്ങളത് കാര്യമാക്കാറില്ല, തിരിച്ച് വരുമ്പോൾ ഞങ്ങൾക്കും വേണ്ടേ ഒരു ധൈര്യം?
പോകും വഴി കർത്താവിന് ഒരു നിർബന്ധമുണ്ട്, ഞങ്ങളുടെ ഒത്ത നടുവിലേ നടക്കൂ.... മറ്റൊന്നും കൊണ്ടല്ല, പ്രേതങ്ങളെ പേടിച്ചിട്ടാണ്. രാത്രിയിൽ സ്വന്തം നിഴലിനെപ്പോലും ഭയക്കുന്ന, ലോകത്തെ ആദ്യത്തെ മന്ത്രവാദിയാകണം അദ്ദേഹം.
കർത്താവിനെ കൊണ്ടാക്കി തിരിച്ചെത്തിയാൽ മുതിർന്ന ചില വിദ്വാന്മാരുടെ വാചകമടി കേട്ടിരിക്കും. പിന്നെ, മനസ്സറിയാതെ ഉറങ്ങാൻ തുടങ്ങും.
പാതിരാ പന്ത്രണ്ടര കഴിഞ്ഞാൽ, ആരൊക്കെയോ വന്ന് വിളിച്ചുണർത്തും. പിന്നെ ഊണിൻ്റെ ബഹളമാണ്. സാമ്പാറ്, കാബേജ് തോരൻ, അച്ചാറ്, പപ്പടം എന്നിവയൊക്കെയുണ്ടാകുമെങ്കിലും കോഴിക്കറി തന്നെയാണ് പ്രധാന വിഭവം. വാഴയിലയിട്ടാണ് എല്ലാവർക്കും ഊണ്. ഞങ്ങൾ കുട്ടികൾക്ക് ആദ്യത്തെ ട്രിപ്പാണ്. കൊച്ചോപ്പള് തന്നെയാണ് പാചകത്തിൻ്റെയും വിളമ്പലിൻ്റെയുമൊക്കെ നെടുംതൂൺ. കോഴിക്കറി നിർബന്ധിച്ച് വിളമ്പിക്കും. എരിവ് ശകലം കൂടുമെങ്കിലും കറിക്ക് നല്ല സ്വാദാണ്. അത് കഴിച്ചിട്ടാണ്, 'കൊച്ചോപ്പളുടെ കൈപ്പുണ്യം' എന്ന പദപ്രയോഗം വീട്ടിൽ സാധാരണയായത്.
ഇനി പറയാനുള്ളത്, തമാശയില്ലാത്ത കാര്യങ്ങളാണ്. ഞാനന്ന് മൂന്നിലോ നാലിലോ പഠിക്കുകയാണ്. കുഞ്ഞയ്യപ്പൻ്റെ കുളത്തിൽ നിന്നും തുണികഴുകി വന്ന അമ്മ, ബക്കറ്റ് മുറ്റത്ത് വച്ച് വല്ലാത്തൊരു കിതപ്പോടെ കൊച്ചോപ്പളുടെ വീട്ടിലേക്കോടുന്നത് കണ്ടു.
"അനിഞ്ചേട്ടൻ മരിച്ചു." ആരോ പറഞ്ഞു. ഞാനും ഞെട്ടി. കുട്ടേട്ടനും അനിഞ്ചേട്ടനും കൊച്ചോപ്പളുടെ ഇരട്ട മക്കളാണ്.
എന്നെ വല്ലാത്ത കാര്യമായിരുന്നു അനിഞ്ചേട്ടന്. ഇടക്കിടെ വീട്ടിൽ വരും, ഉമ്മറത്തെ ഇറയത്ത് ചേട്ടന്മാരുമായി സംസാരിക്കുന്നതിനിടയിൽ എന്നെ പിടിച്ച് തോളത്ത് കയറ്റും. ഓരോന്ന് പറഞ്ഞ് കളിയാക്കി ബാലൻസൊപ്പിച്ച് നടക്കും.
മരിക്കുമ്പോൾ ഇരുപത്തിമൂന്ന് വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ, ബ്ലഡ് ക്യാൻസർ ആയിരുന്നു എന്നാണറിവ്. ക്യാൻസർ അല്ലെങ്കിലും ഒരു വില്ലനാണ്, എൻ്റെ അമ്മ മരിച്ചതും അത് വന്നിട്ടാണ്... അമ്മ മരിച്ചിട്ട് എത്രയോ നാളുകൾ കഴിഞ്ഞിട്ടാണ് കൊച്ചോപ്പൾ മരിച്ചത്.
പടിഞ്ഞാറേലെ വീട്ടിൽ, സുന്ദരാമനും കുടുംബവുമാണ് ഇപ്പോൾ താമസം. അവിടെ ചെല്ലുമ്പോൾ കൊച്ചോപ്പളുടെ ശബ്ദം എനിക്ക് ഇപ്പോഴും കേൾക്കാനാവും. കട്ടി ഫ്രെയിമുള്ള കണ്ണടയും വച്ച്, ആ ഗൗരവക്കാരി വിശേഷം ചോദിക്കാൻ അടുത്ത് വന്നിരിക്കും.