(Madhavan K)
പ്രാർത്ഥനകൾ നല്ലതാണ്, ആ പ്രാർത്ഥനയിൽ എല്ലാവരും വേണം. മനോവൃത്തിയും സത്പ്രവൃത്തിയും കൂടെയുണ്ടാകണം. എങ്കിലേ, അതു ഫലവത്താവുകയുള്ളൂ, പൂർണ്ണമാവുകയുള്ളൂ.
കണ്ണടച്ചുരുവിടുന്ന അക്ഷരക്കൂട്ടങ്ങളല്ല പ്രാർത്ഥന, വക്കുപൊട്ടിയ വാക്കുകളും വരികളുമല്ല. അതിൻ്റെ അർത്ഥതലങ്ങളുടെ സംയോജനവും അതിൽനിന്നുത്ഭവിക്കുന്ന ജ്യോതിസ്സുമാണ് പ്രാർത്ഥന. ഒരർത്ഥത്തിൽ, അത് മാനവികതയുടെ പൂർത്തീകരണമാണ്. അതിന് സത്പ്രവൃത്തികൾ കൂടിയേ തീരൂ.
പലപ്പോഴും പലരും പറയും, മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെടാതിരുന്നാൽ മാത്രം മതിയെന്ന്. ശരിയാണോ? ആണെങ്കിൽ, അത് ആരുടെ അനാവശ്യമാണ്? അവരുടേതോ അതോ നമ്മുടേതോ?ഒരു കാര്യത്തിലും ഇടപെടാതിരിക്കൽ, ഒഴിഞ്ഞു മാറൽ എന്നിവയൊക്കെ സ്വാർത്ഥതയുടെ ലക്ഷണമാണ്. എല്ലാവരും അങ്ങനെ ചിന്തിച്ചാൽ സമൂഹം ദ്രവിച്ചു പോകും. അതൊരു നാഥനില്ലാ കളരിയാകും. ഇടപെടുക, നല്ലതുപോലെ ഇടപെടുക, നല്ലതിനു വേണ്ടി ഇടപെടുക.
മറ്റുള്ളവരുടെ ഉന്നമനം സമൂഹത്തിൻ്റെ ഉന്നമനമാണ്. അതാണ് നമ്മുടെ ഉന്നമനത്തിനുള്ള യഥാർത്ഥ വഴി. അതുവഴി, രാജ്യത്തിൻ്റെ ഉന്നതിക്കു കാരണക്കാരാകുക. ഭാവിയുടെ സുരക്ഷിതത്വമാകുക. നോക്കൂ, നമ്മുടെ നോക്കുകളും വാക്കുകളും ശത്രുക്കളേയും മിത്രങ്ങളേയും സൃഷ്ടിക്കുന്നു എന്നല്ലേ. രണ്ടിൻ്റേയും നിയന്ത്രണം നമ്മുടെ കയ്യിലാണ്. പിന്നെ നമ്മൾ ആരെ ഭയപ്പെടണം?
ഉറങ്ങുന്ന സമൂഹത്തെയും ഉറക്കം നടിക്കുന്ന സമൂഹത്തെയും സൃഷ്ടിക്കാൻ എഴുത്തുകാർ വേണ്ട. അതിനിവിടെ അറിവില്ലായ്മയും സ്വാർത്ഥതയും അന്ധവിശ്വാസങ്ങളുമൊക്കെയുണ്ട്. അവയ്ക്കെതിരെ പോരാടി സമൂഹത്തെ ഉണർത്തേണ്ടവരാണ് എഴുത്തുകാർ.
ഉറക്കം നടിക്കാൻ വേണ്ടിയല്ല, ഉണരാൻ വേണ്ടിയുറങ്ങുക. ഉറങ്ങുന്നവരെ വിളിച്ചുണർത്തുക. നമ്മൾ നമ്മളാകുക, തീരുമാനിക്കേണ്ടതും പ്രവർത്തിക്കേണ്ടതും നമ്മൾ തന്നെയാണ്.