(Madhavan K)

ഒരൊറ്റമതമുണ്ടുലുകന്നുയിരാം പ്രേമ,മതൊന്നല്ലോ,
പരക്കെ നമ്മെ പാലമൃതൂട്ടും പാർവണശശിബിംബം.

നമിക്കിലുയരാം, നടുകിൽത്തിന്നാം, നൽകുകിൽ നേടീടാം;
നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ.

ഒരു കാലത്ത്, നമ്മുടെ കവിത്രയങ്ങളിൽ കത്തിജ്വലിച്ചു നിന്നിരുന്ന ഉള്ളൂർ എസ് പരമേശ്വരയ്യർ.  കാലത്തെയും കവച്ചുവച്ച അദ്ദേഹത്തിൻ്റെ ചിന്തകളിൽ നിന്നും ഉത്ഭവിച്ച വരികളാണ് ഇത്. എങ്ങനെയാണവ ഇപ്പോഴും പ്രസക്തമാകുന്നത്? ഒന്നു ചിന്തിക്കാം.

യഥാർത്ഥ പ്രണയത്തെയും അതിൻ്റെ വിശുദ്ധിയേയും കുറിച്ച്, നമ്മെ ഓർമ്മപ്പെടുത്തുന്നു ആദ്യത്തെ നാലു വരികൾ. സമൂഹത്തിൽ, സഹിഷ്ണുതയുടെ അവശ്യകതയേയും അതിൻ്റെ മാനവികതയേയും ഓർമ്മിപ്പിച്ച്, കാലത്തോടുള്ള മന്ത്രണം പോലെ അടുത്ത നാലുവരികൾ.

നമ്മളെന്നോ മറന്നു പോയ കാവ്യശകലങ്ങൾ... 

സ്കൂൾ തലത്തിൽ, മുമ്പു പഠിക്കാനുണ്ടായിരുന്നു ഈ വരികൾ. അന്നതിൻ്റെ ഗുണം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാത്രമല്ല സമൂഹത്തിനൊന്നാകെ ലഭിച്ചിരുന്നു. അന്നത്തെ ചിന്തകളെ വിശാലമാക്കാൻ അതുപകരിച്ചു. ഇന്നതുണ്ടോ? സംശയമാണ്.

പഠനമെന്നാൽ തൊഴിൽ പഠനത്തിലേക്കു ചുരുങ്ങി. ഇഷ്ടവും പ്രണയവും സ്നേഹവും ബഹുമാനവുമൊക്കെ വാക്കുകളിലായി. ജീവിതം ലാഭനഷ്ടങ്ങളുടെ കണക്കായി, ഒരുതരം കച്ചവടമായി. പുതുതലമുറ സ്നേഹത്തിൻ പിശുക്കു കാണിക്കുന്നെന്നു പരിഭവം പറഞ്ഞ് നമ്മൾ മടുത്തു. നമുക്കവർ ജീവനാണെന്ന്, അവരോടു പറഞ്ഞും തെളിയിച്ചും. സത്യത്തിൽ, ബന്ധങ്ങൾക്ക് എന്താണു സംഭവിച്ചത്? സംഭവിക്കുന്നത്?

കൂണുപോലെ മുളച്ചുപൊങ്ങുന്ന  വൃദ്ധാലയങ്ങളും അഗതിമന്ദിരങ്ങളും അനാഥാലയങ്ങളും അവിടങ്ങളിലെ അന്തേവാസികളും ഇനിയും, അസ്തമിച്ചിട്ടില്ലാത്ത അവരുടെ പ്രതീക്ഷകളും ഇരുട്ടറയിലെ നെടുവീർപ്പുകളും വലുതും ചെറുതുമായ വീടുകളിൽ ഒറ്റപ്പെടുന്ന വാർദ്ധക്യങ്ങളും അവരുടെ തോരാത്ത കണ്ണുനീരും പലരോടും കൈനീട്ടി വിശപ്പടക്കാൻ ശ്രമിച്ചും കിടക്കാനിടമില്ലാതെ കടത്തിണ്ണകളിൽ അലഞ്ഞു തിരിഞ്ഞും നടക്കുന്ന ഒരുപിടി പച്ചമനുഷ്യരും... ഇവരെല്ലാം നമ്മളോടു പറയുന്നത് എന്താണ്? ഇതിനുള്ള മറുപടികളല്ലേ..

ശ്രദ്ധിക്കുക. ഒത്തിരി അനാഥരുള്ള നാഥരുടെ നാടാണ് നമ്മുടേത്. അത്ര തന്നെ ശരിയാണ് നേർവിപരീതവും. ഒത്തിരി നാഥരുള്ള അനാഥരുടെ നാട്! 

കാഴ്ചയുണ്ടായിട്ടും മൂടിവച്ച കണ്ണുകളും, കേൾവിയുണ്ടായിട്ടും കൊട്ടിയടച്ച കർണ്ണങ്ങളും മാത്രമാണ് പ്രശ്നം. അവ രണ്ടും തുറന്നു വയ്ക്കുക. മുറികളിൽ വെളിച്ചം ചിതറുമ്പോൾ പുതുലോകം പിറക്കും. പരിഭവങ്ങളൊഴിയും. നാം നമ്മളാകും.

എല്ലാവരും, എല്ലാവരേയും സ്നേഹിക്കുന്നുണ്ട് എന്നു പറഞ്ഞതു കൊണ്ടായില്ല. അതു പ്രകടിപ്പിക്കണം, ബോധ്യപ്പെടുത്തണം. അതാണ്, ജീവിതത്തിൻ്റെ ലയവും താളവും ഗന്ധവും.

ഒരൊറ്റമതമുണ്ടുലുകന്നുയിരാം പ്രേമ,മതൊന്നല്ലോ,
പരക്കെ നമ്മെ പാലമൃതൂട്ടും പാർവണശശിബിംബം.....

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ