യാത്രകൾ ഇഷ്ടപെടാത്തവരായി ആരാണുള്ളത്? ജീവിതം ഒരു യാത്രയായി ഉപമിച്ചാൽ ആ യാത്രയിലെ ഏറ്റവും സുന്ദരമായ മുഹൂർത്തങ്ങളാണവ...
യു.എ.ഇ യിലെ അംബരചുംബികളായ കെട്ടിടങ്ങൾക്കിടയിലൂടെ,മുടി പത്തു പന്ത്രണ്ടോളം ഇഴകളായി മെടഞ്ഞിട്ട് പിരിച്ചിട്ട ആഫ്രിക്കൻ സുന്ദരികളുടെ കൂടെ, കലപിലാ സംസാരിക്കുന്ന മറ്റു വിദേശ വനിതാമണികളോടൊപ്പം ദുബായ് മെട്രോയിൽ കയറിയപ്പോൾ ആദ്യം തോന്നിയ അമ്പരപ്പ്, അവരുടെ വേഷവിധാനങ്ങളിൽ കണ്ട, ചുണ്ടിലെ കടുത്ത ചായങ്ങൾ കൺപീലികളിലെ പല വർണ ഐലാഷസുകൾ, ഒട്ടിച്ചു വച്ച നീണ്ട നഖങ്ങൾ, അത്തറിന്റെ ഗന്ധം, പുറത്ത് പിന്നിലേക്ക് ഓടിക്കൊണ്ടിരുന്ന ഉയരമുള്ള ഗ്ലാസ് കെട്ടിടങ്ങൾ, ഇതൊക്കെ പുതുമയിൽ കണ്ണിനെയും മനസിനെയും തൽക്കാലം ഇമ്പമുള്ളതാക്കിയെങ്കിലും പിന്നീടങ്ങോട്ട് ഒരു വിരസത തോന്നി.
റോഡിന് നടുവിലായി ഇടയ്ക്കിടെ നിൽക്കുന്ന വയലറ്റ് പൂക്കൾ വളരെ ഭംഗിയോടെ വിടർന്നിരിക്കുന്നു. മിഴിവോടെപരിചരിച്ച് നിലനിർത്തിയിരിക്കുന്നു. അത് കണ്ണിലുടക്കി. പ്രകൃതിയിലെ അകൃത്രിമമായ സൗന്ദര്യങ്ങൾ മാത്രമേ എന്നെ സന്തോഷിപ്പിക്കൂ എന്നെനിക്ക് തോന്നി. ജൈവികപരമായി മനുഷ്യർ പ്രകൃതിയിൽ നിന്ന് ഭിന്നരല്ലല്ലോ.
തണുപ്പിന്റെ പാരമ്യവും, വെയിലിന്റെ കാഠിന്യവും. തണുപ്പിൽ ഒരുപാട് അലങ്കാര പൂക്കൾ വിരിഞ്ഞു കാണാം എന്ന സന്തോഷം. വെയിലിനെ സഹിക്കാൻ എനിക്ക് ശക്തിയില്ല.
ചുട്ടുപൊള്ളുന്ന വെയിൽ. പുറത്തിറങ്ങിയാൽ ചൂടുമണലിന്റെ പകൽ താപം രാത്രി പോലും ശമിക്കാതെ വറചട്ടിയിൽ ഇട്ട കടലയെ പോലെ എന്റെ ശരീരത്തെ തപിപ്പിച്ചു കൊണ്ടിരുന്നു.
പുറത്ത് വലിയ ബിൽഡിംഗുകൾക്കിടയിൽ പണിയെടുക്കുന്ന പണിക്കാർ ചൂട് കാരണം ജോലി രാത്രിയിലേക്ക് ഷിഫ്റ്റ് ചെയ്തിരിക്കുന്നു. എന്നാലും രാത്രിക്കാഴ്ചകളിൽ ദുബായ് സുന്ദരിയായ തരുണീമണിയെ പോലെ, അൽപ്പം സ്വാതന്ത്ര്യത്തോടെ തലയുർത്തി പ്രകാശിച്ച് കൊണ്ടിരുന്നു.
ഒരു മഴ കാണണമെന്ന പൂതി വല്ലാതെ മൊട്ടിട്ടു. ഇവിടെ മഴയില്ല. വർഷത്തിലൊരിക്കലെങ്കിലും കിട്ടിയാലായി. മഴയുടെ ശബ്ദം കേട്ട് ഉറങ്ങണമെങ്കിൽ മൊബെലിൽ പര പരാ ശബ്ദം യൂടൂബിൽ വെച്ചുറങ്ങാം എന്ന ആഗ്രഹ സഫലീകരണത്തിലെത്തിച്ചു.
മഴ പെയ്യുന്നുണ്ട് എന്ന് ആരൊക്കെയോ ഫോണിൽ വിളിച്ചിരുന്നത്രെ. എന്നിട്ടും അറിയാതെ കട്ടിലിൽ പുതച്ചുറങ്ങി പോയ എന്നെ പറ്റിച്ചു കൊണ്ട് ചില്ലുജനാലയ്ക്കരികിൽ ഒന്നുരണ്ടു തുള്ളികൾ വീഴ്ത്തി, മണലിന്റെ ദാഹത്തെ ശമിപ്പിക്കാതെ ദീർഘമായ മാസങ്ങളുടെ പരാതി തീർത്ത് അവളങ്ങ് പോയി. ഇടയ്ക്ക് ഞെട്ടിയുണർന്ന്, പുറത്തേക്ക് നോക്കിയ
എനിക്ക് അൽപം പോലും കുളിരുമ്മകൾ അവളേകിയില്ല. അൽപ്പാൽപ്പമായ അടയാളങ്ങൾ മാത്രം. മഴ പെയ്യുന്നത് ഭൂമിശാസ്ത്രപരമായി ഇവിടം വെള്ളപ്പൊക്കത്തിലാക്കുമത്രെ. അതു മനസിലാക്കി അവൾ അച്ചടക്കം പാലിച്ചു.
നാട്ടിൽ പോയാൽ വയനാട്ടിലേക്ക് പോണം എന്ന തീവ്രതയിൽ അവിടേക്ക് .
കടും പച്ചക്കാടുകൾക്കിടയിലൂടെ മണിക്കൂറുകളോളം കാറിൽ യാത്ര ചെയ്തിട്ടും യാത്രകളിൽ ചർദ്ദിക്കാതെ ഞാൻ ഉന്മേഷവതിയായി. ഇടയ്ക്കിടെ കണ്ട മർക്കടൻമാരെ സന്തോഷിപ്പിക്കാൻ ആരും കാണാതെ ഒരു ചോക്കലേറ്റ് ഇട്ടു കൊടുക്കാൻ ഒരുങ്ങവേ, കുരങ്ങൻന്മാർക്ക് ഒന്നും കൊടുക്കാൻ പാടില്ല എന്ന ബോർഡ് കണ്ട് തിരികെ ബാഗിലേക്കിട്ടു. എടക്കൽ ഗുഹയിലെ സമയക്രമം കാരണം അവിടെ കയറാനാവാതെ നേരെ മറ്റൊരിടത്തേക്ക്. ട്രക്കിങ്ങ് ആണ്. നേരം ഇരുട്ടിയിരിക്കുന്നു. മഴ ആവോളം എന്റെ മുടിയിഴകളെ തലോടുന്നുണ്ട്. മഴ പ്രേമം ഇന്നത്തോടെ തീർക്കാം എന്ന വാശിയോടെ. കുത്തനെയുള്ള ഒരു കുന്നു കയറുമ്പോഴാണ് കാലുകളുടെ ആരോഗ്യക്കുറവ് മനസിലാക്കുന്നത്. കാണുമ്പോൾ നല്ല തണ്ടും തടിയും ഉണ്ടല്ലോ എന്നോർത്ത എന്റെ ചിന്തകൾക്കേറ്റ പ്രഹരം. ഒരടി നടക്കാനാവുന്നില്ല. കാലുകൾ തളരുന്നു. നേരം ഇരുട്ടിക്കൊണ്ടിരിക്കുകയാണ്. അരിച്ചിറങ്ങുന്ന തണുപ്പ് കോട്ടിനടിയിൽ കൂടെ ശരീരത്തിലേക്കിറങ്ങുന്നു.
മേപ്പാടിയിൽ നിന്ന് ഏകദേശം 13 കിലോമീറ്ററോളം ഉൾഭാഗത്തായിട്ടാണ് തൊള്ളായിരംകണ്ടി. അവിടെ ഒരു കണ്ണാടി പാലം ഉണ്ട്. ചൈന ഗ്ലാസ് ബ്രിഡ്ജ് പതിപ്പ്. അവിടേക്ക് എത്തിപ്പെടുക എന്നത് സാഹസം തന്നെയാണ്. മഴയിൽ തലയിൽ തൊപ്പി ധരിച്ച് അവിടേക്കുള്ള ട്രക്ക് ഡ്രെവർമാർ വില പേശുന്നു. ട്രക്കിംഗിന് 1000 രൂപ.
ഭർത്തൃസുഹൃത്തും ഭാര്യയും കുഞ്ഞും, കൂടെ ഉണ്ടായിരുന്നു. ട്രക്കിലേക്ക് കയറിയതും ഇരുസീറ്റിലേയും ആൾക്കാരുടെ തല പരസ്പരം കൂട്ടിമുട്ടിക്കൊണ്ടിരുന്നു. ഉള്ളു തുറന്ന് ചിരിക്കാൻ സ്വൽപം മടിയുള്ള കൂട്ടർ പോലും ആസനം സീറ്റിൽ വയ്ക്കാൻ പറ്റാതെ ഉയർന്ന് പൊങ്ങി സീറ്റിലേക്ക് വീഴുന്ന കാഴ്ച കണ്ട് ചിരിച്ച് മണ്ണുകപ്പി. ഓഫ് റോഡാണ്. ഒരു ജീപ്പ് മറുവശത്ത് നിന്ന് വന്നാൽ സൈഡ് കൊടുക്കാൻ നന്നേ പാട്. കഴിവുള്ള ഡ്രൈവർമാർക്കേ ഇതിലെ യാത്ര ചെയ്യാനാവൂ. വലിയകുണ്ടും കുഴിയും പാറക്കല്ലുകളും, എപ്പോൾ വേണമെങ്കിലും പണി തരാവുന്ന പ്രകൃതിയും. കുലുങ്ങി കൂട്ടിയിടിച്ച് കൊണ്ടിരുന്ന ഞങ്ങളെ ഡ്രൈവർ ഒരിടത്തിറക്കി .
അവിടെ നിന്ന് കുറച്ചു കൂടെ ഉയരത്തിലേക്ക് വണ്ടി പോകില്ല. നടക്കണം. അവിടെയാണ് കാലുകൾ രണ്ടും എനിക്ക് പണി തന്നത്. ഒരടി മുന്നോട്ട് പോകാൻ വയ്യ. കിതപ്പിന്റെയും ഹൃദയമിടിപ്പിന്റെയും താളം കാതിൽ പെരുമ്പറ മേളം കുറിച്ചു. മഴ വരുന്നുണ്ടെന്നും ഒരു പാട് സമയം കഴിഞ്ഞാൽ തിരിച്ച് വരിക പ്രയാസമാണെന്നും കൂടെയുള്ളവർ. മറ്റുള്ളവർ നടക്കുന്നതു പോലെ നടക്കാൻ എന്റെ കാലിന് സാധിക്കുന്നില്ല. കണ്ണാടി പാലത്തിലേക്ക് വേച്ച് കയറിയതും ..അയ്യോ ! ലോകം കീഴ്മേൽ മറിയും പോലെ. ഇരുഭാഗത്തും കോട പുതച്ചു നിലകൊണ്ട
പശ്ചിമഘട്ട മലനിരകളിലേക്ക് നോക്കാൻ പോലും ഞാൻ ധൈര്യപെട്ടില്ല. ഇതു പൊട്ടി താഴെ വീഴുമോ എന്ന അനാവശ്യ ചിന്തകൾ കൊണ്ട്, പേടി കൊണ്ട്, എന്റെ കണ്ണിൽ ഇരുട്ടു കയറി.
അല്ലെങ്കിലും അൽപ സ്വൽപം ധൈര്യം ഉള്ളവർക്കാണ് ഇതൊക്കെ എൻജോയ് ചെയ്യാനാവുക എന്ന് കെട്ടിയോൻ. എടീ വാ സെൽഫിയെടുക്കാം എന്ന് പറഞ്ഞു കൊണ്ട് ഒരു കാന്താരനും കാന്താരിയും അതിന്റെ തുമ്പിലിരുന്ന് രസിക്കുന്നു. താഴേക്ക് നോക്കിയാൽ ഉയരം കൊണ്ട് എന്റെ തല കറങ്ങുകയാണ്. ഒരടി ഞാൻ മുന്നോട്ടില്ല. തിരിച്ചൊരുവിധം ഇറക്കം
ഇറങ്ങിക്കൊണ്ടിരിക്കേ എനിച്ചും നടക്കണം എന്ന് കൊഞ്ചിയ ഫ്രണ്ടിന്റെ കൊച്ചുപൈതലിനെ കൈ പിടിച്ച് ശ്രദ്ധയോടെ ഒന്നു രണ്ടടി വെപ്പിച്ചു.
അയ്യേ ചാണകം !
മഴയിൽ ചളിപിളിയായ ചാണകം എനിക്ക് പുതിയൊരു ഷൂസ് തന്നു. കാറിൽ കയറി ടിഷ്യു കൊണ്ട് തുടക്കവേ, കുഞ്ഞിന്റെ കാലിൽ നിന്ന് ചോരത്തുള്ളികൾ നിലക്കാതെ വീണു കൊണ്ടിരിക്കുന്നു. ദൈവമേ ! നിലത്ത് വച്ചപ്പോൾ വല്ല ഇഴ ജന്തുക്കളും? പരിഭ്രാന്തരായ ഞങ്ങൾ അടുത്ത ക്ലിനിക്കിലേക്ക്. പ്രകൃതി കൊണ്ട് സുന്ദരമാണെങ്കിലും അത്യാവശ്യ ഘട്ടങ്ങളിൽ അവിടെ ഒരു ജീവൻ മരണ പോരാട്ടം തന്നെ വേണ്ടി വരും. ഉറക്കത്തിലേക്ക് വീഴുന്ന കുഞ്ഞിനെ തട്ടിയുണർത്തി, കോടമഞ്ഞ് വീണ റോഡിലൂടെ താഴേക്ക്. അടുത്തുള്ള ഒരു ക്ലിനിക്ക് എത്തിയപ്പോൾ ഇത് അട്ട കടിച്ചതാണ് പേടിക്കണ്ട എന്ന ഒരു വാക്കിൽ, നിലച്ചു പോയ ശ്വാസം തിരികെ വീണു. താഴെ വച്ച ഒരു മിനിട്ടിനുള്ളിൽ ഈ കുരുന്നു കുറുമൂസിനെ അട്ട കടിച്ചിരിക്കുന്നു.
നിങ്ങളിതു വരെ വയനാട്ടിലേക്ക് വന്നിട്ടില്ലേ? ഇത് സാധാരണം എന്ന ചോദ്യത്തിന് മുമ്പിൽ,
ആദ്യമായിട്ടാണ് ഇങ്ങനെ ഒരനുഭവം. വന്നിട്ടുണ്ട് ഇവിടെ . കുഞ്ഞല്ലേ കണ്ടില്ലെന്ന് നടിക്കാമോ സംശയം തീർക്കുന്നതല്ലേ നല്ലത് എന്ന ഉത്തരത്തിൽ ഞങ്ങൾ ആശ്വാസം കണ്ടെത്തി. അട്ട കടിച്ചതാണെന്ന് ഉറപ്പിക്കുന്ന നിമിഷം വരെ ഞങ്ങളനുഭവിച്ച ഭയം കോടമഞ്ഞിനേക്കാൾ കനം കൂടിയതാണെന്ന്, അവർക്കറിയില്ലല്ലോ.
അനുഭവ കഥ ...