എഴുതി വച്ച ഒരു 'സാധനം' കവിതയാണോ എന്നു തീരുമാനിക്കുന്നത് അതു വായിക്കുന്ന  വ്യക്തിയാണ്. ഈ ലോകത്തു ഏതെങ്കിലും ഒരു കാര്യത്തിന് ഏകാഭിപ്രായം ഉണ്ടാവുക എന്നതു അസംഭവ്യമാണ്. അതുകൊണ്ട്,  ഒരാൾ കവിതയെന്നു വിളിക്കുന്നതിനെ, മറ്റൊരാൾ 'മാലിന്യം' എന്നു വിളിക്കാം. മറിച്ചും അതുണ്ടാവാം.  

എന്താണു കവിത എന്നു പറയുക ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്തല്ല കവിത എന്നു പറയുന്നതാണ് പ്രായേണ എളുപ്പം.

വൃത്തത്തിൽ എഴുതിയാൽ കവിതയാകുമോ?
വൃത്തത്തിൽ എഴുതിയാൽ, അതു ചൊല്ലാനും ഓർത്തു വയ്ക്കാനും എളുപ്പമാണ്. ചൊല്ലുമ്പോൾ അതിനു സ്വാഭാവികമായ താളം ഉണ്ടായിരിക്കും. താളത്തിൽ ചൊല്ലാൻ കഴിയുന്നതിനെ നമുക്കു പാട്ടെന്നോ, ഗാനമെന്നോ നിശ്ചയമായും വിളിക്കാം. എന്നു കരുതി എല്ലാ പാട്ടുകളും കവിതയാവണമെന്നില്ല. വൃത്തത്തിൽ എഴുതണമെങ്കിൽ വിപുലമായ പദസമ്പത്തുണ്ടായിരിക്കണം. ശുഷ്കമായ പദസമ്പത്തുമായി, ഉപയോഗിച്ച വാക്കുതന്നെ വീണ്ടും ഉപയോഗിച്ച് ഒരു 'സാധനം' നിർമ്മിക്കുന്നത് എന്തിനാണ്?

എങ്കിൽ വൃത്തമില്ലാതെ എഴുതിക്കളയാം!
ഒരു വാചകം മുറിച്ചു പല വരികളായി എഴുതിവച്ചാൽ അതു കവിതയാവണമെന്നില്ല. കവിത ആയിക്കൂടാ എന്നുമില്ല. ആലാപന സുഖം നൽകിയില്ലെങ്കിലും, ആശയത്തിന്റെ ചാരുതയുണ്ടെങ്കിൽ അതു കവിതയാകാം. നിങ്ങളെഴുതിയതിൽ എന്തെങ്കിലും പുതുമയുണ്ടോ? സ്വയം ചോദിക്കുക. 

കുറച്ചു കട്ടിയുള്ള വാക്കുകൾ നിരത്തിയാലോ?
സാധാരയായി ഉപയോഗിക്കാത്ത വാക്കുകൾ ഉപയോഗിച്ചു എന്നുകരുതി അതിൽ കാവ്യഭംഗി ഉണ്ടാവണമെന്നില്ല. വെറും സാധാരണമായ വാക്കുകൾ കോർത്തിണക്കിയാലും അതിൽ കവിതയുണ്ടാവാം.

എഴുതി സമൂഹത്തെ നന്നാക്കിയാലോ?
അതാണോ എഴുത്തുകാരന്റെ പണി എന്ന് ആലോചിക്കുക. നിറയെ ഉപദേശങ്ങളും, സാമൂഹ്യ വിമർശനവുമാണെങ്കിൽ ആ 'സാധനം' എത്ര വിരസമായിരിക്കും! സ്വാഭാവികമായി എഴുത്തിൽ വന്നുചേരുന്ന സാമൂഹ്യ വിമർശനം ആസ്വാദ്യകരമാകുമ്പോൾ, സാമൂഹ്യ വിമർശനവും, സമൂഹത്തിന്റെ നല്ലനടപ്പിനുള്ള ഉപദേശങ്ങളും കുത്തിനിറച്ചു വീർപ്പിച്ച രചനകൾ, വായനക്കാർ വെറുപ്പോടെ തള്ളിക്കളഞ്ഞിട്ടുണ്ട്.

വിരസമായ ആവർത്തനം!
"മഴയെക്കുറിച്ചു വായിച്ചു വായിച്ചു ഞാൻ മഴയെ വെറുത്തുപോയി" എന്നൊരാൾ പറഞ്ഞാൽ, അതിൽ അതിശയമില്ല. ആയിരക്കണക്കിന് എഴുത്തുകാർ ഉപയോഗിച്ചു തേഞ്ഞുപോയ വിഷയങ്ങൾ തന്നെയാണ് നിങ്ങൾ പറയുന്നതെങ്കിൽ അതു നിങ്ങളുടെ കുഴപ്പമാണ്. അതിനുപേർ 'ആശയദാരിദ്ര്യം'. ഭംഗിയുള്ള ഭാഷ പോലെ, നൂതനമായ ആശയവും, വ്യത്യസ്തമായ അവതരണവും കവിതയ്ക്കാവശ്യമാണ്.

വികലമായ ഭാഷ!  
തെറ്റില്ലാതെ ഭാഷ പ്രയോഗിക്കാൻ നിങ്ങൾക്കറിയില്ലെങ്കിൽ അതു നിങ്ങളുടെ കുറവാണ്. ഭാഷയുടെ അടിസ്ഥാന പ്രമാണങ്ങൾ തെറ്റിച്ചുകൊണ്ട് എഴുതിയ 'സംഭവം' വായനക്കാർ സ്വീകരിച്ച ചരിത്രം എവിടെയുമില്ല.

അപ്പോൾ പിന്നെ?
നൂതനവും, വശ്യവുമായ ആശയങ്ങൾ, തെറ്റില്ലാതെ, വൃത്തത്തിലോ, വൃത്തമില്ലാതെയോ ഭാഷയിലൂടെ മനോഹരമായി ആവിഷ്ക്കരിക്കാൻ കഴിഞ്ഞാൽ, അതു കവിതയാവാം. 

എന്താണ് എളുപ്പവഴി?
വിവരമുള്ളവരെ രചന കാണിക്കുക, അവരുടെ അഭിപ്രായങ്ങൾ ശ്രദ്ധിക്കുക എന്നതു മാത്രമാണ് ഇതിനുള്ള വഴി. നമ്മെ സുഖിപ്പിക്കാനായി 'ഗംഭീരം' എന്നു തട്ടിവിടുന്നവരെ ഇക്കാര്യത്തിൽ നിന്നും ദയവായി ഒഴിവാക്കുക. അത്തരത്തിലുള്ള 'ഗംഭീര' ത്തിന്റെ പിറകിൽ ഒരു വലിയ ചതിക്കുഴിയുണ്ട്. അതു മറക്കണ്ട.