സ്വാഭാവിക മുഹൂർത്തങ്ങളെ സ്വാഭാവികതയോടെ പകർത്തുന്നവരോ, സ്വാഭാവിക മുഹൂർത്തങ്ങൾ സ്വയം സൃഷ്ടിച്ചു പകർത്തുന്നവരോ, ഇതിലാരാണു യഥാർത്ഥ ഫോട്ടോഗ്രാഫർ? കുറെ നാളുകളായി സ്വയം ചോദിക്കുന്ന ഒരു ചോദ്യമാണ്.
അംഗീകരിച്ചാലും ഇല്ലെങ്കിലും, അവർക്കു വേണ്ടിയാണ് പലതും നടക്കുന്നത്. അവർ പറയും പോലുള്ള താലികെട്ട്. അവർക്കു വേണ്ടിയുള്ള മാലയിടൽ. വധൂവരന്മാരുടെ നടത്തം, ഇരിപ്പ്, ചിരികൾ, മുഖഭാവങ്ങൾ. എന്തിന്, ചലനങ്ങൾ പോലും നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.
വിവാഹം കഴിഞ്ഞതും, കെട്ടുനടന്ന അമ്പലത്തിൻ്റെ മുന്നിലെ പാടത്തെ പൊരിവെയിലിൽ കൈപിടിച്ചോടുന്ന (ഓടിക്കുന്ന) വധൂവരന്മാരെ ഈയിടെ കാണാനിടയായി. ഒത്തിരി തവണണത്തെ റീ ടേക്ക്. അതു മത്സരിച്ചു പകർത്തുന്ന ഫോട്ടോഗ്രാഫർമാർ.
എല്ലാം കഴിഞ്ഞ് വാടിത്തളർന്നാണ് വധൂവരന്മാർ മണ്ഡപത്തിൽ കയറിയത്. ചടങ്ങുകൾ കാണാൻ, ക്ഷമയോടെ കാത്തിരുന്ന സദസ്സിൽ ചെറിയ രീതിയിലുള്ള മുറുമുറുപ്പ്.
ദ്രുതഗതിയിൽ തിരിയിട്ടു കത്തിച്ച നിലവിളക്ക്. അതിവേഗത്തിൽ പൂക്കുലവച്ചു നിറച്ച നെൽപ്പറ. പഴമയുടെ പ്രതീകം പോലെ, അവ മണ്ഡപത്തിൻ്റെ ആരും കാണാത്ത മൂലയിലേക്ക്, അതിവേഗം.
"എന്നാൽ നമുക്ക് തുടങ്ങുകയല്ലേ?" ഫോട്ടോഗ്രാഫറാണ്.
ചിന്തിക്കാൻ സമയമായിരിക്കുന്നു, പ്രിയ ഫോട്ടോഗ്രാഫർമാരെ, നിങ്ങളെങ്കിലും.