ഇങ്ങനെയും ഒരു രോഗമുണ്ടോ? അൽഷീമർ രോഗം എന്നും, എഡിസൺ രോഗം എന്നും കേട്ടിട്ടുണ്ട്. ഇതാദ്യമായിട്ടാണ് പ്രേംനസീർ രോഗം എന്നു കേൾക്കുന്നത്! ഉണ്ടല്ലോ! കഥ എഴുതുന്നവരിലാണ് ഈ രോഗം വളരെ ഗുരുതരാവസ്ഥയിൽ കണ്ടുവരുന്നത്. രോഗലക്ഷണം ഇങ്ങനെയാണ്. പ്രേംനസീറിന്റെയും ജയഭാരതിയുടേയും കഥ ഒരു മൂന്നാമനായി (third person) മാറിനിന്നുകൊണ്ടു പറഞ്ഞു തുടങ്ങും. ഒരു പാട്ടുസീൻ കഴിയുമ്പോൾ കഥ പറയുന്ന ആൾ, പ്രേംനസീറിലേക്കു പരകായപ്രവേശം നടത്തി, പ്രേംനസീർ ആയി (First person) മാറിയിരിക്കും. പിന്നെ ജയഭാരതിയെ ഗാഢമായി പ്രേമിച്ചു തുടങ്ങുകയായി. സ്വയമ്പൻ ഡയലോഗുകളുടെ ഉരുൾപൊട്ടലാണ് പിന്നീടു സംഭവിക്കുന്നത്. ഈ ഉരുൾപൊട്ടലിൽ വായക്കാരുടെ രമ്യഹർമ്യങ്ങൾ തകരുകയും, അവർ പെരുവഴിയിൽ ആവുകയും ചെയ്യും.
രോഗം എഴുത്തുകാരിലാണു കണ്ടുവരുന്നതെങ്കിലും, പെരുവഴിയിലാകുന്നത് വായനക്കാരാണ്. കഥാകൃത്താരാണ്, കഥാപാത്രങ്ങൾ ആരാണ് എന്നറിയാതെ, കിളിപോയി അവർ റോഡിന്റെ നടുവിൽ നിൽക്കും. (രോഗം വളർത്തുന്നതും അവരാണല്ലോ! ചുമ്മാതെ 'ഗംഭീരം' എന്നു പറഞ്ഞു, പറഞ്ഞു രോഗിയെ വളർത്തി വഷളാക്കും.)
ഇതിനുള്ള ഒറ്റമൂലി വായനക്കാരാണ് ചെയ്യേണ്ടത്. രോഗിയെ സാവധാനം വലിച്ചുകീറി ഭിത്തിയിൽ ഒട്ടിക്കുക.
ഇനിയുള്ള ലിങ്കുകൾ എഴുത്തിൽ നിങ്ങൾക്കു ഗുണം ചെയ്യും.
https://www.mozhi.org/index.php/help-faq/1047-person-narrative.html
https://www.mozhi.org/index.php/faq/605-shortcut-better-writing.html
https://www.mozhi.org/index.php/help-faq/1676-what-is-not-a-poetry.html
https://www.mozhi.org/index.php/help-faq/1426-what-is-poetry.html