കൊഴിഞ്ഞാമ്പാറ കഴിഞ്ഞ് അഞ്ച് കിലോമീറ്റർ കൂടി കഴിഞ്ഞാൽ പിന്നെ തമിഴ്നാടാണ്. അതിർത്തിയോട് അടുത്തായി ഒരു ചെക്ക് പോസ്റ്റ് ഉണ്ട്. ഗോപാലപുരം എന്നാണ് ആ സ്ഥലത്തിന്റെ പേര്. അവിടെയാണ് സേതുലച്ച്മിയുടെ ചായക്കട.
അവരുടെ പേര് സേതുലക്ഷ്മി എന്നാണോ എന്ന് പലർക്കും സംശയം ഉണ്ടായിരുന്നു. പക്ഷേ അവരുടെ എല്ലാവരുടെയും സംശയം അവൾ തിരുത്തി. തന്റെ പേര് സേതുലച്ച്മി എന്ന് തന്നെയാണ് എന്നവൾ തറപ്പിച്ചു പറഞ്ഞു. അതൊക്കെ പണ്ടത്തെ കഥയാണ് ഇന്ന് ആ ചോദ്യം ചോദിച്ചവരൊന്നും അവളുടെ ജീവിതത്തിൽ ഇല്ല.
രാത്രി ഒരു പന്ത്രണ്ട് മണി സമയത്താണ് പാട്ടും പടയുമൊക്കെയായി അവരുടെ വരവ്. പാലക്കാടിനും മലപ്പുറത്തിനും ഇടയിൽ ഒരു പാലമുണ്ട് തൂതപാലം. അതാണ് ആ രണ്ട് ജില്ലകളിലെയും ബന്ധിപ്പിക്കുന്ന സാധനം. ആ സ്ഥലത്ത് നിന്നാണ് അവർ യാത്ര പുറപ്പെട്ടത്. അവരുടെ ലക്ഷ്യം കൊടയ്ക്കനാലാണ് മഞ്ഞ് പെയ്യാതെ പെയ്യുന്ന കൊടൈക്കനാൽ. .
അവരുടെ ബസ് ചെക്ക് പോസ്റ്റ് സമീപം നിന്നു. മൂത്രമൊഴിക്കണമെന്ന് പറഞ്ഞാണ് അവർ മൂന്നുപേരും പുറത്തേക്കിറങ്ങിയത്. മൂന്നുപേരും കുറച്ച് പിന്നോട്ട് നടന്നു. തെരുവ് വിളക്കുകളുടെ പ്രകാശം ഒരു തുള്ളി പോലും എത്താത്ത ഒരിടത്ത് അവർ മൂന്നുപേരും നിന്നു. അവർ സിബ്ബ് തുറന്ന് മൂത്രം പുറത്തേക്ക് ഒഴുക്കാൻ തുടങ്ങി. പെട്ടെന്നാണ് ഇടത് വശത്തു നിന്നും അവരൊരു പട്ടിയുടെ നിലവിളി കേട്ടത്. മൂന്നുപേരും പേടിച്ചു. അവർ വേഗത്തിൽ ബസ്സിനരികിലേക്ക് ഓടി. അവിടെ അപ്പോഴേക്കും ബസ്സിലുള്ള എല്ലാവരും ഇറങ്ങി കഴിഞ്ഞിരുന്നു. അവർ ശ്രദ്ധിക്കാതെ പോയ ഒന്ന് അവിടെ ഉണ്ടായിരുന്നു. അത് സേതുലക്ഷ്മിയുടെ ചായക്കടയായിരുന്നു.
അവർ മുപ്പത് പേരുണ്ടായിരുന്നു. സേതുലച്ച്മിക്ക് സന്തോഷമായി. ഇന്നവൾക്ക് മലങ്കോളാണ്. പന്ത്രണ്ട് പേർ പാൽചായ പറഞ്ഞു, എട്ടു പേർ കട്ടൻചായയും പറഞ്ഞു. ബാക്കി 10 പേർ ചായ ഒന്നും പറഞ്ഞില്ല അവർ ഓരോ ബിസ്ക്കറ്റ് എടുത്തു. അത് സേതുലച്ച്മിയെ സന്തോഷിപ്പിച്ചു. കാരണം ഇരുപത് പേർക്ക് ഉണ്ടാക്കാൻ നല്ലവണ്ണം മിനക്കെടേണ്ടതുണ്ട്. മിനക്കെടുന്നതിൽ അവൾക്ക് പ്രശ്നമില്ല. പക്ഷേ ചായ ചോദിച്ച് നിൽക്കുന്നവരെ മുഷിപ്പിക്കുന്നത് ലച്ച്മിക്ക് ഇഷ്ടമില്ല. ഇഷ്ടമില്ല എന്നല്ല അത് അവൾക്ക് വെറുപ്പാണ് തന്നോട് തന്നെയുള്ള വെറുപ്പ്.
ലച്ച്മി ചായ ആറ്റുന്നതിനിടയിൽ അവർക്കിടയിൽ നിന്ന് ആരോ ഒരാൾ ബിസ്ക്കറ്റ് ചോദിച്ചു. ലച്ച്മി എടുത്തോളാൻ പറഞ്ഞു. അവൻ എടുത്തു കഴിഞ്ഞതും വീണ്ടും രണ്ടു പേർ ബിസ്ക്കറ്റ് വേണ്ടി ശബ്ദമുയർത്തി. ലച്ച്മി അവരോടും എടുത്തോളാൻ പറഞ്ഞു. പക്ഷേ ബിസ്ക്കറ്റ് എടുത്തത് ആ രണ്ടുപേർ മാത്രമല്ല. മൂന്നാമതൊരാൾ കൂടി ബിസ്കറ്റ് എടുത്തു. അത് യാസീനായിരുന്നു.വെളുത്ത് തുടിച്ച അവന്റെ മുഖത്തെ മീശക്ക് ഒരു മുപ്പതുകാരന്റെ കട്ടി കാണും.
യാസീൻ ബിസ്ക്കറ്റ് എടുത്തത് ലക്ഷ്മി കണ്ടിരുന്നില്ല. ലച്ച്മി കാണാതെയാണ് അവൻ ബിസ്ക്കറ്റ് എടുത്തത് എന്ന് പറയുന്നതാവും ശരി.
'വേഗം വരീൻ രണ്ടുമണിക്ക് പൊള്ളാച്ചി പിടിക്കണം'
ബസ്സിന്റെ ഡോറിൽ നിന്നുകൊണ്ട് ഡ്രൈവർ അഭിലാഷ് വിളിച്ചു പറഞ്ഞു. ചായ കുടിച്ചവർ അതിന്റെയും ബിസ്കറ്റ് കഴിച്ചവർ അതിന്റെയും ചായയും ബിസ്കറ്റും കഴിച്ചവർ അതിന്റെയും പൈസ കൊടുത്ത് ബസ്സിലേക്ക് കയറാൻ തുടങ്ങി. ലച്ച്മി ഓരോരുത്തരിൽ നിന്നും പൈസ വാങ്ങി തുടങ്ങി. ഒടുവിൽ ആ ചായക്കടക്കുള്ളിൽ സേതുലച്ച്മിയും യാസീനും മാത്രം ബാക്കിയായി.
'രാത്രി പന്ത്രണ്ട് മണ്യായി ഇങ്ങക്ക് പേടില്ലേ'
യാസീന്റെ ചോദ്യം ലച്ച്മിക്ക് മനസ്സിലായി. അവൾ ഒരു നിമിഷം പോലും പാഴാക്കാതെ മറുപടി പറഞ്ഞു .
'ഭയം ഇറ്ക്കണം ആനാ എനക്കതില്ലൈ'
'ഇങ്ങളെ കല്ല്യാണം കഴിഞ്ഞില്ലേ'
'ഇന്ത മാതിരി തടി ഇന്ത മാതിരി മൊഗറ് യാര് കാതലിക്കാ യാര്........'
സേതു ലച്ച്മിയുടെ ശബ്ദം ഒന്നിടറി. അവരോടത് ചോദിക്കരുതായിരുന്നു എന്ന് യാസീന് തോന്നി.
'എന്തിനാ ഇപ്പഴും കട തൊറന്നിന്നിര്ക്ക്ണ്, ഒറക്കംന്നുല്ല്യേ?'
'എത്ക്ക് തൂങ്ക്ണ്, എനക്ക് തൂങ്ക മുടിയാത് '
'യേ എന്താ'
യാസീൻ ഒരു നിമിഷം അത്ഭുതം കൂറി.
'എനക്ക് ഒരു ആശ ഇറ്ക്ക് ആനാ അത്ക്ക് റൊമ്പം കാസ് വേണം'
'എന്ത് ആശ? '
'നാൻ ഗംഗാട്രില്‍ നീരാട വിരുംപുകിരേന്‍'
യാസീന് അവൾ പറഞ്ഞത് മുഴുവനാഴും മനസ്സിലായില്ല .പക്ഷേ അതൊരു നേർച്ചയാണെന്ന് അവന് മനസ്സിലായി.
'ഇങ്ങക്ക് കല്ല്യാണം കഴിയാത്തതില് സങ്കടണ്ടോ'
സേതു ലച്ച്മിക്ക് അവൻ പറഞ്ഞതിന്റെ സാരം മനസ്സിലായി. പക്ഷേ അവൾ ഒന്നും മറുപടി പറഞ്ഞില്ല.ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
'യാസീനേ.......'
ബസ്സിന്റെ ഡോറിൽ നിന്ന് ആരോ അവനെ വിളിച്ചു. അവൻ പോക്കറ്റിൽ നിന്ന് ചായയുടെയും ബിസ്‌ക്കറ്റിന്റെയും പൈസ കൊടുത്തു.
'നീ തനീർ അല്ലെെ മട്ടും കുട്ടിത്താർ'
'അല്ല ഇങ്ങള് കാണാതെ ഞാൻ ഒരു ബിസ്ക്കറ്റ് എട്ത്തിര്ന്നു'
സേതു ലച്ച്മി മനസ്സറിഞ്ഞു ചിരിച്ചു. തിരിഞ്ഞു നടക്കാൻ തുടങ്ങുന്നതിനിടയില്‍ ഒന്ന് തിരിഞ്ഞു നോക്കി. ലച്ച്മിയുടെ മുഖം കണ്ടപ്പോൾ അവന് എന്തോ തോന്നി. അവൻ പോക്കറ്റിൽ നിന്നും നൂറു രൂപയുടെ ഒരൊറ്റ നോട്ടെടുത്ത് അവൾക്ക് മുമ്പിലുണ്ടായിരുന്ന ഒരു കുപ്പിയുടെ മുകളിൽ വെച്ചു.
'ഇങ്ങള് ഗംഗയില് മുങ്ങികുളിക്കണംന്നില്ല ഇങ്ങള് ഗാംഗേക്കാള് ശുദ്ധിള്ളോരാ'
അതും പറഞ്ഞ് അവൻ ബസ്സിനരികിലേക്ക് നടക്കാൻ തുടങ്ങി. അപ്പോഴും ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ അവന്റെ മനസ്സിൽ കിടന്നു വേവുന്നുണ്ടായിരുന്നു.